കാട്ട് തീയല
വാനത്തോളമെത്തിയേ...
ആരണച്ചിടാൻ,
ആളിടുന്നു തീയ്താ...
ചങ്കിലോ പെരുമ്പറ.
ആരോ പറഞ്ഞിടുന്നു
ജാഗ്രതാ...
ശബ്ദവും സംഗീതവുംകൊണ്ട് തിയേറ്ററുകളെ ഇളക്കിമറിക്കുകയാണ് സന്നിധാനന്ദന്റെ കാട്ടുതീ പാട്ട്. കാന്താര ആദ്യഭാഗത്തിലെ ഗാനം, ഗാനമേളകളിൽ ആലപിച്ച് കൈയടിനേടിയ സന്നിക്ക് സിനിമയുടെ രണ്ടാംഭാഗത്തിൽ പാടാൻകഴിഞ്ഞതിന്റെ ആഹ്ലാദം ചെറുതല്ല.
‘‘ബാഹുബലിയും കാന്താരയുംപോലുള്ള ബ്രഹ്മാണ്ഡചിത്രങ്ങൾ കാണുമ്പോൾ ഇവയുടെയൊക്കെ ഭാഗമാകാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ചിന്തിച്ചിരുന്നു. എന്നാൽ, വലിയ സ്വപ്നങ്ങൾ കാണാൻ എന്നും ഭയമായിരുന്നു..., ഇന്ന് കാന്താരയ്ക്കൊപ്പം എന്റെ ശബ്ദവും ചേർന്നു എന്നത് അഭിമാനംനൽകുന്ന കാര്യമാണ്.’’ -കാന്താര സിനിമയിലെ പാട്ടുവിശേഷങ്ങൾ സന്നിധാനന്ദൻ പറഞ്ഞുതുടങ്ങി...
‘‘കാന്താരയിലെ പാട്ടുകൾ തൃശ്ശൂരിലെ സ്റ്റുഡിയോയിലാണ് റെക്കോഡ് ചെയ്തത്. സംഗീതസംവിധായകൻ ഉൾപ്പെടെ വലിയൊരു ടീം ഓൺലൈനിൽ കൂട്ടുവന്നു. പാട്ടിൽ ഓരോയിടത്തും വരുത്തേണ്ട ചെറുമാറ്റങ്ങൾപോലും കൃത്യമായി പറഞ്ഞുതന്നു. ഒരു സംഗീതസംവിധായകന്റെ സാന്നിധ്യത്തിൽ എങ്ങനെയാണോ പാടുന്നത്, അങ്ങനെത്തന്നെയാണ് ഓൺലൈനിൽ നിർദേശങ്ങൾ സ്വീകരിച്ച് റെക്കോഡ് ചെയ്തത്.’’
ഓണസമയത്തെ മൂകാംബിക യാത്രകഴിഞ്ഞു വരുമ്പോഴാണ് സന്നിധാനന്ദനെത്തേടി കാന്താരയിൽനിന്നുള്ള വിളിയെത്തുന്നത്. അതിനുമുൻപൊരിക്കൽ വോയ്സ് ടെസ്റ്റിനായി, പാടിയ പാട്ടുകൾ അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടിരുന്നു. ഏതു സിനിമയ്ക്കുവേണ്ടിയുള്ള വോയ്സ് ടെസ്റ്റാണെന്നറിയാതെയാണ് സന്നി അന്ന് പാട്ടുകൾ അയച്ചുകൊടുത്തത്. ഓർഡിനറി എന്ന സിനിമയിൽ വിദ്യാസാഗറിന്റെ ഈണത്തിൽ പാടിയ തെച്ചിപ്പൂ... എന്ന പാട്ടും ബിജുമേനോൻ ചിത്രം ഷെർലക് ടോംസിലെ കാലാ പെരുംകാലാ... എന്ന ബിജിപാൽ ഈണമിട്ട ഗാനവുമാണ് അയച്ചുനൽകിയത്. ആ പാട്ടുകൾ കേട്ട് കാന്താരയുടെ സംഗീതത്തിന് അനുയോജ്യമായ ശബ്ദമെന്ന തിരിച്ചറിവിലാണ്, അണിയറപ്രവർത്തകർ തൃശ്ശൂരിലെ സ്റ്റുഡിയോയിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടത്. തൃശ്ശൂർ ശ്രീരാഗം സ്റ്റുഡിയോയിലെത്തിയപ്പോഴേക്കും എൻജിനിയർ രാഗേഷിന്റെ കൈയിലേക്ക് പാട്ടുവന്നുകഴിഞ്ഞിരുന്നു, സന്തോഷ് വർമ രചിച്ച വരികളാണ് പാടാൻപോകുന്നതെന്നും പാട്ട് പാൻ ഇന്ത്യൻ ചിത്രം കാന്താരയ്ക്കുവേണ്ടിയുള്ളതാണെന്നും മനസ്സിലാക്കിയതോടെ സന്നിയുടെ ചങ്കിടിപ്പുകൂടി.
‘‘ചെന്നൈയിലുള്ള വിൻസന്റ്സാർ പറഞ്ഞിട്ടാണ് മുൻപ് സൗണ്ട് ടെസ്റ്റിനായി രണ്ടു പാട്ടുകൾ അയച്ചുകൊടുത്തത്. കാന്താരയ്ക്കുവേണ്ടിയാണ് പാടുന്നതെന്ന വിവരം തത്‌കാലം രഹസ്യമാക്കിവെക്കണമെന്ന് റെക്കോഡിങ് സമയത്ത് അണിയറപ്രവർത്തകർ പറഞ്ഞു. ശബ്ദം തിരഞ്ഞെടുത്തെങ്കിലും സ്റ്റുഡിയോയിൽ പാടുന്ന പാട്ട് അവർക്കിഷ്ടമാകുമോ എന്ന ഭയം ഉള്ളിലുണ്ടായിരുന്നു. മിന്നിച്ചേക്കണേയെന്ന പ്രാർഥനയോടെയാണ് പാടിയത്. റെക്കോഡിങ് കഴിഞ്ഞ് അയച്ചുകൊടുത്തപ്പോൾത്തന്നെ ചില തിരുത്തലുകൾ വന്നു. അതെല്ലാം ശരിയാക്കി വീണ്ടും അയച്ചപ്പോഴേക്കും കാന്താരയുടെ സംഗീതസംവിധായകൻ അജനീഷ് ലോകനാഥും സിനിമയുടെ അമരക്കാരനായ ഋഷഭ് ഷെട്ടിയും ഓൺലൈനിലെത്തി. കന്നഡകലർന്ന മലയാളത്തിലാണ് അവർ സംസാരിച്ചത്. കാടും കാട്ടിലെ ജീവിതവും അവിടത്തുകാരുടെ അതിജീവനങ്ങളും പ്രത്യാശകളുമെല്ലാം ഉൾക്കൊണ്ട് വൈകാരികമായൊരു തലമാണ് പാട്ടിന്റെ പശ്ചാത്തലമെന്ന് മനസ്സിലായി. റിബൽ സോങ്ങിന് ഒരു ആജ്ഞയുടെ ശക്തിയുണ്ടാകണമെന്നും കഥയിൽ ഒരശരീരിപോലെയാണ് അവതരിപ്പിക്കുകയെന്നും അവർ പറഞ്ഞു. പാട്ടിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കിയപ്പോൾ പാടാൻപോകുന്നതിനൊരു തെളിച്ചം കിട്ടി. പിന്നെ വലിയ ആവേശത്തോടെയാണ് റെക്കോഡിങ്ങിനു കയറിയത്.’’
ധനുഷിന്റെ ജഗമേതന്തിരം, ജിവി പ്രകാശ് സംഗീതം നൽകിയ തങ്കലാനിലെ പാട്ടുകൾ, അല്ലു അർജുന്റെ പുഷ്പ 2 എന്നിവയ്ക്കുശേഷം സന്നിധാനന്ദൻ പാടുന്ന അന്യഭാഷാചിത്രമാണ് കാന്താര.
‘‘കാന്താരയിലെ ആദ്യപാട്ട് പാടിക്കഴിഞ്ഞ് സ്റ്റുഡിയോ വിട്ട് ഇറങ്ങിയശേഷം വീണ്ടുമൊരു കോൾവന്നു. പാടിയത് ഇഷ്ടപ്പെട്ടില്ലെന്ന് പറയുമോയെന്ന ആശങ്കയിലാണ് ഫോൺ എടുത്തത്. കാന്താരയ്ക്കുവേണ്ടി ഒരു പാട്ടുകൂടി പാടണമെന്നാണ് അവർ പറഞ്ഞത്. കാന്താരയിൽ ഞാൻ പാടിയ രണ്ടുപാട്ടുകളാണ് ഉൾപ്പെടുത്തിയത്. ഒരു മൊഴിമാറ്റസിനിമയ്ക്കുവേണ്ടിയുള്ള പാട്ട് എന്നനിലയിലായിരുന്നില്ല റെക്കോഡിങ്, ഒരു പുതിയ പാട്ടൊരുക്കുന്ന ആവേശമായിരുന്നു ടീമിലുള്ളവർക്കെല്ലാമുള്ളത്.’’ -സന്നിധാനന്ദൻ കൂട്ടിച്ചേർത്തു.
തൃശ്ശൂർ തയ്യൂര് ഗ്രാമത്തിലെ അമ്പലഭജനകളിൽനിന്നാണ് സന്നിധാനന്ദന്റെ തുടക്കം. സ്‌കൂൾ യുവജനോത്സവത്തിൽ ഗായകനായി പേരെടുത്ത സന്നിയുടെ പാട്ടുവഴി തെളിയുന്നത് 2007-ലെ സ്റ്റാർ സിങ്ങർ വേദിയിലൂടെയാണ്. മോഹൻ സിത്താര സംഗീതസംവിധാനം നിർവഹിച്ച സ്വർണ്ണം എന്ന സിനിമയിൽ പാടിക്കൊണ്ടാണ് സന്നിധാനന്ദൻ സിനിമാപിന്നണിഗാനരംഗത്തേക്കെത്തുന്നത്. ഭക്തിഗാനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ടുപോയ ഈ ഗായകനെ നാടൻപാട്ടിന്റെയും സിനിമാസംഗീതത്തിന്റെയും പുതുവഴിയിലേക്ക് മാറ്റുന്നത് സംഗീതസംവിധായകൻ ശരത്താണ്.
സംവിധായകൻ ജയരാജ് ഒരുക്കുന്ന പെരുങ്കളിയാട്ടം സിനിമയിൽ ബിജിപാൽ സംഗീതം പകർന്ന പാട്ടും ശാസ്ത്രസിനിമയായ ആര്യഭട്ടയിലെ ഗാനങ്ങളുമാണ് പുറത്തിറങ്ങാനിരിക്കുന്ന സന്നിധാനന്ദന്റെ പുതിയഗാനങ്ങൾ.
Content Highlights: Singer Sanni Dhanandan shares his exciting journey of lending his voice to the immensely popular `Rebel` song in the blockbuster film Kantara Chapter one.
Published: 12 Oct 2025, 07:56 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented