'എന്റെ ചോരയ്ക്ക് അല്പം കൊഴുപ്പ് കൂടുതലാണ് കാരണം എന്റെ തന്തയുടെ പേര് കുര്യന്‍ ജോണ്‍ എന്നാണ്....''

പാട്ടാളം കോശി, എസ്.ഐ. അയ്യപ്പനെ പോരിന് വിളിക്കുകയാണ്...പ്രേക്ഷകരില്‍ ആവേശം നിറയ്ക്കാന്‍ പൃഥ്വിരാജ്-ബിജുമേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സച്ചി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച അയ്യപ്പനും കോശിയും പ്രദര്‍ശനത്തിനൊരുങ്ങുന്നു.ആക്ഷനും ഹരംപകരുന്ന സംഭാഷണങ്ങളുമായി ഒരുക്കുന്ന മാസ് ചിത്രത്തിന്റെ പ്രതീക്ഷ പങ്കുവെക്കുകയാണ് സംവിധായകന്‍ സച്ചി...

തിരക്കഥ എഴുതിയ ഡ്രൈവിങ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രം തീര്‍ത്ത ഓളം തീരുന്നതിനു മുമ്പേ സച്ചി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച അയ്യപ്പനും കോശിയും തിയേറ്ററിലെത്തുന്നു. പ്രേക്ഷകര്‍ക്ക് പ്രതീക്ഷ ഏറെയാണ് ?

ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച സ്വീകരണത്തില്‍ എല്ലാതരത്തിലുള്ള പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും എന്നു മനസ്സിലായി. സാധാരണ എന്റെ ചിത്രങ്ങളില്‍ എവിടെയെങ്കിലും ചില സംഘര്‍ഷസീനുകള്‍ മാത്രമേ ഉണ്ടാകാറുള്ളൂ.എന്നാല്‍, ഇത്രയും ആക്ഷന്‍ സീനുകള്‍ നിറഞ്ഞ സിനിമ ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല. പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ചിത്രമാകും അയ്യപ്പനും കോശിയും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ബാക്കിയെല്ലാം തിയേറ്ററില്‍ നിന്ന് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്.

ഈ അയ്യപ്പനെയും കോശിയെയും എവിടെ നിന്ന് കിട്ടി ?

കോശിയും പ്രായമുള്ള അയാളുടെ ഡ്രൈവറും ചേര്‍ന്ന സിനിമയുടെ കഥയായിരുന്നു ആദ്യം മനസ്സിലേക്ക് കയറിവന്നത്. കാരണം ആ കഥാപാത്രങ്ങളെപ്പോലുള്ള രണ്ട് സുഹൃത്തുക്കള്‍ എനിക്കുണ്ടായിരുന്നു. ഒരു ജുവല്ലറി ഉടമയും ഡ്രൈവറും തമ്മിലുള്ള രസകരമായ ബന്ധത്തിന്റെ കഥ എനിക്കങ്ങനെ നേര?േത്ത അറിയാം. അവിടെ നിന്നാണ് തുടക്കം, അത് സിനിമാക്കഥയായി വളര്‍ന്നപ്പോള്‍ അയ്യപ്പന്‍ നായര്‍ എന്ന എസ്.ഐ. അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നു. പിന്നീടെല്ലാം കഥയിലേക്ക് സ്വാഭാവികമായി കടന്നു വരികയായിരുന്നു. കഥയ്ക്കപ്പുറം കുറെ സംഭവങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമാണിത്. തമാശയ്ക്ക് പറഞ്ഞാല്‍ ഓര്‍ഗാനിക് മാസ് ജോണറുള്ള സിനിമ.

ഇങ്ങനെയൊരു ചിത്രത്തിന്റെ നിര്‍മാണം മാസ്സ് ഫിലിം ഡയറക്ടറായ രഞ്ജിത്ത് ഏറ്റെടുക്കാനുള്ള കാരണം?

വര്‍ഷങ്ങളുടെ പരിചയം ഞങ്ങള്‍ക്കിടയില്‍ ഉണ്ട്. തിരക്കഥാകൃത്തെന്ന നിലയില്‍ എന്റെ അഭിരുചിയും എഴുത്തിന്റെ രീതികളും അദ്ദേഹത്തിന് നന്നായി അറിയാം. ഞാന്‍ ഇതുവരെ പരീക്ഷണ സിനിമകള്‍ ഒന്നും ചെയ്തിട്ടില്ല. കൂടുതല്‍ പ്രേക്ഷകരെ തിയേറ്ററില്‍ എത്തിക്കാനുള്ള ചേരുവകളെല്ലാം തന്നെ ക്രാഫ്റ്റിന്റെ ഭാഗമായി ബോധപൂര്‍വം തിരക്കഥകളില്‍ നിറയ്ക്കാറുണ്ട്. എന്റെ സിനിമ നിര്‍മിക്കുമ്പോള്‍ അത് മോശമാകില്ലെന്ന് അദ്ദേഹത്തിനറിയാം. അങ്ങനെയാണ് രഞ്ജിയേട്ടനും സുഹൃത്തായ പി.എം. ശശിധരനും നിര്‍മാണം ഏറ്റെടുത്തത്. അവരുടെ വിശ്വാസമായിരുന്നു എ?െന്റയും ധൈര്യം.ചിത്രത്തില്‍ കുര്യന്‍ ജോണ്‍ എന്നൊരു കഥാപാത്രത്തെ രഞ്ജിയേട്ടന്‍ രസകരമായി അവതരിപ്പിച്ചിട്ടുമുണ്ട്.

Ayyappanum Koshiyum

സച്ചി ഒരുക്കിയ സിനിമകളില്‍ മിക്കവയും നിയമക്കുരുക്കിന്റെ കഥപറഞ്ഞവയായിരുന്നു. അയ്യപ്പനും കോശിയും അത്തരത്തിലുള്ളതാണോ?

ഒരു ചെറിയ നിയമലംഘനവും അതിനുശേഷം സ്വാഭാവികമായി കടന്നുവരുന്ന നിയമ പ്രശ്നങ്ങളുടെയും കഥ പറയുന്ന ചിത്രംതന്നെയാണ് അയ്യപ്പനും കോശിയും.

അട്ടപ്പാടിയിലെ ആനഗന്ദ എന്ന പോലീസ് സ്റ്റേഷനിലെ, റിട്ടയര്‍ ചെയ്യാന്‍ രണ്ടു വര്‍ഷം മാത്രം ബാക്കിയുള്ള എസ്.ഐ. അയ്യപ്പനും, പതിനേഴ് വര്‍ഷം പട്ടാളത്തില്‍ ഹവില്‍ദാര്‍ ആയി ജോലി ചെയ്ത കോശിയും തമ്മിലുള്ള ഒരു നിയമപ്രശ്നത്തില്‍ നിന്നാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. അവര്‍ക്ക് രണ്ടു പേര്‍ക്കും ശരിയാണെന്ന് ബോധ്യമുള്ള കാര്യം, അത് പിന്നീടൊരു മത്സരമായി. പിന്നീട് അതില്‍ നിന്ന് രണ്ടുപേര്‍ക്കും പിന്മാറാന്‍ പറ്റാത്ത അവസ്ഥയായി. അങ്ങനെയാണ് ചിത്രം കടന്നുപോകുന്നത് .

സച്ചിയുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള താര സൗഹൃദ സംഗമമാണ് അയ്യപ്പനും കോശിയും, പൃഥ്വിരാജും ബിജുമേനോനും ചേര്‍ന്ന ആ ടീം വര്‍ക്കിന്റ സുഖം ചിത്രീകരണത്തില്‍ ഉണ്ടാവുമല്ലോ?

ബിജുമേനോനും പൃഥ്വിരാജും സിനിമയുടെ ഭാഗമാകുമ്പോള്‍ ഞാന്‍ ഏറെ കംഫര്‍ട്ട് ആണ്. കാരണം നമ്മള്‍ ഒരു കഥ പറയുമ്പോള്‍ അതേ അര്‍ത്ഥത്തില്‍ അവര്‍ പെട്ടെന്ന് മനസ്സിലാക്കാറുണ്ട്. ചിത്രീകരിക്കുമ്പോള്‍ ആദ്യ ടേക്കില്‍ തന്നെ അവര്‍ കഥാപാത്രമായി അഭിനയിച്ചു ഫലിപ്പിക്കാറുണ്ട്. ആ കമ്മ്യൂണിക്കേഷന്റെ സുഖം ഞങ്ങള്‍ നന്നായി അനുഭവിച്ചിട്ടുണ്ട്. ഈ ടീം അവസാനമായി ഒന്നിച്ച ചിത്രം, ഞാന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം അനാര്‍ക്കലിയായിരുന്നു. ആ കഥയില്‍ പൃഥ്വിരാജാണ് നായകന്‍. ബിജു നായക കഥാപാത്രം ചെയ്തിരുന്ന കാലത്ത് സഹനടനായി ആ ചിത്രത്തിലേക്ക് ഇങ്ങോട്ട് കയറിവരുകയായിരുന്നു. ഞാനൊരു സിനിമ സംവിധാനം ചെയ്യുമ്പോള്‍ അതിന്റെ ഭാഗമാകും എന്ന വാക്ക് പാലിക്കാനായിരുന്നു ബിജു അതില്‍ അഭിനയിച്ചത്. പക്ഷേ, അയ്യപ്പനും കോശിയും എന്ന സിനിമയില്‍ രണ്ട് പേരും നായകരും ചിലപ്പോള്‍ രണ്ടുപേരും പ്രതിനായകരുമാണ്. അത്തരം ചില ക്രാഫ്റ്റ് ചിത്രത്തില്‍ പരീക്ഷിച്ചിട്ടുണ്ട്. രണ്ടുപേര്‍ക്കും തുല്യപ്രാധാന്യം വേണം എന്ന ചിന്തയില്‍ നിന്നാണ് സിനിമയ്ക്ക് അയ്യപ്പനും കോശിയും എന്ന പേര് നല്‍കിയത്.

ചിത്രത്തില്‍ പഞ്ച് ഡയലോഗുകള്‍ നിറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?

അയ്യപ്പനും കോശിയും എന്റെ കഴിഞ്ഞ ചിത്രങ്ങളില്‍ നിന്നെല്ലാം മാറിനില്‍ക്കുന്ന സിനിമയായിരിക്കണമെന്ന നിര്‍ബന്ധം ഞങ്ങള്‍ക്കുണ്ടായിരുന്നു. അതിനു വേണ്ടി ബോധപൂര്‍വം കുറച്ച് പഞ്ച് ഡയലോഗുകള്‍ ഇതില്‍ കയറ്റാന്‍ ശ്രമിച്ചിട്ടുണ്ട്. സിനിമയുടെ സാഹചര്യത്തിന് മൂര്‍ച്ച കൂട്ടാന്‍ ആണെങ്കില്‍പ്പോലും ഇതില്‍ നമുക്ക് മുന്നിലെ ചില ക്ലാസ് വാറും സാമൂഹ്യനീതിക്കുവേണ്ടിയുള്ള ചെറിയൊരു രാഷ്ട്രീയവും പറയുന്നുണ്ട്. അതെല്ലാം പ്രേക്ഷകര്‍ക്ക് രസിക്കുമെന്നാണ് വിശ്വാസം.

ഒരു സിനിമയ്ക്ക് തിരക്കഥ, എഴുതി അത് സംവിധാനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഗുണദോഷങ്ങള്‍ എന്തൊക്കെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

വേറെ സംവിധായകര്‍ക്ക് തിരക്കഥ എഴുതുമ്പോള്‍ ആ സംവിധായകന്റെ താത്പര്യങ്ങളും പരിമിതിയും അറിഞ്ഞുകൊണ്ട് എഴുതണം. ഷാഫിക്ക് എഴുതുന്നത് പോലെയല്ല ജോഷി സാറിനുവേണ്ടി എഴുതുന്നത്. ഭര്‍ത്താവിനെ മനസ്സിലാക്കുന്ന ഭാര്യ എന്നപോലെ സംവിധായകനെ അടുത്തറിഞ്ഞ് തിരക്കഥ ഒരുക്കിയാല്‍ മാത്രമേ അത് വിജയിപ്പിക്കാന്‍ കഴിയൂ. ഇത്തരം താത്പര്യങ്ങളൊന്നും സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുമ്പോള്‍ ആലോചിക്കേണ്ട കാര്യമില്ല. എന്നും തിരക്കഥയെഴുതി സംവിധാനം ചെയ്യണം എന്ന നിര്‍ബന്ധവും എനിക്കില്ല. അടുത്ത തിരക്കഥ എന്റെ അസോസിയേറ്റ് ഡയറക്ടറായ ജയന്‍ നമ്പ്യാര്‍ക്ക് വേണ്ടിയാണ് എഴുതുന്നത്. അതുകഴിഞ്ഞ് ഞാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് രണ്ടു നവാഗതരാണ് തിരക്കഥ എഴുതുന്നത്. നാളെ മുതല്‍ ഞാന്‍ തിരക്കഥ പുറത്തു കൊടുക്കില്ല എന്ന പരിപാടി ഇല്ല. മാത്രമല്ല എപ്പോഴും സംവിധായകനായി വെയില് കൊള്ളാനുള്ള താത്പര്യവുമില്ല.

പിന്നെ ഒരു സംവിധായകന്‍ ആകുമ്പോള്‍ ജോലിയില്‍ വലിയ ഡിസിപ്ലിന്‍ ആവശ്യമാണ്, എഴുത്തുകാരനാകുമ്പോള്‍ അത് വേണമെന്നില്ല

സത്യത്തില്‍, സച്ചിക്ക് ഇത്തരം കമേഴ്സ്യല്‍ സിനിമകളോടാണോ താത്പര്യം ?

ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളും പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പഠന മോഹങ്ങളും മുഖ്യധാരാ സിനിമകളോട് പരമപുച്ഛവുമായി ജീവിച്ച കാലം ഉണ്ടായിരുന്നു എനിക്ക്. പിന്നീടുള്ള ജീവിതസാഹചര്യത്തില്‍ അതെല്ലാം വിട്ടെറിഞ്ഞ് വക്കീലായി പ്രാക്ടീസ് ചെയ്യേണ്ടിവന്നു. ഒടുവില്‍ സിനിമയിലേക്ക് വന്നപ്പോള്‍ എന്റെ സിനിമാ ധാരണകള്‍ക്കെല്ലാം മാറ്റം വന്നു. സിനിമയിലൂടെ സമൂഹത്തില്‍ സന്ദേശം നല്‍കാം, അവാര്‍ഡ് നേടാം എന്ന മോഹങ്ങളെല്ലാം പോയി. സിനിമ ഉപജീവനമാര്‍ഗമായി മാത്രമേ ഞാന്‍ കാണുന്നുള്ളൂ. ആ അവസ്ഥ മാറി വരുമ്പോള്‍ വേറെ വഴി നോക്കാം.

Content Highlights : Sachy Interview On new Movie Ayyappanum Koshiyum Starring Prithviraj Biju Menon Ranjith