പേരിൽത്തുടങ്ങുന്ന പുതുമയുമായി ഒരു മലയാളചിത്രം വരുന്നു. അതാണ് നാരായണീന്റെ മൂന്നാണ്മക്കൾ. കോഴിക്കോടുകാരനായ ശരൺ വേണു​ഗോപാലാണ് സ്വന്തം നാട് പശ്ചാത്തലമാക്കി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ നവാ​ഗതനാണെങ്കിലും ക്യാമറയ്ക്ക് മുന്നിലുള്ളത് ജോജു ജോർജ്, സുരാജ് വെഞ്ഞാറമ്മൂട്, അലൻസിയർ തുടങ്ങിയ അനുഭവസമ്പത്തുള്ള താരങ്ങൾ. ആദ്യത്തെ സിനിമ തിയേറ്ററുകളിലെത്തുമ്പോഴുള്ള പ്രതീക്ഷയും അതേസമയം ആകാംക്ഷയുമാണ് തനിക്കുള്ളതെന്ന് പറയുകയാണ് ശരൺ. തന്റെ ആദ്യസിനിമയേക്കുറിച്ചും സ്വപ്നങ്ങളേക്കുറിച്ചും ശരൺ വേണു​ഗോപാൽ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

To advertise here,

ആദ്യ സിനിമയാണ് പുറത്തുവരുന്നത്

സത്യജിത്ത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലാണ് സിനിമ പഠിച്ചത്. നാരായണീന്റെ മൂന്നാണ്മക്കളുടെ വൺലൈൻ ആ സമയത്താണ് എഴുതിയത്. ഭാവിയിൽ എപ്പോഴെങ്കിലും തിരക്കഥയായി വികസിപ്പിക്കണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. കോഴിക്കോടാണ് എന്റെ നാട്. കൊയിലാണ്ടിയിലായിരുന്നു കുട്ടിക്കാലം ചെലവിട്ടത്. ആ നാടും നാട്ടുകാരുമെല്ലാം വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അങ്ങനെയൊരിടം പശ്ചാത്തലമാക്കി ഒരു സിനിമ ചെയ്യണമെന്നത് കുറേ നാളായുള്ള ആ​ഗ്രഹമാണ്.

'പക'യിലൂടെ അസോസിയേറ്റ് ആയി സിനിമയിലേക്ക്

പകയിൽ ചീഫ് അസോസിയേറ്റ് ഡയറക്ടറായാണ് പ്രവർത്തിച്ചത്. നാരായണീന്റെ മൂന്നാണ്മക്കളുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. പകയുടെ ഷൂട്ട് തുടങ്ങി കുറച്ചുകഴിഞ്ഞപ്പോഴാണ് ഞാനതിൽ ജോയിൻ ചെയ്തത്. ചീഫ് അസോസിയേറ്റ് ഡയറക്ടറെ വേണമെന്ന് പറഞ്ഞ് ഒരുദിവസം വിളിക്കുകയായിരുന്നു. അസോസിയേറ്റായി പ്രവർത്തിക്കാനുള്ള പ്ലാനൊന്നും ഉണ്ടായിരുന്നില്ല. 'പക'യുടെ സംവിധായകൻ നിതിൻ ലൂക്കോസിനെ പരിചയമുണ്ടായിരുന്നു. ഓർമയിൽ ഇപ്പോഴും സൂക്ഷിക്കുന്ന ദിവസങ്ങളായിരുന്നു പകയുടെ ചിത്രീകരണ നാളുകൾ. 

സിനിമയോട് ചെറുപ്പംതൊട്ടേ താത്പര്യമുണ്ട്

കൃത്യം ഒരു പ്രായം പറയാനാവില്ലെങ്കിലും ചെറുപ്പംതൊട്ടേ സിനിമയോട് താത്പര്യമുണ്ട്. വീട്ടിലാണെങ്കിൽ കൊല്ലത്തിലൊരിക്കലേ തിയേറ്ററിൽ പോകാനാവൂ. എ‍ഞ്ചിനീയറിം​ഗ് പഠിച്ചത് തിരുവനന്തപുരത്താണ്. അവിടെ വളരെ ശക്തമായ സിനിമാ സംസ്കാരമുണ്ടല്ലോ. തിരുവനന്തപുരത്തെത്തിയ ശേഷമാണ് സിനിമയുടെ ലോകത്തെക്കുറിച്ച് മനസിലാക്കിയത്. എന്നെ അത്രമേൽ ആകർഷിച്ച സിനിമകളെല്ലാം ഇക്കാലത്താണ് കണ്ടത്. എഞ്ചിനീയറി​ഗ് പഠിക്കുമ്പോൾ അവിടെനിന്ന് ഹ്രസ്വചിത്രങ്ങളെല്ലാം ചെയ്തിരുന്നു. അപ്പോഴാണ് സിനിമയുടെ ഭാഷയിലൂടെ പലതും സംസാരിക്കാനാവുമെന്ന് മനസിലായത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്നതിനെക്കുറിച്ച് എഞ്ചിനീയറിം​ഗ് കഴിഞ്ഞപ്പോഴേ ആലോചിച്ചിതാണ്. എൻട്രൻസ് എഴുതിയാണ് സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നത്.

തിരക്കഥ പൂർത്തിയായത് 2021-ൽ 

പഠിക്കുമ്പോൾത്തന്നെ തിരക്കഥ എഴുതിത്തുടങ്ങിയിരുന്നു. പഠനത്തിന്റെ ഭാ​ഗമായി സിനിമ ചെയ്യാനുള്ളതുകൊണ്ട് തിരക്കഥയെഴുത്ത് അതിനൊപ്പം നടന്നിരുന്നില്ല. 2019-ലാണ് കോഴ്സ് പൂർത്തിയാക്കിയിറങ്ങിയത്. പിന്നീട് തിരക്കഥാരചന പുനരാരംഭിച്ചു. അതിനിടയിൽ കോവിഡ് വന്നു. ആ സമയത്ത് ചെറിയ ഇടവേളയെടുത്തു. 2021 തുടക്കത്തിലാണ് പൂർണ തിരക്കഥയായത് മാറുന്നത്. 2022 അവസാനമൊക്കെ ആയപ്പോഴാണ് പ്രീപ്രൊഡക്ഷൻ തുടങ്ങിയത്.

ആദ്യം സമീപിച്ചത് ജോജു ചേട്ടനെ

എഴുതുമ്പോൾത്തന്നെ അലൻസിയർ, ജോജു ജോർജ്, സുരാജ് എന്നിവരുടെ മുഖം മനസിലേക്ക് വന്നിരുന്നു. ജോജു ചേട്ടനെയാണ് ആദ്യം സമീപിച്ചത്. കേട്ടപ്പോൾത്തന്നെ അ​ദ്ദേഹത്തിനിഷ്ടമാവുകയും ചെയ്യാമെന്ന് പറയുകയും ചെയ്തു. അതോടെ ആത്മവിശ്വാസമായി. സുരാജേട്ടനോട് കഥ പറ‍ഞ്ഞപ്പോഴും അനുകൂലമായാണ് പ്രതികരിച്ചത്. അങ്ങനെയാണ് അലൻസിയറേട്ടന്റെ അടുത്തുമെത്തിയതും അ​ദ്ദേഹം ചെയ്യാമെന്ന് പറഞ്ഞതും. റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥ എന്ന അഭിപ്രായമാണ് എല്ലാവരിൽനിന്നും കിട്ടിയത്. 

കൗതുകത്തോടെ കണ്ടുനിന്ന പ്രകടനങ്ങൾ

എന്നെപ്പോലൊരു നവാ​ഗത സംവിധായകനെ സംബന്ധിച്ചിടത്തോളം ഇതൊരു ഡ്രീം കാസ്റ്റാണ്. ഇവരുടെയെല്ലാം പ്രകടനം വളരെ കൗതുകത്തോടെയാണ് ഞാൻ കണ്ടുനിന്നത്. ക്യാമറയ്ക്ക് പിന്നിൽനിന്ന് നമ്മൾ ആക്ഷൻ പറയുമ്പോൾ അവർ കഥാപാത്രമാവുന്ന ഒരു മാറ്റമുണ്ട്. കട്ട് പറഞ്ഞാൽ ആ കഥാപാത്രത്തിൽനിന്ന് പുറത്തുവരുന്നതും കണ്ടനുഭവിക്കാൻ സാധിച്ചു. ക്ലൈമാക്സിനോടനുബന്ധിച്ചുള്ള ഒരു രം​ഗത്തിൽ ജോജു ചേട്ടനെ ഒരു പ്രകടനമുണ്ട്. അതുകണ്ടിട്ട് സെറ്റ് മൊത്തം അന്ധാളിച്ചുപോയി. സെറ്റ് മൊത്തം നിശ്ശബ്ദമായിരുന്നു. ഞാനെഴുതിയതിനും മുകളിൽ പ്രകടനം നടത്താൻ എല്ലാവർക്കും സാധിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.

നിത്യജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിൽ ഒരുപാട് സാധ്യതകളുണ്ട്

നായകൻ, നായിക എന്നാലോചിച്ചിട്ടല്ല തിരക്കഥയെഴുതിയത്. വേറേയും ഒരുപാട് കഥാപാത്രങ്ങൾ ഈ സിനിമയിലുണ്ട്. അവർക്കെല്ലാം അവരുടേതായ കഥകൾ പറയാനുണ്ട്. കുടുംബപശ്ചാത്തലത്തിലുള്ള സിനിമ എന്നത് സംഭവിച്ചുപോയതാണ്. കുടുംബത്തിനകത്തല്ലെങ്കിലും അടുത്തിടപഴകുന്ന ആളുകൾക്കിടയിൽ നടക്കുന്ന കഥകളാണ് എന്നെ കൂടുതൽ ആകർഷിച്ചിട്ടുള്ളത്. നിത്യജീവിതത്തിൽ നടക്കുന്ന ഡ്രാമകളിൽ ഒരുപാട് സാധ്യതകളുണ്ടെന്ന് എപ്പോഴും തോന്നാറുണ്ട്.

നാട്ടിൽനിന്നുള്ള പ്രചോദനം

നാരായണീന്റെ മൂന്നാണ്മക്കൾ എന്ന സിനിമ നടക്കുന്നത് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലാണ്. ആ നാടിന്റെ ഭൂപ്രകൃതിയും മറ്റും കഥാപാത്രമായിത്തന്നെ ഈ ചിത്രത്തിലുണ്ട്. അമ്പലവും ഉത്സവവുമൊക്കെ ഈ ചിത്രത്തിലുണ്ട്. ട്രെയിലറിൽത്തന്നെ ഒന്ന് രണ്ട് രം​ഗങ്ങൾ കാണിക്കുന്നുണ്ട്. ആ സ്ഥലത്തിന് ഒരുപാട് പ്രാധാന്യമുണ്ട്. കാരണം കഥ എവിടെ നടക്കുന്നു എന്നത് വളരെ പ്രധാനമാണല്ലോ. കോഴിക്കോട് തന്നെയായിരുന്നു ഷൂട്ടിങ്. ഒരുമാസത്തോളമുണ്ടായിരുന്നു ചിത്രീകരണം.

ആദ്യത്തെ സിനിമയുടെ ആകാംക്ഷയിലാണ്

എല്ലാവരും വളരെ പ്രതീക്ഷയോടെയാണ് ചിത്രം റിലീസ് ചെയ്യുന്നത് കാത്തിരിക്കുന്നത്.  എന്റെ ആദ്യത്തെ സിനിമയാണ്. അതിന്റേതായ ആകാംക്ഷയിലാണ് ഞാൻ. സ്വന്തം നാട്ടിലെ തിയേറ്ററിൽ സ്വന്തം സിനിമ കാണുന്നതിന്റെ എക്സൈറ്റ്മെന്റ് എന്തായാലും ഉണ്ട്.