പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവമാണ്. കൊടുങ്ങല്ലൂരുകാരനായ അഷ്‌റഫ് എന്ന കൗമാരപ്രായക്കാരന്‍ വീട് വിട്ട് ജോലി തേടി കോഴിക്കോട് നഗരത്തിലെത്തുന്നു. അന്നന്നത്തെ അന്നത്തിനുള്ള വരുമാനം. അതിലപ്പുറം സ്വപ്‌നം കാണാന്‍ ജീവിത സാഹചര്യങ്ങള്‍ അയാളെ അനുവദിച്ചില്ല. ഓരോ ദിനവും തള്ളിനീക്കികൊണ്ടുപോകവെ അയാള്‍ രണ്ടു കളരിഗുരുക്കന്‍മാരെ കണ്ടുമുട്ടുന്നു. പിന്നെ നടന്നത് ചരിത്രം. 

To advertise here,

കമല്‍ സംവിധാനം ചെയ്ത പെരുവണ്ണാപുരത്തെ വിശേഷം എന്ന സിനിമയില്‍ നിന്ന് ആരംഭിച്ച് ഇന്ന് മൂന്ന് പതിറ്റാണ്ടു പിന്നിട്ട് നില്‍ക്കുന്ന ആ മനുഷ്യന്‍ പിന്നീട് അറിയപ്പെട്ടത് അഷ്‌റഫ് ഗുരുക്കള്‍ എന്ന പേരിലാണ്. കളരിയാശാന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ഫൈറ്റ് മാസ്റ്റര്‍  അങ്ങനെ പല പല വേഷപകര്‍ച്ചകള്‍. ജീവിതം സന്തോഷകരമായി മുന്നോട്ടുപോകവെ കാന്‍സറിന്റെ രൂപത്തില്‍ വിധി  വെല്ലുവിളിച്ചു. പക്ഷേ പ്രതിസന്ധികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാന്‍ തയ്യാറല്ലായിരുന്നു അദ്ദേഹത്തിന്റെ മനസ്സ്. ഇന്ന് ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ഒട്ടേറെ സിനിമകള്‍ക്ക് സംഘട്ടനരംഗങ്ങളൊരുക്കി ജൈത്രയാത്ര തുടരുന്ന അഷ്‌റഫ് ഗുരുക്കള്‍ തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്. മാതൃഭൂമി ഡോട്ട്‌കോമിന്റെ വായനക്കാര്‍ക്കു വേണ്ടി....

വീടുവിട്ടിറങ്ങിയ കൗമാരം, ഹോട്ടല്‍ ജോലി

placeholder
അഷ്‌റഫ് ഗുരുക്കള്‍ സിനിമാ സെറ്റില്‍

1959 ല്‍ കൊടുങ്ങല്ലൂരാണ് ഞാന്‍ ജനിച്ചത്. വെറും ആറാം ക്ലാസ് വരെ മാത്രമാണ് പഠിച്ചത്. മൂന്ന് വര്‍ഷം ആറില്‍ തോറ്റതുകൊണ്ട് പഠനം നിര്‍ത്തുകയായിരുന്നു. കേരളവര്‍മ ഗവണ്‍മെന്റ് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. പണ്ടു കാലത്ത് പഠനം മുടങ്ങിയാല്‍ ജോലി നേടി നാട് വിട്ടുപോകുമായിരുന്നു. ഞാനും അത് തന്നെ ചെയ്തു. ആദ്യം തൃശ്ശൂരിലേക്ക് പോയി അവിടെ നിന്ന് കോഴിക്കോട്ടേക്കും. കോഴിക്കോട് ഒരു ഹോട്ടലിലാണ് ജോലിയ്ക്ക് കയറിയത്. പതിനാല് മണിക്കൂര്‍ ജോലി ചെയ്താല്‍ ഇരുപതോ മുപ്പതോ പൈസ ലഭിക്കും. അതായിരുന്നു ജീവിതത്തിലെ ആദ്യ ജോലി.

ഗുരുനാഥന്‍മാരോട് കള്ളം പറഞ്ഞ് കളരിക്കളത്തിലേക്ക്

ജോലിയുമായി ജീവിതം തട്ടിമുട്ടി പോകുമ്പോഴാണ് ഹോട്ടലില്‍ സ്ഥിരമായി വരുന്ന രണ്ടു കളരി ആശാന്‍മാരെ പരിചയപ്പെട്ടത്. ഹോട്ടല്‍ മുതലാളിയൊക്കെ അവരെ വളരെ ബഹുമാനത്തോടെയാണ് കാണുന്നത്. കടത്തനാടുള്ള ഒരു കളരി സംഘത്തിലെ ഗുരുനാഥന്‍മാരാണ്. അതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. എനിക്കവരെ കണ്ടപ്പോള്‍ കളരിപഠിക്കണമെന്ന് ആഗ്രഹം തോന്നി. അവരുടെ ശരീരഭാഷ എന്നെ ആകര്‍ഷിച്ചു. എനിക്കും കളരി പഠിക്കണമെന്ന ആഗ്രഹം ഞാന്‍ തുറന്ന് പറഞ്ഞു. ''അതിനെന്താ വീട്ടുകാരുടെ അനുവാദം ചോദിക്കൂ, അവര്‍ സമ്മതിച്ചാല്‍ പഠിക്കാം'' എന്ന് അവർ പറഞ്ഞു. ഞാനൊരു പോസ്റ്റ്കാര്‍ഡില്‍ ഈ  കാര്യം അവതരിപ്പിച്ച് കത്തെഴുതി. എന്റെ ബാപ്പ നേരത്തേ മരിച്ചതാണ്. ഉമ്മയും സഹോദരങ്ങളും അടങ്ങിയതാണ് കുടുംബം. ''കളരി പഠിക്കേണ്ട കരള് വാടിപ്പോകും'' എന്നാണ് വീട്ടില്‍ നിന്ന് കിട്ടിയ മറുപടി. എനിക്കപ്പോള്‍ വലിയ സങ്കടം തോന്നി. പക്ഷേ ഞാന്‍ കളരിയാശാന്‍മാരോട് കള്ളം പറഞ്ഞു, വീട്ടില്‍ സമ്മതിച്ചു, ശരീരത്തിന് കേടുപാട് പറ്റരുത് എന്നാണ് പറഞ്ഞതെന്ന്. 

അന്ന് എന്റെ കയ്യില്‍ ഒരു ജോടി വസ്ത്രമേയുണ്ടായിരുന്നുള്ളൂ. അതുമായി കളരിയിലേക്ക് പുറപ്പെട്ടു. ഇ. അബൂബക്കര്‍ ആയിരുന്നു ഗുരുനാഥന്‍. അദ്ദേഹം എനിക്ക് വസ്ത്രങ്ങളൊക്കെ വാങ്ങി തന്നു. കളരിയില്‍ ഇടിക്കലും അടിക്കലുമായി പരിശീലനം ആരംഭിച്ചു. അദ്ദേഹത്തിന് ബാംഗ്ലൂര്‍ എം.ജി റോഡില്‍ ഒരു കളരിയുണ്ടായിരുന്നു. കുറച്ചുകാലം അവിടെ ഹോട്ടല്‍ പണിയും കളരിപഠനവുമായി മുന്നോട്ടുപോയി. കുറേക്കാലത്തെ പഠനത്തിന് ശേഷം 1979 ല്‍ ഞാന്‍ സ്വന്തമായി ഒരു കളരിസ്ഥാപിച്ചു. ഇരുപത്തിയഞ്ചോളം വേദികളില്‍ കളരിപ്പയറ്റ് നടത്തി. അന്നൊക്കെ സിനിമാഭ്രാന്ത് ഉണ്ടായിരുന്നുവെങ്കിലും എനിക്ക് കൈയെത്താന്‍ പറ്റാത്ത ദൂരത്തായിരുന്നു. 

കളരിയില്‍ നിന്ന് കമലിന്റെ പെരുവണ്ണാപുരത്തെ വിശേഷത്തിലേക്ക്

placeholder
പെരുവണ്ണാപുരത്തെ വിശേഷത്തിലെ ഗാനരംഗം

സംവിധായകന്‍ കമലാണ് സിനിമാജീവിതത്തിലേക്ക് എന്നെ കൊണ്ടുവരുന്നത്. അദ്ദേഹം എന്റെ നാട്ടുകാരനാണ്. 'മിഴിനീര്‍ പൂക്കള്‍' എന്ന സിനിമയൊക്കെ ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഏതാണ്ട് അരക്കിലോമീറ്റര്‍ അകലെ എനിക്കൊരു കളരിയുണ്ടായിരുന്നു. കമല്‍ എന്നെ അന്വേഷിച്ചുവെന്ന് മെഡിക്കല്‍ ഷോപ്പ് നടത്തുന്ന ഒരു സുഹൃത്ത് എന്നോട് പറഞ്ഞു. ഞാന്‍ മെഡിക്കല്‍ ഷോപ്പില്‍ ഇരിക്കുന്നത് കമല്‍ കണ്ടിട്ടുണ്ട്. കേട്ടയുടനെ ഒരു സൈക്കിള്‍ എടുത്ത് ഞാന്‍ കമലിന്റെ വീട്ടിലേക്ക് ചെന്നു. അദ്ദേഹം എന്നെ അകത്തേക്കു വിളിച്ച് വിശേഷങ്ങളെല്ലാം ചോദിച്ചു. എന്നിട്ടു പറഞ്ഞു, ഞാന്‍ 'പെരുവണ്ണാപുരത്തെ വിശേഷം' എന്ന ഒരു സിനിമ ചെയ്യുന്നുണ്ട്. അതില്‍ കളരിയുമായി സാമ്യമുള്ള ചില സംഘട്ടന രംഗങ്ങളുണ്ട്. ആ ഭാഗം മാത്രം ചെയ്തു തരാമോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, അയ്യോ എനിക്ക് കളരി മാത്രമേ അറിയൂ, സിനിമയിലെ ഫൈറ്റ് ഒന്നും വശമില്ലെന്ന്. കളരി നല്ല വശമുള്ള ആളെയാണ് വേണ്ടത്, താങ്കളെ കൊണ്ട് സാധിക്കും. വന്നു നോക്കൂ എന്ന് കമല്‍. അപ്പോള്‍ എനിക്കും തോന്നി എന്നാല്‍ ഒന്നു ശ്രമിച്ചു നോക്കാമെന്ന്. അങ്ങനെ ഞാനും എന്റെ കളരിയിലെ കുറച്ച് പിള്ളേരും കളരി ആയുധങ്ങളുമായി ഷൊര്‍ണൂരിലെ സിനിമയുടെ ലൊക്കേഷനിലെത്തി. സെറ്റിലെത്തിയപ്പോള്‍ കമലും തിരക്കഥാകൃത്ത് രഞ്ജിത്തും സിനിമയുടെ ഏകദേശ കഥ പറഞ്ഞു തന്നു. കളരിയിലെ ചില മുറകള്‍ അവരെ ചെയ്തു കാണിച്ചു. അതില്‍ ആവശ്യമുള്ളത് അവര്‍ സിനിമയില്‍ ഉപയോഗിച്ചു. 

തെങ്ങില്‍ കയറി കരിക്കിട്ട ഞാന്‍ അങ്ങനെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി

'പെരുവണ്ണാപുരത്തെ വിശേഷം' ഇറങ്ങിയതോടെ ഞാന്‍ നാട്ടില്‍ സിനിമാക്കാരനായി അറിയപ്പെടാന്‍ തുടങ്ങി. അന്നത്തെ കാലത്ത് സിനിമാക്കാര്‍ എന്നൊക്കെ പറയുന്നത് വലിയ അത്ഭുതമാണ്. ഞാനൊരു ഭീകര സംഭവമാണെന്ന് നാട്ടുകാര്‍ വിചാരിച്ചു. അപ്പോള്‍ ഞാനും കരുതി കുറച്ചുകാലം സിനിമയ്‌ക്കൊപ്പം സഞ്ചരിക്കാമെന്ന്. പിന്നീട് ഞാന്‍ വര്‍ക്ക് ചെയ്യുന്നത് 'കവാടം' എന്ന സിനിമയിലാണ്. ജയഭാരതി, അഞ്ജു അരവിന്ദ്, വിനീത് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പാലക്കാട് കവാ എന്ന സ്ഥലത്താണ് ലൊക്കേഷന്‍. അന്നത്തെ കാലത്ത് ഈ കുപ്പിവെള്ളമൊന്നും അവിടെ ലഭ്യമല്ല. ലൊക്കേഷനില്‍ ആണെങ്കില്‍ തിളപ്പിച്ചാറ്റിയ വെള്ളം ഒരു ചരുവത്തില്‍ ഒഴിച്ചു വയ്ക്കും. എല്ലാവരും അതില്‍ നിന്നാണ് കുടിക്കുക. കവായിലാണെങ്കില്‍ ഭയങ്കര ചൂടാണ് അപ്പോള്‍. ഒരു ദിവസം വെള്ളം തീര്‍ന്നു. എല്ലാവരും ദാഹിച്ചു വലഞ്ഞ് അവശരായി. ഞാന്‍ പിന്നെ ഒന്നും ആലോചിച്ചില്ല. ഉടമസ്ഥരോട് അനുവാദം വാങ്ങി ലൊക്കേഷനില്‍ നിന്ന് ഒരു തോര്‍ത്തുവാങ്ങി തെങ്ങില്‍ കയറി കരിക്കിട്ട് എല്ലാവര്‍ക്കും കൊടുത്തു. അത് ലൊക്കേഷനിലാകെ ചര്‍ച്ചയായി. ശ്രീ മൂവീസ് ഉണ്ണിത്താന്റെ യൂണിറ്റായിരുന്നു അവിടെ ഉണ്ടായിരുന്നത്. അവരില്‍ ആരോ രഞ്ജിത്ത് രജപുത്രയോട് പറഞ്ഞു, ''ഇവിടെ ഒരു പുള്ളിക്കാരനുണ്ട്, ആള് ഭയങ്കര സ്മാര്‍ട്ടാണ്.'' അവർ  ദാഹിച്ച് ഇരിക്കുമ്പോള്‍ തെങ്ങില്‍ കയറി കരിക്ക് ഇട്ട് കൊടുത്തുവെന്ന് ജയഭാരതി ചേച്ചി പറഞ്ഞു. അതുകേട്ട രഞ്ജിത്ത് എന്നെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടു. അതിന് ശേഷം ഞാന്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി, പിന്നീട് സ്വതന്ത്രമായി പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായി. അതിനിടെ ഏതാനും സിനിമകളില്‍ ചെറിയ വേഷങ്ങളിട്ടു. 

എന്നെ അത്ഭുതപ്പടുത്തിയ 'മടിച്ചി'യായ മഞ്ജു വാര്യര്‍

placeholder
ദയയില്‍ നെടുമുടി വേണുവും മഞ്ജു വാര്യരും

മഞ്ജു വാര്യര്‍ പ്രധാനകഥാപാത്രമായ 'ദയ'യില്‍ ഞാന്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആയിരുന്നു. അതില്‍ എനിക്ക് മഞ്ജു വാര്യരെ കളരി പഠിപ്പിക്കാനും അവസരം കിട്ടി. വേണുവായിരുന്നു സംവിധായകന്‍. രാജസ്ഥാനിലെ ജയ്‌സല്‍മെര്‍ ആയിരുന്നു ലൊക്കേഷന്‍. മഞ്ജുവിനെ നാട്ടില്‍ നിന്ന് തന്നെ കളരി പരിശീലിപ്പിക്കണമെന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷേ ഞാനും മഞ്ജുവും തിരക്കിലായതിനാല്‍ അതിന് സാധിച്ചില്ല. ജയ്‌സല്‍മെറില്‍ എത്തി പരിശീലിപ്പിക്കാമെന്ന് കരുതിയപ്പോള്‍ ആകെ കുടുങ്ങി. അവിടെ ആറ് മണിവരെ മാത്രമേ ഷൂട്ടിങ് ഉണ്ടായിരിക്കുകയുള്ളൂ. അത് കഴിഞ്ഞാല്‍ മരംകോച്ചുന്ന തണുപ്പാണ്. മഞ്ജു അന്ന് അല്‍പ്പം മടിച്ചിയാണ്. പഠിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍, നാളെ ആകാം ഗുരുക്കള്‍ ചേട്ടാ എന്ന് പറയും. എനിക്ക് ആകെ ടെന്‍ഷനായി. വേണു സാര്‍ അത്യാവശ്യം കാര്‍ക്കശ്യക്കാരനാണ്. എന്തുകൊണ്ട് നിങ്ങള്‍ പഠിപ്പിച്ചില്ല, നേരത്തേ പറഞ്ഞതല്ലേ എന്നൊക്കെ ചോദിക്കും. ഷൂട്ടിങ് കഴിഞ്ഞാല്‍ ഞാനും മഞ്ജുവും നടക്കാന്‍ പോകും. കഥകള്‍ പറഞ്ഞും അവിടുത്തെ സ്ട്രീറ്റ് ഫുഡ് കഴിച്ചും സമയം കളയും. ഒരു ദിവസം വേണു സാര്‍ പറഞ്ഞു, നാളെയാണ് വാള്‍പ്പയറ്റ് ഷൂട്ട് ചെയ്യുന്നത് എല്ലാവരും തയ്യാറാകണമെന്ന്. അത് കേട്ടപ്പോള്‍ മഞ്ജു ആകെ പരിഭ്രമിച്ചു. എത്രയും വേഗം പഠിച്ചില്ലെങ്കില്‍ ആകെ കുഴപ്പമാകും എന്ന് മനസ്സിലായി. പറഞ്ഞാല്‍ വിശ്വസിക്കില്ല, ഏതാനും മണിക്കൂറുകള്‍കൊണ്ട് മഞ്ജു എല്ലാം അനായാസം പഠിച്ചെടുത്തു. മഞ്ജു അസാമാന്യ അഭിനേത്രിയും ഒരു ഗംഭീര നര്‍ത്തകി കൂടിയാണല്ലോ. അതുകൊണ്ടായിരിക്കണം എളുപ്പത്തില്‍ പഠിച്ചെടുക്കാനായത്.

placeholder
മഞ്ജു വാര്യര്‍ക്കൊപ്പം അഷ്‌റഫ് ഗുരുക്കള്‍

പിന്നീട് 'ചക്രം' എന്ന സിനിമയുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജു നെല്ലിമൂടായിരുന്നു. മോഹന്‍ലാല്‍, വിദ്യാ ബാലന്‍, ദിലീപ് എന്നിവരെ വച്ചാണ് ചക്രം തുടങ്ങിയത്. കമലായിരുന്നു സംവിധായകന്‍. പക്ഷേ ആ സിനിമ കുറച്ചുദിവസത്തെ ചിത്രീകരണത്തിന് ശേഷം മുടങ്ങിപ്പോയി. പിന്നീട് ലോഹിതദാസ് പൃഥ്വിരാജ്, മീര ജാസ്മിന്‍ എന്നവരെ വച്ച് സിനിമ പുന:രാരംഭിച്ചു. അതില്‍ ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി. പിന്നീട് കമല്‍ സാറിന്റെ നമ്മള്‍, സ്വപ്‌നക്കൂട് എന്നീ സിനിമകളില്‍ പ്രവര്‍ത്തിച്ചു. കുറച്ചു സിനിമകള്‍ ചെയ്തപ്പോള്‍ ഒരു ബ്രേക്ക് എടുക്കാമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് പരസ്യചിത്രങ്ങള്‍ ചെയ്യുന്നത്. മോഹന്‍ലാലിനെ വച്ച് മലബാര്‍ ഗോള്‍ഡിന്റെ ശുചിത്വകേരളം എന്ന ഒരു കാമ്പയിന്‍ ഉണ്ടായിരുന്നു. പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തെക്കുറിച്ച്. അതിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഞാനായിരുന്നു. കൂടാതെ 'കായംകുളം കൊച്ചുണ്ണി' എന്ന സീരിയല്‍ ചെയ്തു. അതിലെ സംഘട്ടന രംഗങ്ങള്‍ ചെയ്തു

ബയോപ്‌സി ഫലം കാത്തിരുന്ന ആ ഏഴ് ദിനങ്ങള്‍

placeholder
അഷ്‌റഫ് ഗുരുക്കള്‍ സിനിമാ സെറ്റില്‍

ഒരു സീരിയലില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ജീവിതം കീഴ്‌മേല്‍ മറിയുമെന്ന് തോന്നിയ പ്രതിസന്ധി കടന്നുവരുന്നത്. നാവിന്റെ ഇടത് വശത്ത് ചെറിയ പാച്ചുകള്‍ പോലെ വരുന്നു. വായ്പുണ്ണായിരിക്കുമെന്ന് കരുതി ബി കോംപ്ലക്‌സ് ഗുളിക കഴിച്ചു. എന്നിട്ടും മാറുന്നില്ല. ഒരു ദിവസം നാവില്‍ ബ്ലീഡിങ്ങായി വേദനയായി. വൈകാതെ എനിക്ക് പരിചയമുള്ള ആലുവയിലെ ഡോക്ടര്‍ ജിജോ പോളുമായി ബന്ധപ്പെട്ടു. അദ്ദേഹത്തോട് കാര്യം തുറന്ന് പറഞ്ഞു. ഷൂട്ടിങ്ങിന് ശേഷം അദ്ദേഹത്തെ നേരില്‍ വന്നു കാണാന്‍ ആവശ്യപ്പെട്ടു. എന്റെ നാവ് പരിശോധിച്ചശേഷം, അദ്ദേഹം പറഞ്ഞു വിദഗ്ധ ചികിത്സയ്ക്കായി ഓങ്കോളജിസ്റ്റിനെ കാണണമെന്ന്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഞാന്‍ അമൃതാ ഹോസ്പിറ്റലിലെത്തി ഓങ്കോളജി ഡോക്ടറെ കാണിച്ചു. അദ്ദേഹം ബയോപ്‌സി ചെയ്യാന്‍ ആവശ്യപ്പെട്ടു. അതു കേട്ടപ്പോള്‍ ഞാന്‍ ഭയന്നുപോയി. ബയോപ്‌സി എടുത്ത് ഏഴ് ദിവസം കാത്തിരുന്നതിന് ശേഷമാണ് പരിശോധന ഫലം വന്നത്. ആ എഴ് ദിവസങ്ങള്‍ ഞാന്‍ തീ തിന്നുകയായിരുന്നു എന്ന് പറയാം. ഫലം വന്നപ്പോള്‍ അത്ഭുതമൊന്നും സംഭവിച്ചില്ല. ഡോക്ടര്‍മാര്‍ സംശയിച്ചത് പോലെ കാന്‍സര്‍ തന്നെ. ഞാന്‍ ആദ്യം ഓര്‍ത്തത് കുടുംബത്തെക്കുറിച്ചോര്‍ത്താണ്. ഭാര്യയും മൂന്ന് പെണ്‍മക്കളും ഒരു മകനും അടങ്ങുന്നതാണ് എന്റെ കുടുംബം. അതില്‍ മക്കളുടെ വിവാഹം കഴിഞ്ഞിരുന്നു. ഒരു മകനും മകളും എനിക്കൊപ്പമുണ്ട്. എല്ലാം ഓര്‍ത്തപ്പോള്‍ ആധിയായി.

പ്രതിസന്ധിയില്‍ കൈത്താങ്ങായി നിന്ന ദിലീപും രഞ്ജിത്തും

ഏതോ ഒരു ഘട്ടത്തില്‍ ഭയം ധൈര്യമായി. വിട്ടുകൊടുക്കില്ല, പൊരുതണം എന്ന് ഉറപ്പിച്ചു. തിരുവന്തപുരം ആര്‍.സി.സിയില്‍ ചികിത്സ തേടി. എല്ലാ പിന്തുണയുമായി കുടുംബം എനിക്കൊപ്പമുണ്ടായിരുന്നു. തിരുവന്തപുരത്ത് താമസമടക്കമുള്ള സൗകര്യങ്ങൾ ചെയ്തു തന്നത് രഞ്ജിത്ത് രജപുത്രയാണ്. സാമ്പത്തിക സഹായം ഉറപ്പുവരുത്തുന്നതിന്  വേണ്ടി രഞ്ജിത്ത് ചലച്ചിത്ര അക്കാദമിയെയും നടന്‍ ദിലീപിനെയും ബന്ധപ്പെട്ടു. ദീലിപിന്റെ അച്ഛന്റെ പേരിലൊരു ട്രസ്റ്റുണ്ട്. രഞ്ജിത്ത് കാര്യം പറഞ്ഞപ്പോള്‍ ദിലീപ് പറഞ്ഞു, ''ചേട്ടാ വിഷമിക്കേണ്ട, എന്നെക്കൊണ്ട് കഴിയാവുന്നതെന്തും ചെയ്യാ''മെന്ന്.  ദിലീപ് വാക്ക് പറഞ്ഞതുപോലെ ചെയ്തു, ചികിത്സയ്ക്കു വേണ്ട ചെലവിന്റെ 75 ശതമാനം ദിലീപാണ് നിര്‍വഹിച്ചത്. ഓപ്പറേഷനില്‍ നാക്കിന്റെ ഒരു ഭാഗം മുറിച്ചു കളയേണ്ടി വന്നു. പല്ലുകളും എടുത്തു. അങ്ങനെ രോഗത്തില്‍ നിന്നും മോചിതനായി. ഇപ്പോള്‍ ഇടയ്ക്കിടെ ചെക്കപ്പ് നടക്കുന്നു. ഇതുവരെ യാതൊരു പ്രശ്‌നവുമില്ല. 

'സൗണ്ട് തോമ' ചിത്രീകരണം നടക്കുമ്പോള്‍ ഒരിക്കല്‍ ഞാന്‍ ദിലീപിനെ കാണാന്‍ പോയി. അന്ന് എന്റെ മൂക്കില്‍ ഒരു ട്യൂബിട്ടിരുന്നു. അതുകൊണ്ടു തന്നെ ഞാന്‍ പറയുന്നതൊന്നു തന്നെ വ്യക്തമല്ല. ദിലീപിനോട് ഞാന്‍ തമാശയായി പറഞ്ഞു, 'സൗണ്ട് തോമ' വേണമെങ്കില്‍ ഞാന്‍ ഡബ്ബ് ചെയ്യാമെന്ന്. അതുകേട്ടപ്പോള്‍ ദിലീപിന്റെ കണ്ണൊക്കെ നിറഞ്ഞു. 

ആ മോഡലിന്റെ മറുപടി കേട്ടപ്പോള്‍ കണ്ണു നിറഞ്ഞു

എന്നെ ജീവിതത്തില്‍ ഒരുപാട് വികാരാധീനനാക്കിയ ഒരു സംഭവമുണ്ട്. ഒരിക്കലും മറക്കുകയില്ലത്. കാന്‍സറില്‍ നിന്ന് മുക്തനായ ശേഷം ഞാന്‍ മാത്യു എന്നൊരാളുടെ പരസ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സമയം. ആ പരസ്യത്തില്‍ പത്തോളം മോഡലുകളുണ്ടായിരുന്നു. അതില്‍ ഒരു മോഡല്‍ ചിത്രീകരണത്തിനായി റൂമില്‍ നിന്ന് ഇറങ്ങിയാല്‍ ആ നിമിഷം മുതല്‍ മണിക്കൂറിനാണ് പൈസ ചാര്‍ജ് ചെയ്യുന്നത്. ലൊക്കേഷനില്‍ പോകേണ്ട സമയമായപ്പോള്‍ ഞാന്‍ വരെ വിളിച്ചു പറഞ്ഞു, ''മാഡം, റൂമില്‍ നിന്ന് ഇറങ്ങിക്കോളൂ, ഇപ്പോള്‍ ലൊക്കേഷനിലേക്കുള്ള വണ്ടി വരു''മെന്ന്. ഞാന്‍ ഡ്രൈവറെ വിളിച്ച് വൈറ്റ്‌ഫോര്‍ട്ട് ഹോട്ടലിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. എത്തേണ്ട സമയമായിട്ടും വണ്ടി വരുന്നില്ല. എനിക്കാകെ പരിഭ്രമമായി. കാരണം ചിത്രീകരണം വൈകും തോറും മോഡലിന് കൂടുതല്‍ പണവും നല്‍കേണ്ടി വരും. അങ്ങനെ സംഭവിച്ചാല്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് എന്ന നിലയില്‍ എന്റെ പരാജയമായിരിക്കും. അവസാനം ഞാന്‍ ഡ്രൈവറെ വിളിച്ചു, എവിടെയാണ് എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു, ചേട്ടന്‍ പറഞ്ഞതുപോലെ ഞാന്‍ ഹൈക്കോര്‍ട്ടിന്റെ അവിടെ നില്‍ക്കുകയാണെന്ന്. അന്ന് ഞാന്‍ തിരിച്ചറിഞ്ഞു, ഇത് എന്റെ നാവിന്റെ പിഴയാണ്, വൈറ്റ്‌ഫോര്‍ട്ട് ഹൈക്കോര്‍ട്ടായി തെറ്റിദ്ധരിച്ചതില്‍ അയാളെ കുറ്റം പറയാനാകില്ല. ഞാന്‍ സംസാരിക്കുന്നതല്ല പുറത്തുകേള്‍ക്കുന്നത്. ഞാന്‍ നേരേ മോഡലിന്റെ അടുത്ത് ചെന്ന് പറഞ്ഞു, ''മാഡം, എനിക്ക് കാന്‍സറായിരുന്നു, നാവിന്റെ ഒരു ചെറിയഭാഗം നീക്കം ചെയ്തതിനാല്‍ സംസാരിക്കുന്നതില്‍ ചില തകരാറുകളുണ്ട്. വൈറ്റ് ഫോര്‍ട്ട് എന്ന് പറഞ്ഞത് ഹൈക്കോര്‍ട്ടായി ഡ്രൈവര്‍ തെറ്റിദ്ധരിച്ചു. ക്ഷമിക്കണം''. അവര്‍ അപ്പോള്‍ എന്നോട് പറഞ്ഞു, ''സാരമില്ല, നിങ്ങള്‍ വിഷമിക്കേണ്ട, വൈകിയ ഒരു മണിക്കൂറിന്റെ പൈസ ഞാന്‍ ഈടാക്കുന്നില്ല''. അതു കേട്ടപ്പോൾ കണ്ണു നിറഞ്ഞു. ഒരുപാട് തിരക്കളുള്ള ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന മോഡലാണ് അവര്‍. എനിക്ക് വേണ്ടി ഇങ്ങനെ ഒരു വിട്ടുവീഴ്ച ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. 

സൗരവ് ഗാംഗുലിയ്‌ക്കൊപ്പമുള്ള അനുഭവം

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയ്‌ക്കൊപ്പം ഒരു പരസ്യം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു. ഇമാനി സോനചാന്ദി ചവനപ്രാശത്തിന്റെ പരസ്യം. കളരി ബേസ്ഡ് പരസ്യമായിരുന്നു. സൗരവ് ഗാംഗുലിയെ കളരിയുടെ ബേസ് മൂവ്‌മെന്റുകള്‍ പഠിപ്പിച്ചു. അന്ന് ആറു വയസ്സുണ്ടായിരുന്ന എന്റെ മകനും ആ പരസ്യത്തില്‍ അഭിനയിച്ചു. 

തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷം, മുന്നോട്ടുനോക്കുമ്പോള്‍ പ്രതീക്ഷയും

placeholder
അഷ്‌റഫ് ഗുരുക്കള്‍ കുഞ്ചാക്കോ ബോബനൊപ്പം

ജീവിത്തതില്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഭയങ്കര സന്തോഷമാണ്. പ്രൊഡക്ഷന്‍ മാനേജര്‍ അല്ലെങ്കില്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പദവിയില്‍ ഇരുന്ന ഒരാള്‍ ഫൈറ്റ് മാസ്റ്റര്‍ ആകുന്നത് അപൂര്‍വ്വ സംഭവമാണ്. പ്രതിവര്‍ഷം ഞാന്‍ നാല്‍പ്പതോളം സിനിമകള്‍ ഇപ്പോള്‍ ചെയ്യുന്നുണ്ട്. ഹിന്ദി, ഭോജ്പുരി, മറാത്തി, തെലുങ്ക്, കന്നട, തമിഴ് പിന്നെ മലയാളവും. 'ജയില'റില്‍ ബ്ലാസ്റ്റ് മോഹന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുനില്‍ നായകനായ 'ഉംഗരാള രാമബാബു', 'ധ്രുവ'ത്തിലെ ഹൈദര്‍മരയ്ക്കാരായി വേഷമിട്ട ടൈഗര്‍ പ്രഭാകറിന്റെ മകന്‍ വിനോദ് പ്രഭാകറിന്റെ ചിത്രം, വിന്‍സി അലോഷ്യസിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച 'രേഖ', 'എന്താടാ സജി' തുടങ്ങിയ സിനിമകള്‍ക്ക് ഫൈറ്റ് ഒരുക്കി. 'നദികളില്‍ സുന്ദരി യമുന'യാണ് ഈ അടുത്ത് റിലീസ് ചെയ്തത്. സണ്ണി വെയിന്റെ 'ടര്‍ക്കിഷ് തര്‍ക്കം', 'ഐമ', 'ഡെക്‌സ്റ്റര്‍', കുഞ്ചാക്കോ ബോബന്‍- സുരാജ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന 'ഗര്‍...' അതൊക്കെയാണ് ഇനി റിലീസ് ചെയ്യാനുളള ചിത്രങ്ങള്‍. മമ്മൂക്കയുടെ 'മാമാങ്ക'ത്തില്‍ ഞാനൊരു ഭാഗം ചെയ്തിരുന്നു. പക്ഷേ സംവിധായകന്‍ മാറിയപ്പോള്‍ സിനിമയില്‍ മാറ്റങ്ങള്‍ വന്നു. അതുകൊണ്ട് ആ രംഗങ്ങള്‍ പുറത്തുവന്നില്ല. പൃഥ്വിരാജിന്റെ 'ജനഗണമന'യില്‍ ട്രെയ്‌ലര്‍ ഫൈറ്റ് ചെയ്തത് ഞാനാണ്. പക്ഷേ അത് സിനിമയില്‍ ഇല്ല. 

ജയരാജ് നല്‍കിയ കണ്ണപ്പ ചേകവര്‍; ആദ്യം മടിച്ചു, പിന്നെ അഭിനയിച്ചു

ജയരാജ് സാറിന്റെ 'വീര'ത്തില്‍ ഞാന്‍ ചെറുതല്ലാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒരിക്കല്‍ ജയരാജ് സാര്‍ എന്നെ വിളിച്ച് തിരുവന്തപുരത്തെ ലൊക്കേഷനിലേക്ക് വരാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ 'കണ്ണകി'യില്‍ ഞാന്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വര്‍ഷങ്ങളുടെ പരിചയമുണ്ട്. ഞാന്‍ അവിടെയെത്തിയപ്പോള്‍ ഹിന്ദി നടന്‍ കുനാല്‍ കപൂര്‍ നില്‍ക്കുന്നു. അദ്ദേഹത്തിന്റെ ചിത്രം മാസികകളില്‍ കണ്ടിട്ടുണ്ട് എന്നല്ലാതെ നേരില്‍ കണ്ടിട്ടില്ല. എന്നെ ആര്‍ട്ട് ഡയറക്ടര്‍ അവര്‍ക്കെല്ലാം  പരിചയപ്പെടുത്തി കൊടുത്തു. ഞാന്‍ ചോദിച്ചു, 'എന്താണ് സംഭവം സാറേ?' വീരത്തില്‍ കണ്ണപ്പ ചേകവര്‍ എന്ന വേഷം ചെയ്യാമോ എന്ന് ജയരാജ് സാര്‍ ചോദിച്ചു. ആദ്യം ഞാനൊന്ന് മടിച്ചു. കാരണം ഓപ്പറേഷന് ശേഷം എന്റെ ചുണ്ടിന് ചെറിയ  പ്രശ്‌നം സംഭവിച്ചിട്ടുണ്ട്. അതൊന്നു സാരമില്ലെന്ന് ജയരാജ് സാര്‍. അങ്ങനെ കണ്ണപ്പ ചേകവരായി. പക്ഷേ കണ്ണപ്പ ചേകവര്‍ ഞാനാണെന്ന് ആരും തിരിച്ചറിച്ചില്ല. കാരണം അത്രയും വ്യത്യസ്തമായിരുന്നു എന്റെ മേക്കോവര്‍. എനിക്കു പോലും അത്ഭുതമായിരുന്നു.

ഭീമന്റെ വഴിയും, ഒരൊറ്റ കിക്കും

placeholder
ഭീമന്റെ വഴിയിൽ അഷ്റഫ് ഗുരുക്കൾ

മുപ്പത്തിയഞ്ച് വര്‍ഷം സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടും എന്നെ ആളുകള്‍ കൂടുതല്‍ തിരിച്ചറിയാന്‍ കാരണമായി തീര്‍ന്നത് 'ഭീമന്റെ വഴിയിലെ' ഒരൊറ്റ രംഗമാണ്. ഒരേയൊരു കിക്ക്, അത്ര മാത്രമേയുള്ളൂ. പക്ഷേ അത് വലിയ മൈലേജ് നല്‍കി. അഭിനയിക്കുന്നില്ലെന്നാണ് ആദ്യം ഞാന്‍ പറഞ്ഞത്. എന്നാല്‍ സംവിധായകന്‍ അഷ്‌റഫ് ഹംസ എന്നെ വിളിച്ച് പറഞ്ഞ് അതൊന്ന് ചെയ്തു തരണമെന്ന് പറഞ്ഞു. കമല്‍ സാറിന്റെ അസോസിയേറ്റ് ഹരീഷ് ആയിരുന്നു 'ഭീമന്റെ വഴി'യുടേയും അസോസിയേറ്റ്. 'ഗുരുക്കളേട്ടാ, നല്ല വേഷമാണ്, ഗംഭീര റീച്ച് കിട്ടും.' എന്നൊക്കെ അദ്ദേഹം പറഞ്ഞു. ക്ലൈമാക്‌സാണ് ആ സിനിമയുടെ ഹൈലൈറ്റ്. ഗുണ്ടകള്‍ ആക്രമിക്കാന്‍ വരുമ്പോള്‍ മൂലയില്‍ ഒരുങ്ങി നിന്നിരുന്ന വയസ്സനായ കഥാപാത്രത്തിന്റെ അപതീക്ഷിതമായ കിക്ക്. അതു ക്ലിക്കായി.

സിനിമ നല്‍കിയ ജീവിതപാഠങ്ങള്‍

placeholder
ആന്റണി പെപ്പേയ്‌ക്കൊപ്പം അഷ്‌റഫ് ഗുരുക്കള്‍

സിനിമയാണ് എനിക്ക് എല്ലാം നല്‍കിയത്. ജീവിക്കാന്‍ പണം വേണം. സിനിമയില്‍ വന്നതിന് ശേഷം വലിയ സാമ്പത്തിക പ്രശ്‌നങ്ങളൊന്നും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. അതിലുപരി എല്ലാ ദിവസവും പ്രായഭേദമന്യേ പുതിയ ആളുകളെ പരിചയപ്പെടുന്നു. ഒരുപാട് യാത്രകള്‍ ചെയ്യാന്‍ സാധിക്കുന്നു. വ്യത്യസ്ത സംസ്‌കാരങ്ങളും ജീവിത രീതിയും അറിയാന്‍ സാധിക്കുന്നു. ഇതെല്ലാം എനിക്ക് സിനിമ നല്‍കിയ സൗഭാഗ്യമാണ്. പുതിയ തലമുറയിലേക്ക് വരുമ്പോള്‍, ഇപ്പോഴത്തെ കുട്ടികളെല്ലാം മിടുക്കന്‍മാരാണ്. അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിക്കുമ്പോള്‍ ഞാനും പുതിയ കാര്യങ്ങള്‍ പഠിക്കുന്നു. ഒരു അനുഭവം പറയാം, 'ഓ മേരി ലൈല' എന്ന സിനിമയുടെ ഒരു ഭാഗം മഹാരാജാസില്‍ ചിത്രീകരിച്ചതിന് ശേഷം ആന്റണി പെപ്പേ എന്നെ വന്നു കെട്ടിപ്പിടിച്ച് ഒരു ഫോട്ടോ എടുത്തു. എനിക്കത് വലിയ സന്തോഷമായി.

കളരിയില്ലെങ്കില്‍ ഞാനില്ല....

കളരിയാണ് എന്നെ ഇവിടം വരെ എത്തിച്ചത്. അത് മറ്റൊരാളെ ഉപദ്രവിക്കാനുള്ള ആയോധനകലയല്ല. മറിച്ച് സ്വയം പ്രതിരോധത്തിനുള്ളതാണ്. മനസ്സും ശരീരവും പൂര്‍ണമായും കളരിയില്‍ സമര്‍പ്പിച്ചതുകൊണ്ടായിരിക്കണം എന്റെ സ്വഭാവം പൊതുവേ ശാന്തമാണ്. കാന്‍സര്‍ വന്നപ്പോള്‍ ആദ്യം പരിഭ്രമിച്ചുപോയെങ്കിലും ചികിത്സയ്‌ക്കൊപ്പം കളരി നല്‍കിയ ആത്മവിശ്വാസമാണ് എന്നെ പിടിച്ചു നിര്‍ത്തിയത്. എനിക്കിപ്പോള്‍ അറുപത്തിയഞ്ച് വയസ്സാകുന്നു. പക്ഷേ ആ പ്രായത്തില്‍ പൊതുവേ വരുന്ന അവശതകളോ വയ്യായ്കകളോ എനിക്കില്ല. ഇന്നും ഊര്‍ജ്ജസ്വലനായി ഇരിക്കാനും സിനിമയില്‍ സജീവമായി നിര്‍ത്താനും കളരിയാണ് എന്നെ സഹായിക്കുന്നത്. കളരിയില്ലെങ്കില്‍ ഞാനില്ല, അങ്ങനെയും പറയാം.