താണ്ട് നാല് വർഷം മുമ്പാണ് ഇടുക്കിക്കാരനായ ഫോട്ടോ​ഗ്രാഫർ മഹേഷിനെയും അവന്റെ പ്രതികാരത്തെയും മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. ബ്രില്യൻസുകൾ ഒളിപ്പിച്ച് വച്ച ദിലീഷ് പോത്തന്റെ സംവിധാനവും മഹേഷായുള്ള ഫഹദ് ഫാസിലിന്റെ അഭിനയവും ചിത്രത്തിലെ ഇടുക്കിക്കാരായ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകന്റെ ഉള്ളിൽ സ്ഥാനംപിടിച്ചു. മഹേഷിന്റെ പ്രതികാരത്തിന് ലഭിച്ച ഈ സ്വീകാര്യത കൊണ്ട് തന്നെയാണ് വെങ്കിടേഷ് മഹ എന്ന സംവിധായകൻ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്ത്. ഉമാ മഹേശ്വര ഉ​ഗ്ര രൂപസ്യ എന്ന ചിത്രം ഇക്കഴിഞ്ഞ ജൂലെെ 30 ന് നെറ്റ്ഫ്ലിക്സ് വഴി റിലീസ് ചെയ്യപ്പെട്ടപ്പോൾ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രത്തെ ലഭിച്ച സന്തോഷത്തിലാണ് ചിത്രത്തിലെ നായകൻ സത്യദേവ് കാഞ്ചരന. അഥവാ  തെലുങ്കരുടെ മഹേഷേട്ടൻ (ഉമാ മഹേശ്വര റാവു).

ഫഹദിനെയും അദ്ദേഹത്തിന്റെ ചിത്രങ്ങളെയും ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്ന് പറയുന്നു സത്യദേവ്. മഹേഷിന്റെ പ്രതികാരം പോലൊരു കൾട്ട് സിനിമയുടെ റീമേക്കിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ആദ്യം ആശങ്കകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ കേരളത്തിൽ നിന്നും ലഭിക്കുന്ന നല്ല പ്രതികരണങ്ങളും മീമുകളും ട്രോളുകളും മനം നിറയ്ക്കുന്നുവെന്നും സത്യദേവ് പറയുന്നു. ഉമാ മഹേശ്വരറിനെ പ്രേക്ഷകർ ഏറ്റെടുത്ത സന്തോഷം പങ്കുവച്ച് സത്യദേവ് മാതൃഭൂമി ഡോട് കോമിനൊപ്പം ചേരുന്നു

ഇഷ്ടസിനിമയും ആശങ്കകളും

2016 ലാണ് ഞാൻ മഹേഷിന്റെ പ്രതികാരം കാണുന്നത്. ഹൈദരാബാദിലെ തീയേറ്ററിൽ ചിത്രം റിലീസ് ചെയ്ത സമയത്ത്. സബ്ടൈറ്റിൽ ഉണ്ടായിരുന്നത് കൊണ്ട് ഭാഷ അറിയാത്ത പ്രശ്നം ആസ്വാദനത്തെ ബാധിച്ചില്ലെന്ന് മാത്രമല്ല ആ സിനിമ എനിക്ക് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു. എങ്കിലും രണ്ടാമത് ഒന്നുകൂടി കാണാൻ സാഹചര്യമുണ്ടായില്ല. ഉമാ മഹേശ്വര ഉഗ്രരൂപസ്യയുടെ പ്രൊജക്ടുമായി വന്നപ്പോൾ തന്നെ സംവിധാകൻ മഹയ്ക്ക് (വെങ്കിടേഷ് മഹ) ഒരു നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ, ഒറിജിനൽ വീണ്ടും കാണരുത് എന്ന്.. അദ്ദേഹത്തിന്റെ നിർദേശത്തെ മാനിക്കുന്നത് കൊണ്ട് പിന്നീട് മഹേഷിന്റെ പ്രതികാരം ഞാൻ കാണാൻ ശ്രമിച്ചില്ലെന്നതാണ് സത്യം.

ചിത്രം കമ്മിറ്റ് ചെയ്ത സമയത്ത് എനിക്ക് ആശങ്കകൾ ഉണ്ടായിരുന്നു. ഏത് ഭാഷയിൽ നിന്നുള്ള ചിത്രമാണെങ്കിലും റീമേക്ക് വരുമ്പോൾ താരതമ്യം തീർച്ചയായും ഉണ്ടാകുമല്ലോ. ഒരു ചിത്രം റീമെയ്ക്ക് ചെയ്യുക എന്നത് വെല്ലുവിളിയാണ്. മഹേഷിന്റെ പ്രതികാരം പോലൊരു ചിത്രം റീമെയ്ക്ക് ചെയ്യുക എന്നത് ഭീകരമായ വെല്ലുവിളിയാണ്. മലയാള സിനിമയിൽ തന്നെ മാറ്റങ്ങൾ കൊണ്ടുവന്ന ചിത്രങ്ങളിൽ ഒന്നാണത്. ഒരു കൾട്ട് സിനിമ എന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ തുടക്കത്തിൽ നല്ല ആശങ്കകൾ എനിക്കുണ്ടായിരുന്നു. നമ്മളെത്ര നന്നായി ചെയ്താലും താരതമ്യം എന്നത് ഒഴിവാക്കാനാവാത്തതാണ്. പക്ഷേ ഇതൊരു പുതിയ ചിത്രമായേ ഞാൻ എടുക്കാവൂ എന്ന് മഹയ്ക്ക് നിർബന്ധമുണ്ടായിരുന്നു. മറ്റുള്ളവർ എന്ത് പറയും എന്ന് ചിന്തിക്കാതെ ഉമാ മഹേശ്വര റാവു ആവാൻ ശ്രമിക്കൂ എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അത്തരത്തിൽ പുതിയ ചിത്രമെന്ന് രീതിയിൽ സമീപിച്ചതും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.

ഫഹദിന്റെ മഹേഷ് വെല്ലുവിളി നിറഞ്ഞ കഥാപാത്രം

Satyadev Kancharana Interview Maheshinte Prathikaram Telugu Remake Uma Maheswara Ugraroopasya Venkat

ഫഹദിനെയും അദ്ദേഹത്തിന്റെ ചിത്രങ്ങളെയും ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. നോർത്ത് 24 കാതം, തൊണ്ടിമുതലും ദൃക്സാക്ഷിയും, ട്രാൻസ്, വരത്തൻ, ടേക്ക് ഓഫ് തുടങ്ങിയ ഫഹദ് ചിത്രങ്ങളെല്ലാം ഞാൻ കണ്ടിട്ടുണ്ട്. ഒരുപാട് ഇഷ്ടമാണ് ഫഹദിന്റെ അഭിനയം. മഹേഷിന്റെ പ്രതികാരം റീമെയ്ക്ക് ചെയ്യാൻ പോകുന്നുവെന്ന് മഹ പറഞ്ഞപ്പോൾ തന്നെ ഞാൻ എക്സൈറ്റഡായി. കാരണം, വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് മഹേഷിന്റേത്.

ഉമാ മഹേശ്വര റാവു ആകാനുള്ള പരിശ്രമം

തന്റെ ചിത്രത്തെയും കഥാപാത്രത്തെയും കുറിച്ച് മഹയ്ക്ക് നല്ല ധാരണയുണ്ടായിരുന്നു. ചിത്രീകരണത്തിന് രണ്ട് മാസങ്ങൾക്ക് മുമ്പ് തന്നെ ഉമാ മഹേശ്വരയെ പോലെ പെരുമാറാൻ മഹ എന്നോട് ആവശ്യപ്പെട്ടു. മാത്രമല്ല സിനിമ കണ്ടവർക്ക് മനസിലാകും ഞങ്ങളുടെ മഹേഷ് മലയാളത്തിലേതിൽ നിന്നും അൽപം വ്യത്യസ്തനാണ്. അത്ര എളുപ്പത്തിൽ മുറിവേൽക്കുന്ന കഥാപാത്രമല്ല ഉമാ മഹേശ്വര റാവു. സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കാതിരിക്കാം എന്നത് പരിശ്രമിക്കാനാണ് മഹ എന്നോട് ആവശ്യപ്പെട്ടത്. നിനക്കിഷ്ടമില്ലാത്ത ഒരു കാര്യം ആരു പറഞ്ഞാലും അതിനോട് പ്രതികരിക്കരുത്. മൂന്നാമതൊരാളായി നിന്ന് അതിനെ നിരീക്ഷിക്കുക, ആ കാഴ്ച്ചപ്പാടിൽ കാര്യങ്ങളെ പഠിക്കുക എന്നതായിരുന്നു എനിക്ക് കിട്ടിയ നിർദ്ദേശം. ചിത്രീകരണത്തിന് രണ്ട് മാസം മുമ്പ് അങ്ങനെയാകാനാണ് ഞാൻ പരിശ്രമിച്ചിരുന്നത്. അത് സഹായകമാവുകയും ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ ചിത്രത്തിൽ മഹേഷ് ചെരുപ്പ് ഉപേക്ഷിക്കുന്നിടത്ത് നിന്ന് പിന്നീടുള്ള ദിവസങ്ങളിൽ ഒന്നും ചെരുപ്പ് ധരിക്കാതെയാണ് ഞാൻ ലൊക്കേഷനിൽ ചെന്നിരുന്നത്. മഹേഷിന് നേരിടേണ്ടി വന്ന അപമാനം അതേ ആഴത്തിൽ ഉള്ളിലേക്ക് എടുക്കാൻ. അതെല്ലാം ഒരുപാട് ആസ്വദിച്ച് ചെയ്ത കാര്യങ്ങളാണ്

കേരളവും മലയാളികളും മീമുകളും സന്തോഷിപ്പിക്കുന്നു

ചിത്രത്തിന് ലഭിക്കുന്ന നല്ല പ്രതികരണങ്ങൾ ഒരുപാട് സന്തോഷിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ എനിക്ക് നിരവധി സന്ദേശങ്ങൾ ദിവസവും ലഭിക്കുന്നുണ്ട്. പ്രത്യേകിച്ചും കേരളത്തിൽ നിന്ന്. മഹേഷിനെ പോലെ ഉമാ മഹേശ്വര റാവുവിനെയും സ്വീകരിച്ചതിൽ ഭയങ്കര സന്തോഷമുണ്ട്. രണ്ട് ചിത്രങ്ങളും തമ്മിൽ താരതമ്യപ്പെടുത്തിയുള്ള കുറേ മീമുകളും ട്രോളുകളും ഞാൻ കണ്ടിരുന്നു,.. ഭാഷ അറിയാത്തത് കൊണ്ട് ഞാനത് ചിത്രത്തിന്റെ ഛായാഗ്രാഹകൻ അപ്പു പ്രഭാകറെ കാണിക്കും. അപ്പു ചേട്ടൻ മലയാളിയാണ്. അദ്ദേഹമാണ് അതെല്ലാം എനിക്ക് പരിഭാഷപ്പെടുത്തി തരുന്നത്. സന്തോഷമുണ്ട് ഈ പ്രതികരണങ്ങൾ കാണുമ്പോൾ. ഈ പ്രതികരണങ്ങൾക്കും സ്നേഹത്തിനും ഒരുപാട് നന്ദി.

ഒൻപത് വർഷത്തെ സിനിമായാത്ര, കാത്തിരുപ്പ് വെറുതെയായില്ല

2011 ലാണ് ഞാൻ ആദ്യ സിനിമ ചെയ്യുന്നത്. പ്രഭാസ് നായകനായെത്തിയ മിസ്റ്റർ പെർഫക്ടിറ്റിലൂടെയാണ് സിനിമാപ്രവേശം. അതിൽ പ്രഭാസിന്റെ സുഹൃത്തിന്റെ വേഷമായിരുന്നു. അതിനുശേഷം ചെയ്ത ചിത്രത്തിൽ നായകനായ മഹേഷ് ബാബുവിന്റെ സുഹൃത്തിന്റെ വേഷമായിരുന്നു. തുടക്കത്തിൽ ചെയ്ത വേഷങ്ങളെല്ലാം ഒന്നുകിൽ നായകന്റെ സുഹൃത്ത് അല്ലെങ്കിൽ സഹതാരം അങ്ങനെയുള്ളതായിരുന്നു. വില്ലനായും അഭിനയിച്ചിട്ടുണ്ട്. പുരി ജഗന്നാഥ് ഒരുക്കിയ ജ്യോതിലക്ഷ്മിയാണ് ജീവിതം മാറ്റിമറിച്ചത്. അതിൽ നായക കഥാപാത്രമായിരുന്നു. ചിത്രം നല്ല പ്രതികരണം നേടി എനിക്ക് പിന്നീട് നായക കഥാപാത്രങ്ങൾ ലഭിക്കുകയും ചെയ്തു.

പക്ഷേ ഉമാ മഹേശ്വര ഉഗ്ര രൂപസ്യയാണ് ഞാനിത് വരെ ചെയ്തതിൽ വച്ചേറ്റവും മികച്ച ചിത്രം. ഇക്കഴിഞ്ഞ ഒൻപത് വർഷത്തോളമായി ഇത്തരമൊരു ചിത്രത്തിനായാണ് ഞാൻ കാത്തിരുന്നത്. വലിയൊരു ബാനറാണ് ചിത്രത്തിന് പുറകിലുള്ളത്,. ബാഹുബലിയുടെ നിർമാതാക്കളാണ് ഈ ചിത്രത്തിന്റെയും നിർമാതാക്കൾ (അർക്ക). ബാഹുബലി പോലൊരു ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം അവർ നിർമിക്കുക അത്തരത്തിലുള്ള ഒരു വലിയ ചിത്രം തന്നെയാകുമെന്നാണല്ലോ നമ്മൾ സ്വാഭാവികമായും ചിന്തിക്കുക. പക്ഷേ അവർ ഉമാ മഹേശ്വരയുടെ ഭാഗമായി. അതെല്ലാം എന്റെ ഭാഗ്യമാണെന്ന് കരുതുന്നു. മഹയോടും എന്റെ നിർമാതാക്കളോടും ഒരുപാട് കടപ്പാടുണ്ട്. ഒൻപത് വർഷത്തെ കാത്തിരുപ്പ് വെറുതെയായില്ല.

ഉമാ മഹേശ്വര ഉ​ഗ്ര രൂപസ്യ മാറ്റത്തിന്റെ സൂചന

Satyadev Kancharana Interview Maheshinte Prathikaram Telugu Remake Uma Maheswara Ugraroopasya Venkat

വലിയ കാൻവാസിൽ ഒരുക്കുന്ന മാസ് ചിത്രങ്ങളാണ് തെലുങ്ക് സിനിമാ മേഖലയിൽ കൂടുതലും പുറത്തിറങ്ങുന്നത്.. ഉമാ മഹേശ്വര ഉഗ്ര രൂപസ്യ തീർച്ചയായും അവിടെ വരുന്ന മാറ്റത്തിന്റെ സൂചനയാണെന്ന് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്ന് മനസിലാക്കാം. പ്രേക്ഷകരുടെ കാഴ്ച്ചപ്പാട് മാറുകയാണ്. ഇങ്ങനെയുള്ള സിനിമകളും സ്വീകരിക്കപ്പെടുന്നു. ബാഹുബലി നിർമിച്ച അർക്ക പോലെയുള്ള നിർമാണ കമ്പനികൾ ഉമാ മഹേശ്വര റാവു പോലെയുള്ള ചിത്രങ്ങളും നിർമിക്കുന്നു. മാസ് പടങ്ങൾക്കപ്പുറം കണ്ടന്റിന് പ്രാധാന്യമുള്ള ചിത്രങ്ങൾ പ്രേക്ഷകർ ഇഷ്ടപ്പെട്ട് തുടങ്ങി എന്നതിന്റെ തെളിവാണ് അതെല്ലാം. അങ്ങനെയൊരു മാറ്റത്തിന് തുടക്കം കുറിക്കാനായതിൽ ഒരുപാട് സന്തോഷം. തരുൺ ഭാസ്കറിനെ പോലുള്ള സംവിധായകരൊക്കെ തെലുങ്കുൽ അത്തരത്തിലുള്ള മാറ്റങ്ങൾ കൊണ്ട് വരാൻ ശ്രമിച്ചവരാണ്. ആ മാറ്റങ്ങളുടെ ഭാഗമാകാൻ ഞങ്ങൾക്കും സാധിച്ചു എന്നത് സന്തോഷിപ്പിക്കുന്നു.

മലയാളത്തിൽ അഭിനയിക്കാൻ കാത്തിരിക്കുന്നു

മലയാളം സിനിമകളുടെ വലിയ ആരാധകനാണ് ഞാൻ. പഴയതും പുതിയതുമായ മലയാള ചിത്രങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. തൊട്ടപ്പൻ എന്ന സിനിമ വരെ ഞാൻ കണ്ടിട്ടുണ്ട്. കമ്മട്ടിപ്പാടം കണ്ടിട്ടുണ്ട്. നിങ്ങൾ സിനിമകൾ എടുക്കുന്ന രീതി എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. മേക്കിങ്ങിലായാലും കഥ പറയുന്ന രീതിയിലായാലും ഏറെ പരിണാമം സംഭവിച്ച സിനിമാമേഖല മലയാളത്തിലേതാണ്. മലയാളത്തിൽ അഭിനയിക്കാൻ നല്ലൊരു അവസരത്തിനായി ഞാൻ കാത്തിരിക്കുകയാണ്. അപ്പുവിനോട് ഞാനിക്കാര്യം പറഞ്ഞിട്ടുണ്ട്. എനിക്ക് മലയാളത്തിൽ സിനിമ ചെയ്യണമെന്ന്. നമുക്ക് നല്ലൊരു ചിത്രം ചെയ്യാമെന്ന് അപ്പു മറുപടിയും നൽകും. മലയാളത്തിൽ അഭിനയിക്കാൻ ഞാനേറെ ഇഷ്ടപ്പെടുന്നു. നല്ലൊരു അവസരം ലഭിച്ചാൽ തീർച്ചയായും ഞാൻ മലയാളത്തിലെത്തും.

Content Highlights :Satyadev Kancharana Interview Maheshinte Prathikaram Telugu Remake Uma Maheswara Ugraroopasya Venkatesh Maha