ടക്കുകിഴക്കന്‍ തായ്‌ലന്‍ഡില്‍ ജനനം. പഠിക്കാനായി ബാങ്കോക്കിലേക്ക് പോയെങ്കിലും ആ ചെറുപ്പക്കാരന്റെ തല നിറച്ചും സിനിമയായിരുന്നു, സംഘട്ടനരംഗങ്ങളായിരുന്നു. സ്വപ്നസാഫല്യത്തിനായി മനമറിഞ്ഞ് പരിശ്രമിച്ചപ്പോള്‍ വിജയം തന്നെയായിരുന്നു അന്തിമഫലം. നടന്‍, സംഘട്ടന സംവിധായകന്‍ എന്നിങ്ങനെ തായ് ആക്ഷന്‍ സിനിമകളുടെ അവിഭാജ്യഘടകമായി മാറിയ സുമ്രത് മ്വാങ്പുട് മലയാളസിനിമയിലേക്കും എത്തിയിരിക്കുകയാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലൂടെ. തന്റെ സിനിമാ ജീവിതത്തേക്കുറിച്ചും ആദ്യമായി ഒരു ഇന്ത്യന്‍ സിനിമയില്‍ പ്രവര്‍ത്തിച്ചതിനേക്കുറിച്ചും സുമ്രത് മനസുതുറക്കുന്നു.

ആക്ഷന്‍ സിനിമകളോടുള്ള പ്രണയം

ചെറുപ്പത്തില്‍ത്തന്നെ ആക്ഷന്‍ സിനിമകള്‍ കാണാന്‍ വളരെ ഇഷ്ടമായിരുന്നു. ബ്രൂസ് ലീ, ജാക്കി ചാന്‍, ജെറ്റ് ലീ എന്നിവരെക്കുറിച്ച് സിനിമകളിലൂടെയാണ് ഞാന്‍ മനസിലാക്കിയത്. പക്ഷേ അതെല്ലാം യഥാര്‍ത്ഥമല്ല എന്ന് എനിക്ക് അന്നറിയില്ലായിരുന്നു. സിനിമയിലുള്ളതെല്ലാം യഥാര്‍ത്ഥമാണെന്നും സംഘട്ടനരംഗങ്ങളെല്ലാം വളരെ മനോഹരമാണെന്നും ഞാന്‍ കരുതിയിരുന്നു. അതാണ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിപ്പിക്കുന്ന ഒരിടം തേടാന്‍ എന്നെ പ്രേരിപ്പിച്ചത്. സിനിമയില്‍ അവസരം ലഭിക്കാന്‍ നന്നായി ശ്രമിച്ചു. അങ്ങനെയൊരിക്കല്‍ ടോണി ജായുടെ പരിശീലകനും ഒങ് ബാക്കിന്റെ നിര്‍മാതാവുമായ സ്റ്റണ്ട് മാസ്റ്റര്‍ പന്ന ഒരു സിനിമയില്‍ അവസരം നല്‍കി. പന്ന മാസ്റ്റര്‍ പരിശീലനം നല്‍കിയ വിദ്യാര്‍ത്ഥികളുടെ അവസാന ടീമിലെ അംഗമായിരുന്നു ഞാന്‍.

Sumret 2
പ്രിയദർശനും സുമ്രതും മരക്കാർ ചിത്രീകരണ വേളയിൽ

സ്റ്റണ്ട് മാനായുള്ള തുടക്കം

ഇരുപതാമത്തെ വയസില്‍ സ്റ്റണ്ട് മാനായാണ് എന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നെ നടനും ആക്ഷന്‍ പ്രൊഡ്യൂസറുമായി. 'ബാങ്കോക്ക് നോക്കൗട്ട്' എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ആ സിനിമയ്ക്ക് 'ബെസ്റ്റ് സ്റ്റണ്ട് ടീം'  അവാര്‍ഡുണ്ടായിരുന്നു. 'മങ്കി ട്വിന്‍സ്' ആണ് ആക്ഷന്‍ താരമായുള്ള ആദ്യ ചിത്രം. അതിന് മികച്ച നടനുള്ള പുരസ്‌കാരവും കിട്ടി. പിന്നെ ഒരു സംഘട്ടനം പോലുമില്ലാത്ത 'ദ ഫെയര്‍വെല്‍ ഫഌര്‍' എന്ന ചിത്രം ചെയ്തു. അതിന് 2019-ലെ സഹനടനുള്ള സുഫനാഹോങ് ദേശീയ ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.

sumret and arjun
അർജുനും സുമ്രെതും

മരയ്ക്കാര്‍ എന്റെ ആദ്യ ഇന്ത്യന്‍ സിനിമ

മരയ്ക്കാര്‍ എന്റെ ആദ്യ ഇന്ത്യന്‍ സിനിമയാണ്. ഇതേ സിനിമയിലെ മറ്റൊരു സംഘട്ടനസംവിധായകനായ കാസു നെഡയാണ് എന്നെ ഈ സിനിമയിലേക്ക് എന്നെ പരിചയപ്പെടുത്തുന്നത്. അദ്ദേഹത്തിന് ഞാന്‍ നേരത്തെ ചെയ്തിട്ടുള്ള സിനിമകളുടെ രംഗങ്ങള്‍ അയച്ചുകൊടുത്തിരുന്നു. മരയ്ക്കാറില്‍ ജോലി ചെയ്തതുവഴി ഇന്ത്യയേക്കുറിച്ചും ഇന്ത്യയിലെ ആയോധന കലകകളേക്കുറിച്ചും ആയുധങ്ങളേക്കുറിച്ചും സംസ്‌കാരത്തേക്കുറിച്ചും അഭിനേതാക്കളേയും സ്റ്റണ്ട് ടീമിനേക്കുറിച്ചുമെല്ലാം നന്നായി മനസിലാക്കാന്‍ പറ്റി. അതിന് മുമ്പ് വരെ ഇന്ത്യന്‍ ആയോധനകലകളേക്കുറിച്ച് ധാരണയില്ലാതിരുന്നതിനാല്‍ നിര്‍മാതാവിന്റെ മുന്നില്‍ ചെന്ന് നില്‍ക്കുന്നതിന് മുമ്പ് നന്നായി റിസര്‍ച്ച് ചെയ്തിരുന്നു.

Ashok SElvan with Sumret
സുമ്രെത് നടൻ അശോക് ശെൽവനൊപ്പം

'മോഹന്‍ലാല്‍ ഇത്രവലിയ നടനാണെന്ന് അറിയില്ലായിരുന്നു'

ആക്ഷന്‍ സീനുകള്‍ക്ക് വളരെ അനുയോജ്യനാണ് മോഹന്‍ലാല്‍. ഓരോ സീനുകളും എടുക്കുന്നതിന് മുമ്പ് റിഹേഴ്‌സല്‍ നോക്കിയിരുന്നെങ്കിലും അദ്ദേഹം വളരെ പെട്ടന്ന് തന്നെ എല്ലാം പഠിച്ചു. അത് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നത് കൂടുതല്‍ എളുപ്പവുമാക്കി, സമയലാഭവുമുണ്ടാക്കി. ഇന്ത്യയിലെ തന്നെ പ്രശസ്തനായ ഒരു നടനാണ് അദ്ദേഹമെന്ന് അറിയില്ലായിരുന്നു. താരജാഡകളില്ലാതെ സാധാരണക്കാരനേപ്പോലെയാണ് അദ്ദേഹം പെരുമാറിയത്.

Sumret and Mohanlal

മലയാളസിനിമയും മറ്റുഭാഷാസിനിമകളും

ഒരു സിനിമ രൂപീകരിച്ചെടുക്കുന്ന രീതിയില്‍ മറ്റു ഭാഷകളിലെ സിനിമകളെ അപേക്ഷിച്ച് വലിയ വ്യത്യാസമൊന്നും മലയാളത്തില്‍ ഞാന്‍ കണ്ടില്ല. എടുത്തുപറയേണ്ട ഒരുകാര്യം മരയ്ക്കാറിന്റെ സ്റ്റുഡിയോ ആണ്. ജോലിസ്ഥലത്തുനിന്നും സ്റ്റുഡിയോയിലേക്ക് കാറിലാണ് പോയത്. ഞങ്ങള്‍ മാത്രമായിരുന്നില്ല അവിടെ സിനിമാ ചിത്രീകരണത്തിനായുണ്ടായിരുന്നത്. അതുകൊണ്ട് ശരിയായ സെറ്റിലേക്കാണ് ഞാന്‍ പോകുന്നതെന്ന് ഉറപ്പുവരുത്തേണ്ടിയിരുന്നു.

Sumret 3

ഒപ്പമുള്ള സംഘട്ടനസംവിധായകര്‍

കാസു നെഡ വളരെയധികം പ്രവര്‍ത്തിപരിചയമുള്ളയാളാണ്. എന്താണ് ചെയ്യുന്നതെന്ന് കൃത്യമായ ബോധമുള്ളയാള്‍. നല്ലൊരു സുഹൃത്തും സഹപ്രവര്‍ത്തകനുമാണ് അദ്ദേഹം. പത്ത് വര്‍ഷത്തിലേറെയായി ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ത്യാഗരാജന്‍ മാസ്റ്ററേക്കുറിച്ച് പറയുകയാണെങ്കില്‍ ഞാനെന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹത്തിന് കൃത്യമായി മനസിലാവുന്നുണ്ടായിരുന്നു. അതെന്റെ ജോലി എളുപ്പമാക്കി. ഇവര്‍ രണ്ടുപേരുമില്ലായിരുന്നെങ്കില്‍ ഈ ജോലി എനിക്ക് പൂര്‍ണതയില്‍ എത്തിക്കാനാവുമായിരുന്നില്ല.

Sumret and Team
സുമ്രെതും ടീം അം​ഗങ്ങളും മോ​ഹൻലാലിനും പ്രിയദർശനും അശോക് ശെൽവനുമൊപ്പം

പ്രൊഫഷണലായ സഹപ്രവര്‍ത്തകര്‍

കേരളത്തില്‍ ഞാനാദ്യമായാണ് വരുന്നത്. ഈ സിനിമയില്‍ ഏറ്റവും ആകര്‍ഷിച്ചത് പ്രൊഡക്ഷന്‍ ടീമാണ്. എല്ലാവരും തികഞ്ഞ പ്രൊഫഷണലുകള്‍. ഇവിടത്തെ ആളുകളെ വളരെയധികം ഇഷ്ടമായി. ഞങ്ങള്‍ രണ്ട് ഭാഷയാണ് സംസാരിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ പരസ്പരം സംസാരിച്ചു, തമാശകള്‍ പറഞ്ഞു.

ഇനിയുള്ള കാലവും സംഘട്ടനരംഗങ്ങള്‍ ചെയ്യണമെന്നാണ് സുമ്രെത് പറയുന്നത്. അത്രത്തോളം ഈ ജോലിയെ സ്‌നേഹിക്കുന്നു അദ്ദേഹം.

Content Highlights: Marakkar Lion of the Arabian Sea, fight master Sumret Muengput, Mohanlal, Arjun, Priyadarshan