ആദ്യ ചിത്രം തന്നെ ശ്രദ്ധിക്കപ്പെടുക..സംവിധായകനെക്കുറിച്ച് ചര്‍ച്ച ചെയ്യുക.. തീയേറ്ററില്‍ ഓളം തീര്‍ക്കുക.. ഇതൊക്ക തന്നെയാണ് സിനിമാമോഹവുമായി വെള്ളിവെളിച്ചത്തിലേക്ക് എത്തുന്ന എല്ലാവരുടെയും സ്വപ്നം. ആ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ സന്തോഷത്തിലാണ് ഓഫീസര്‍ ഓണ്‍ ഡ്യുട്ടിയുടെ സംവിധായകന്‍ ജിത്തു അഷ്റഫ്. ആഴ്ചകള്‍തോറും പേര് അറിഞ്ഞതും അറിയാത്തതുമായ ഒട്ടേറേ ചിത്രങ്ങള്‍ തീയേറ്ററുകളില്‍ മിന്നിമറിയുന്ന കാലത്ത് നിറഞ്ഞ സദസില്‍ നാളുകളോളം ഒരു ചിത്രം ഓടുകയെന്നത് ചെറിയ കാര്യമല്ല. തീയേറ്ററിലെ ആരവം അണയും മുന്നേ ഒടിടിയിലും ഹിറ്റായി ഓഫീസര്‍. ഓഫീസര്‍ ഓണ്‍ ഡ്യുട്ടി ജിത്തുവിന്റെ ആദ്യ ചിത്രമാണെങ്കിലും ഒരു പുതുമുഖമാണെന്ന് ജിത്തുവിനെ വിശേഷിപ്പിക്കാന്‍ കഴിയില്ല. രണ്ടു പതിറ്റാണ്ടിലേറെയായി സിനിമയുടെ പിന്നാമ്പുറത്തുണ്ട് ഈ ആലപ്പുഴക്കാരന്‍. പക്ഷേ, ആദ്യ ചിത്രത്തിനായി ജിത്തുവിന് കാത്തിരിക്കേണ്ടി വന്നത് 21-വര്‍ഷമാണ്. സിനിമാക്കഥ പോലെ തോന്നുന്ന ജീവിതകഥ ജിത്തു തുറന്നു പറയുന്നു.

To advertise here,

സിനിമാവഴി

സംവിധായകന്‍ ബ്ലെസ്സിയുടെ ശിഷ്യനായാണ് സിനിമയിലേക്കുള്ള എന്‍ട്രി. 2004-ല്‍ റിലീസായ കാഴ്ചയില്‍ സഹസംവിധായകന്റെ റോളായിരുന്നു ജിത്തുവിന്. തനിക്ക് സുപരിചിതമായ ആലപ്പുഴയിലെയും കുട്ടനാടന്‍ പരിസരങ്ങളിലെയും ദൃശ്യഭംഗിയും കഥാപാത്രസൃഷ്ടിയും ഒപ്പിയെടുക്കാന്‍ ലഭിച്ച ആദ്യ അവസരം പരാമവധി പ്രയോജനപ്പെടുത്തി. ബ്ലെസി സ്‌കൂള്‍ സിനിമയെക്കുറിച്ച് കുടുതല്‍ ഉള്‍ക്കാഴ്ച നല്‍കി. ഇതിനിടെ പഠനം പൂര്‍ത്തിയാക്കി ബെംഗളൂരുവില്‍ കോപ്പിറൈറ്റിങ്ങില്‍ ജോലി ലഭിച്ചെങ്കിലും സിനിമ തന്നെയായിരുന്നു മനസ് മുഴുവന്‍. ഒരു ചങ്ങാതി വഴിയായിരുന്നു ബ്ലെസിയെ പരിചയപ്പെട്ടു. അങ്ങനെയാണ് കാഴ്ചയിലുടെ സിനിമാക്കാഴ്ചകളിലേക്കുള്ള വരവ്.

കാഴ്ചക്കുശേഷം ബ്ലെസിക്കൊപ്പം തന്മാത്ര, ഭ്രമരം തുടങ്ങിയ സിനിമകളിലും സഹായിയായി കൂടി. 2012-ല്‍ സംവിധായകന്‍ സൂഗീതുമായുള്ള അടുപ്പം ഓര്‍ഡനറി എന്നസൂപ്പര്‍ ഹിറ്റ്  ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായി. അവിടെ നിന്ന് കുടുതല്‍ സിനിമാ ബന്ധങ്ങളും സൗഹൃദങ്ങളും പൂവിട്ടു. ഓര്‍ഡിനറിയുടെ  റീലീസിനുശേഷം സ്വന്തമായി സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നു. ജിത്തുവിന്റെ മികവ് തിരിച്ചറിഞ്ഞ യുവതാരം ഡേറ്റും നല്‍കി. സിനിമയ്ക്കായുള്ള പ്രാരംഭ നടപടികളും ആരംഭിച്ചു. എന്നാല്‍ ചില കാരണങ്ങളാല്‍ സിനിമ നടന്നില്ല. അതിനുശേഷം 916, ആക്ഷന്‍ ഹീറോ ബിജു എന്നി ചിത്രങ്ങളിലും അസോസിയേറ്റ് ഡയറക്ടറുടെ വേഷമണിഞ്ഞു. ഉദാഹരണം സുജാത, നായാട്ട്, ഇലവീഴാപൂഞ്ചിറ എന്നീ ചിത്രങ്ങള്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായും ഇരട്ട എന്ന ചിത്രത്തില്‍ കോ-ഡയറക്ടറായും വര്‍ക്ക് ചെയ്തു.

ആരവം അണഞ്ഞിട്ടില്ല

അങ്ങനെ വര്‍ഷങ്ങള്‍ കടന്നുപോയി. സ്വന്തമായൊരു സിനിമയെന്ന ആഗ്രഹം മനസിനുമായി മല്ലിട്ടു. അവസാനം ആ സ്വപനത്തിനരികെയെത്തി. വലിയൊരു സിനിമ പ്രഖ്യാപനവുമായിമായിരുന്നു സ്വതന്ത്രസംവിധായക പദവിയിലേക്കുള്ള ജിത്തുവിന്റെ എന്‍ട്രി. ആരവമെന്ന് പേരിട്ട ചിത്രത്തിന്റെ രചന ഷാഹീ കബറിന്റേയായിരുന്നു. ടോവിനോ നായകന്‍. ആലപ്പുഴ പശ്ചാത്തലമായ രണ്ടു കാലഘട്ടത്തിലെ വള്ളംകളി പ്രമേയമാക്കിയ സിനിമ. പോസ്റ്റര്‍ ഇറങ്ങി. ഷൂട്ടിങ്ങുനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. വലിയ ക്യാന്‍വാസിലുള്ള വലിയൊരു ചിത്രമായിരുന്നു്. എന്നാല്‍ ചില കാരണങ്ങളാല്‍ അവസാന നിമിഷം മുടങ്ങിപ്പോയി. അതിന്റെ നിരാശ ചെറുതല്ലായിരുന്നു.സങ്കടങ്ങള്‍ അലട്ടിയിരുന്നെങ്കിലും വീണ്ടും സിനിമാമോഹവുമായി മുന്നോട്ട്. ആലപ്പുഴക്കാരനായ തിരക്കഥാകൃത്ത് ഷാഹി കബിറിനെ കണ്ടുമുട്ടിയതാണ് രണ്ടു പേരെയും ജിവിതത്തിലെ ടേണിങ് പോയിന്റ്.ഷാഹീ കബീര്‍ ജോസഫ് എന്ന ചിത്രത്തിന്റെ കഥ ആദ്യമായി പറയുന്നത് ജിത്തുവിനോടായിരുന്നു. അതിന് മുന്നേ മറ്റൊരു പോലീസ് കഥ പറഞ്ഞിരുന്നുവെങ്കിലും ജിത്തുവിന് കേട്ടപ്പോള്‍ ക്ലിക്കായത് ജോസഫായിരുന്നു. ജിത്തുവിന് മറ്റു ചില തിരക്കുകളായതിനാല്‍ തന്റെ വളരെ അടുത്ത സുഹൃത്തായ ജോജുവിനെ, ഷാഹി കബീറിനെ പരിചയപ്പെടുത്തിക്കൊടുത്തു. ജോജുവിന്റെ സിനിമ കരിയറില്‍ പിന്നീട് ബ്രേക്കായി മാറി ജോസഫ്. ജോസഫിന് ശേഷം ജിത്തുവിനായി ഷാഹി ഒരുക്കി നല്‍കിയതാണ്  ഓഫീസര്‍ ഓണ്‍ ഡ്യുട്ടി. ഇവര്‍ ഒരുമിച്ച  ആരവം പൂര്‍ണമായി ഉപേക്ഷിച്ചട്ടില്ലെന്നും ഇനിയും ആരവമുയരുമെന്നുമാണ് ജിത്തുവിന്റെ വിശ്വാസം.

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി

മൂന്ന് വര്‍ഷത്തിലേറെ എടുത്താണ് ഓഫീസര്‍ സ്‌ക്രീനിലെത്തിച്ചത്. കൃത്യമായ ഗൃഹപാഠം തയ്യാറാക്കിയിരുന്നു. അഭിനേതാക്കള്‍ക്ക് ഉള്‍പ്പടെ കൃത്യമായ ദിശാബോധവും അഭിനയ പരിശീലനവും. തിരക്കഥ ആദ്യ പകുതി വേഗം പൂര്‍ത്തിയായെങ്കിലും രണ്ടാം പകുത്തി സമയമെടുത്തു. സിനിമ പൂര്‍ത്തിയായശേഷം പലഘട്ടങ്ങളിലായി നൂറിലേറെ തവണയെങ്കിലും കണ്ടിരുന്നു. സിനിമ തീയേറ്ററിലെത്തിയാല്‍ പൂര്‍ണമായും പ്രേക്ഷകന്റെയാണ്. അവരുടേതാണ് അഭിപ്രായങ്ങളും വിലയിരുത്തലും.അതിനാല്‍  ആദ്യ ദിന ആദ്യഷോയില്‍ തന്നെ കയറി. ആളുകളുടെ മുഖത്തേക്കായിരുന്നു എന്റെ നിരീക്ഷണം. ആളുകള്‍ വിരസതയില്‍ മുഴുകുന്നുണ്ടോയെന്നായിരുന്നു നോട്ടം. ഇല്ല, ആരും മൊബൈല്‍ ഫോണ്‍  എടുക്കുന്നില്ല. കണ്ടുകൊണ്ടേയിരിക്കുന്നു. ക്ലൈമാക്സ് സീനിലടക്കം സ്വീകരിക്കപ്പെടുമോയന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍, എല്ലാം എല്ലാവരും സ്വീകരിച്ചത് നേരിട്ട് കണ്ടറിഞ്ഞു. സംതൃപ്തനായി തിയേറ്റർ വിട്ടിറങ്ങി.

കംഫര്‍ട്ട് സോണിലെ നടന്‍

ഇരട്ടയിലെ പാസ്റ്ററെ ഓര്‍മ്മയില്ലേ.. നായാട്ടിലെയും ഇലാവീഴാപുഞ്ചിറയിലേയും പോലീസുകാരന്‍. അതെ, ജിത്തു നല്ലൊരു അഭിനേതാവുമാണ്. എന്നാല്‍ സുഹൃത്തുക്കളുടെ കംഫര്‍ട്ട് സോണില്‍ മാത്രമാണെന്നു മാത്രം. ആരവത്തിന്റെ നിരാശ മറികടക്കാന്‍ കൂടിയായിരുന്നു ജിത്തുവിന് അഭിനയം.
സുഹൃത്തുക്കളുടെ നിര്‍ബന്ധം കൊണ്ട് മാത്രമാണ് അവരുടെ ചിത്രങ്ങളില്‍ അഭിനയിച്ചതെന്ന് ജിത്തു പറയും. അഭിയനത്തോട്  വലിയ പാഷനില്ല. അഭിനയം ഇഷ്ടപ്പെട്ട് പലരും സമീപിച്ചെങ്കിലും പിന്നീട് കുടുതല്‍ സിനിമകളില്‍ അഭിനയിക്കാതിരുന്നതിന്റെ കാരണവും അതാണ്. ഓഫീസര്‍ ഓണ്‍ ഡ്യുട്ടിയിലെ തുടക്കവും സംവിധായകനായ ജിത്തുവില്‍ നിന്നു തന്നെയാണ്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ. മറ്റൊരു വേഷമാണ് ആദ്യം കരുതിയിരുന്നതെങ്കിലും പിന്നീട് നെഗറ്റീവ് റോളിലേക്കെത്തി. സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുകയെന്നത് വെല്ലുവിളിയാണ്. സീന്‍ എടുക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ അഭിനയത്തിന്റെ തയ്യാറെടുപ്പുകള്‍ നടത്തി. സെറ്റില്‍ നിന്നും മാറി ആരോടും മിണ്ടാതെ പ്രത്യേക മാനസികാവസ്ഥയിലെത്തി. എന്നിട്ടാണ് ആ ആത്മഹത്യ സീന്‍ അഭിനയിച്ചത്. ഏറെ പണിപ്പെട്ടാണ് ആ സീന്‍ നൈസര്‍ഗികമായി ചിത്രീകരിച്ചത്.

കമ്മിങ് സൂണ്‍

ആദ്യപടം ഹിറ്റായ സംവിധായകന് രണ്ടാം പടത്തിനായി ചിന്തിച്ചു തുടങ്ങുമ്പോൾ ടെൻഷൻ തുടങ്ങും.  രണ്ടാം ചിത്രം വെല്ലുവിളിയും പ്രതീക്ഷകാക്കലും കൂടിയാണ്. അതിനാല്‍ ചുവടുകള്‍ ചിന്തിച്ചാണ്. പല നിര്‍മാതാക്കളും നിര്‍മ്മാണകമ്പനികളും ജിത്തുവിനെ തേടി എത്തിയിട്ടുണ്ട്. എന്നാല്‍ കഥ തിരഞ്ഞെടുക്കലാണ് ബുദ്ധിമുട്ട്. ചര്‍ച്ചകളും ചിന്തകളും പുരോഗമിക്കുകയാണ്. ഒന്നും ഉറപ്പിച്ചട്ടില്ല. എന്തായാലും  അധികം വൈകില്ലെന്നാണ് ജിത്തു പറയുന്നത്.

ഫാമിലി മാന്‍

ആലപ്പുഴക്കാരനാണെങ്കിലും സിനിമാ സ്പോട്ടായ കൊച്ചിയില്‍ തന്നെയാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. സിനിമചര്‍ച്ചകളും പ്രവര്‍ത്തനങ്ങളുമായി സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഒത്തുചേരല്‍. എന്നാല്‍ ചെറിയൊരു ഇടവേള ലഭിച്ചാല്‍ ഓടി ആലപ്പുഴയിലെത്തും. കുടുംബവും ബന്ധുമിത്രാദികളും ആലപ്പുഴയിലാണ്. കുടുംബത്തോടൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുന്ന ജിത്തു സിനിമ തിരിക്കിനിടയിലും വിട്ടിലേക്ക് ഓടുന്നതിനെ കുട്ടുകാര്‍ കളിയാക്കാറുണ്ട്. നാട്ടിലെത്തിയാല്‍ സംവിധായകവേഷം അഴിച്ച്  തനി നാട്ടുപുറത്തുകാരനായി കടയില്‍ പോക്കും കുടുംബകാര്യങ്ങളുമായി ദിവസങ്ങള്‍ ചെലവഴിക്കും. ആലപ്പുഴ തലവടിയിലാണ് ജിത്തുവും കുടുംബവും താമസം. കൈചൂണ്ടി മുക്ക് കമ്പിയില്‍ റിട്ട. കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഓഫീസര്‍ അഷ്റഫും ആരീഫയുമാണ് മാതാപിതാക്കള്‍. ഭാര്യ-ബുഷ്റ. മക്കള്‍-ബര്‍സ, കസം, ജിയാന്‍, ദുഅ.