ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മലയാളികളുടെ ഇഷ്ടം നേടിയ നായികയാണ് മാനസ രാധാകൃഷ്ണൻ. എഞ്ചിനീയറിങ്ങ് പഠനത്തിന്റെ ഭാഗമായുള്ള ഓൺലൈൻ ക്ലാസുകളുമായി തിരക്കിലാണ് താരം ഇപ്പോൾ. അതിനൊപ്പം ആദ്യമായി തമിഴിൽ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലും. സിനിമാ വിശേഷങ്ങളുമായി മാനസ ചേരുന്നു

ബാലതാരമായി സിനിമയിലേക്ക്

2008-ൽ ബാലതാരമായാണ് സിനിമയിലെത്തുന്നത്. പ്രൊഡക്ഷൻ കണ്ട്രോളർ സിദ്ധു പനയ്ക്കൽ ഞങ്ങളുടെ കുടുംബസുഹൃത്താണ്. സിദ്ധു അങ്കിൾ വഴിയാണ് സിനിമയിലേക്കുള്ള അവസരം വന്നെത്തിയത്. രഘുനാഥ് പലേരി അങ്കിളിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കണ്ണുനീരിനും മധുരം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് കടാക്ഷം എന്ന ചിത്രത്തിൽ സുരേഷ് ഗോപി അങ്കിളിന്റെ മകളായി അഭിനയിച്ചു. പിന്നീട് ചെറിയൊരു ബ്രേക്ക് വന്നിരുന്നു. അതിന് ശേഷം ചെയ്ത ചിത്രമാണ് വില്ലാളി വീരൻ. പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് അതിൽ അഭിനയിക്കുന്നത്. അതുകൊണ്ട് ബാലതാരം എന്ന് പറയാമോ എന്നറിഞ്ഞൂടാ. ഒരുപാട് സീനിയർ ആയുള്ള താരങ്ങൾക്കൊപ്പം അഭിനയിക്കാനായി എന്നതാണ് ഭാഗ്യം. അതെല്ലാം വളരെ വലിയ അനുഭവങ്ങളായിരുന്നു. ലോക്ക്ഡൗൺ സമയത്ത് മുഴുവനും ആ ദിവസങ്ങളാണ് ഞാൻ റീവൈൻഡ് ചെയ്ത് ഓർത്തിരുന്നത്.

കാറ്റിലെ ഉമ്മുക്കുൽസു

അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്ത കാറ്റിൽ ആണ് ആദ്യമായി നായികയാവുന്നത്. ടിയാന്റെ സെറ്റിൽ വച്ച് മുരളിയേട്ടൻ പറഞ്ഞിട്ടാണ് ഞാൻ കാറ്റിൽ എത്തുന്നത്. ആസിഫിക്കയായിരുന്നു നായകൻ. അതിലെ കഥാപാത്രം ഉമ്മുകുൽസുവിന് ഏതാണ്ട് എന്റെ അതേ സ്വഭാവങ്ങളൊക്കെ തന്നെയാണ്. സാധാരണ നായികാ കഥാപാത്രങ്ങളെ പോലെ പക്വതയുള്ള കഥാപാത്രമൊന്നുമായിരുന്നില്ല. അതുകൊണ്ട് തന്നെ നായികയാണ് എന്നറിഞ്ഞപ്പോൾ ഇതെന്നെ കൊണ്ട് സാധിക്കുമോ എന്ന പേടിയൊന്നും ഉണ്ടായിരുന്നില്ല. ആ ടീം എങ്ങനെയാകും എന്ന ടെൻഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാരണം അവരൊക്കെ ഭയങ്കര എക്‌സ്പീരിയൻസ് ഉള്ള ആൾക്കാരല്ലേ. ഞാനാണെങ്കിൽ പുതുമുഖവും. തെറ്റ് പറ്റുമോ, ചീത്ത കേൾക്കുമോ എന്നേ പേടിയുണ്ടായിരുന്നുള്ളൂ. പക്ഷേ ഭയങ്കര പിന്തുണയായിരുന്നു ഓരോരുത്തരും.

ആസിഫിക്ക എന്ന എനർജി ബോംബ്

പിന്നെ ആസിഫിക്കയാണ് നായകൻ എന്നറിഞ്ഞപ്പോൾ തന്നെ ഒരുപാട് സന്തോഷമായി. ആസിഫിക്കയുടെ ചിത്രങ്ങളും ആസിഫിക്കയേയും ഒരുപാട് ഇഷ്ടമുള്ള ഒരാളുടെ അടുത്ത് ഇങ്ങനെ പറയുമ്പോഴുള്ള പ്രതികരണം ഊഹിച്ചൂടെ. അങ്ങനെ ആദ്യ ദിവസം സെറ്റിലെത്തിയപ്പോഴാണ് സത്യത്തിൽ ഞെട്ടിയത്. മുമ്പിൽ നിൽക്കുന്നത് ആസിഫിക്കയാണെന്നേ പറയില്ല. അത്രയ്ക്കും മെയ്‌ക്കോവർ. അതിലെ നൂഹ്കണ്ണ് എന്ന കഥാപാത്രം അങ്ങനെയാണല്ലോ. പാക്കപ്പ് ഒക്കെ ആയപ്പോഴാണ് ശരിക്കുമുള്ള ആസിഫിക്കയുടെ മുഖം കാണാൻ പറ്റിയിരുന്നത്. ആസിഫിക്ക ലൊക്കേഷനിലേക്ക് വരുമ്പോഴേ നമുക്ക് തിരിച്ചറിയാനാകും. സെറ്റ് മുഴുവൻ വേറൊരു വൈബ് ആകും. അപ്പോൾ നമുക്കറിയാം ആളെത്തി എന്ന്.

തമിഴിലെ അരങ്ങേറ്റം

ടിയാൻ സംവിധാനം ചെയ്ത ജിയെൻ കൃഷ്ണകുമാർ ഒരുക്കുന്ന തമിഴ് ചിത്രം പരമഗുരുവിലാണ് ഇപ്പോൾ അഭിയിച്ചുകൊണ്ടിരിക്കുന്നത്. ശശികുമാർ സാറിന്റെ ഒപ്പമുള്ള ചിത്രമാണ്. അതിന്റെ ഒരു ഷെഡ്യൂൾ കൂടിയേ ഇനി ബാക്കിയുള്ളൂ. തമിഴിലെ രീതികൾ വേറെയാണ്. പക്ഷേ സംവിധായകനെ നേരത്തെ അറിയാവുന്നത് കൊണ്ട് വീട്ടിൽ ഒരു അതിഥി വന്ന അനുഭവമായിരുന്നു.

കൊച്ചി പഴയ കൊച്ചിയല്ല

ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ദുബായിൽ ആണ്. ഇപ്പോൾ ജീവിക്കുന്നത് കൊച്ചിയിലും. മക്കൾ പത്താം ക്ലാസൊക്കെ കഴിയുന്നതോടെ മിക്ക പ്രവാസികളും  ചിന്തിക്കുന്ന കാര്യമാണല്ലോ നാട്ടിലേക്ക് മാറാമെന്നും ബാക്കി പഠനം ഇവിടെ ആവാമെന്നും. അങ്ങനെയൊക്കെ പറഞ്ഞിട്ടാണ് ഞാനും വന്നത്. ആദ്യമൊക്കെ ഭയങ്കര വിഷമമായിരുന്നു. പക്ഷേ അത് ഒരുപാട് നാൾ ഉണ്ടായില്ല. കാരണം ദുബായും കൊച്ചിയും തമ്മിൽ ഒരുപാട് സാമ്യങ്ങളുണ്ട്. കൊച്ചിയിലും ദുബായിലെ പോലെ പുറത്ത് നിന്ന് വന്ന് താമസിക്കുന്ന ആളുകളാണ് കൂടുതലും. പല സംസ്‌കാരങ്ങൾ ഉള്ള, ഭാഷകൾ സംസാരിക്കുന്ന ആളുകളുണ്ട് ഇവിടെയും. അതുകൊണ്ട് തന്നെ ദുബായ് ജീവിതം ഇപ്പോൾ അത്ര മിസ് ചെയ്യുന്നില്ല.

ലോക്ഡൗണിലും റെസ്റ്റ് ഇല്ല

കുറച്ച് നാൾ ഡാൻസും ഗിറ്റാറും പഠിച്ചിട്ടുണ്ട്. അതാണ് കലാപരമായുള്ള പശ്ചാത്തലം. പക്ഷേ രണ്ടും പ്രാക്ടീസ് ചെയ്തിട്ട് കുറേ നാളായി. ഗിറ്റാർ ഇവിടെ ഒരു മൂലയിൽ പൊടിപിടിച്ചിരിക്കുന്നുണ്ട്. കുറച്ച് മടിച്ചിയാണ്.  ഓൺലൈൻ ക്ലാസ് നടക്കുന്നുണ്ടായിരുന്നു. അത് കഴിഞ്ഞ് കിട്ടുന്ന കുറച്ച് നേരം ഇൻസ്റ്റാഗ്രാമോ വാട്‌സാപ്പോ നോക്കും. അപ്പോഴേക്കും ആ ദിവസം തീരും. പിന്നെ ഈ പ്രാക്ടീസ് ചെയ്യലൊന്നും നടക്കില്ലെന്നേ..അങ്ങനെ നാളെ നാളെ എന്ന് പറഞ്ഞ് പറഞ്ഞ് ലോക്ക്ഡൗൺ തന്നെ തീർന്നു.

പഠിച്ചുകൊണ്ടിരിക്കുന്നവർക്ക്, ഓൺലൈൻ ക്ലാസുകൾ ഉള്ളവർക്ക് ഈ ലോക്ഡൗണിൽ റെസ്റ്റ് എടുക്കാനുളള സമയം പോലും കിട്ടിയിട്ടുണ്ടാകില്ലെന്നാണ് എനിക്ക് തോന്നുന്നത്. കാരണം സാധാരണ എങ്ങനെ പോയാലും രണ്ട് മാസം വെക്കേഷൻ കൃത്യമായി ഉണ്ടായിരുന്നതാണ്. ഇതിപ്പോൾ പഠിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ കാര്യമായി പഠിക്കുന്നുമില്ല, എന്നാൽ ഫ്രീ ടൈം ഉണ്ടോ അതുമില്ല. ഈ പ്രശ്‌നങ്ങളും ലോക്ഡൗണും വേഗം ഒന്ന് തീർന്നിരുന്നെങ്കിൽ എന്നാണ് ആഗ്രഹിക്കുന്നത്.

എന്തിനാണ് ജീവിതം കോംപ്ലക്‌സാക്കുന്നത്

എഞ്ചിനീയറിങ്ങിന് കംപ്യൂട്ടർ സയൻസാണ് എടുത്തിരിക്കുന്നത്. എഞ്ചിനീയറിങ്ങ് കഴിഞ്ഞിട്ട് സിനിമ ചെയ്യാം എന്ന് വിചാരിച്ചിരുന്നാൽ അതിനുള്ള സമയം പെൺകുട്ടികൾക്ക് കിട്ടുമോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. കാരണം പഠനം കഴിഞ്ഞാൽ സ്വാഭാവികമായും ജീവിതം വേറെ ഘട്ടത്തിലേക്ക് കടക്കും ഉറപ്പാണ്.

star and style
സ്റ്റാർ ആൻഡ് സ്റ്റൈൽ വാങ്ങാം

കോളേജിലെ അറ്റൻഡൻസും മറ്റും ആലോചിച്ച് അമ്മയ്ക്ക് ടെൻഷനാണ്. എങ്ങനെയെങ്കിലും അറ്റൻഡൻസ് ഒരു എഴുപത്തിയഞ്ച് ശതമാനം എത്തിക്കണം, പരീക്ഷയും എഴുതണം, പഠിപ്പിക്കുന്ന കാര്യമെല്ലാം ഞങ്ങൾ ചെയ്‌തോളാം എന്നാണ് കോളേജിൽ നിന്നും പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് അങ്ങനെ പ്രാധാന്യം കൊടുത്താണ് സിനിമയും പഠനവും മുന്നോട്ട് കൊണ്ടു പോവുന്നത്.
പിന്നെ സിനിമ ഒരു പ്രൊഫഷനായി ആർക്കും തിരഞ്ഞെടുക്കാനാവില്ലല്ലോ.. സിനിമയല്ലേ നമ്മളെ തിരഞ്ഞെടുക്കണ്ടേ..സിനിമ എന്നെ തിരഞ്ഞെടുക്കാണെങ്കിൽ അതിൽ ഒരുപാട് സന്തോഷം തോന്നും. കാരണം പാഷനും ഇഷ്ടവും എല്ലാം സിനിമയാണ്. ഇനി അങ്ങനെയല്ല എങ്കിൽ വരുന്നതെന്തോ അത് സ്വീകരിക്കും അത്രയേ ഉള്ളൂ.

ഞാനങ്ങനെ ഒരുപാട് ചിന്തിച്ച് കൂട്ടി ജീവിതം കോംപ്ലക്‌സ് ആക്കുന്ന ആളല്ല. അച്ഛനും അമ്മയ്ക്കും ഒറ്റമോളാണ് ഞാൻ.  ചെറിയ കാര്യങ്ങൾക്ക് ടെൻഷനടിക്കുന്ന ആളാണ്.  എന്തെങ്കിലും ഒരു കാര്യം എന്നെ വല്ലാതെ അലട്ടുന്നുണ്ടെന്ന് തോന്നിയാൽ ഞാൻ തന്നെ സ്വയം അതിൽ നിന്നും എന്റെ ശ്രദ്ധ തിരിക്കും,. പാട്ട് കേൾക്കുകയോ, വീട്ടിലുള്ളവരോടോ, കൂട്ടുകാരോടോ സംസാരിച്ച് ആ വിഷയമേ മനസിൽ നിന്ന് മാറ്റും. നമ്മളെ സന്തോഷിപ്പിക്കാൻ നമുക്കല്ലേ പറ്റൂ.

ഫെബ്രുവരി ലക്കം സ്റ്റാർ ആൻഡ് സ്റ്റൈലിൽ പ്രസിദ്ധീകരിച്ചത്

Content Highlights : Manasa Radhakrishnan interview Star And Style Tiyaan kattu movie actress