ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന 'കാന്ത'യുടെ ടൈറ്റില്‍ ആന്തം പുറത്ത്. 'റേജ് ഓഫ് കാന്ത' എന്ന പേരില്‍ പുറത്തു വന്ന ഈ ഗാനം ഒരു തമിഴ് - തെലുങ്ക് റാപ് ആന്തമായാണ് ഒരുക്കിയിരിക്കുന്നത്. ഝാനു ചന്റര്‍ ആണ് ഗാനത്തിന് ഈണം പകര്‍ന്നത്. ചിത്രത്തിന്റെ കഥാപശ്ചാത്തലം സൂചിപ്പിക്കുന്ന, കഥാപാത്രങ്ങളുടെ ദൃശ്യങ്ങള്‍ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന ഒരു ലിറിക്കല്‍ വീഡിയോയായാണ് ഗാനം പുറത്ത് വന്നിരിക്കുന്നത്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ്, റാണ ദഗ്ഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബാട്ടി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രം നവംബര്‍ 14-ന് ആഗോള റിലീസായെത്തും. 'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് സെല്‍വമണി സെല്‍വരാജ്.
തമിഴിനെയും തെലുങ്കിനെയും ഒരൊറ്റ റാപ്പ്- സ്‌റ്റൈല്‍ ട്രാക്കിലേക്ക് ലയിപ്പിക്കുന്ന രീതിയില്‍ തീവ്രമായ, ആഴമുള്ള വരികളോടെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. പാട്ടിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ ട്രെന്‍ഡിങ് ആയി മാറിയിരുന്നു. കലാപത്തിന്റെയും മനക്കരുത്തിന്റെയും അഭിലാഷത്തിന്റെയും ശബ്ദരൂപമായാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. സംസ്‌കാരങ്ങള്‍, ഭാഷകള്‍, വികാരങ്ങള്‍ എന്നിവയുടെയെല്ലാം ഏകത്വത്തിന്റെ ആത്മാവിനെയാണ് റാപ് ആന്തം പ്രതിഫലിപ്പിക്കുന്നത്. ഗാനത്തിന്റെ ഓര്‍ക്കസ്‌ട്രേഷനില്‍ ഉള്ള വിന്റെജ് ബീറ്റുകളും ചിത്രത്തിന്റെ കഥാപശ്ചാത്തലവുമായി ബന്ധപ്പെട്ട് കിടക്കുന്നു.
ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ നേരത്തെ തന്നെ പുറത്ത് വരികയും മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. 'പനിമലരേ' എന്ന് തുടങ്ങുന്ന ഗാനവും, 'കണ്മണീ നീ' എന്ന ഗാനവുമാണ് ഇതിനു മുന്‍പ് ചിത്രത്തില്‍ പുറത്തുവന്നത്.
ഇവ കൂടാതെ, ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനത്തിന് പുറത്തു വന്ന, ചിത്രത്തിന്റെ ടീസറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതെന്നാണ് ടീസര്‍ നല്‍കിയ സൂചന. ദുല്‍ഖര്‍ സല്‍മാന്‍, സമുദ്രക്കനി എന്നിവര്‍ കൂടാതെ, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗ്ഗുബാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റു നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് 'കാന്ത' കഥ പറയുന്നത്.
മികച്ചതും ജനപ്രിയവുമായ ഒരുപിടി ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മിച്ചിട്ടുള്ള വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴില്‍ ഒരുക്കിയ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് ചിത്രം 'ലക്കി ഭാസ്‌കറി'ന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നതും വേഫെറര്‍ ഫിലിംസ് തന്നെയാണ്.
ഛായാഗ്രഹണം: ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം: ഝാനു ചന്റര്‍, എഡിറ്റര്‍: ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: സായ് കൃഷ്ണ ഗഡ്വാള്‍, സുജയ് ജയിംസ്, ലൈന്‍ പ്രൊഡ്യൂസര്‍: ശ്രാവണ്‍ പലപര്‍ത്തി, കലാസംവിധാനം: രാമലിംഗം, വസ്ത്രാലങ്കാരം: പൂജിത തടികൊണ്ട, അര്‍ച്ചന റാവു, ഹര്‍മന്‍ കൗര്‍, സൗണ്ട് ഡിസൈന്‍: ആല്‍വിന്‍ റെഗോ, സഞ്ജയ് മൗര്യ, അഡീഷണല്‍ തിരക്കഥ: തമിഴ് പ്രഭ, വിഎഫ്എക്‌സ്: ഡെക്കാണ്‍ ഡ്രീംസ്, ഡിഐ കളറിസ്റ്റ്: ഗ്ലെന്‍ ഡെന്നിസ് കാസ്റ്റിഞൊ, പബ്ലിസിറ്റി ഡിസൈന്‍: എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ടൂ സിഡ്, പിആര്‍ഒ- ശബരി.
Content Highlights: Rage Of Kaantha Lyrical | Kaantha | Dulquer Salmaan | Rana Daggubati | Jhanu Chanthar
Published: 30 Oct 2025, 05:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented