പറക്കും തളിക,മീശമാധവൻ, സി.ഐ.ഡി മൂസ, പാണ്ടിപ്പട മലയാളികളെ തലയുറഞ്ഞു ചിരിപ്പിച്ച ചിത്രങ്ങൾ...നാലും ഇറങ്ങിയത് ഒരു ജൂലൈ നാലിന്..അതായത് ഇന്നേക്ക് യഥാക്രമം 19,18,17,15 വർഷങ്ങൾ. മറ്റൊരു പ്രത്യേകതയെന്തെന്നാൽ നാലിന്റെയും ഭാഗമായത് ദിലീപ്-ഹരിശ്രീ അശോകൻ എന്ന ഹിറ്റ് കോമ്പോയും.

നസീർ-അടൂർ ഭാസി, മോഹൻലാൽ-ശ്രീനിവാസൻ പോലെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച മറ്റൊരു കൂട്ടുകെട്ട്. ഇരുവരുടെയും ഹിറ്റുകളുടെ പട്ടിക ഈ നാല് ചിത്രങ്ങളിൽ ഒതുങ്ങുന്നതല്ല. പഞ്ചാബി ഹൗസ്, റൺവേ, കൊച്ചിരാജാവ്...ആ പട്ടിക അങ്ങനെ നീളുന്നു. ഈ ജൂലൈ നാലിന് മാതൃഭൂമി ഡോട് കോമിനോട്  ഹരിശ്രീ അശോകൻ മനസ് തുറക്കുകയാണ് തന്റെ കരിയറിലെ ഈ ഹിറ്റ് കഥാപാത്രങ്ങളെക്കുറിച്ചും ദിലീപുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ചും, പിന്നെ കുറച്ച് ഹാസ്യ വിശേഷങ്ങളും

മലയാളികൾ നെഞ്ചേറ്റിയ ഒന്നാണ് ദിലീപ്-ഹരിശ്രീ അശോകൻ കൂട്ടുകെട്ട്, നിങ്ങളൊന്നിക്കുമ്പോഴെല്ലാം മലയാളികൾ പൊട്ടിച്ചിരിച്ചിട്ടുണ്ട്.

ഞാൻ ദിലീപുമായി ചെയ്ത ചിത്രങ്ങളെല്ലാം അത്രയ്ക്കും ആസ്വദിച്ച് ചെയ്തവയാണ്. എല്ലാം ഹിറ്റ്  ചിത്രങ്ങളുമാണ്, പഞ്ചാബി ഹൗസ്, സിഐഡി, പറക്കും തളിക, മീശമാധവൻ ,കൊച്ചി രാജാവ്,. അങ്ങനെ ഒരുപാട് ഹിറ്റ് സിനിമകളിൽ ഞങ്ങൾ ഒന്നിച്ചു. ഞങ്ങളുടെ കെമിസ്ട്രി അത്രയും നല്ലതായിരുന്നു എന്ന്  പലരും പറഞ്ഞിട്ടുണ്ട്. ആ കോമ്പോ ഇഷ്ടപ്പെടുന്ന കുറേ ആളുകളുണ്ട്.

പറക്കും തളികയുടെ ചിത്രീകരണത്തിന് പറഞ്ഞ സമയത്ത് എനിക്ക് എത്താൻ സാധിച്ചില്ല. തിരുവനന്തപുരത്ത് വേറൊരു സിനിമയുടെ ചിത്രീകരണത്തിൽ പെട്ടുപോയി. പറക്കും തളികയിലാണെങ്കിൽ ദിലീപുമായുള്ള കോമ്പിനേഷൻ സീനുകളാണ് ഏറെയും. എന്നെ മാറ്റി വേറെ ആരെയെങ്കിലും വച്ച് ചെയ്തു കൂടെ എന്ന്  ചർച്ചകളൊക്കെ വന്നു. പക്ഷേ അന്ന് ദിലീപാണ് എനിക്ക് വേണ്ടി കാത്തിരിക്കാമെന്ന് പറഞ്ഞത്. അതൊക്കെ എന്റെ ഭാഗ്യം.

സിഐഡി മൂസ കുട്ടികൾക്ക് വേണ്ടി ഒരുക്കിയ ഒരു ചിത്രമാണ് എന്ന് വേണമെങ്കിൽ പറയാം.. അവർ ടോം ആൻഡ് ജെറി പോലെ ആസ്വദിച്ച ഒരു സിനിമ. അത് ദിലീപിന്റെയും മറ്റും പരീക്ഷണമാണ്. ആ സിനിമ ക്ലിക്കാവുമോ എന്ന് സംശയിച്ച സാഹചര്യം ഉണ്ടായിട്ടുണ്ട്. പക്ഷേ എത്ര വലിയ ഹിറ്റായി മാറി..ഇന്നും ജനങ്ങൾ അത് കണ്ട് ആർത്തു ചിരിക്കുന്നു.

അതുപോലെ മലയാള സിനിമ തകർന്നിരിക്കുന്ന സമയത്ത് വന്ന മെഗാഹിറ്റാണ് മീശമാധവൻ. തളർന്ന് പോയ മലയാള സിനിമയെ ഉണർത്തിയ ചിത്രമെന്ന് പറയാം. ഗംഭീര പടമായിരുന്നു. ലാൽജോസിന്റെ സംവിധാനത്തിലൊരുങ്ങിയ, ഒരു കള്ളന്റെ കഥ പറയുന്ന ചിത്രം. അതിൽ ഹാസ്യം ഉണ്ട്, റൊമാൻസ് ഉണ്ട്, പാട്ട് ഉണ്ട്, ഫൈറ്റ് ഉണ്ട്, സെന്റിമെന്റ്സ് ഉണ്ട്. എല്ലാത്തിന്റെയും മിക്സിങ്ങ് ഭയങ്കരമാണ്.  

ലാലേട്ടന്റെയും മമ്മൂക്കയുടെയും ചിത്രങ്ങളിലും ചിരിപ്പടക്കങ്ങൾ തീർത്തിരുന്നല്ലോ

ലാലേട്ടന്റെ കൂടെ ഞാൻ ആദ്യമായി അഭിനയിച്ച ചിത്രമാണ് ബാലേട്ടൻ. വി.എം.വിനു സംവിധാനം ചെയ്ത ചിത്രം സൂപ്പർഹിറ്റായിരുന്നു. അതൊക്കെ ഒരു ഭാഗ്യമായിരുന്നു. ലാലേട്ടനൊപ്പം ഒരു സിനിമ, അത് സൂപ്പർഹിറ്റാവുക, ഒരുപാട് അനുഭവങ്ങളുണ്ട് ആ സിനിമയിൽ, ലാലേട്ടനിൽ നിന്ന് ഒരുപാട് പഠിക്കാൻ പറ്റി.

അതുപോലെ തന്നെയാണ് മമ്മൂക്കയ്ക്കും സുരേഷട്ടനുമൊപ്പം. ആദ്യം ഭയങ്കര പേടിയായിരുന്നു ഇത്ര വലിയ നടന്മാർക്കൊപ്പം അഭിയിക്കുമ്പോൾ. ബസ് കണ്ടക്ടർ എന്ന സിനിമ ചെയ്യുന്ന സമയത്ത്  എനിക്ക് വലിയൊരു ഡയലോഗ് ഉണ്ടായിരുന്നു. അത് ആദ്യത്തെ ടേക്ക് തെറ്റിച്ചു, രണ്ടാമത്തെ ടേക്ക് തെറ്റിച്ചു. ആ സമയത്ത് ക്യാമറയ്ക്ക് പുറകിൽ മമ്മൂക്ക നിൽപ്പുണ്ടായിരുന്നു. നിർത്തി നിർത്തി പറ അശോകാ എന്ന് മമ്മൂക്ക നിർദേശം തന്നു. അതുപോലെ ചെയ്തപ്പോൾ അടുത്ത ടേക്ക് ഓകെ ആവുകയും ചെയ്തു. ഇതുപോലെയാണ് ഓരോ നടന്മാർക്കൊപ്പവും അഭിയിക്കുമ്പോൾ. നമ്മുടെ ബോഡി ലാംഗ്വേജ് എങ്ങനെ ആവണം. എങ്ങനെ ആ ഡയലോഗ് അവതരിപ്പിക്കണം എന്നെല്ലാം ഇവരിൽ നിന്നും പഠിക്കാൻ പറ്റും. ഇതുപോലെ ജയറാം , മുകേഷ് അങ്ങനെ ഒരുപാട് നടന്മാരുണ്ട്,. പക്ഷേ ദിലീപിനൊപ്പം സിനിമകൾ ചെയ്യുന്നത് വേറെ ഒരു എനർജിയാണ്.

ട്രോളന്മാരുടെ സ്വന്തമാണ് രമണൻ, 'മൊതലാളി'യുടെ വിശ്വസ്തനായ രമണനെക്കുറിച്ച്?

22 വർഷമായി പഞ്ചാബി ഹൗസ് പുറത്തിറങ്ങിയിട്ട്. എന്നിട്ടും രമണനെ കുറിച്ച് ഇന്നും ആളുകൾ സംസാരിക്കുന്നതിൽ സന്തോഷം. പഞ്ചാബി ഹൗസ് എന്ന സിനിമ റാഫി മെക്കാർട്ടിന്റെ സൃഷ്ടിയാണ്. അതിലെ കഥാപാത്രങ്ങളും അങ്ങനെ തന്നെ. രമണനെന്ന കഥാപാത്രത്തിന്റെ പൂർണമായ അവകാശവും അവർക്ക് തന്നെയാണ്. കൊച്ചിക്കാരനായ, ബോട്ട് ജീവനക്കാരനായ, മുതലാളിയുടെ അടിമയായ രമണന് ഞാൻ ചേരും എന്ന് തോന്നിയത് കൊണ്ട് എന്നെ വിളിച്ചു. എനിക്ക് വളരെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് രമണൻ. ഞാനതേ വരെ ചെയ്യാത്ത സ്ലാങ്ങ് ആണ് രമണന്റെ സംസാര രീതി. ഇന്നും ലോകത്തെല്ലായിടത്തുമുള്ള മലയാളികൾ കാണാനാഗ്രഹിക്കുന്ന  സിനിമയാണത്.

ഒരു സംഭവം പറയാം. ഞാൻ ഒരിക്കൽ അമേരിക്കയിൽ  പോയ സമയത്ത് പരിചയപ്പെട്ടതാണ്,ഒരു സുഹൃത്തിന്റെ മകൾ, എട്ട് വയസുകാരി പഞ്ചാബി ഹൗസിലെ രമണന്റെ മുഴുവൻ ഡയലോഗും മനപാഠമാക്കിയിരിക്കുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ വീട്ടിൽ ഡിന്നറിന്  ക്ഷണം ലഭിച്ച് പോയ സമയത്ത് അവളത് എനിക്ക് കേൾപ്പിച്ച് തന്നു . ഞെട്ടിപ്പോയി ഞാൻ. കാരണം പലതും എനിക്ക് തന്നെ ഓർമയില്ല. ഇതെങ്ങനെ ഈ കൊച്ചുകുഞ്ഞ് മനപാഠമാക്കി എന്ന് ചോദിച്ചപ്പോൾ അവളുടെ മാതാപിതാക്കൾ പറഞ്ഞതാണ് അവളെന്തിനെങ്കിലും വേണ്ടി വാശി പിടിച്ചാൽ അവൾക്ക് പഞ്ചാബി ഹൗസിന്റെ സിഡി ഇട്ട് കൊടുക്കുമായിരുന്നു എന്ന്  പിന്നെ അവൾക്ക് വാശിയില്ല, വിശപ്പില്ല. അത് കണ്ട് അവിടിരുന്നോളും. അങ്ങനെ വിശപ്പ് കെടുത്താനും, ദുഖങ്ങൾ ഇല്ലാതാക്കാനും സന്തോഷം നൽകാനും  പറ്റുന്ന ഒരു സിനിമയുടെ ഭാഗമായി വന്നത് ഭാഗ്യമാണ്.

 24 വർഷമായി മലയാളിയെ തന്റെ കൗണ്ടറുകൾ കൊണ്ട് പൊട്ടിച്ചിരിപ്പിക്കുന്ന അശോകൻ ചേട്ടന്റെ ഇഷ്ട ഹാസ്യ നടൻ ആരാണ്

എനിക്കിഷ്ടപ്പെട്ട ഹാസ്യ നടൻ ഞാൻ തന്നെയാണ്. അയാളുമായി വർഷങ്ങളായി പരിചയവുമുണ്ട്. സെക്കന്റുകളുടെ നിശബ്ദതയ്ക്കൊടുവിൽ  ചോദ്യത്തിലെ വലിയൊരു തെറ്റ് തിരുത്തി അശോകൻ പറഞ്ഞു തുടങ്ങി-

കോമഡി നടൻ എന്നൊരു വിഭാഗമില്ലപ്പാ...ഒരു നടൻ അല്ലെങ്കിൽ നടി അങ്ങനെയേ ഉള്ളൂ. കോമഡി ചെയ്യുന്ന എത്രയോ പേർ സീരിയസായുള്ള വേഷങ്ങൾ ചെയ്ത് ഞെട്ടിച്ചിട്ടുണ്ട്.  കോമഡി നടനെന്ന പദം തന്നെ തെറ്റാണ്. അതുകൊണ്ടാണ് എനിക്കിഷ്ടമുള്ള കോമഡി നടൻ ഞാൻ തന്നെയാണെന്ന് പറഞ്ഞത്. എങ്കിലും  ചാർലി ചാപ്ലിൻ, നാഗേഷ്, ജഗദീഷേട്ടൻ,   ജഗതിച്ചേട്ടൻ എന്നിവരുടെയൊക്കെ ഹാസ്യം ഞാനേറെ ആസ്വദിക്കുന്നവയാണ്.

എല്ലാ ജോണറുകളിലുമുള്ള സിനിമ ആസ്വദിക്കുന്ന വ്യക്തിയാണ് ഞാൻ. എല്ലാ സിനിമകളും കാണണമെന്ന് തന്നെയാണ് എന്റെ ആഗ്രഹവും. അതിലും ഈ പറഞ്ഞ പോലെ കോമഡി ചിത്രമെന്നോ, ത്രില്ലറെന്നോ വ്യത്യാസമൊന്നും നോക്കാറില്ല. പറ്റുന്ന സിനിമകളെല്ലാം കാണും.

ഹാസ്യതാരം എന്ന സ്റ്റീരിയോടൈപ്പിങ്ങിനെക്കുറിച്ച്

ഞാൻ സിനിമയിൽ വന്ന സമയത്ത് ഒരു വേഷത്തിനായി കാത്തിരിക്കുന്നു, ചെറിയ വേഷങ്ങൾ ലഭിക്കുന്നു. അത് ചെയ്യുന്നു, പിന്നീട് ഒരു സംഭാഷണം കിട്ടണമെന്ന് ആഗ്രഹിക്കുന്നു, അത് കിട്ടുന്നു. അതൊക്കെ ആഗ്രഹങ്ങളാണ് അങ്ങനെ വന്ന ഒരാൾക്ക് ഞാൻ ഇന്ന വേഷമേ ചെയ്യുള്ളൂവെന്ന് പറയാനാവില്ല. നമ്മളെ വിളിക്കുന്ന വേഷം പോയി ചെയ്യുക എന്നതാണ്. നമ്മളെ ഉപയോഗിക്കുന്നതിന് അനുസരിച്ച് ആ വേഷം ഭംഗിയാക്കുക എന്നതാണ്. നമ്മൾ ആഗ്രഹിച്ച ഒന്നാണ് സിനിമ.അങ്ങനെയുള്ളപ്പോൾ ഇന്ന വേഷങ്ങൾ ചെയ്യില്ലെന്ന് ആരും പറയില്ല.

ഹാസ്യത്തിൽ കട്ടയ്ക്ക് നിന്നിരുന്ന വനിതാ സഹതാരങ്ങളെക്കുറിച്ച്

മികച്ച രീതിയിൽ ഹാസ്യം കൈകാര്യം ചെയ്യുന്ന ഒരുപാട് നടിമാർ മലയാള സിനിമയിലുണ്ട്. സുകുമാരിയമ്മ, ലളിത ചേച്ചി, കൽപന തുടങ്ങിയവർ. ഇവരൊക്കെ അസാധ്യ അഭിനേത്രികളുമാണ്. ഹാസ്യം മാത്രമല്ല ഏത് വേഷവും മികച്ചതാക്കുന്നവർ.

എന്റെ കൂടെ ഏറ്റവുമധികം കോമ്പിനേഷൻ രംഗങ്ങൾ ചെയ്തിട്ടുള്ള നടിയാണ് കൽപന. ഭാര്യയായും കാമുകിയായുമെല്ലാം. ഗംഭീര അഭിനേത്രിയാണ്. ഏത് വേഷവും ചെയ്യാൻ കെൽപുള്ള ഗംഭീര അഭിനേത്രി. അവരുടെ അകാലത്തിലെ വിടവാങ്ങൾ വലിയ നഷ്ടം തന്നെയാണ് മലയാള സിനിമയ്ക്ക്. ഭയങ്കര ടൈംമിങ്ങാണ് കൽപനയ്ക്ക്. ഒരു സീനിൽ ഓവറായി അഭിനയിക്കണമെങ്കിൽ പക്കാ ഓവറാക്കി കയ്യിൽ തരും. നേർമലായുള്ള അഭിനയമാണെങ്കിൽ അങ്ങനെ.  എന്തും കൽപനയുടെ കൈയ്യിൽ ഭദ്രമായിരുന്നു.

അഭിനയ വഴിയിലെ ഭാ​ഗ്യങ്ങൾ

പറവയിൽ എന്റെ  മകൻ അർജുനൊപ്പം അഭിനയിച്ചിട്ടുണ്ട്. സൗബിൻ വളരെ കൂളായ സംവിധായകനാണ്. ഭയങ്കര സുഖമാണ് അഭിനയിക്കാൻ. സംവിധായകരുടെ ലിസ്റ്റ് എടുത്താൽ പേര് വിട്ടുപോകും. ഒരു ടെൻഷനുമില്ലാതെ അഭിനയിക്കാൻ പറ്റുന്ന  ഒരുപാട് സംവിധായകരും നടന്മാരുമുണ്ട്. വിനു ചേട്ടനൊക്ക(വി.എം വിനു  ) ഫുൾ ടൈം  കോമഡിയാണ് .അതുപോലെ ജോണി ആൻറണി, മികച്ച നടനാണ്, മരിച്ചു പണിയെടുക്കുന്ന സംവിധായകനാണ്. . ഫാസിൽ സാർ ഒക്കെ ഓരോ സീനും ഓരോ അഭിനേതാക്കൾക്കും  അഭിനയിച്ചു കാണിക്കും. അതുപോലെ  പ്രിയൻ സാർ, സിദ്ധിഖ് ലാൽ ഇവർക്കൊക്കെ അപാര ഹ്യൂമർ സെൻസാണ്.

ഷാജി കൈലാസ്, രഞ്ജിയേട്ടന്റെ  ഒക്കെ ഗാംഭീര്യം മുഖത്തേ ഉള്ളൂ..ഭയങ്കര ജോളിയാണ് സെറ്റിൽ. അതുപോലെ  ജോഷി സാർ, അദ്ദേഹത്തിന്റെ റൺവേയിൽ അഭിനയിക്കാൻ പോകുമ്പോൾ  പലരും  പറഞ്ഞിരുന്നു  ഭയങ്കര പാവമാണ് , കൂളാണ് എന്നൊക്കെ. അങ്ങനെ തന്നെയായിരുന്നു. ജയരാജേട്ടനൊപ്പം ഹാസ്യം എന്ന സിനിമ ചെയ്തു. അതിപ്പോൾ ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുത്തു. മറ്റ് പല അവാർഡുകൾക്കും അയച്ചിട്ടുണ്ട്. അർഹതയുണ്ടെങ്കിൽ അതും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.  ഒരു സംവിധായകനെ പോലും വിട്ട് പറയാനാവില്ല. ഈ ലിസ്റ്റിൽ  ഇപ്പോൾ പേരെടുത്തു  പറയാത്തവരും ഒരുപാട് പേരുണ്ടാകും. പക്ഷേ ഒന്നു ഞാൻ പറയട്ടെ  ഇവർക്കൊപ്പമെല്ലാം  സിനിമ ചെയ്യാൻ കഴിഞ്ഞത് എന്റെ മഹാഭാഗ്യമായാണ് ഞാൻ കാണുന്നത്.

Content highlights : Harisree Ashokan about MeesaMadhavan parakkum thalika CID Moosa pandippada and dileep