'കുനിഞ്ഞു നില്‍ക്കുന്ന കാലമൊക്കെ പോയി സാറേ'...   കൂസലില്ലായ്മയും റൗഡിത്തരങ്ങളുമായി 'നായാട്ടി'ല്‍ പോലീസിനെ വിറപ്പിച്ച അലമ്പ് പയ്യന്‍ ബിജു സോഷ്യല്‍ മീഡിയയിലെ താരമാണിപ്പോള്‍.

ബിജുവിനെ അവതരിപ്പിച്ച ദിനീഷ് പറയുന്നു - ' സംവിധായകന്‍ മാര്‍ട്ടിന്‍സാര്‍ അവിടെവച്ച് പഠിപ്പിച്ചു തന്ന കാര്യങ്ങള്‍ ഞാന്‍ അതുപോലെ ചെയ്യുകയായിരുന്നു. അത് ഇതുപോലെ ശ്രദ്ധിക്കപ്പെടുമെന്ന് മനസില്‍ പോലും വിചാരിച്ചതല്ല. എന്താ പറയണ്ടെ; ഒത്തിരി സന്തോഷമുണ്ട്.'  

ആലപ്പുഴയിലെ പൂന്തോപ്പിലാണ് ദിനീഷിന്റെ വീട്. ഡിഗ്രിക്ക് പ്രൈവറ്റായി പഠിക്കുന്ന കാലം മുതല്‍ ടൂറിസവുമായി ബന്ധപ്പെട്ട ചെറിയ ജോലികള്‍ ചെയ്തിരുന്ന ദിനീഷിന്റെ മനസില്‍ വലിയൊരു സ്വപ്നം ഉണ്ടായിരുന്നു.

'ചെറിയൊരു ഗസ്റ്റ് ഹൗസ് റെന്റിനെടുത്ത് നടത്തിയും ബോട്ടിംഗ് വേണ്ടവര്‍ക്ക് അത് അറേഞ്ച് ചെയ്ത് കൊടുത്തും എന്റെ ചെറിയ ജീവിതവുമായി ഞാനിങ്ങനെ മുന്നോട്ടു പോകുകയായിരുന്നു. അപ്പോഴും സിനിമാനടനാകണം എന്നായിരുന്നു ആഗ്രഹം.'  അതിനുവേണ്ടി എന്തുചെയ്യണമെന്ന് അറിയില്ലെങ്കിലും ഒരു സ്റ്റേജില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കിലും എന്നെങ്കിലും സിനിമാനടനാകും എന്നുതന്നെ ദിനീഷ് വിശ്വസിച്ചു. അടുത്ത കൂട്ടുകാരൊടൊക്കെ ആഗ്രഹം പറയുകയും ചെയ്തിരുന്നു.

'കൂടെക്കൂടെ സിനിമാനടനാകണം എന്ന് പറയുമ്പോള്‍ 'എന്തുവാടേയ് ഇത്' എന്ന് അവര്‍ ചോദിക്കുമായിരുന്നു. സിനിമാനടന്‍ എന്ന് വിളിച്ച് കളിയാക്കുമായിരുന്നു. പണ്ടൊരു കൂട്ടുകാരന്റെ കല്യാണത്തിനു പോയപ്പോ 'ഇവന്‍ സിനിമാനടനാണ്' എന്നു പറഞ്ഞാ അവന്‍ വൈഫിന് എന്നെ പരിചയപ്പെടുത്തിയത്.' എന്നാല്‍ ആഗ്രഹം തീവ്രമായതുകൊണ്ട് പ്രപഞ്ചശക്തി അതിലേക്ക് എത്തിച്ചുവെന്ന് ദിനീഷ് കരുതുന്നു.

'ആദ്യമായി ഓഡീഷനു പോകുന്നത് ലാലേട്ടന്റെ 1997 ബിയോണ്ട് ബോഡേഴ്സിനു വേണ്ടിയാണ്. അതില്‍ സെലക്ഷന്‍ കിട്ടി. രാജസ്ഥാനില്‍ ഷൂട്ടിംഗിനു പോയി. ആദ്യമായി സിനിമയുടെ ഭാഗമാകായി. പിന്നെയും രണ്ട് മൂന്ന് മൂവിയൊക്കെ ചെയ്തു.'
 
ഒരിക്കല്‍ ഓഡീഷനില്‍ പരിയപ്പെട്ട രാഹുല്‍ രവി എന്ന കൂട്ടുകാരനാണ് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനോട് ദിനീഷിനെക്കുറിച്ച് പറയുന്നത്. 'മാര്‍ട്ടിന്‍ സാറിന്റെ ഫ്ളാറ്റില്‍ വച്ചായിരുന്നു ഓഡീഷന്‍. ഷാഹി ഇക്ക ഒക്കെ അവിടെ ഉണ്ടായിരുന്നു. ജോലിക്കൊന്നും പോകാത്ത, ആരെയും വകവെയ്ക്കാത്ത ഒരാള്‍ എന്ന രീതിയില്‍ ക്യാരക്ടറിനെക്കുറിച്ച് ചെറുതായി പറഞ്ഞു തന്നു. നായാട്ടിലെ ഒരു സീനിന്റെ ചെറിയൊരു ഭാഗം ചെയ്യാന്‍ പറഞ്ഞു. മുറുക്കിത്തുപ്പിയത് തൂക്കാന്‍ പറഞ്ഞ് പോലീസ് വിരട്ടുമ്പോള്‍, അതിന് നേരെ വിപരീതമായ എക്സപ്രഷന്‍ ഇട്ട് അഭിനയിക്കാനാണ് പറഞ്ഞത്. ഞാന്‍ എന്റേതായ രീതിയില്‍  ചെയ്തുകാണിച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോല്‍ സാര്‍ വിളിച്ചു. ഞാന്‍ ചെയ്തത് ഒകെയാണ്, പക്ഷേ സാറിന്റെ മനസില്‍ വണ്ണം കുറഞ്ഞ ഒരാളാണ് ബിജുവായി ഉള്ളതെന്ന് പറഞ്ഞു. എനിക്കന്ന് ഇതിലും വണ്ണവും വയറും ഉണ്ടായിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ ഷൂട്ടിംഗ് തുടങ്ങാനുള്ളതാണ്. ഞാന്‍ കഷ്ടപ്പെട്ട് ഏഴ് കിലോ കുറച്ചു. അസിസ്റ്റന്റ്സിനെ ഒക്കെ വിളിച്ച്, ഞാന്‍ പുതിയ ഫോട്ടോ അയച്ചുകൊടുത്തു. ഒടുവില്‍ മാര്‍ട്ടിന്‍ സാര്‍ എന്നോട് ചെല്ലാന്‍ പറഞ്ഞു. ഒന്നുകില്‍ ബിജു; അല്ലെങ്കില്‍ അവരുടെ കൂടെ ഒരു വേഷം എന്നാണ് ആദ്യം പറഞ്ഞത്. ഷൂട്ടിംഗിന് രണ്ടു ദിവസം മുമ്പ് ഫ്ളാറ്റിലേക്ക് വിളിച്ച് എന്റെ മുടി വെട്ടി. എന്നാലും ലൊക്കേഷനില്‍ എത്തിയപ്പോഴാണ് ബിജുവാണ് എന്റെ ക്യാരക്ടര്‍ എന്നെനിക്ക് ഉറപ്പായത്.'

ബിജുവിന് കിട്ടുന്ന കയ്യടികള്‍ക്കും നല്ല കമന്റുകള്‍ക്കും മുഴുവന്‍ ക്രെഡിറ്റും ദിനീഷ് നല്‍കുന്നത് മാര്‍ട്ടിനാണ്. 'എന്നെപ്പോലെ പുതിയ ഒരാളെ എങ്ങനെ രൂപപ്പെടുത്തണമെന്ന് സാറിന് നന്നായി അറിയാം. കുഞ്ചാക്കോ ബോബനും മറ്റുമായി ഡിസ്‌കഷന്‍ നടക്കുമ്പോള്‍, അത് എന്റെ സീന്‍ അല്ലാതിരുന്നിട്ടും എന്നെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ഇവനാണ് ബിജുന്റെ ക്യാരക്ടര്‍ ചെയ്യുന്നത്' എന്ന് പറഞ്ഞ് നേരത്തെ തന്നെ എല്ലാവര്‍ക്കും എന്നെ പരിചയപ്പെടുത്തി. സീനില്‍ ഞാന്‍ എന്തു ചെയ്തിട്ടുണ്ടോ, അത് മാര്‍ട്ടിന്‍ സാര്‍ പഠിപ്പിച്ചതാണ്. സാര്‍ കാണിച്ചുതന്നതാണ് ഞാന്‍ ചെയ്തത്. ഇഷ്ടപ്പെട്ടാല്‍ ഓണ്‍ ദ സ്പോട്ടില്‍ 'നീ നന്നായി ചെയ്തെടാ' എന്ന് പറയുകയും ചെയ്യും. എന്നേപ്പോലുള്ള തുടക്കക്കാര്‍ക്ക് അതൊക്ക വലിയ കാര്യമാണ്. ഒരു അനിയനോട് എന്നപോലെയാണ് എന്നോട് പെരുമാറിയത്.'

മാര്‍ട്ടിന്‍ മാത്രമല്ല കുഞ്ചാക്കോ, ജോജു, നിമിഷ, ഷാഹി, ഷൈജു ഖാലിദ്.. എല്ലാവരും അടുപ്പത്തോടെയാണ് ഇടപെട്ടതെന്ന് ദിനീഷ് ഓര്‍ക്കുന്നു. 'ജോജുചേട്ടനും കുഞ്ചാക്കോ ബോബനും ലൊക്കേഷനില്‍ വച്ച് എന്നോട് സ്നേഹത്തോടെ സംസാരിച്ചപ്പോള്‍ എനിക്ക് വലിയ അത്ഭുതമായിരുന്നു. ഇത്രയും വലിയ ആളുകള്‍ എന്നോട് ഇത്ര കാര്യമായി സംസാരിക്കുന്നല്ലോ എന്നാ ഞാന്‍ ചിന്തിച്ചത്.'

സിനിമ തീയേറ്ററില്‍ എത്തിയതിന്റെ പിറ്റേന്നു മുതല്‍ ദിനീഷിന്റെ ഫോണിലേക്ക് അഭിനന്ദനങ്ങള്‍ എത്തിത്തുടങ്ങി. 'ആദ്യം വിളിച്ചത് ജയസൂര്യയാണ്. കുഞ്ചാക്കോ ബോബന്‍ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. നിമിഷ ഒരു ഇന്റര്‍വ്യൂവില്‍ എന്റെ അഭിനയത്തെക്കുറിച്ച് എടുത്തു പറഞ്ഞിരുന്നു. സംവിധായകരായ മിഥുന്‍ മാനുവല്‍ തോമസും അഖില്‍ പോളും നടി കനി കുസൃതിയും ഒക്കെ പോസ്റ്റ് ഇട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ എന്റെ അഭിനയം ഇഷ്ടമായെന്നു പറഞ്ഞുകൊണ്ട് സിനിമ കണ്ടവര്‍ ഇടുന്ന പോസ്റ്റുകള്‍ കാണുന്നുണ്ട്. ഒടിടിയില്‍ വന്നതില്‍പ്പിന്നെ കൂടുതല്‍ പേര്‍ വിളിക്കുന്നുണ്ട്. ഞാന്‍ വിചാരിച്ചിതിനും അപ്പുറത്താണ് ഇതൊക്കെ. ഒത്തിരി സന്തോഷമുണ്ട്.' ഈ സന്തോഷങ്ങള്‍ പങ്കുവയ്ക്കവാന്‍ വീട്ടില്‍ അച്ഛനും അമ്മയും ചേട്ടനും, ഒന്നര കിലോമീറ്റര്‍ അകലത്തില്‍ ചേച്ചിയും ഭര്‍ത്താവും കുട്ടികളും പിന്നെ കൂട്ടുകാരും നാട്ടുകാരും ഒക്കെയുണ്ട്.

സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവല്ലാതിരിന്നിട്ടും ഇപ്പോള്‍ ദിനീഷിന് ധാരാളം ഫ്രണ്ട്സ് റിക്വസ്റ്റുകള്‍ വരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സെലിബ്രിറ്റികള്‍ സ്റ്റാറ്റസ് ഇടുന്നത് കണ്ടപ്പോള്‍ 'നീയിത് വല്ലതും അറിയുന്നുണ്ടോ' എന്ന് പറഞ്ഞ് കൂട്ടുകാര്‍ തുടങ്ങിക്കൊടുത്ത ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമുണ്ട്.
 
അപ്പോള്‍ ഇനിയും സിനിമയില്‍ ഉണ്ടാകില്ലേ എന്നു ചോദിച്ചാല്‍ ദീനീഷ് പറയും - 'എന്നേപ്പോലുള്ളവര്‍ക്ക് അവസരങ്ങള്‍ കിട്ടിയാലല്ലേ അഭിനയിക്കാന്‍ പറ്റൂ. ഞാന്‍ ചെയ്താല്‍ നന്നാകും എന്നു സംവിധായകര്‍ക്ക് തോന്നിയാല്‍ വിളിക്കുമായിരുക്കും. അത് എനിക്ക് നന്നായി ചെയ്യാനും സാധിച്ചാല്‍ ഞാനീ ഫീല്‍ഡില്‍ കാണും.' ദീനിഷിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകാന്‍ പ്രപഞ്ചശക്തികള്‍ ഇനിയും സഹായിക്കട്ടെ.