''സൂക്ഷിച്ച് നോക്കണ്ടടാ ഉണ്ണീ, ഇത് ഞാനല്ലാ...’’ -ഈ പറക്കും തളിക എന്ന സിനിമയിൽ ഹരിശ്രീ അശോകൻ ദിലീപിനോട് പറയുന്ന ഡയലോഗ് മലയാളികൾ മറന്നിട്ടില്ല. പഞ്ചാബി ഹൗസിലെ രമണനും ഈ പറക്കുംതളികയിലെ സുന്ദരനും മീശമാധവനിലെ സുഗുണനുമൊക്കെയായി മലയാളികളെ കുടുകുടാ ചിരിപ്പിച്ച അശോകൻ ഇപ്പോൾ പുതിയ വേഷങ്ങളുടെ വിസ്മയാനുഭവങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്''

To advertise here,

പുതിയ സിനിമകൾ എന്നത് എന്നെ സംബന്ധിച്ചിടത്തോളം പുതിയ വേഷങ്ങളുടെ ത്രില്ലാണ് സമ്മാനിക്കുന്നത്. ജി. മാർത്താണ്ഡൻ സംവിധാനം ചെയ്ത മഹാറാണിയും സജിൽ മമ്പാട് സംവിധാനം ചെയ്ത കടകനും നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്ത എ. രഞ്ജിത്ത് സിനിമയും അടക്കം ഒരുപിടി നല്ല ചിത്രങ്ങളാണ് സമീപകാലത്ത് എന്നെ തേടിയെത്തിയത്. മഹാറാണിയിൽ നായികയുടെ അച്ഛന്റെ വേഷമാണ് ഞാൻ ചെയ്തത്. ഹ്യൂമറിന്റെ ട്രാക്കിലാണെങ്കിലും അതിൽ ഒരു നൊമ്പരമുണ്ടെന്നതാണ് മഹാറാണിയുടെ സവിശേഷതയായി എനിക്ക് തോന്നുന്നത്. ആസിഫ് അലി നായകനാകുന്ന എ രഞ്ജിത് സിനിമയിൽ ഒരു പ്രൊഡ്യൂസറുടെ വേഷത്തിലാണ് ഞാൻ എത്തുന്നത്. വളരെ വ്യത്യസ്തമായ ഒരു കഥാപരിസരമാണ് ആ സിനിമ മുന്നോട്ടുവെക്കുന്നത്. ബാലു വർഗീസിനെ നായകനാക്കി സിമയോൺ ഒരുക്കിയ വൺ പ്രിൻസസ് സ്ട്രീറ്റ് എന്ന സിനിമയാണ് മറ്റൊരു കാത്തിരിപ്പ്. ഒരു വീട്ടിൽ താമസിക്കുന്ന രണ്ട് ഫാമിലിയുടെ കഥ പറയുന്ന ചിത്രത്തിൽ ചൂടനായ ഒരു കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്.

സിനിമകൾ ഇല്ലാതിരുന്നിട്ടില്ല

കഴിഞ്ഞ കുറച്ച് കാലമായി എന്നെ സിനിമയിൽ കാണുന്നുണ്ടായിരുന്നില്ലെന്ന് പലരും പറയുന്നുണ്ടായിരുന്നു. എനിക്ക് സിനിമകൾ ലഭിക്കാതിരുന്നതുകൊണ്ടുള്ള ഒരിടവേളയായിരുന്നില്ല അത്. എന്റെ മുന്നിലേക്ക് വന്ന പല സിനിമകളും ഞാൻ എടുക്കാതിരുന്നതാണ്. ഒരു സിനിമ ചെയ്യുമ്പോൾ അതിൽ എന്തെങ്കിലും ഗുണകരമായി ഉണ്ടാകണം. എന്നാലേ ആ സിനിമ നമുക്കും പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയൂ. ഞാൻ പണ്ട് ചെയ്ത കഥാപാത്രങ്ങൾ ആവർത്തിച്ച് വന്നാൽ പിന്നെയും അതിനുപിന്നാലെ പോകുന്നതിൽ അർഥമില്ല. ആദ്യകാലങ്ങളിൽ ഞാൻ ഒട്ടും സെലക്ടീവായിരുന്നില്ല. കിട്ടുന്ന എല്ലാ വേഷങ്ങളും ചെയ്യാനുള്ള കൊതികൊണ്ട് അതിന് പിന്നാലെ പോകുകയായിരുന്നു. എന്നാൽ, ഇപ്പോൾ ഞാൻ കുറെ സെലക്ടീവായി എന്നത് യാഥാർഥ്യമാണ്. ഇപ്പോൾ ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങൾ തേടിയെത്തിയപ്പോൾ ഞാൻ വീണ്ടും സിനിമയിൽ സജീവമായി.

മിന്നൽ മുരളിയിലെ കരച്ചിൽ

മിന്നൽ മുരളി എന്ന സിനിമയിലെ ദാസൻ എന്ന കഥാപാത്രം എന്റെ കരിയറിലും അതിനിർണായകമായ വഴിത്തിരിവാണ് സമ്മാനിച്ചത്. ഇപ്പോൾ എന്റെയരികിൽ കഥ പറയാൻ വരുന്ന പലരും കഥാപാത്രത്തെ വിശദീകരിക്കുന്നത് ദാസനോട് താരതമ്യം ചെയ്താണ്. 'മിന്നൽ മുരളിയിലെ കരച്ചിൽ പോലെയാകണം' എന്നാണ് ഒരു സിനിമയിലെ കരച്ചിൽ രംഗത്ത് സംവിധായകൻ എന്നോട് ആവശ്യപ്പെട്ടത്. മിന്നൽ മുരളിയിലെ എന്റെ കഥാപാത്രം കണ്ട് പെട്ടെന്ന് തിരിച്ചറിയാൻ പോലും കഴിഞ്ഞില്ലെന്ന് പറഞ്ഞവരുണ്ട്. അത്തരമൊരു കഥാപാത്രം അഭിനയജീവിതത്തിലെ വലിയ ഭാഗ്യങ്ങളിലൊന്നാണ്. മിന്നൽ മുരളി ഒ.ടി.ടി. റിലീസിന് പകരം തിയേറ്റർ റിലീസായിരുന്നെങ്കിൽ എന്റെ കഥാപാത്രം കൂടുതൽ ശ്രദ്ധിക്കപ്പെട്ടേനെ. അങ്ങനെയെങ്കിൽ ദാസൻ പോലെയുള്ള കഥാപാത്രങ്ങൾ ഇതിനെക്കാൾ മുമ്പേ എന്നെ തേടിയെത്തിയേനെ.

രമണൻ എന്ന ഓസ്‌കർ

പഞ്ചാബി ഹൗസിലെ രമണൻ എന്ന കഥാപാത്രം എനിക്ക് കിട്ടിയ ഓസ്‌കർ അവാർഡായിട്ടാണ് കരുതുന്നത്. ഇപ്പോഴും ലോകത്തിന്റെ ഏതു ഭാഗത്ത് ചെന്നാലും മലയാളികൾ എന്നെ രമണൻ എന്നു വിളിക്കുന്നത്. ആ കഥാപാത്രം മലയാളികളുടെ മനസ്സിൽ എത്ര ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നതിന്റെ അടയാളമാണത്. മലയാളത്തിൽ ഇറങ്ങുന്ന ട്രോളുകളിൽ രമണൻ നിറഞ്ഞ് നിൽക്കുന്നതും സന്തോഷത്തോടെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ട്രോളുകാരോട് എങ്ങനെ വേണമെങ്കിലും ട്രോളിക്കോളൂ എന്നാണ് എന്റെ നിലപാട്. എന്നാൽ, എന്റെ കഥാപാത്രത്തിലൂടെ ട്രോളി ഒരാളെ വേദനിപ്പിക്കരുതെന്ന് ആഗ്രഹമുണ്ട്. ട്രോളുകാരോട് അക്കാര്യവും ഞാൻ പറയാറുണ്ട്.

അച്ഛനും മകനും

മകൻ അർജുൻ അശോകൻ സിനിമയിലെത്തിയത് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് എന്നും കാണുന്നത്. ഞങ്ങൾ ഒരുമിച്ചുള്ള നല്ലൊരു ​േപ്രാജക്ട് ഉടനെ വരുന്നുണ്ട്. നടൻ എന്ന നിലയിൽ അർജുന്റെ വളർച്ച അവന്റെ കഠിനാധ്വാനമാണ്. സിനിമയിൽ കയറിപ്പറ്റാൻ ബുദ്ധിമുട്ടാണ്, കയറിപ്പറ്റിയാൽ പിടിച്ചുനിൽക്കാൻ അതിനെക്കാൾ ബുദ്ധിമുട്ടാണ് എന്ന സത്യം അവനറിയാം. പിടിച്ചുനിൽക്കാൻ വേണ്ടി നീ സിനിമ ചെയ്യരുത്, നീ ചെയ്യുന്ന വേഷങ്ങൾ നല്ലതായിരിക്കണമെന്നാണ് ഞാൻ അവനോട് പറയാറുള്ളത്. സിനിമ ചെയ്യുമ്പോൾ നൂറ് ശതമാനം അതിനോട് നീതി പുലർത്തണം. കൃത്യസമയത്ത് ലൊക്കേഷനിൽ എത്താനും പറഞ്ഞ സമയത്തിനുള്ളിൽ അത് തീർക്കാനും അവനെ ഉപദേശിക്കാറുണ്ട്. നല്ല രീതിയിൽ എല്ലാവരോടും പെരുമാറുക, നല്ല രീതിയിൽ പടം തീർത്ത് ബൈ പറഞ്ഞു പോകുക. അതാണ് ഞാൻ എന്നോടും അവനോടും പറയുന്ന ഉപദേശം.