രു പാട് വര്‍ഷങ്ങളായി എനിക്കറിയുന്നതാണ് കല്യാണി മേനോനെയും കുടുംബത്തെയും. മക്കളായ രാജീവ് മേനോനുമായും കരുണ്‍ മേനോനുമായെല്ലാം എനിക്ക് അടുത്ത ബന്ധമുണ്ട്. കല്യാണിയമ്മയുടെ ശബ്ദത്തോടും ആലാപനശൈലിയോടും എനിക്ക് വലിയ ആദരവുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് ജലശയ്യയില്‍ (മൈ മദേഴ്‌സ് ലാപ്‌ടോപ്പ് എന്ന ചിത്രത്തിലെ ഗാനം) എന്ന പാട്ടിലേക്ക് അവരെ തന്നെ വിളിച്ചത്. അതിമനോഹരമായി പാടി. കല്യാണിയമ്മയുടെ ശബ്ദത്തിന്റെ പ്രത്യേകത ഒന്നുകൊണ്ടു മാത്രമാണ് ഇന്നും ആ പാട്ട് പുതുമ മാറാതെ നിലനില്‍ക്കുന്നത്. 

To advertise here,

അസാധാരണമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു കല്യാണിയമ്മ. ഭര്‍ത്താവ് നേരത്തേ മരിച്ചുപോയി. രണ്ടു മക്കളെയും ജോലിയെടുത്ത് വളര്‍ത്തി. ഒരാള്‍ സംവിധായകനായി (രാജീവ് മേനോന്‍) മറ്റൊരാള്‍ ഐ.എ.എസ് ഓഫീസറായി (കരുണ്‍ മേനോന്‍). പ്രതിസന്ധികള്‍ക്കിടയിലും സംഗീതലോകത്ത് നിറഞ്ഞു നിന്നു. കച്ചേരികള്‍ നടത്തുകയും സിനിമകളില്‍ പാടുകയും ചെയ്തു. ഒരു അമ്മ എന്ന നിലയില്‍ രാജീവിന്റെയും കരുണിന്റെയും ജീവിതത്തില്‍ കല്യാണി മേനോന്‍ ചെലുത്തിയ സ്വാധീനം വലുതായിരുന്നു. എല്ല അര്‍ഥത്തിലും മാതൃകയായിരുന്നു. കല്യാണിയമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

Content Highlights: Kalyani Menon passed away singer Music director Sreevalsan J menon jalashayyayil song