ഈണമിട്ടത് 23 ചിത്രങ്ങള്‍ക്ക് മാത്രം. സംഗീതം നല്‍കിയത് നൂറില്‍ത്താഴെ ഗാനങ്ങള്‍. പക്ഷെ കൈതപ്രം വിശ്വനാഥന്‍ എന്ന സംഗീതസംവിധായകനെ മലയാളികള്‍ക്ക് എക്കാലവും ഓര്‍മിക്കാന്‍ അദ്ദേഹം ഈണമിട്ട ഗാനങ്ങള്‍ ധാരാളം. മലയാളികളുടെ പ്രിയഗാനരചയിതാവും ഒപ്പം സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ അനുജനായ കൈതപ്രം വിശ്വനാഥന്‍ ഈണം പകര്‍ന്നതേറെയും ജ്യേഷ്ഠന്റെ വരികള്‍ക്ക് തന്നെയായിരുന്നു. ആ ഗാനങ്ങളെല്ലാം തന്നെ സംഗീതപ്രേമികള്‍ നെഞ്ചോട് ചേര്‍ത്തു. മൃദുലവും ഹൃദയസ്പര്‍ശവുമായ ഈണങ്ങളായിരുന്നു കൈതപ്രം വിശ്വനാഥന്റേത്. ജ്യേഷ്ഠനൊപ്പം സംഗീതസഹായിയായാണ് സിനിമാസംഗീതലോകത്തേക്ക് വിശ്വനാഥന്റെ കടന്നുവരവ്. ദേശാടനം, കളിയാട്ടം എന്നീ ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതമൊരുക്കിയാണ് അദ്ദേഹം സ്വതന്ത്രസംഗീതസംവിധായകനായത്. പിന്നീട് ജയരാജ് സംവിധാനം ചെയ്ത കണ്ണകി എന്ന  ചിത്രത്തില്‍ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി മലയാളി ശ്രോതാക്കളുടെ ഹൃദയത്തിലേക്ക് കൈതപ്രം വിശ്വനാഥന്‍ എക്കാലത്തേക്കുമുള്ള പ്രവേശനം നേടി. കണ്ണകിയിലെ പശ്ചാത്തലസംഗീതം അദ്ദേഹത്തിന് സംസ്ഥാനപുരസ്‌കാരം നേടിക്കൊടുക്കുകയും ചെയ്തു. 

To advertise here,

കൈതപ്രം വിശ്വനാഥന്‍ ഈണമിട്ട ചില ഗാനങ്ങള്‍ 

ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂ തീരത്ത് കാണാം...

2001 ല്‍ റിലീസ് ചെയ്ത 'കണ്ണകി' എന്ന ചിത്രത്തിന്റെ പ്ലോട്ടിന്റെ അടിസ്ഥാനം വില്യം ഷേക്‌സ്പിയറിന്റെ ആന്റണി & ക്ലിയോപാട്ര എന്ന രചനയായിരുന്നു. നന്ദിത ദാസ്, ലാല്‍, ഗീതു മോഹന്‍ദാസ്, സിദ്ദിഖ്, മനോജ് കെ. ജയന്‍, കല്‍പന എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമയ്ക്ക് വേണ്ടി ആറ് ഗാനങ്ങളാണ് കൈതപ്രം വിശ്വനാഥന്‍ ഈണമിട്ടത്. യേശുദാസ്, ചിത്ര, എംജി. ശ്രീകുമാര്‍, കുട്ടപ്പന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. കണ്ണകിയിലെ എന്നു വരും നീ, കരിനീലകണ്ണഴകി, ഇനിയൊരു ജന്മമുണ്ടെങ്കില്‍...തുടങ്ങിയ ഗാനങ്ങള്‍ക്ക് ഇരുപത് കൊല്ലങ്ങള്‍ക്കിപ്പുറവും ആരാധകരേറെ. ഗാനങ്ങളെല്ലാം രചിച്ചത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്‌.

നീയൊരു പുഴയായ് തഴുകുമ്പോള്‍ ഞാന്‍ പ്രണയം വിടരും കരയാകും...

പി. ജയചന്ദ്രന്‍ ആലപിച്ച തിളക്കം എന്ന ചിത്രത്തിലെ ഗാനം മലയാളത്തിലെ ഏറ്റവും ശ്രദ്ധ നേടിയ പ്രണയഗാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഈ ഗാനം കൂടാതെ സംഗീതാസ്വാദകരുടെ ശ്രദ്ധ നേടിയ എന്ന തവം സെയ്തനേ, എനിക്കൊരു പെണ്ണുണ്ട്, സാറേ സാറേ സാമ്പാറേ തുടങ്ങി ഏഴ് ഗാനങ്ങള്‍ തിളക്കത്തിലുണ്ട്. യേശുദാസ്, ജയചന്ദ്രന്‍, സുജാത, കല്ലറ ഗോപന്‍, ചിന്‍മയി, ടി.കെ. കല, ദിലീപ് എന്നിവരാണ് ചിത്രത്തിന് പിന്നണി പാടിയത്. നീയൊരു പുഴയായ് എന്ന ഗാനത്തിന്  ജയചന്ദ്രന് ആ വര്‍ഷത്തെ ഏറ്റവും മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഗാനങ്ങള്‍ രചിച്ചത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്. 

ആടെടീ ആടാടെടീ ആലിലക്കിളിയേ കാലില്‍ ചിലമ്പ് തുള്ളുന്ന താളത്തിലാടെടിയേ...

വേണുഗോപാല്‍ ആലപിച്ച ഗാനങ്ങളില്‍ മികച്ച ഗാനങ്ങളിലൊന്നാണ് ഉള്ളം എന്ന സിനിമയിലെ ആടെയീ ആടാടെടീ...സുരേഷ് ഗോപി, ഗീതുമോഹന്‍ദാസ്, കലാശാല ബാബു, വിജയരാഘവന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ സിനിമ സംവിധാനം ചെയ്തത് എ.ഡി. സുകുമാരനാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ഗാനരചന നിര്‍വഹിച്ചത്. 

ഏഴാം ബഹറിന്റെ വാതില്‍ തുറന്നോളെ അസര്‍മുല്ല പോലുള്ള പെണ്ണേ...

ബാബറി മസ്ജിദ് തകര്‍ക്കല്‍ അടിസ്ഥാനമാക്കി 2005 ല്‍ പുറത്തിറങ്ങിയ ദൈവനാമത്തില്‍ എന്ന ജയരാജ് ചിത്രത്തിലെ ഏഴാം ബഹറിന്റെ...എന്ന ഗാനം വ്യത്യസ്തമായ ഈണത്തിലാണ് കൈതപ്രം വിശ്വനാഥന്‍ തയ്യാറാക്കിയത്. ഒപ്പനപ്പാട്ടിന്റെ താളവും ഭാവവുമുള്‍ക്കൊണ്ട ഗാനം മഞ്ജരിയാണ് ആലപിച്ചത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേതാണ് വരികള്‍. പൃഥ്വിരാജും ഭാവനയുമാണ് നായികാനായകന്‍മാരായെത്തിയത്.

 

കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം മഴവെള്ളം പോലെ ഒരു കുട്ടിക്കാലം...

ആലങ്കോട് ലീലാകൃഷ്ണന്‍ രചിച്ച ഏകാന്തം എന്ന 2006 ചിത്രത്തിലെ ഗാനത്തിന്റെ വരികളും ഈണവും ശ്രോതാക്കളില്‍ ഗൃഹാതുരത്വത്തിന്റെ കടലലകളാണ് ഉയര്‍ത്തിയത്. യേശുദാസ് ആലപിച്ച ഗാനം ഹൃദയസ്പര്‍ശിയായ മെലഡിയായി എക്കാലവും മലയാളികളുടെ പ്രിയപ്പെട്ട ഗാനമായി തുടരുമെന്നതില്‍ സംശയമില്ല. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ രചനയും ഗാനത്തെ വ്യത്യസ്തമാക്കി. മധു കൈതപ്രത്തിന്റെ ആദ്യ സംവിധാനസംരംഭമായിരുന്ന ഏകാന്തം  ദേശീയ-സംസ്ഥാനപുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു. തിലകനും മുരളിയുമാണ് പ്രധാനവേഷങ്ങളിലെത്തിയത്. മനോജ് കെ.ജയന്‍, സലിം കുമാര്‍, മധുപാല്‍, മീരാ വാസുദേവ് എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍. 

സംഗീതത്തിന് ഭാഷയ്‌ക്കോ കാലത്തിനോ അതിരുകള്‍ സൃഷ്ടിക്കാന്‍ സാധിക്കില്ല. കൈതപ്രം വിശ്വനാഥന്‍ ഈണമിട്ട ഗാനങ്ങള്‍ എണ്ണത്തില്‍ കുറവാണെങ്കിലും എക്കാലവും  മലയാളികള്‍ മടുക്കാതെ കേട്ടു കൊണ്ടേയിരിക്കും. കണ്ണകിയിലെ ഗാനം ആലപിക്കാന്‍ റെക്കോഡിങ് സ്റ്റുഡിയോയില്‍ കയറിയ യേശുദാസ് വിശ്വനാഥനോട് ഇപ്രകാരം പറഞ്ഞു. എന്തിനാണ് കുറേ പാട്ടുകള്‍ ഉണ്ടാക്കുന്നത്, ഇത്തരത്തിലെ കുറച്ചു പാട്ടുകള്‍ പോരേ എന്ന്. അദ്ദേഹം തന്നെ ഒരഭിമുഖത്തില്‍ പങ്കുവെച്ചതാണ് ഈ അനുഭവം. അതെ, യേശുദാസ് പറഞ്ഞത് സത്യമാണ്. നൂറ്കണക്കിന് ഗാനങ്ങള്‍ തന്റെ ക്രെഡിറ്റില്‍ ഇല്ലെങ്കിലും ചുരുക്കം പാട്ടുകളിലൂടെ കൈതപ്രം വിശ്വനാഥന്‍ എന്ന സംഗീതസംവിധായകന്‍ എക്കാലവും സ്മരിക്കപ്പെടും. 

 

Content Highlights:  Hit Songs Of Music composer Kaithapram Viswanathan