
മോഹൻലാൽ - പ്രിയദർശൻ ചിത്രം മരയ്ക്കാർ: അറബിക്കടലിന്റെ സിംഹത്തെ വിമര്‍ശിച്ചുകൊണ്ടുളള പ്രചാരണങ്ങള്‍ക്കെതിരേ സംവിധായകൻ ശ്രീകുമാർ മേനോൻ. ലാലേട്ടന്റെ ഫാന്‍ബോയ് സിനിമയേ അല്ല മരക്കാര്‍ എന്നും ആ പ്രതീക്ഷയോടെ തിയേറ്ററില്‍ പോകാതിരിക്കുക എന്നതാണ് മരക്കാര്‍ ആസ്വദിക്കാനുള്ള മാര്‍ഗ്ഗമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
വാനപ്രസ്ഥവും കാലാപാനിയും യാഥാര്‍ത്ഥ്യമായത് മോഹന്‍ലാല്‍ എന്ന നിര്‍മ്മാതാവ് ഉണ്ടായതിനാലാണ്. സിനിമയില്‍ നിന്ന് സമ്പാദിച്ചത് സിനിമയില്‍ നിക്ഷേപിക്കുന്ന ലാലേട്ടന്‍. ദേശീയ അന്തര്‍ദേശീയ പുരസ്‌ക്കാരം നേടിയ വാനപ്രസ്ഥമടക്കം, ലാലേട്ടന്‍ അക്കാലത്ത് കോടികള്‍ മുടക്കി നിര്‍മ്മിച്ച സിനിമകള്‍ എന്നും ഭാഷയ്ക്ക് അഭിമാനമാണ്.
തിയേറ്ററിലും സോഷ്യല്‍ മീഡിയയിലും മരക്കാറിനെതിരെ കേട്ട അപശബ്ദങ്ങള്‍ ആരുടേതാണ് എന്നാണ് സിനിമ കഴിഞ്ഞപ്പോള്‍ ചിന്തിച്ചത്. അത് കേരളത്തിന്റെ പൊതുശബ്ദമായി കരുതാനില്ല. പ്രത്യേകതരം മാനസികാവസ്ഥയുടെ ശബ്ദമാണത്. കൊലവിളിയാണത്. ബോധപൂര്‍വ്വമായ കടന്നാക്രമണം ഒരു ബിസിനസ് സംരംഭത്തിന് എതിരേ നടക്കുമ്പോള്‍, അതിനെ ചെറുക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം നമുക്ക് ഓരോരുത്തര്‍ക്കും ഉണ്ട്.
എനിക്ക് ഇഷ്ടപ്പെടാത്തത് മറ്റാരും കാണണ്ട, എന്ന നിലയ്ക്കാണ് ഹിംസാത്മകമായ ആക്രോശം ഉയരുന്നത്. കേരളം പോലെ ഒരു സംസ്ഥാനത്തിന് ചേര്‍ന്നതല്ല ഈ അസഹിഷ്ണുത. എന്തോ കാണാന്‍ പോയി, അതു കിട്ടിയില്ല- എന്നതിന് പിന്നണിക്കാരായ മഹാപ്രതിഭകളെ കടന്നാക്രമിക്കുകയല്ല വേണ്ടത്. അപശബ്ദം ഉയര്‍ത്തുന്നവര്‍ സ്വയം വെളിപ്പെടുത്തുകയാണ്. ആ അപശബ്ദം കേട്ട് ചിരിക്കുകയും പടര്‍ത്തുകയും ചെയ്യുന്നവരും അതേ മാനസികാവസ്ഥയിലാണ്. വിമര്‍ശനം എന്നതു തന്നെ ഒരു കലയാണ്. ആസ്വാദകന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്നത് വധിക്കാനുള്ള അവകാശമല്ല.
കേരളത്തിന് ശത്രുക്കളുണ്ട്, ഈ നാട് ഗതിപിടിക്കരുത് എന്നു കരുതുന്നവര്‍. കേരളത്തിന്റെ ശത്രുക്കളാണ് മരക്കാറിനെതിരെ ക്വട്ടേഷന്‍ എടുത്തതു പോലെ പെരുമാറുന്നതെന്നും അദ്ദേഹം കുറിച്ചു.
Content Highlights: director V A Shrikumar on Marakkar movie Mohanlal Priyadarshan
Published: 06 Dec 2021, 10:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented