വിഷ്ണു ഉണ്ണികൃഷ്ണൻ, സാനിയ ഇയ്യപ്പൻ ജോടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൂരജ് ടോം സെവിധാനം ചെയ്ത ചിത്രമാണ് 'കൃഷ്ണൻകുട്ടി പണി തുടങ്ങി'. ഓടിടി റിലീസായെത്തിയ ചിത്രത്തിലെ ലൂക്ക എന്ന വില്ലനെ കണ്ട പലർക്കും ആ നവാ​ഗതന്റെ മുഖം സുപരിചിതമായി തോന്നി. അഭിനയത്തിൽ നവാ​ഗതനാണെങ്കിലും സിനിമയ്ക്ക് പുതുമുഖമല്ല ചിത്രത്തിൽ വില്ലനായെത്തിയ സന്തോഷ് ദാമോദർ. 

ദാമർ സിനിമയുടെ ബാനറിൽ പന്ത്രണ്ടോളം ചിത്രങ്ങൾ നിർമിച്ച് കഴിഞ്ഞ ഇരുപത് വർഷത്തോളമായി സന്തോഷ് സിനിമയ്ക്കൊപ്പമുണ്ട്. പകൽപൂരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ തുടങ്ങി ബി​ഗ് ബജറ്റ് ചിത്രമായ കുരുക്ഷേത്രയുമുൾപ്പെട്ട സന്തോഷിന്റെ സിനിമാ യാത്ര ഇപ്പോൾ അഭിനയത്തിലെ കന്നിയങ്കവും പയറ്റിയിരിക്കുന്നു. കൃഷ്ണൻകുട്ടി പണി തുടങ്ങിയും ലൂക്കയും വില്ലൻ ​ഗെറ്റപ്പുമെല്ലാം ശ്രദ്ധിക്കപ്പെട്ട വേളയിൽ സന്തോഷ് മാതൃഭൂമി ഡോട് കോമിനോട് സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

കൃഷ്ണൻകുട്ടിയിലെ വില്ലൻ വേഷം

അവിചാരിതമായാണ് ഒരു അഭിനേതാവിന്റെ റോളിലെത്തുന്നത്. ഇരുപത് വർഷത്തിലധികമായി മലയാള സിനിമയുടെ ഭാ​ഗമാണ്, പന്ത്രണ്ടോളം ചിത്രങ്ങൾ നിർമിച്ചു. പക്ഷേ അഭിനയം എന്നത് ചിന്തിച്ചിട്ട് കൂടിയില്ലായിരുന്നു. പണ്ടും പലരും ചോദിച്ചിരുന്നു അഭിനയിക്കുന്നോയെന്ന്. അന്നൊന്നും താത്പര്യം കാണിച്ചില്ല. കൃഷ്ണൻകുട്ടി പണി തുടങ്ങിയുടെ സംവിധായകൻ സൂരജ് ഒരു വർഷം മുമ്പാണ് ഇങ്ങനെയൊരു  വേഷമുണ്ടെന്ന് പറയുന്നത്.  ചിത്രത്തിന്റെ നിർമാതാവ് നോബിൾ എന്റെ പരിചയക്കാരനാണ്. അദ്ദേഹവും എന്നോട് ഈ വേഷത്തെക്കുറിച്ച് സംസാരിക്കുകയും എന്റെ ഒരു ചിത്രമെടുത്ത്  സൂരജിന് അയക്കുകയും ചെയ്തു. അങ്ങനെ എന്നോട് മുമ്പ് സംസാരിച്ചത് സൂരജിന് ഓർ‌മ വരികയും അടുത്ത ദിവസം തിരക്കഥാകൃത്തിനെയും കൂട്ടി വന്ന് കഥ പറയുകയും ചെയ്തു. അഭിനയിക്കാനുള്ള ആത്മവിശ്വാസമൊന്നും എനിക്കില്ലായിരുന്നു. അവർ തന്ന ധൈര്യത്തിന്റെ പുറത്താണ് ചെയ്തത്. നെ​ഗറ്റീവ് വേഷം എന്നതൊന്നും ചിന്തിച്ചിട്ടില്ല. അഭിനയം ആണല്ലോ, നല്ല വേഷമാണല്ലോ എന്ന് മാത്രമേ ചിന്തിച്ചുള്ളൂ.

Santhosh Damodar

നിർമാതാവ് നടനായപ്പോൾ ?

പ്രധാന വ്യത്യാസമെന്ന് പറയുന്നത് ഇത് നല്ല സുഖമുള്ള പരിപാടിയാണ്. തലവേദനയില്ല. സംവിധായകൻ പറയുന്നത് പോലെ ആ കഥാപാത്രമെന്തെന്ന് കൃത്യമായി മനസിലാക്കി ചെയ്താൽ മതി. എന്നാൽ നിർമാണം അങ്ങനെയല്ലല്ലോ. ആ പ്രോജക്ടിന്റെ തുടക്കം മുതൽ സിനിമ റിലീസായി കഴിഞ്ഞാലും നീണ്ടു നിൽക്കുന്ന ടെൻഷനാണ്. കൃഷ്ണൻകുട്ടി പണി തുടങ്ങി ഇറങ്ങുന്നത് വരെ എനിക്ക് എന്നെ പറ്റി ഒരു വിശ്വാസവും ഇല്ലായിരുന്നു . അഭിനയിക്കുന്ന സമയത്തൊക്കെ ഞാൻ സാനിയയോടും വിഷ്ണുവിനോടും സംവിധായകനോടും എല്ലാം ചോദിക്കുമായിരുന്നു ശരിയാവുന്നുണ്ടോയെന്ന്. സൂരജിന്റെ നിർബന്ധപ്രകാരം ചിത്രത്തിന്റെ ഡബ്ബിങ്ങും ഞാൻ തന്നെയാണ് ചെയ്തത്. സത്യത്തിൽ ചിത്രം ആദ്യമായി കണ്ടപ്പോഴാണ് എനിക്കൽപം ആത്മവിശ്വാസമൊക്കെ കൈവന്നത്. ഇനിയും നല്ല വേഷങ്ങൾ ചെയ്യാനാവും എന്ന് എനിക്ക് തന്നെ ഒരു വിശ്വാസം വന്നു.

രണ്ട് ​ഗെറ്റപ്പുകൾ

ചിത്രത്തിൽ രണ്ട് ​ഗെറ്റപ്പുണ്ട്. ഒന്ന് സ്ട്രോക്ക് വന്ന് കിടപ്പിലായ ​ഗെറ്റപ്പാണ്. കഥ കേട്ട സമയത്ത് ഞാൻ ചിന്തിച്ച കാര്യം അത് എളുപ്പമാണല്ലോ വെറുതെ കിടന്നാൽ മാത്രം മതിയല്ലോ എന്നാണ്. പക്ഷേ ഏറ്റവും കഷ്ടപ്പാട് ആ ​ഗെറ്റപ്പ് അവതരിപ്പിക്കാൻ ആയിരുന്നു. വായ ഒക്കെ ഒരു വശത്തേക്ക് കോടിയിട്ടുള്ള ഒരു ലുക്ക് ആണ്.  കണ്ടിന്യൂറ്റി എന്നൊന്ന് ഉണ്ടല്ലോ..അത് വളരെ വിഷമകരമായ സം​ഗതിയായിരുന്നു. പക്ഷേ എന്തുകൊണ്ടോ നല്ല രീതിയിൽ ചെയ്യാൻ പറ്റി എന്ന് തന്നെയാണ് പ്രതീക്ഷ. പ്രേക്ഷകരുടെ ഭാ​ഗത്തു നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതും.

Santhosh Damodar

പകൽപൂരത്തിൽ തുടങ്ങിയ സിനിമാ യാത്ര

2002 ൽ പകൽപൂരം എന്ന ചിത്രത്തിലൂടെയാണ്  ഞാൻ നിർമാണരം​ഗത്തേക്ക് കടന്നു വരുന്നത്. അത് നൂറ് ദിവസത്തോളം ഓടുകയും വലിയ ഹിറ്റ് സമ്മാനിക്കുകയും ചെയ്ത ചിത്രമാണ്. പിന്നീട് വാൽക്കണ്ണാടി ചെയ്തു. വലിയ സിനിമയല്ലെങ്കിലും നല്ല ചിത്രമായിരുന്നു, നല്ല ​ഗാനങ്ങളായിരുന്നു. ജയറാമും ബിജു മേനോനും ഒന്നിച്ച ഇവർ ആണ് പിന്നീട് ചെയ്ത ചിത്രം. ഒരു അണ്ടർവേൾഡ് കഥ പറഞ്ഞ ചിത്രത്തിന്റെ സംവിധായകൻ ടി.കെ രാജീവ് കുമാർ ആയിരുന്നു . ഇന്നത്തെ ഈ  ജനറേഷനിൽ ഇറങ്ങേണ്ടിയിരുന്ന ചിത്രമായിരുന്നു അത്. ചന്ദ്രോത്സവം ആണ് പിന്നീട് ചെയ്തത്. നല്ലൊരു ചിത്രം, ഒരുപാട് പേരുടെ ഇഷ്ടപ്പെട്ട ചിത്രങ്ങളുടെ പട്ടികയിൽ ചന്ദ്രോത്സവവും ഉണ്ട്. ഇന്നും ടിവിയിൽ ചന്ദ്രോത്സവം സംപ്രേക്ഷണം ചെയ്യുമ്പോൾ കുറഞ്ഞത് ഒരു പത്ത് പേരെങ്കിലും എന്നെ വിളിക്കാറുണ്ട്. സുരേഷ് ​ഗോപിയും മംമ്തയും ഒന്നിച്ച ലങ്കയാണ് പിന്നീട് നിർമിച്ചത്. അതിന് ശേഷം കുരുക്ഷേത്രയായിരുന്നു ചെയ്തത്.

മോഹൻലാലും കുരുക്ഷേത്രയും ലഫ്റ്റനന്റ് പദവിയും

ഇത്ര വർഷത്തെ സിനിമാ യാത്രയിലെ വലിയ  അനുഭവങ്ങളിലൊന്നാണ് കുരുക്ഷേത്ര എന്ന ചിത്രം. ശരിക്കുമുള്ള ആയുധങ്ങളും മറ്റും വച്ച് കാർ​ഗിലിൽ ​പോയി ചിത്രീകരിച്ച സിനിമയാണ് കുരുക്ഷേത്ര.  മേജർ രവിയും ഞാനും ആ സിനിമയ്ക്കായി ഒരുപാട് പണി എടുത്തിട്ടുണ്ട്. ആ സിനിമയ്ക്ക് ശേഷമാണ് മോഹൻലാലിന് ലെഫ്റ്റനന്റ് കേണൽ പദവി ലഭിക്കുന്നത്. അതിൽ ഒരുപാട് സന്തോഷവും അഭിമാനവുമുണ്ട്. പദ്മശ്രീയും ദേശീയ പുരസ്കാരവും മറ്റും പോലെ അല്ലല്ലോ, ഇതുപോലെ അപൂർവമായ ബഹുമതി ലഭിക്കാനിടയായ ഒരു ചിത്രം ചെയ്യാനായത് ഭാ​ഗ്യമായാണ് ഞാൻ കാണുന്നത്. 

തിരിച്ചുവരവ്

വിജി തമ്പി സംവിധാനം ചെയ്ത ഏപ്രിൽ ഫൂൾ ആണ് കുരുക്ഷേത്രയ്ക്ക് ശേഷം ചെയ്തത്. അതുൽ കുൽക്കർണി, ശ്രീനിവാസൻ എന്നിവർ ഒന്നിച്ച അന്ധേരിയാണ് അതിന് ശേഷം നിർമിച്ചു. അത് അധികം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് സിനിമയിൽ എനിക്ക് വലിയൊരു ​ഗ്യാപ് വന്നു. ബിസിനസും മറ്റുമായ തിരക്കുകൾ കാരണം കുറച്ച് വർഷങ്ങൾ മാറി നിൽക്കേണ്ടതായി വന്നു. ആ സമയത്ത് സിനിമയുടെ അവസ്ഥയും നല്ലതല്ലായിരുന്നു എന്നതും മാറി നിന്നതിന് കാരണമാണ്. പിന്നീട് ഈ വർഷം ഒരു തിരിച്ചു വരവിന് തയ്യാറെടുക്കുകയായിരുന്നു. രണ്ട് ചിത്രങ്ങൾ ഈ വർഷം പ്ലാൻ ചെയ്തിരുന്നു. ശ്രീനിവാസൻ എഴുതി ലാൽജോസ് സംവിധാനം  ചെയ്യുന്ന ഒരു ചിത്രം, പിന്നെ ജോഷിയേട്ടന്റെ ഒരു സിനിമയും. തിരിച്ചു വരവ് ഒരു വലിയ സിനിമയിലൂടെയാവണം എന്നുണ്ടായിരുന്നു. അപ്പോഴാണ് കോവിഡ് എന്ന വില്ലന്റെ കടന്നു വരവ്. എന്ത് തന്നെയായാലും ഇനി ഒരു ​ഗ്യാപ് എടുക്കണ്ട എന്ന് കരുതിയാണ് ഒരു ചെറിയ ചിത്രം ഈ വർഷം ചെയ്തത്. ഇന്ദു​ഗോപന്റെ കഥയ്ക്ക് ഷാജി അസീസ് സംവിധാനം ചെയ്ത വൂൾഫ് എന്ന ചിത്രത്തിലൂടെ. അതിനിടയ്ക്ക് അഭിനയത്തിലേക്കും കടന്നു ചെല്ലാനായി. ഇനി ശക്തമായി നിർമാണ രം​ഗത്ത് തന്നെ തുടരാൻ ആണ് തീരുമാനം. ചർച്ചകൾ നടക്കുന്നുണ്ട്. എന്തായാലും ഈ വർഷം ഒരു സിനിമ കൂടി ദാമർ പ്രൊഡക്ഷൻസിന്റേതായി പുറത്തിറങ്ങും. 

ഓടിടി വിപ്ലവം

ഒരു നിർമാതാവിനെ സംബന്ധിച്ചും ഒരു സിനിമാ പ്രേമിയെ സംബന്ധിച്ചും തീയേറ്റർ എക്സ്പീരിയൻസ് എന്ന സം​ഗതി വളരെ വലുതാണ്. പക്ഷേ ചെറിയ ചിത്രങ്ങൾക്ക് വലിയ പ്ലാറ്റ്ഫോം ആണ് ഓടിടി നൽകുന്നത്. വൂൾഫ് അത്തരത്തിലുള്ള ചിത്രമാണ് വലിയ ബഹളങ്ങൾ ഒന്നുമില്ല . ഓടിടി ലക്ഷ്യം വച്ച് തന്നെ ഒരുക്കിയ ഒരു കൊച്ച് ചിത്രം. സമാന്തരമായി രണ്ട് തരത്തിലുള്ള സിനിമകൾ ഓടിടി വിപ്ലവത്തോടെ ഉണ്ടാകും എന്നാണ് എന്റെ വിശ്വാസം.  വലിയ ചിത്രങ്ങൾ തീയേറ്ററിലേക്കും ചെറിയ ചിത്രങ്ങൾ ഓടിടിയിലേക്കും. ചെറിയ ചിത്രങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ചെറിയ സബ്ജക്ട് എന്നാണ്. അങ്ങനെയുള്ള ചെറിയ സബ്ജക്ടുകൾ എടുക്കാൻ പലപ്പോഴും അത്ര ധൈര്യം ഉണ്ടായിരുന്നില്ല. തീയേറ്റിലെ പ്രേക്ഷകപ്രതികരണം എങ്ങനെയാകും എന്നത് തന്നെ കാരണം. ആ ധൈര്യക്കുറവ് ഇനി വേണ്ട എന്നതാണ് പ്രധാന നേട്ടം. 

content highlights : producer Santhosh Damodar interview Damor cinema krishnankutty pani thudangi movie villain kurukshetra pakalpooram