നാടകവേദിയില്‍നിന്ന് സിനിമയിലേക്കെത്തിയ ഒരു സിനിമാമോഹിയാണ് അപ്പാനി ശരത് എന്ന യുവതാരം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'അങ്കമാലി ഡയറീസി'ലെ വില്ലന്‍ വേഷം ഒരു പുതുമുഖ നടന്റെ പരിമിതികളൊന്നുംതന്നെയില്ലാതെ അപ്പാനി ശരത് അതിഗംഭീരമാക്കി. പിന്നീട് ഈ നടനിലെ അഭിനേതാവിനെ അതിന്റെ പൂര്‍ണതയില്‍ വിശ്വസിച്ചത് തമിഴ് സിനിമയാണ്. തമിഴ്നാടിനെ വിറപ്പിച്ച കൊടുംകുറ്റവാളിയായ ഓട്ടോ ശങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ വെബ് സീരീസില്‍ ഓട്ടോ ശങ്കറായി അപ്പാനി ശരത് മികച്ചപ്രകടനമാണ് കാഴ്ചവെച്ചത്. ഒരിടവേളയ്ക്കുശേഷം അപ്പാനി ശരത് നായകനാകുന്ന മലയാള ചിത്രം റിലീസ് ചെയ്യുകയാണ്. വിനോദ് ഗുരുവായൂര്‍ സംവിധാനംചെയ്യുന്ന 'മിഷന്‍ സി'യില്‍ അപ്പാനി ശരത്തിനെ കൂടാതെ ഒരു വലിയ താരനിരതന്നെ അണിനിരക്കുന്നു. ഇതുകൂടാതെ, അപ്പാനി ശരത് സംവിധാനംചെയ്യുന്ന മോണിക എന്ന വെബ് സീരീസുകൂടി പുറത്തിറങ്ങുകയാണ്. ഭാര്യ രേഷ്മയും സീരീസില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മാലികിലെ ഷിബു എന്ന കഥാപാത്രം വലിയ ചര്‍ച്ചയായല്ലോ?

ഏറെ സന്തോഷം നല്‍കുന്നു. വേഷത്തിന്റെ വലുപ്പ ചെറുപ്പം നോക്കാറില്ല ഞാന്‍.  അതുകൊണ്ടാണ് മാലികിലേക്ക് വിളിച്ചപ്പോള്‍ അഭിനയിക്കാന്‍ പോയത്. മഹേഷ് നാരായണന്‍ സാറിന്റെ വര്‍ക്കുകള്‍ നേരത്തേയും ശ്രദ്ധനേടിയവയാണ്. ഒരുപാട് സംസാരിക്കുന്ന, അണയുന്നതിന് മുന്‍പ് ആളിക്കത്തുന്ന തരത്തിലുള്ള കഥാപാത്രമാണ് ഷിബു. വളരെ പെട്ടന്ന് വരുന്നു, പോകുന്നു. പക്ഷേ ഏറെ ശ്രദ്ധിക്കപ്പെട്ടു. മാലികിലെ എല്ലാ കഥാപാത്രങ്ങള്‍ളും കാമ്പുള്ളവയാണ്. അതു തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകതയും.

'മിഷന്‍ സി'യുടെ വിശേഷങ്ങള്‍ പങ്കുവെക്കാമോ

ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് മിഷന്‍ സി. ചിത്രത്തില്‍ ഒരു ജേണലിസം വിദ്യാര്‍ഥിയുടെ കഥാപാത്രത്തെയാണ് ഞാനവതരിപ്പിക്കുന്നത്. വിനോദസഞ്ചാരത്തിനുപോകുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രയ്ക്കിടയില്‍ ആകസ്മികമായി നേരിടേണ്ടിവരുന്ന ദുരവസ്ഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അത് പ്രണയത്തിന്റെയും ഇടുക്കിയുടെ മനോഹരമായ പ്രകൃതിഭംഗിയുടെയും പശ്ചാത്തലത്തില്‍ പറയുന്നു. പ്രണയത്തിനും നര്‍മങ്ങള്‍ക്കുമെല്ലാം നല്ല സ്ഥാനമുണ്ടെങ്കിലും സിനിമയില്‍ ഉയര്‍ന്നുനില്‍ക്കുന്നത് ത്രില്ലര്‍ സ്വഭാവമുള്ള ജിജ്ഞാസ നിറഞ്ഞ പ്രമേയംതന്നെയാണ്. വേറിട്ട ശൈലിയിലൂടെയാണ് വിനോദ് ഗുരുവായൂര്‍ സാര്‍ സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. നൂതന സാങ്കേതികവിദ്യയും വേറിട്ട ചിത്രീകരണരീതിയും ദൃശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി, സംഭാഷണങ്ങള്‍ കുറച്ചുകൊണ്ടുള്ള അവതരണരീതിയുമെല്ലാം ഈ സിനിമയുടെ മറ്റു പ്രത്യേകതകളാണ്. 'പൊറിഞ്ചു മറിയം ജോസി'ലൂടെ ശ്രദ്ധനേടിയ മീനാക്ഷി നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. കൈലാഷ്, മേജര്‍ രവി, ജയകൃഷ്ണന്‍ എന്നിവരാണ് സിനിമയിലെ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരെക്കൂടാതെ ഒട്ടേറെ പുതുമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

'മോണിക'യിലൂടെ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചുവല്ലോ? ഭാര്യ രേഷ്മയും അഭിനയരംഗത്തേക്ക് കാലെടുത്തുവെച്ചു. മോണികയുടെ വിശേഷങ്ങള്‍ പറയാമോ

സംവിധാനം ചെയ്യണമെന്ന ചിന്ത എനിക്കുണ്ടായിരുന്നില്ല. മാനസികമായും ലോക്ഡൗണ്‍ കാലത്ത് ഒന്നും ചെയ്യാനില്ലാതെയിരുന്ന സമയത്ത് കാനഡയിലുള്ള എന്റെ സുഹൃത്ത് വിഷ്ണുവാണ് വെബ് സീരീസിന്റെ ആശയം പറയുന്നത്. 10 മിനിറ്റോളമുള്ള പത്ത് എപ്പിസോഡുകള്‍ മതിയെന്ന് വിഷ്ണു പറഞ്ഞു. ഓട്ടോശങ്കര്‍ പോലൊരു വലിയ വെബ് സീരീസ് ചെയ്തതിനുശേഷം ഞാന്‍ മറ്റൊന്നുചെയ്യുമ്പോള്‍ അത് ചെറുതായൊന്ന് പാളിപ്പോയാല്‍ വിമര്‍ശിക്കപ്പെടും എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. അപ്പോള്‍ രേഷ്മയാണ് അങ്ങനെ ചിന്തിക്കരുതെന്നും സാഹചര്യത്തെ നേരിടാന്‍ പഠിക്കണമെന്നും പറഞ്ഞ് എന്നെ ഉപദേശിക്കുന്നത്. രേഷ്മ നല്‍കിയ ധൈര്യത്തിലാണ് സ്‌ക്രിപ്റ്റ് എഴുതിയത്. പുറത്തൊന്നും ചിത്രീകരിക്കാന്‍പറ്റാത്ത സാഹചര്യമായതിനാല്‍ ഒരു വീട്ടില്‍ത്തന്നെയാണ് സെറ്റിട്ടത്. ഒടുവില്‍ സംവിധാനംചെയ്യാം എന്നുകൂടി തീരുമാനിക്കുകയായിരുന്നു. ആക്‌സിഡന്റല്‍ ഡയറക്ടര്‍ എന്നെല്ലാം പറയില്ലേ അതായിരുന്നു. പക്ഷേ, ചെയ്തുവന്നപ്പോള്‍ വളരെ ഗൗരവത്തോടെയാണ് ഞങ്ങള്‍ ചെയ്തത്. നിര്‍മാതാക്കളുടെയും ശക്തമായ പിന്തുണയുണ്ടായിരുന്നു. ഫ്രാന്‍സിസാണ് എഡിറ്റിങ്, പശ്ചാത്തലസംഗീതം ഫോര്‍ മ്യൂസിക്‌സാണ് നിര്‍വഹിക്കുന്നത്. ഇതില്‍ രണ്ടുഗാനങ്ങളുണ്ട്. തീം സോങ്ങിന്റെ വരികള്‍ ഞാന്‍ തന്നെയാണ് എഴുതിയത്. മറ്റൊരു ഗാനം ഇംഗ്ലീഷിലാണ്. കാനഡയിലെ ഒരു ഗായികയാണ് അത് പാടിയിരിക്കുന്നത്. 'മോണിക'യുടെ ഡയലോഗും തിരക്കഥയും എഴുതിയിരിക്കുന്നത് എന്റെ സുഹൃത്ത് മനു എസ്. പ്ലാവിളയാണ്. അദ്ദേഹം സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ എം.ഫില്‍. ചെയ്യുന്നു. മനു ഇതില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്.

രേഷ്മ അഭിനയത്തിലേക്ക് വന്നതും അവിചാരിതമായാണ്. രേഷ്മയ്ക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് എന്നോടുപറയുമായിരുന്നു. അവള്‍ നല്ലൊരു നര്‍ത്തകിയാണ്. അതുകൊണ്ടുതന്നെ നൃത്തത്തില്‍ ശ്രദ്ധചെലുത്താന്‍ ഞാന്‍ പറയുമായിരുന്നു. മോണിക ആരംഭിച്ചപ്പോള്‍ കേന്ദ്രകഥാപാത്രത്തെ പുറത്തുനിന്ന് വിളിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. അപ്പോള്‍ രേഷ്മ ചോദിച്ചു, ഞാന്‍ ചെയ്‌തോട്ടെ എന്ന്. അത് കൊള്ളാമല്ലോയെന്ന് എനിക്കുംതോന്നി. വളരെ പെട്ടെന്നുതന്നെ ഞാന്‍ കഥയെഴുതി രേഷ്മയെ ഏല്‍പ്പിച്ചു. രേഷ്മ നന്നായിചെയ്തുവെന്നാണ് എനിക്ക് തോന്നുന്നത്.

'അങ്കമാലി ഡയറീസി'ല്‍ അതിഗംഭീരമായ പ്രകടനം കാഴ്ചവെച്ച താങ്കളെ പിന്നീട് ഏറ്റെടുക്കുന്നത് തമിഴ് സിനിമയാണ്. മലയാളത്തില്‍ നല്ല അവസരങ്ങള്‍ ലഭിക്കാതെ വന്ന സാഹചര്യമുണ്ടായിരുന്നുവോ

മലയാളത്തില്‍ ധാരാളം സിനിമകള്‍ ചെയ്യണമെന്നുതന്നെയാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. കാരണം, മലയാളത്തില്‍ അങ്കമാലി ഡയറീസിനുശേഷം എന്നെ എക്‌സൈറ്റ് ചെയ്ത മറ്റൊരു വേഷം എനിക്കുലഭിച്ചിട്ടില്ല. എന്നാല്‍, നല്ല കഥാപാത്രങ്ങള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. അതില്ലെന്ന് ഞാനൊരിക്കലും പറയില്ല. എനിക്ക് വേഷങ്ങള്‍ തന്ന എല്ലാവരോടും നന്ദിപറയുന്നു. എനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളേ എനിക്ക് ചെയ്യാന്‍ സാധിക്കൂ. തികഞ്ഞ ആത്മാര്‍ഥതയോടെ ഞാന്‍ അതെല്ലാം ചെയ്യാനും ശ്രമിക്കാറുണ്ട്. എല്ലാതരത്തിലുമുള്ള വേഷങ്ങള്‍ ചെയ്തുവെങ്കില്‍ മാത്രമേ നമ്മുടെ കഴിവ് നമുക്ക് തെളിയിക്കാനാകൂ. അതിനായുള്ള അവസരത്തിനായി കാത്തിരിക്കുകയാണ് ഞാന്‍.

ലോക്ഡൗണില്‍ സിനിമ മൊത്തം നിശ്ചലമായി. ആ സാഹചര്യത്തെ എങ്ങനെയാണ് നേരിട്ടത്

ഞാനും കടുത്ത മാനസികസംഘര്‍ഷത്തിലൂടെയാണ് കടന്നുപോയത്. ചെയ്തിരുന്ന സിനിമകളെല്ലാം മുടങ്ങിപ്പോയി. എന്തുചെയ്യണമെന്ന് അറിയില്ല. വിഷാദത്തിന്റെ വക്കിലെത്തി എന്നുപറയാം. അപ്പോഴെല്ലാം എനിക്ക് പൂര്‍ണ പിന്തുണയുമായിനിന്നത് രേഷ്മയാണ്. എന്നാല്‍, എന്നെത്തേടി ഏതാനും പ്രോജക്ടുകള്‍ വന്നു. തമിഴിലും നല്ല വേഷങ്ങള്‍ ലഭിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഷൂട്ടിങ് മുടങ്ങിയെങ്കിലും അതെല്ലാം കൂടുതല്‍ ഇളവുകള്‍ വരുന്നതോടെ പുനരാരംഭിക്കും. എനിക്ക് ടെന്‍ഷനടിക്കാതെ പറ്റില്ലല്ലോ. ഞാന്‍ സിനിമയില്‍ വലിയ സ്ഥാനത്തെത്തിയെന്നൊന്നും കരുതുന്നില്ല. സിനിമയില്‍ വരുന്നതിനുമുമ്പ് അനുഭവിച്ചതിനെക്കാള്‍ നാലിരട്ടി സ്ട്രഗിള്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ട്. ഇനിയും സിനിമകള്‍ ചെയ്യണം, നല്ലസിനിമയുടെ ഭാഗമാകണം. അതിന് ഞാന്‍ നന്നായി പെര്‍ഫോം ചെയ്യണം. കാരണം, അഭിനയമോഹവുമായി സിനിമയില്‍ ദിനംപ്രതി പുതിയ ആളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഏറെ വിഷമകരമാണ് ഇവിടെ പിടിച്ചുനില്‍ക്കുക എന്നത്. നമ്മളും ആ മത്സരത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ കഠിനാധ്വാനം ചെയ്യുക എന്നതല്ലാതെ മറ്റൊരു വഴിയും നമുക്ക് മുന്നിലില്ല.

തമിഴിലെയും മലയാളത്തിലെയും പുതിയ പ്രോജക്ടുകളെക്കുറിച്ച് പറയാമോ

എ.ആര്‍. മുരുഗദോസ് സാറിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള അബിന്‍ ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ഒരു തമിഴ് സിനിമയില്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. അതില്‍ പ്രധാന വില്ലന്റെ കഥാപാത്രത്തെയാണ് ഞാനവതരിപ്പിക്കുന്നത്. തമിഴ്നാട് ബിഗ് ബോസ് വിജയിയായ ആരി അര്‍ജുനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. സത്യശിവ സംവിധാനംചെയ്യുന്ന തമിഴ് ചിത്രമാണ് മറ്റൊന്ന്. ശശികുമാറാണ് ചിത്രത്തിലെ നായകന്‍. ആ സിനിമയുടെ എഴുപതുശതമാനവും ചിത്രീകരിച്ചുകഴിഞ്ഞു. ഇനി അഞ്ചുദിവസത്തെ ഷെഡ്യൂള്‍ മാത്രമേ ബാക്കിയുള്ളൂ. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മറ്റൊന്ന്. തമിഴിലൊരുക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ സ്വപ്നപദ്ധതിയാണ്. അതിന്റെ ഷൂട്ടിങ് ഏതാനും ഷെഡ്യൂളുകള്‍ കഴിഞ്ഞു. പിന്നീട് ലോക് ഡൗണില്‍ നിന്നുപോയി. ജെല്ലിക്കെട്ടിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ജെല്ലിക്കെട്ട് തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനുനേരെ പോരാടുന്ന മാട എന്ന കഥാപാത്രത്തെയാണ് ഞാനവതരിപ്പിക്കുന്നത്. നായക വേഷമാണത്. എന്നെ ഒരുപാട് എക്‌സൈറ്റഡാക്കിയ കഥാപാത്രമാണത്. തമിഴരുടെ വികാരമുള്‍ക്കൊള്ളുന്ന ഒരു സിനിമയും കഥാപാത്രവുമാണത്. കൂടുതല്‍ ഇളവുകള്‍ വരുന്നതോടെ ആ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കും. ഷാഹുല്‍ ഹമീദ് നിര്‍മിച്ച് വിനേഷ് ദേവസ്യ സംവിധാനംചെയ്യുന്ന 'ഇന്നലെകള്‍' ആണ് മറ്റൊരു പുതിയ ചിത്രം. അതിലൊരു ഗ്രാമീണകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒരു റിയലിസ്റ്റിക് സിനിമയാണ്. ഞാനാദ്യമായാണ് മലയാളത്തില്‍ അങ്ങനെയൊരു വേഷം ചെയ്യുന്നത്. 

Content Highlights: Appani Sarath interview about Malik Monica web series Tamil Movies wife Reshma