
ബെന്യാമിന്റെ പുസ്തകം ആടുജീവിതം സിനിമയാകുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്നത് സിനിമയുടെ റിലീസും സിനിമയിലെ എ.ആര്‍. റഹ്‌മാന്‍ സംഗീതവുമാണ്. സിനിമയിലെ ഗാനങ്ങള്‍ റിലീസായതോടെ കഴിഞ്ഞ ദിവസങ്ങളില്‍ മ്യൂസിക് ട്രെന്‍ഡിങ് ലിസ്റ്റില്‍ ആദ്യസ്ഥാനത്ത് തുടരുകയാണ് പെരിയോനേ റഹ്‌മാനേ... എന്ന ഗാനം. തമിഴ് ഹിറ്റ് ഗാനങ്ങളിലൂടെ മാത്രം പരിചിതനായ ജിതിന്‍ രാജ് ഈ ഗാനത്തിലൂടെ മലയാളസംഗീതപ്രേമികളുടെ ഹൃദയവും കവര്‍ന്നിരിക്കുകയാണ്. റഹ്‌മാനോടൊപ്പമുള്ള അനുഭവവും അതിന്റെ ആഹ്‌ളാദവും ജിതിന്‍ രാജ് പങ്കുവെക്കുന്നു.
നമുക്ക് പെരിയോൻ ഗാനത്തിൽ നിന്നുതന്നെ തുടങ്ങാം. ഒരുപക്ഷേ ഇന്ത്യയിലെ ഒട്ടുമിക്ക ഗായകരുടേയും ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാകും എ.ആർ. റഹ്മാനോടൊപ്പം പ്രവർത്തിക്കുക എന്നത്. റഹ്മാനോടൊപ്പമുള്ള അനുഭവം പങ്കു വെക്കാമോ, ആ ഗാനത്തിലേക്കെത്തിയത്, റെക്കോഡിങ്, അദ്ദേഹത്തെ നേരിട്ട് കണ്ടിരുന്നോ ...
അതെ, തീര്‍ച്ചയായും ഇന്ത്യയില്‍ നമുക്ക് മ്യൂസിക്കല്‍ മാസ്‌ട്രോ എന്നുപറയുന്നത് എ.ആര്‍. റഹ്‌മാന്‍ സാറാണ്. എന്നെപ്പോലെത്തന്നെ ഈ ഇന്‍ഡസ്ട്രിയില്‍ ട്രൈ ചെയ്യുന്ന ഏതൊരു കലാകാരന്‍മാരുടേയും ഡ്രീമാണ് സാറിന്റെ ഒരു പാട്ട് പാടുക എന്നത്. അത് സാധ്യമായതില്‍ ഒരുപാട് സന്തോഷമുണ്ട്. സാറിന്റെ സ്റ്റുഡിയോയില്‍ ആദ്യമായി പാടാനെത്തുന്നത് ശ്രീനിവാസ് സാര്‍ വഴിയാണ്. ശ്രീനിവാസ് സാറാണ് ആദ്യം എനിക്കവിടെ ഒരു ചാന്‍സ് വാങ്ങിത്തന്നത്.
റഹ്‌മാന്‍ സാര്‍ മ്യൂസിക് ചെയ്ത മോം എന്ന സിനിമയിലെ ഓ സോന, അതിന്റെ മലയാളം വേര്‍ഷനാണ് ഞാനദ്ദേഹത്തിന്റെ മ്യൂസിക്കില്‍ ആദ്യം പാടുന്നത്. അതിനുശേഷം കാട്ര് വെളിയിടൈ സിനിമയിലെ അഴകിയേ മാരി മീ, പൊന്നിയില്‍ സെല്‍വനിലെ ചോളാ ചോളാ, പൊന്നിനദി എന്നീ ഗാനങ്ങളുടെ മലയാളം വേര്‍ഷന്‍സില്‍ ഞാന്‍ പാടിയിട്ടുണ്ട്. കോറസ് സെഷന് ട്രാക്ക് പാടാന്‍ പോയ സമയത്താണ് യാദൃശ്ചികമായി ഞാനവിടെ ചെന്ന് പെടുന്നതും ഒരു 45 മിനിറ്റ് എനിക്ക് സാറിന്റെ കൂടെ സ്റ്റേജില്‍ ചെലവിടാന്‍ സാധിച്ചു. എനിക്ക് സാറിനോട് കുറച്ച് സംസാരിക്കാന്‍ പറ്റി. ആ ജാമിങ്ങിന്റെ സമയത്താണ് 'പെരിയോനേ റഹ്‌മാനേ' എന്ന ഹുക്ക് സാര്‍ ഡവലപ് ചെയ്യുന്നത്. അതിനുശേഷം രണ്ടുമൂന്ന് പ്രാവശ്യം അത് റെക്കോഡ് ചെയ്തു.
പിന്നെ, ബ്ലെസി സാറിന്റെ ഇന്‍പുട്ടും ഉണ്ടായിരുന്നു, എന്ത് ഫീലാണ് ഈ പാട്ടിന് കൊടുക്കേണ്ടതെന്ന്. നജീബ് എന്ന ഡെസേര്‍ട്ടെഡ് ആയിട്ടുള്ള ആളുടെ പെയിനാണ് ആ പാട്ടില്‍ കൊണ്ടുവരേണ്ടതെന്ന് ബ്ലെസി സാര്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് പിന്നീട് നിങ്ങളിപ്പോള്‍ കേള്‍ക്കുന്ന റിഫൈന്‍ഡ് ആയിട്ടുള്ള വേര്‍ഷനിലേക്കെത്തുന്നത്. പിന്നീട് റഹ്‌മാന്‍ സാറിനെ ഞാന്‍ സിനിമയുടെ ഓഡിയോ ലോഞ്ച് സമയത്താണ് നേരിട്ട് കാണുന്നത്. ഈ ട്യൂണ്‍ ആദ്യം റെക്കോഡ് ചെയ്തത് സാറിന്റെ കൂടെയായിരുന്നു. അതിനുശേഷം സാറിന്റെ എന്‍ജിനിയേഴ്‌സാണ് എല്ലാ ഭാഷയിലും ഈ പാട്ട് റെക്കോഡ് ചെയ്തത്.
തമിഴ് സിനിമയിലൂടെയാണ് ജിതിൻ പിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത് എന്നാണ് മനസിലാക്കുന്നത്. മലയാളിയായ ഒരു ഗായകൻ മറുഭാഷകളിലെ ഹിറ്റുകൾക്ക് ശേഷം ഒരു മെഗാഹിറ്റ് ഗാനവുമായി മലയാളത്തിലേക്ക്. സംഗീതത്തിന് ഭാഷയുടേയോ മറ്റോ അതിർവരമ്പുകളില്ല എന്നല്ലേ, ജിതിൻ എത്തരത്തിലാണ് ഇതിനെ നോക്കിക്കാണുന്നത്
തമിഴിലാണ് ഞാന്‍ കൂടുതലായി പാടിയിട്ടുള്ളത്. പാടിയ പാട്ടുകളില്‍ ഏറെയും ഇമ്മന്‍ സാറിന് വേണ്ടിയാണ്. മലയാളത്തില്‍ ചുരുക്കം പാട്ടുകളേ പാടിയിട്ടുള്ളൂ. മലയാളത്തില്‍ ഇങ്ങനൊരു ഹിസ്റ്റോറിക് പ്രോജക്ടിന്റെ ഭാഗമാകാന്‍ പറ്റുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. എന്നെ സംബന്ധിച്ചടത്തോളം സംഗീതത്തിന് ഭാഷയോ മറ്റ് അതിര്‍വരമ്പുകളോ ഇല്ല. എങ്കിലും ഏതുപാട്ട് പാടുമ്പോഴും, ഉദാഹരണത്തിന് തമിഴ് പാട്ട് പാടുമ്പോള്‍ തമിഴ് ഫ്‌ളേവര്‍ അതില്‍ വേണം എന്നാണ് ഞാന്‍ കരുതുന്നത്, ഒരിക്കലും ഒരു മലയാളി പാടുന്നതുപോലെയാകരുതെന്നാണ് എന്റെ ആഗ്രഹം. അങ്ങനെ കൊണ്ടുവരാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. തമിഴ്‌നാട്ടില്‍ എന്‍ജിനീയറിങ് പഠിക്കാനായാണ് ഞാന്‍ വന്നത്. എത്രയും വേഗം തമിഴ് എഴുതാനും വായിക്കാനും പഠിക്കാനാണ് ഞാന്‍ ആദ്യം ട്രൈ ചെയ്തത്. ഭാഷ ഒരിക്കലും പാടുന്നതിന് ഒരു തടസമല്ല. നമ്മള്‍ അതിനോട് നൂറ് ശതമാനം നീതി പുലര്‍ത്തണമെന്നേയുള്ളൂ.
ആലപിച്ചവയിൽ ഭൂരിഭാഗം ഗാനങ്ങളും ഡി. ഇമ്മൻ്റെ സംഗീതസംവിധാനത്തിലാണല്ലോ. ഒരുപാട് ഹിറ്റ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയ അദ്ദേഹത്തിൻ്റെ സംഗീത പ്രവർത്തനരീതി താങ്കളുടെ അനുഭവത്തിൽ
തമിഴ് ഇന്‍ഡസ്ട്രിയില്‍ എനിക്ക് ഗോഡ്ഫാദര്‍ പോലെയാണ് ഇമ്മന്‍ സാര്‍. എന്റെ കഴിവില്‍ അദ്ദേഹം കാണിച്ച ഒരു വിശ്വാസമാണ് ഈ പ്രൊഫഷനില്‍ മുന്നോട്ടുപോകാന്‍ എനിക്ക് കൂടുതല്‍ കോണ്‍ഫിഡന്‍സ് തന്നത്. എനിക്ക് എന്തെങ്കിലും കഴിവുണ്ടെന്ന ഫീല്‍ തന്നതും അദ്ദേഹം തന്നെയാണ്. ഞാന്‍ ഭൂരിഭാഗം പാട്ടും അദ്ദേഹത്തിന് വേണ്ടിയാണ് പാടിയിട്ടുള്ളത്. അദ്ദേഹവുമൊന്നിച്ച് പ്രവര്‍ത്തിക്കുന്നത് രസമാണ്. വളരെ നല്ല മനുഷ്യനാണദ്ദേഹം, നല്ല സുഹൃത്ത്, ബ്രദര്‍, ഗുരു, മെന്റര്‍...അങ്ങനെയൊക്കെ പറയാം. എനിക്ക് ബാക്ക് ടു ബാക്ക് സോങ്‌സ് തന്ന വ്യക്തിയാണ്. അദ്ദേഹത്തോട് എനിക്ക് ഒരുപാട് കടപ്പാടുണ്ട്.
അദ്ദേഹത്തിന്റെ കൂടെയുള്ള റെക്കോഡിങ് വളരെ പീസ്ഫുള്ളാണ്. നമുക്ക് ഫുള്‍ ഫ്രീഡം തരും. അദ്ദേഹം നന്നായി പാടുന്ന വ്യക്തിയാണ്. എന്താണോ പറഞ്ഞുതരുന്നത് അത് നമുക്ക് കൃത്യമായി മനസിലാക്കാനും തിരിച്ചത് എക്‌സിക്യൂട്ട് ചെയ്യാനും വളരെ എളുപ്പമാണ്. കൂടാതെ ഇമ്മന്‍ സാര്‍ നൂറ് ശതമാനം പ്രൊഫഷണല്‍ കൂടിയാണ്.
റിയാലിറ്റി ഷോസിലൂടെയാണല്ലോ ജിതിൻ ഗായകനെന്ന നിലയിൽ സുപരിചിതനാകുന്നത്, ഇത്തരം പരിപാടികൾ സംഗീത മേഖലയിൽ തുടരാനാഗ്രഹിക്കുന്നവർക്ക് പ്രോത്സാഹനമാകുന്നുവെന്ന അഭിപ്രായമാണോ താങ്കൾക്കുള്ളത്
തീര്‍ച്ചയായും, ടാലന്റഡായുള്ള ഒരുപാട് കലാകാരന്‍മാരെ നമ്മള്‍ ഈ ഷോസിലൂടെ അറിയുന്നുണ്ട്. ടാലന്റഡായുള്ള ഒരുപാട് പേര്‍ക്ക് അവസരം നല്‍കുന്ന പ്ലാറ്റ്‌ഫോംസാണ് ഇത്തരം ഷോസ്. നമ്മുടെ ടാലന്റ് ആളുകളിലേക്കെത്താനുള്ള സന്ദര്‍ഭം കൂടിയാണ് ഈ പരിപാടികളിലൂടെ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ സംഗീതവുമായി മുന്നോട്ടുപോകാനാഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് മികച്ച വേദിയാണ് റിയാലിറ്റി ഷോ നല്‍കുന്നത്.
സംഗീതാഭ്യസനത്തെ കുറിച്ച്, ഗുരു / സംഗീതമേഖലയിൽ കുടുംബത്തിൽ മുൻഗാമികളാരെങ്കിലും, ഒരു എൻജിനീയറിങ് ബിരുദധാരി കൂടിയാണല്ലോ, സംഗീതത്തിൽ മാത്രമാണോ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്
സംഗീതം ഒരുപാട് പഠിക്കാന്‍ സാധിച്ചിട്ടില്ല. ആദ്യം സന്തോഷ് എന്ന മാഷിന്റെ കീഴില്‍ കുറച്ചുകാലം പഠിച്ചു. പിന്നെ രുഗ്മിണി ടീച്ചര്‍, അത്തോളി പ്രദീപ് മാഷ്, അത്രയേ ഉള്ളൂ. സംഗീതമേഖലയില്‍ മുന്‍ഗാമികളെന്നുപറഞ്ഞാല്‍, എന്റെ അച്ഛച്ഛന്‍ ഉടുക്കുകൊട്ടി അയ്യപ്പന്‍ പാട്ട് പാടുന്ന ഒരാളായിരുന്നു. അച്ഛനും നന്നായി പാടും. രണ്ട് മൂന്ന് പ്രോജക്ട്‌സിന് ഞാന്‍ ലിറിക്‌സ് എഴുതിയിട്ടുണ്ട്. എന്‍ജിനീയറിങ് കഴിഞ്ഞുവെങ്കിലും ഇപ്പോള്‍ ഫുള്‍ടൈം മ്യൂസിക് തന്നെയാണ് തുടരുന്നത്.
ഗോപാലന്‍കുട്ടി നായര്‍, രമണി എന്നിവരാണ് ജിതിന്‍റെ മാതാപിതാക്കള്‍. ഗായിക കൂടിയായ പൂര്‍ണശ്രീയാണ് ജിതിന്‍റെ ഭാര്യ. പൂര്‍ണശ്രീ ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. സംഗീതാധ്യാപിക കൂടിയായ ശ്രീരഞ്ജിനിയും ഹരിദാസുമാണ് പൂര്‍ണശ്രീയുടെ മാതാപിതാക്കള്‍. ഇരുകുടുംബങ്ങളില്‍ നിന്നുള്ള പൂര്‍ണപിന്തുണയും പ്രോത്സാഹനവുമാണ് തന്‍റെ ആത്മവിശ്വാസമെന്ന് കൂടി ജിതിന്‍ പറയുന്നു.

Content Highlights: Interview With Singer Jithin Raj,Periyone Song Of Aadujeevitham Movie
Published: 23 Mar 2024, 02:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented