തിരുവനന്തപുരം: വിഖ്യാത ഗായിക എസ്. ജാനകി(88) യുടെ നിര്യാണത്തിൽ അനുശോചനയറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും. ജാനകിയമ്മ തെന്നിന്ത്യൻ സിനിമാ സംഗീതത്തിലെ ഏറ്റവും ഔന്നത്യമുള്ള വ്യക്തിത്വമാണ്. ആ കണ്ഠത്തിന് വഴങ്ങാത്തതായി ഒന്നുമില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. എസ്. ജാനകി ഈ നാട്ടുകാരിയല്ലെന്ന് ചിന്തിക്കാൻ പോലും മലയാളിക്കാവില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.

To advertise here,

ആ കണ്ഠത്തിന് വഴങ്ങാത്തതായി ഒന്നുമില്ല- വി.ഡി. സതീശൻ

പാട്ടിന്റെ അമ്മയ്ക്ക് പ്രണാമം. ഇത്രയും മധുരവും ഊർജസ്വലവും ആഹ്ലാദഭരിതവും സ്നേഹോഷ്മളവുമായ മറ്റൊരു ശബ്ദം മലയാളിയുടെ ആത്മാവിൽ വേറെയേതാണുള്ളത്? ജാനകിയമ്മ തെന്നിന്ത്യൻ സിനിമാ സംഗീതത്തിലെ ഏറ്റവും ഔന്നത്യമുള്ള വ്യക്തിത്വമാണ്. ആ കണ്ഠത്തിന് വഴങ്ങാത്തതായി ഒന്നുമില്ല; ഭക്തി, പ്രണയം, പരിഭവം, ആഹ്ലാദം... അങ്ങനെ സമസ്ത ഭാവങ്ങളും ജാനകിയമ്മ മറ്റാർക്കും കഴിയാത്ത വിധം അനശ്വരമാക്കി.

ആറു പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ സ്വരമാധുര്യം കൊണ്ട് വിസ്മയിപ്പിച്ചു. മാതൃഭാഷ മലയാളമല്ലായിരുന്നിട്ടും, ഉച്ചാരണശുദ്ധിയോടെയും ഭാവസാന്ദ്രതയോടെയും അവർ പാടിത്തീർത്ത ഓരോ ഗാനവും മലയാളിയുടെ ഹൃദയത്തോട് ചേർന്നുകിടക്കുന്നവയാണ്.

മലയാളിമനസ്സ് കീഴടക്കിയ മഹാഗായിക- പിണറായി വിജയൻ

മറ്റൊരു നാട്ടിൽ നിന്നെത്തി മലയാളി മനസ്സ് കീഴടക്കിയ മഹാഗായിക എസ് ജാനകി വിടവാങ്ങുമ്പോൾ നീണ്ട ഒരു കാഘത്തിന് തിരശ്ശീല വീഴുക കൂടിയാണ്. ശബ്ദവും ഭാവവും കൊണ്ട് തലമുറകളെ ഒപ്പം നടത്തിയ എക്കാലത്തേയും മികച്ച ഗായിക എസ് ജാനകിയുടെ വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

സിനിമാഗാനത്തെ നേരിട്ട് ഹൃദയങ്ങളിലേക്ക് പകർന്ന ആലാപന ശൈലിയിലൂടെ ദക്ഷിണേന്ത്യൻ സിനിമാ സംഗീതത്തിലെ പൂങ്കുയിലായി മാറിയ പ്രിയ ഗായികയാണ് എസ് ജാനകി. എല്ലാ മലയാളികളുടെയും ഹൃദയത്തിൽ അവർ ഇരിപ്പുറപ്പിച്ചു. ഈ നാട്ടുകാരിയല്ല അവരെന്ന് ചിന്തിക്കാൻ പോലും മലയാളിക്കാവില്ല.കവിതയുടെ സൗന്ദര്യവും സംഗീത സംവിധായകൻ കൽപ്പിക്കുന്ന സംഗീതത്തിൻ്റെ പൂർണമായ പ്രയോഗവും കൊണ്ട് സിനിമക്കപ്പുറത്തേക്ക് വളർന്നതാണ് എസ് ജാനകിയുടെ പാട്ടുകൾ. നീലജലാശയത്തിൽ., നാഥാ നീ വരും, തേനും വയമ്പും തുടങ്ങി അസംഖ്യം ഭാവ ഗാനങ്ങൾ.17 ഭാഷകളിൽ അയ്യായിരത്തോളം ഗാനങ്ങൾ പാടി. സിനിമ മറവിയിലേക്ക് മറഞ്ഞപ്പോഴും ജാനകിയുടെ പാട്ടുകൾ മലയാളികളുടെ ചുണ്ടുകളിൽ വർഷങ്ങളായി വാടാതെ നിൽക്കുന്നു.

ഭാഷയുടെയും ദേശാതിർത്തികളുടെയും പരിധി മറികടന്ന് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ ഇടം നേടിയ അതുല്യ ഗായിക എസ്. ജാനകിയുടെ വിയോഗം ഇന്ത്യൻ സംഗീതലോകത്തിന് തീരാനഷ്ടമാണ്. മലയാളിയുടെ ഹൃദയ വികാരങ്ങൾക്ക് മധുര സംഗീതത്തിലൂടെ നിത്യത നൽകിക പ്രയ ഗായികയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുക്കുന്നു.

ഇന്ത്യൻ സംഗീതലോകത്തിന് നികത്താനാകാത്ത നഷ്ടം- പി.സി. വിഷ്ണുനാഥ്

തന്റെ അനുപമമായ ശബ്ദമാധുര്യത്തിലൂടെ കോടിക്കണക്കിന് സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ മധുമഴ പെയ്യിച്ച ഇതിഹാസ പിന്നണിഗായിക എസ്. ജാനകിയുടെ വിയോഗം ഇന്ത്യൻ സംഗീതലോകത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് ടൂറിസം,സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

സംഗീതത്തെ ജീവിതവ്രതമാക്കി മാറ്റിയ കലാകാരിയായിരുന്നു ജാനകിയമ്മ. എത്ര ഉയർന്ന സ്ഥായിയിലുള്ള ഗാനങ്ങളും അനായാസം ആലപിക്കാനുള്ള അസാമാന്യമായ കഴിവും, ഏത് ഭാഷയിൽ പാടിയാലും ആ ഭാഷയുടെ ആത്മാവിനെ സ്വരത്തിൽ ഉൾക്കൊള്ളാനുള്ള അപൂർവമായ തന്മയത്വവുമാണ് ജാനകിയമ്മയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കിയത്. ഭാഷകൾക്കും അതിരുകൾക്കും അതീതമായി സംഗീതത്തെ മനുഷ്യഹൃദയങ്ങളുമായി ബന്ധിപ്പിച്ച മഹാപ്രതിഭയായിരുന്നു അവർ.

സംഗീതലോകത്തിന് തീരാദുഃഖം- റോജി എം. ജോൺ

തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകി. ഭാഷകളുടെ അതിരുകൾ മറികടന്ന് പതിറ്റാണ്ടുകളോളം കോടിക്കണക്കിന് സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയ അവരുടെ ശബ്ദം ഇന്ത്യൻ സംഗീതത്തിന്റെ അമൂല്യ സമ്പത്താണ്.സംഗീതത്തിന് അവർ നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. ജനകിയമ്മയുടെ ഗാനങ്ങൾ വരുംതലമുറകളെയും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.