
'നിങ്ങൾ ഓരോരുത്തരും നായിക- നായികന്മാരാണ്. നിങ്ങളുടെ ഇടയിൽനിന്നും ഒരു നായകനെ ഇതാ അവതരിപ്പിക്കുന്നു'- വിശേഷം സിനിമയുടെ ആദ്യ ടീസർ തുടങ്ങിയത് അല്പം വ്യത്യസ്തമായിട്ടായിരുന്നു. അയൽപക്കത്തെ പയ്യനെന്ന വിശേഷണത്തോടെ കാണിച്ച ആനന്ദ് മധുസൂദനൻ, അഭിനയത്തിൽ പുതുമുഖമായിരുന്നെങ്കിലും സിനിമയിൽ അങ്ങനെയല്ലായിരുന്നു. 'പൊടിമീശ മുളയ്ക്കണ കാലം' തുടങ്ങി മലയാളത്തിലെ ഹിറ്റ് പാട്ടുകളുടെ സംഗീത സംവിധായകനാണ്, 'കൃഷ്ണൻകുട്ടി പണി തുടങ്ങി' സിനിമയുടെ തിരകഥാകൃത്താണ്. ഇപ്പോൾ 'വിശേഷം' സിനിമയിലെ നായകനുമാണ്. ചിത്രത്തിന്റെ കഥയും, തിരക്കഥയും ഗാനരചനയും സംഗീതവും പശ്ചാത്തല സംഗീതവുമെല്ലാം നിർവഹിച്ചതും ആനന്ദ് തന്നെ.
സൂരജ് ടോമിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ചിന്നു ചാന്ദ്നിയാണ് പോലീസ് കോൺസ്റ്റബിൾ ടി.ആർ. സജിത എന്ന നായികാ കഥാപാത്രമായെത്തുന്നത്. ചെറുപുഞ്ചിരിയോടെ കാണാനാവുന്ന പാട്ടുകളും നമ്മുടെ ജീവിതത്തോട് അത്രയേറെ ചേർന്നുനിൽക്കുന്ന രംഗങ്ങളുമായി വന്ന ട്രെയിലറുമെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. വിശേഷത്തിന്റെ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെക്കുകയാണ് സംവിധായകൻ സൂരജ് ടോമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആനന്ദ് മധുസൂദനനും ചിന്നു ചാന്ദിനിയും.
എന്താണ് 'വിശേഷ'ത്തിൽ പറയുന്ന വിശേഷം?
സൂരജ് ടോം: നമ്മുടെ ജീവിതത്തില്‍ ഒരുപാട് പരിചയമുള്ള കാര്യങ്ങളും വിശേഷങ്ങളും പറയുന്ന സിനിമയാണിത്. നമ്മുടെ വീട്ടിലെ കഥ എന്ന പ്രതീതിയില്‍ നമുക്ക് കാണാന്‍ പറ്റുന്ന ഒരു ചിത്രമാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അതാണ് വിശേഷം.
സംഗീതസംവിധായകൻ, ഗാനരചയിതാവ്, തിരകഥാകൃത്ത് ഇപ്പോഴിതാ നായകനും. എപ്പോഴാണ് അഭിനയത്തിലേക്ക് കടക്കാമെന്ന് തീരുമാനിക്കുന്നത്?
ആനന്ദ് മധുസൂദനൻ: കഥ പറയാന്‍ ഇഷ്ടമുള്ള ഒരാളാണ് ഞാൻ. എനിക്ക് കഥ പറയാനറിയില്ല, അഭിനയിച്ചു കാണിക്കാനാണ് അറിയുക എന്നാണ് സൂരജേട്ടന്‍ പറയുക. അതൊരു യാഥാര്‍ഥ്യമാണ്. ഒരു ഏകാഭിനയം പോലെയാണ് ഞാന്‍ കഥ പറയുന്നത്. 'വിശേഷ'ത്തിന്റെ കഥ പറയുമ്പോള്‍ വേറെ പലരെയും നായകനായി ആലോചിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, ഒരു ഘട്ടത്തില്‍ ആനന്ദിന് തന്നെ ഈ വേഷം ചെയ്താല്‍ പോരെ എന്ന് സൂരജേട്ടൻ ചോദിക്കുകയായിരുന്നു. അത് നടക്കില്ലെന്ന് പറഞ്ഞ് ആദ്യം ഒഴിയാൻ ശ്രമിച്ചെങ്കിലും പിന്നീട് എന്തുകൊണ്ട് ഞാന്‍ എന്നത് മനസിലായി. ഈ സിനിമ പുതിയ ഒരാളിലൂടെ അവതരിപ്പിക്കാന്‍ പറ്റുകയാണെങ്കില്‍ നന്നാകുമെന്ന് തോന്നി. ഇതൊരു സാധാരണക്കാരന്റെ കഥയാണ്. നമ്മുടെ വീട്ടിലെ അല്ലെങ്കിൽ തൊട്ടറുപ്പത്തെ വീട്ടിലെ കഥയാണ്. എന്റെ ഈ മുഖത്തിന് ഈ കഥാപാത്രം അനുയോജ്യമായിരിക്കുമെന്ന് തോന്നിയതോടെയാണ് അഭിനയത്തിലേക്ക് എത്തിയത്.
ആനന്ദ് തന്നെ നായകനായാൽ മതിയെന്ന് ചിന്തിക്കുന്നതെങ്ങനെയാണ്?
സൂരജ് ടോം: സിനിമയ്ക്ക് ഫ്രഷ് ആയ ലുക്ക് കൊടുക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് ആനന്ദിനെ അഭിനയിപ്പിക്കാമെന്ന് തീരുമാനിക്കുന്നത്. ആനന്ദിനെ കുറിച്ച് ആർക്കും ഒന്നും അറിയില്ല. ആനന്ദ് എന്ത് ചെയ്യും, ഓരോ അവസരത്തിലും എങ്ങനെ പ്രതികരിക്കും എന്നൊന്നും ആളുകൾക്ക് അറിയില്ല. ആ ഒരു കൗതുകത്തിൽ കണ്ടിരിക്കാൻ പറ്റുമെന്ന വിശ്വാസം ഞങ്ങൾക്കുണ്ടായിരുന്നു. അഭിനയിക്കണ്ട പകരം ബിഹേവ് ചെയ്താല്‍ മതിയെന്നാണ് ഞങ്ങൾ ആനന്ദിനോട് പറഞ്ഞത്. സാധരണപോലെ പെരുമാറുകയാണ് സിനിമയിൽ നമ്മള്‍ ചെയ്തിരിക്കുന്നത്.
ഞാനും ആനന്ദും ആദ്യമായി ചെയ്യുന്ന സിനിമയല്ല ഇത്. എന്റെ ആദ്യചിത്രമായ 'പാവ'യിലെ സംഗീതസംവിധായകൻ ആനന്ദാണ്. അതിലെ ഹിറ്റ് പാട്ടായ 'പൊടിമീശ മുളയ്ക്കണ കാല'ത്തിന്റെ സംഗീതസംവിധായകൻ ആനന്ദാണെന്ന് പലർക്കും അറിയില്ല. ആനന്ദ് ഇതുവരെ മുന്നോട്ട് വരാതെ പുറകോട്ട് മാറിനിന്നിരുന്ന ആളാണ്. അതുകൊണ്ടാണ് ഞങ്ങൾ മുന്നോട്ട് മുന്നോട്ട് മുന്നോട്ടെന്ന് പറഞ്ഞ് ആനന്ദിനെ മുന്നോട്ടാക്കിയത്. ഇനി എന്തായാലും അങ്ങനെ മുന്നോട്ട് വരട്ടെ.
ക്യാമറയ്ക്കു മുൻപിലെ ആദ്യത്തെ അനുഭവം എങ്ങനെയുണ്ടായിരുന്നു?
ആനന്ദ് മധുസൂദനൻ: കഥ പറയുമ്പോള്‍ അഭിനയിക്കുന്നത് പോലെയല്ലല്ലോ ക്യാമറയുടെ മുന്‍പില്‍ അഭിനയിക്കുന്നത്. ആദ്യത്തെ കുറച്ച് ദിവസം ഞാന്‍ ചെയ്യുന്നത് ശരിയാണോ എന്നെനിക്ക് ഉറപ്പിലായിരുന്നു. കാശിറക്കി ചെയ്യുന്നതാണ്, എന്നെ സമാധാനിപ്പിക്കാനായി ഓക്കെ പറയുന്നതാണോ, ഇത് ശരിയാണോ എന്നൊക്കെ ഞാന്‍ സൂരജേട്ടനോടും ചിന്നുവിനോടുമൊക്കെ ചോദിച്ചിട്ടുണ്ട്. തന്നെവെച്ച് ഇത്രയും പൈസയിറക്കി ചെയ്യാന്‍ ഞങ്ങള്‍ പൊട്ടന്മാരല്ലല്ലോ, നിങ്ങള്‍ ചെയ്തത് ശരിയായില്ലെങ്കിൽ ഞങ്ങള്‍ ശരിയാക്കില്ലേ എന്നൊക്കെ പിന്നെ ഒരു ഘട്ടത്തിൽ ഇവർ തന്നെ പറഞ്ഞു. ഷിജു ഭക്തൻ എന്ന കഥാപാത്രം എന്തുചെയ്യുമോ അത് ചെയ്തുപോവുകയായിരുന്നു. ഇനി പറയേണ്ടത് സിനിമ കാണുന്ന ആളുകളാണ്. പാട്ടിറങ്ങിയപ്പോള്‍ നല്ല കുറച്ച് കമന്റ്‌സ് കിട്ടി. എനിക്കൊരു വെല്‍ക്കം ബോര്‍ഡ് ഫീല്‍ ചെയ്തു.
ചിന്നുവിന്റെ കരിയറിലെ രണ്ടാമത്തെ പോലീസ് വേഷമാണ്. വിശേഷത്തിലെ സജിത മുൻപത്തെ പോലീസ് വേഷത്തിൽ നിന്നും എത്രത്തോളം വ്യത്യസ്തമാണ്?
ചിന്നു ചാന്ദിനി: നമുക്ക് എല്ലാവർക്കും അറിയുന്ന, നമുക്ക് പരിചയമുള്ള, ചിലപ്പോൾ നമ്മുടേതോ അല്ലെങ്കിൽ നമുക്ക് പരിചയമുള്ളവരുടെയോ എന്നുതോന്നുന്ന കഥയും കഥാപാത്രവുമാണ് സിനിമയിലുള്ളത്. മുൻപ് ഞാൻ ചെയ്തിട്ടുള്ള പോലീസ് കഥാപാത്രം തീർത്തും വ്യത്യസ്തമായിരുന്നു. എന്നാലിത് കുറച്ച് കൂടെ യഥാർഥ്യവുമായി ചേർന്നുനിൽക്കുന്നതാണ്. അങ്ങനെയാണ് 'വിശേഷ'ത്തിന്റെ യൂണിവേഴ്സ് തയ്യാറാക്കിയിരിക്കുന്നത്. എന്നെ സംബന്ധിച്ച് രണ്ട് പോലീസ് കഥാപാത്രവും ഒരാൾ തന്നെ ചെയ്യുന്നതായാതുകൊണ്ട് ഒരുപോലെയിരിക്കരുതെന്ന് ഉണ്ടായിരുന്നു. പക്ഷേ, 'വിശേഷ'ത്തിലെ കഥയും കഥാപാത്രവും ഇങ്ങനെ എഴുതിയതിനാൽ എനിക്ക് അധികം പണിയെടുക്കേണ്ടി വന്നിട്ടില്ല.
ആനന്ദ് മധുസൂദനൻ: യുണിഫോമിന്റെ ബന്ധം മാത്രമേയുള്ളൂ, ചിന്നുവിന്റെ രണ്ട് പോലീസ് കഥാപാത്രങ്ങളും രണ്ടറ്റത്താണ്.

പുറത്തിറങ്ങിയ സിനിമയിലെ രണ്ട് പാട്ടുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ഒരു പുഞ്ചിരിയോടെ കാണാനാവുന്ന പാട്ടുകൾ എന്നാണ് മിക്കവരുടെ അഭിപ്രായം. എങ്ങനെയായിരുന്നു പാട്ടുകൾ ഒരുക്കിയത്?
ആനന്ദ് മധുസൂദനൻ: നാലു പാട്ടാണ് സിനിമയിലുള്ളത്. കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായതെന്ന പോലത്തെ ഒരു കാര്യം പാട്ടൊരുക്കുന്നതിൽ ഉണ്ടായിരുന്നു. സാധാരണ വരിയെഴുതിയ ശേഷം കമ്പോസ് ചെയ്യും, അല്ലെങ്കിൽ കമ്പോസ് ചെയ്ത ശേഷം വരിയെഴുതും. പക്ഷേ, വരിയും ഈണവുമൊക്കെ ഒരുമിച്ചാണ് ഈ തവണ വന്നത്. കഥ മനസിലുള്ളത് കൊണ്ട് കാറിൽ പോകുമ്പോഴൊക്കെയാണ് ഓരോന്ന് തോന്നുക. എന്തെങ്കിലും ഒരു നാലുവരിയായി കഴിഞ്ഞാൽ ഉടനെ സൂരജേട്ടനെ വിളിച്ച് കേൾപ്പിക്കും.
സൂരജ് ടോം: പ്രണയം തോറ്റ് പോയാലും ചാകാൻ എനിക്ക് മനസില്ല - തുടങ്ങി വർത്തമാനം പറയുന്നതുപോലുള്ള വരികളാണ് പാട്ടിലുള്ളത്. മൊബൈൽ അലകൾ എന്നതൊക്കെ കേൾക്കാത്തൊരു വാക്കാണ്. അതൊരുപാട് പേർക്ക് ഇഷ്ടപ്പെട്ടെന്ന് പറഞ്ഞിരുന്നു.
ആനന്ദ് മധുസൂദനൻ: പാട്ട് കേട്ട് എവിടെ നിന്നാടാ ഈ മൊബൈൽ അലകളെന്ന് ചോദിച്ച് അനൂപേട്ടൻ (അനൂപ് മേനോൻ) വിളിച്ചിരുന്നു. ഇപ്പോൾ എന്തായാലും മേഘസന്ദേശം അയക്കാൻ പറ്റില്ലല്ലോ... ആ കാലഘട്ടം പോയി. അതുകൊണ്ട് നമുക്ക് മൊബൈൽ അലകളേ നടക്കുകയുള്ളൂ. ഞാൻ അവരോട് റിക്വസ്റ്റ് ചെയ്തു എന്നായിരുന്നു എന്റെ മറുപടി. ഈ പാട്ടുകളിലെ വരികളിൽ ഒരുപാട് സാഹിത്യമൊന്നുമില്ല. വളരെ ഡയറക്ട് ആയാണ് കാര്യങ്ങളെല്ലാം പറയാൻ ശ്രമിച്ചത്. ഞാനൊരു കവിയല്ല, എന്റെ പാട്ടിന് എന്താണ് ആവശ്യം, എന്താണ് പാട്ടിലൂടെ പറയേണ്ടതെന്ന് ആലോചിച്ചിട്ട് അതാണ് പറയാൻ ശ്രമിച്ചത്. സിനിമയോട് വളരെ ഒട്ടിച്ചേർന്നിരിക്കുന്ന പാട്ടുകളായിരിക്കണമെന്നുണ്ടായിരുന്നു. ഈ സിനിമയ്ക്ക് അത്തരം പാട്ടുകളാണ് വേണ്ടത്. ഇപ്പോൾ സിനിമ കാണുമ്പോഴും, പാട്ടിന് ലഭിക്കുന്ന പ്രതികരണങ്ങൾ കാണുമ്പോഴും ഇത് വർക്കായിട്ടുണ്ടെന്ന് തോന്നുന്നുണ്ട്.
ചിത്രത്തിലെ ഇവരുടെ ജോഡിയെ കുറിച്ചും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇവരെ തന്നെയായിരുന്നോ ആദ്യം പരിഗണിച്ചിരുന്നത്? ആനന്ദ് നായകനായ കഥ പറഞ്ഞു, എങ്ങനെയായിരുന്നു ചിന്നുവിന്റെ വരവ്?
സൂരജ് ടോം: പല പല പ്രോസസുകളിലൂടെയാണ് ഈയൊരു കാസ്റ്റിലേക്കെത്തുന്നത്. ആദ്യം പലരെ വെച്ചും ചിന്തിച്ചിട്ടുണ്ട്. നേരത്തെ പറഞ്ഞതുപോലെ ഈ സിനിമയ്ക്കൊരു പുതുമയും കൗതുകവും വേണം. ആ കൗതുകം ഇവർ രണ്ടുപേരുടെയും കോമ്പിനേഷനിൽനിന്ന് ലഭിച്ചു. ചിന്നുവിനോട് സിനിമയുടെ കഥ പറയുമ്പോൾ ചിന്നു മുംബൈയിലും ഞങ്ങൾ നാട്ടിലുമാണ്. സൂമിലൂടെ ഓൺലൈനായാണ് ഞങ്ങൾ കഥ പറയുന്നത്. കഥ പറഞ്ഞ് കഴിഞ്ഞിട്ടും ഞങ്ങൾ പ്രതീക്ഷിച്ച ഷിജു ഭക്തൻ എന്ന കഥാപാത്രം ചെയ്യുന്നത് ആരാണെന്ന ചോദ്യം മാത്രം ചിന്നു ചോദിക്കുന്നില്ല.
ഒരുപാട് നല്ല പടങ്ങൾ ചെയ്തിട്ടുള്ളയാളാണ് ചിന്നു. ഒരുപാട് സീനിയറാണ്. സ്വാഭാവികമായും പുതിയൊരു നായകന്റെ കൂടെ അഭിനയിക്കാൻ ചിന്നുവിന് ബുദ്ധിമുട്ടുണ്ടാകുമോ എന്ന ചിന്ത ഞങ്ങൾക്കുണ്ടായിരുന്നു. കൂടെ അഭിനയിക്കുന്നൊരാൾ മോശമായാൽ അവരുടെ പ്രകടനത്തെയും മൊത്തം സിനിമയെയും ബാധിക്കുമല്ലോ. ഒടുവിൽ ആ ചോദ്യം ഞങ്ങൾ അങ്ങോട്ട് ചോദിച്ചപ്പോൾ അതേപ്പറ്റി ചിന്തിച്ചില്ല, ആനന്ദേട്ടൻ നല്ല രസമായി കഥ പറഞ്ഞപ്പോൾ അതിൽ ലയിച്ചിരുന്നുപോയി എന്നായിരുന്നു ചിന്നുവിന്റെ മറുപടി. ആനന്ദ് തന്നെയാണ് ചെയ്യുന്നതെന്ന് പറഞ്ഞപ്പോൾ അത് രസമായിരിക്കും അടിപൊളിയായിരിക്കും എന്നു പറഞ്ഞതോടെ പ്രധാന കഥാപാത്രങ്ങളും സിനിമയും അവിടെ ഉറയ്ക്കുകയായിരുന്നു. അത് ശരിയാകുമോ എന്നൊരു ചോദ്യമാണ് ചിന്നുവിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നതെങ്കിൽ മറിച്ചായേനെ. അതുകൊണ്ട് തന്നെ ചിന്നുവിനോട് ഞങ്ങൾ കൃതാർഥതയുള്ളവരായിരിക്കും.
തിരക്കഥ, അഭിനയം, സംഗീതസംവിധാനം, ഗാനരചന... അങ്ങനെ ഈ സിനിമയിൽ ഒരുപാട് കാര്യങ്ങൾ ചെയ്തയാളാണല്ലോ. ഇതിൽ ഏറ്റവും ആസ്വദിച്ചുചെയ്ത കാര്യമേതായിരുന്നു? ഇനിയും അഭിനയം തുടരില്ലേ?
ആനന്ദ് മധുസൂദനൻ: എനിക്ക് സിനിമ ഭയങ്കര ഇഷ്ടമുള്ള കാര്യമാണ്. ഇഷ്ടമുള്ളൊരു കാര്യം ചെയ്യുമ്പോൾ കഷ്ടപ്പാടായി തോന്നില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഏറ്റവും ആസ്വദിച്ച് ചെയ്തത് ഏതാണെന്ന് അറിയില്ലെങ്കിലും ഈ തവണ അഭിനയം എന്നത് എങ്ങനെ ആസ്വദിക്കണമെന്ന് മനസിലാക്കാൻ എനിക്ക് മൂന്ന്- നാല് ദിവസം എടുത്തിട്ടുണ്ട്. ആദ്യം എനിക്ക് ആശങ്കയായിരുന്നു. അഭിനയിച്ച് കഴിഞ്ഞ് മോണിറ്ററിൽ പോയി നോക്കുമ്പോൾ ശരിയാണോ അല്ലയോ എന്ന സംശയമൊക്കെ എനിക്കുണ്ടായിരുന്നു. എനിക്ക് തോന്നുന്നു അത് എല്ലാവർക്കും ഉണ്ടാവുന്ന കാര്യമാണ്. അഭിനയം ആസ്വദിക്കാൻ പഠിക്കുക എന്നത് ഒരു പ്രൊസസ് ആണ്. സൈക്കിൾ ഓടിക്കാൻ പഠിക്കുമ്പോൾ വീഴുന്നപോലെ വീണും എഴുന്നേറ്റും ഒക്കെതന്നെയാണിത്. പക്ഷേ, ഞാൻ ആസ്വദിച്ച്, സന്തോഷത്തോടെ ചെയ്ത ഒരു സിനിമയാണിത്.
ഞാൻ നടനാവണമെന്ന് ആഗ്രഹിച്ച് വന്നയാളല്ല. ഞാൻ മ്യുസിഷനാണ്, അത് കഴിഞ്ഞ് എഴുത്തിലേക്ക് വന്നു. സിനിമയെന്നെ ഉളംകൈയ്യിൽ വെച്ച് കൊണ്ടുപോവുകയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സിനിമയോടെനിക്ക് ഒരുപാട് ഇഷ്ടമുള്ളത് സിനിമയെനിക്ക് തിരിച്ച് തരുന്നതാണ്. അതിന് സിനിമയോടും പ്രേക്ഷകരോടുമെല്ലാം ഒരുപാട് കടപ്പാടുമുണ്ട്. എന്റെ മുഖവുമൊന്നും ആർക്കും പരിചിതമല്ല, ഇപ്പോഴാണ് മുന്നിലോട്ട് മുഖവുമായി വരുന്നത്. അതിഷ്ടപ്പെട്ടാൽ ഒരുപാട് സന്തോഷം.
ചിന്നു മുൻപ് ചെയ്ത സിനിമകളിലധികവും സാമൂഹ്യപ്രസക്തിയുള്ള കാമ്പുള്ള വിഷയങ്ങൾ സംസാരിക്കുന്നതായിരുന്നല്ലോ. അത്തരം സിനിമകൾ തേടിപ്പിടിച്ച് തിരഞ്ഞെടുക്കുന്നതാണോ?
ചിന്നു ചാന്ദിനി: ഈ സിനിമകളെല്ലാം എന്നെ തേടിപ്പിടിച്ച്, എന്നെ തിരഞ്ഞെടുത്ത ചിത്രങ്ങളാണ്. നല്ല സിനിമകളുടെ ഭാഗമാകണമെന്ന ആഗ്രഹവും ആക്രാന്തവുമൊക്കെ എനിക്കുണ്ട്. നല്ല സിനിമകൾ വരുമ്പോൾ അത് കൈവിട്ട് പോകരുതേയെന്ന് പ്രാർഥിച്ചിട്ടുണ്ട്. അതിൽ കൂടുതലൊന്നും എനിക്ക് ചെയ്യാനാവില്ലല്ലോ, കാരണം ഒരു സിനിമ നമ്മളെ വിളിച്ച്, കഥ പറഞ്ഞ്, നമ്മൾ ഒകെ പറഞ്ഞ്, പെയ്മെന്റ് സംസാരിച്ച് പിന്നെ ഷൂട്ടിന് വിളിച്ച് ഷൂട്ടിങ് കഴിഞ്ഞ് റിലീസ് ആയാലേ നമ്മൾ ആ പടത്തിലുണ്ടെന്ന് പറയാൻ കഴിയുകയുള്ളൂ. ഞാൻ ഭാഗ്യവതിയാണ്. നല്ല പടങ്ങൾ ചെയ്യുന്ന ആൾക്കാരും നല്ല പടങ്ങളും എന്നെ പരിഗണിച്ച് എന്നെ വിളിച്ചു. അങ്ങനെയൊന്നാണ് വിശേഷം.
ആദ്യ സിനിമയായ പാ.വ.യും പിന്നീട് ചെയ്ത മെഴുത്തിരി അത്താഴങ്ങളും കൃഷ്ണൻക്കുട്ടി പണി തുടങ്ങിയുമൊക്കെ വ്യത്യസ്ത ജോണറുകളിലുള്ളതാണ്. ഒരോ ജോണറിലുള്ള സിനിമകൾ തന്നെ ചെയ്യാതിരിക്കാനായി മനഃപൂർവ്വം ശ്രമിക്കുന്നതാണോ?
സൂരജ് ടോം: ചെയ്യുന്ന സിനിമകൾ ഒരുപോലെയാവാതിരിക്കാൻ ശ്രമിക്കാറുണ്ട്, മുന്നോട്ടും അത് തന്നെയാണ് ആഗ്രഹം. നിലവാരമുള്ള സിനിമകൾ ചെയ്യണം. എന്താണ് ചെയ്തുവെച്ചിരിക്കുന്നത്, അയ്യേ എന്നാരും പറയരുത്. മുൻപ് ചെയ്ത സിനിമകളെല്ലാം ഗംഭീര വിജയമാണെന്ന് ഞാൻ പറയില്ല, പക്ഷേ നഷ്ടമുണ്ടാക്കാത്തവയും ഒരുപാട് പേർക്ക് ഇഷ്ടപ്പെട്ടതുമായ സിനിമകളാണ്. 'വിശേഷം' അതിനേക്കാൾ കൂടുതൽ എല്ലാവരും ഏറ്റെടുക്കണമെന്നാണ് ആഗ്രഹം.
ചെറുതോ വലുതോ ആയിക്കോട്ടെ മലയാളത്തിൽ നല്ല സിനിമകൾ ആഘോഷിക്കപ്പെടുകയും വലിയ വിജയം നേടുകയും ചെയ്യുന്ന സമയത്താണ് വിശേഷവും തീയറ്ററിലെത്തിയത്. അത് എത്രത്തോളം നിങ്ങളുടെ പ്രതീക്ഷ ഉയർത്തുന്നുണ്ട്?
സൂരജ് ടോം: ഞങ്ങൾ വലിയ പ്രതീക്ഷയോടെയാണ് വിശേഷവുമായി എല്ലാവരുടെയും മുന്നിലേക്ക് വരുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി ഭയങ്കര രസമുള്ള ഒരുപാട് സിനിമകൾ മലയാളത്തിൽ വരുന്നുണ്ട്. നല്ല രസമുള്ള പരീക്ഷണ ചിത്രങ്ങളുമുണ്ട്. ആ ചിത്രങ്ങൾക്കൊക്കെ തീയറ്ററിൽ ആളുകൾ നിറഞ്ഞിരിക്കുന്നത് കാണുമ്പോൾ സന്തോഷവും, പിറകെ ഞങ്ങൾ വരുന്നതിന്റെ പ്രതീക്ഷയുമൊക്കെയുണ്ട്. നല്ല സിനിമകളെ നമ്മുടെ പ്രേക്ഷകർ കൈവിടില്ല എന്നൊരു ഉറപ്പുണ്ട് നമുക്ക്. നല്ലതാണെന്ന് തോന്നിയാൽ അവരങ്ങ് കൊണ്ടുപൊയ്ക്കോളും.
Content Highlights: Interview with Chinnu Chandni, Anand Madhusoodanan and Sooraj Tom for Vishesham Movie
Published: 19 Jul 2024, 05:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented