
എഴുപതുകളിലെയും എൺപതുകളിലെയും രാഷ്ട്രീയ സാഹചര്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട് കവി സച്ചിദാനന്ദൻ കോഴിപങ്ക് എന്ന കവിതയിലൂടെ. ഇതേ കവിതയ്ക്ക് മലയാള സിനിമയിലെ ഒരു സൗഹൃദക്കൂട്ടം ഒരുക്കിയ ദൃശ്യാവിഷ്കാരമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ചയാകുന്നത്.
കഴിഞ്ഞ ദിവസമാണ് കോഴിപങ്ക് എന്ന മ്യൂസിക്കൽ ആൽബം പുറത്തിറങ്ങുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ മുഹസിൻ പരാരിയുടെ സംരംഭമായ റൈറ്റിംഗ് കമ്പനി പുറത്തിറക്കിയിരിക്കുന്ന വീഡിയോയിൽ വേഷമിടുന്നത് നടനും ഡിജെയുമായ ശേഖർ മേനോനും ശ്രീനാഥ് ഭാസിയുമാണ്. ശേഖർ കവിതയ്ക്ക് ഈണം നൽകിയപ്പോൾ ശ്രീനാഥാണ് ഗാനം ആലപിച്ചിരിക്കുന്നത്. അന്നത്തെ കാലത്ത് സച്ചിദാനന്ദൻ പങ്കുവച്ച രാഷ്ട്രീയ മാനങ്ങൾ ഇന്നും ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണെന്ന് പറയുന്നു കോഴിപങ്ക് സംവിധാനം ചെയ്ത അഭിലാഷ് എസ് കുമാർ. ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സാൾട്ട് ആൻഡ് പെപ്പറിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അഭിലാഷ് 22 ഫീമെയ്ൽ കോട്ടയം, ഡാ തടിയാ, ഗ്യാംങ്സ്റ്റർ എന്നീ ചിത്രങ്ങളുടെ രചയിതാവാണ്. തങ്ങളുടെ സൗഹൃദക്കൂട്ടിൽ നിന്നും പുറത്തിറങ്ങിയ കോഴിപങ്ക് ചർച്ചയാകുന്ന വേളയിൽ അഭിലാഷ് മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുന്നു..
കോഴിപങ്കിന്റെ പിറവി ഈ സൗഹൃദക്കൂട്ടിൽ നിന്ന്
വർഷങ്ങളായി ഞങ്ങളുടെ സൗഹൃദക്കൂട്ടത്തിലെ ചർച്ചയായിരുന്നു കവി സച്ചിദാനന്ദന്റെ കോഴിപങ്ക് എന്ന കവിതയെ പാട്ടായി അവതരിപ്പിക്കണം എന്നുള്ളത്. വീഡിയോയുടെ ഭാഗത്താണ് സത്യംപറഞ്ഞാൽ ഞാൻ കോഴിപങ്കിലേക്കെത്തുന്നത്. മുഹ്സിന്റെ (സംവിധായകൻ മുഹ്സിൻ പരാരി) ആണ് ഈ ചിന്ത. വർഷങ്ങൾക്ക് മുമ്പ് മുഹ്സിൻ ഈ കവിത വായിക്കുകയും മുഹ്സിന് ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. അന്ന് സച്ചി മാഷോട് ഇങ്ങനെ ഒരു പാട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഒരു ഏഴ് വർഷം മുമ്പാണിതൊക്കെ സംഭവിക്കുന്നത്. ഒരു രണ്ട് വർഷം മുമ്പാണ് ആ ഐഡിയ വീണ്ടും പൊടി തട്ടിയെടുക്കുന്നതും. ശേഖർ മേനോനെ സംഗീതം ചെയ്യാൻ ഏൽപിക്കുന്നതും. അന്ന് ശേഖർ ഒരു ട്യൂൺ ഉണ്ടാക്കി അത് ഭാസിയെക്കൊണ്ട് പാടിപ്പിക്കാമെന്നൊക്കെ തീരുമാനമായി. ഈ ലോക്ക്ഡൗൺ സമയത്താണ് എന്തായാലും എല്ലാവരും വെറുതേ ഇരിക്കല്ലേ എന്നാൽ ഒരു വീഡിയോ അങ്ങ് ചെയ്താലോ എന്ന് ചിന്ത വരുന്നത്. അങ്ങനെയാണ് കോഴിപങ്കിന് ദൃശ്യാവിഷ്കാരം ഉണ്ടാവുന്നത്. എങ്ങനെ ഈ പാട്ടിനെ ജനങ്ങളിലേക്ക് എത്തിക്കാം എന്നുള്ളിടത്താണ് എന്റെ എൻട്രി.
കോഴിപങ്ക് പറയുന്നത്
എഴുപതുകളിലെയും എൺപതുകളിലെയും രാഷ്ട്രീയ സാഹചര്യങ്ങളെ കളിയാക്കുന്ന ഒരു ആക്ഷേപഹാസ്യമാണ് സച്ചി മാഷിന്റെ ഈ കവിത. ഈ കവിതയുടെ ഉത്ഭവം എന്താണെന്നും എങ്ങനെയാണ് അത് എഴുതിയതെന്നും അതിന് കിട്ടിയ പ്രതികരണങ്ങൾ എന്തെന്നുമൊക്കെ വ്യക്തമാക്കി സച്ചി മാഷ് നമുക്ക് ഒരു വോയ്സ് ക്ലിപ് അയച്ചു തന്നിരുന്നു. അതിൽ അദ്ദേഹം പറയുന്നുണ്ട് ഇത്ര ദയനീയമായ അവസ്ഥയാണല്ലോ ജനങ്ങളുടെ എന്ന് ഓർത്ത് ഈ കവിത കേട്ട് മാധവിക്കുട്ടിയമ്മ കരഞ്ഞ് പോയെന്ന്.
ഈ കവിതയുടെ ആഴം ഇന്നത്തെ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള മാർഗമാണ് പിന്നീട് ആലോചിച്ചത്. ഇതിനകത്തെ രാഷ്ട്രീയം ജനങ്ങളോട് പറയണം പക്ഷേ അത് സാധാരണ ആളുകളിലേക്കും ഇന്നത്തെ യുവ തലമുറയിലേക്കും എത്തിക്കണം എന്നുണ്ടായിരുന്നു. നാല്പത് വർഷം മുമ്പത്തെ ആ രാഷ്ട്രീയ സാഹചര്യത്തിന് ഇന്നും പ്രസക്തിയുണ്ട്. ആ ആലോചനയിലാണ് പാട്ടിന്റെ ദൃശ്യാവിഷ്കാരം എങ്ങനെ വേണമെന്ന തീരുമാനമാകുന്നത്.
ഇന്നും ഇവിടെ സാധാരണക്കാർ ചൂഷണത്തിനിരകളാവുന്നുണ്ട്. ആ വ്യവസ്ഥിതുിയെ നമ്മളിന്നും പിന്തുണയ്ക്കുന്നുണ്ട് എന്നുള്ളത് ഇന്നത്തെ ആളുകളും അറിയണം. അവനവന്റെ ഉള്ളിൽ നിന്നാണ് മാറ്റം ഉണ്ടാകേണ്ടത്. അങ്ങനെ ഒരു മാറ്റം നമുക്ക് കൊണ്ടുവരാനാവുമെങ്കിൽ അത് വലിയ കാര്യമല്ലേ. ഈ പാട്ട് ഹിറ്റായി നാല് പേർ പാടി അതിന്റെ ആശയം ഒരു പത്ത് ശതമാനം പേരിലെങ്കിലും എത്തിയാൽ അത്രയും മാറ്റമായില്ലേ.? അതാണ് പ്രധാനമായും ഈ ദൃശ്യാവിഷ്കാരം കൊണ്ട് ഉദ്ദേശിക്കുന്നത്.
സൗഹൃദവും സിനിമയും
മാർച്ചിൽ ഒരു ചിത്രം അനൗൺസ് ചെയ്യാനിരുന്നതാണ്. ഭാസിയും ഗ്രേസും ഒന്നിക്കുന്ന സിംപ്ലി സൗമ്യ എന്ന ചിത്രം. ആ സമയത്താണ് കൊറോണ കടന്നു വരുന്നത്. അതിന് കുറച്ച് ക്രൂ ഒക്കെ ആവശ്യമുള്ള സിനിമയാണ്. മാത്രമല്ല തീയേറ്ററിൽ തന്നെ ഇറങ്ങേണ്ട ചിത്രം കൂടിയാണ് അതുകൊണ്ട് തത്കാലം ആ ചിത്രത്തിന്റെ പരിപാടികൾ മാറ്റിവച്ചിരിക്കുകയാണ്. അതല്ലാതെ ഭാസിയെ വച്ച് മറ്റൊരു ചിത്രം ചെയ്യാൻ പ്ലാൻ ഉണ്ട്. 1956 സെൻട്രൽ ട്രാവൻകൂർ എന്ന ചിത്രം ഒരുക്കിയ ഡോൺ പാലത്തറയാണ് നമുക്ക് കഥയെഴുതുന്നത്. 1956 സെൻട്രൽ ട്രാവൻകൂർ ഞാൻ നിർമിച്ച ചിത്രം കൂടിയാണ്.
ശേഖർ, ഭാസി,മുഹ്സിൻ ഒക്കെ നമ്മുടെ സൗഹൃദക്കൂട്ടിലുളളവരാണ്. ആഷിഖേട്ടനോടൊപ്പം സാൾട്ട് ആൻഡ് പെപ്പർ ചെയ്യുമ്പോൾ മുതൽ എല്ലാം ഒരു സൗഹൃദത്തിന്റെ പുറത്താണ് മുന്നോട്ട് പോവുന്നത്. ഇപ്പോഴും ശക്തമായി പോവുന്ന കൂട്ടാണ് അത്. ആ സൗഹൃദക്കൂട്ടിൽ നിന്നുള്ളവരെ വച്ച് തന്നെ സിനിമ ചെയ്യുന്നത് വലിയ സന്തോഷമാണ്.

ഭാസിയുമായി ചേർന്ന് നമ്മൾ കുറേ കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഭാസി തന്നെ ഈണമിട്ട കുറച്ച് പാട്ടുകൾ ഇറങ്ങാനുണ്ട്. ഭാസിയെ എനിക്ക് വളരെ കാലങ്ങളായി അറിയാവുന്നതാണ്. അവൻ ബ്ലെസി സാറിന്റെ പ്രണയത്തിലൊക്കെ അഭിനയിക്കാൻ പോകുമ്പോഴൊക്കെ നമ്മുടെ കൂടെ തന്നെയായിരുന്നു. ഡാ തടിയായുടെ ചർച്ചകൾ വന്നപ്പോഴും ഭാസി അതിൽ വേണം എന്ന് തീരുമാനിച്ചിരുന്നു. ഭാസിയിലെ അഭിനേതാവിനെ ഇനിയും ഉപയോഗിക്കാനുണ്ട്, വളരെ കഴിവുള്ള നടനാണ്. ഇതുവരെ ചെയ്ത ചിത്രങ്ങളിലൊന്നും അവനിലെ നടനെ പൂർണമായും ഉപയോഗിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല.
Content highlights : kozhipunk Music album Abhilash S Kumar Interview Sreenath bhasi Sekhar Menon Muhsin Parari
Published: 29 Sept 2020, 05:48 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented