ച്ഛൻ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ്മേക്കറായ സംവിധായകൻ, അമ്മ മലയാളത്തിനെന്നും പ്രിയപ്പെട്ട നടി. വലിയൊരു സിനിമാ പാരമ്പര്യം കൈമുതലാക്കിയാണ് ഐ വി ശശിയുടെയും സീമയുടെയും മകൻ അനി ഐവി ശശിയും സംവിധായക കുപ്പായമണിഞ്ഞത്. അനി ആദ്യമായി സംവിധാനം ചെയ്ത നിന്നിലാ നിന്നിലാ  (തമിഴിൽ 'തീനി' ) എന്ന തെലുങ്ക് ചിത്രം കാണുന്നവന്റെ കണ്ണും മനസും നിറച്ച് പ്രേക്ഷകപ്രീതി നേടുകയാണ്. അശോക് സെൽവൻ, നിത്യ മേനോൻ, ഋതു വർമ, നാസർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു വന്ന അനിയാണ് ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന് പ്രിയദർശനൊപ്പം ചേർന്ന് തിരക്കഥയൊരുക്കുന്നത്.

സിനിമ മാത്രമാണ് തനിക്ക് സമാധാനം നൽകുന്നതെന്ന് പറയുന്ന അനി ആ സന്തോഷമല്ലാതെ ആരെപ്പോലെയും ആകാൻ ആ​ഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കുന്നു. അച്ഛന്റെ ചിത്രങ്ങൾ കണ്ട്, സിനിമ മാത്രം സ്വപ്നം കണ്ട് സിനിമയ്ക്കൊപ്പം നടക്കുന്ന അനിയുടെ വിശേഷങ്ങൾ

മലയാളത്തിൽ ചെയ്യാനിരുന്ന ചിത്രം തെലുങ്കിൽ ഒരുങ്ങിയപ്പോൾ

മലയാളത്തിൽ ചെയ്യാനിരുന്ന ചിത്രമാണ് തീനി. പക്ഷേ എഴുതി തുടങ്ങിയപ്പോൾ കേൾക്കാനത്ര സുഖം തോന്നിയില്ല. എന്റെ വിവരക്കുറവ് കൊണ്ടായിരിക്കും മലയാളത്തിൽ അത്ര ഭംഗിയായി എഴുതാൻ പറ്റാതിരുന്നത്. സിനിമയ്ക്കായി അഡ്വാൻസ് ഒക്കെ വാങ്ങിയിരുന്നു പക്ഷേ എഴുതിയത് ശരിയാവാത്തത് കൊണ്ട് അത് തിരിച്ചു കൊടുത്തു. എന്നിട്ടാണ് തമിഴിൽ എഴുതിത്തുടങ്ങുന്നത്. ഈ സിനിമയുടെ ഛായാഗ്രാഹകൻ ദിവാകർ മണി എന്റെ സുഹൃത്താണ്. ആ സമയത്ത് ദിവാകർ തെലുങ്കിൽ രണ്ട് മൂന്ന് ചിത്രങ്ങൾ ചെയ്തിരുന്നു. അവനാണ് എന്നോട് പറയുന്നത് ഹൈദരാബാദിൽ വന്ന് കഥ പറയാൻ‌. അന്ന് പറഞ്ഞത് രണ്ട് കഥകളാണ് ഒന്ന് ഒരു മാസ് കഥ. മറ്റൊന്ന് തീനിയുടെയും. നിർമാതാവ് ബിവിഎസ്എൻ പ്രസാദിന് ഈ കഥ വലിയ ഇഷ്ടമായി.

2019 ലായിരുന്നു അത്. ആ വർഷം തന്നെ ചിത്രം തുടങ്ങാമെന്നും ലണ്ടനിൽ ചിത്രീകരിക്കാമെന്നും പ്രസാദ് സർ പറഞ്ഞു. എന്റെ മനസിൽ ലൊക്കേഷൻ കുളു, മണാലി ആയിരുന്നു. മഞ്ഞും കുളിരുമൊക്കെ അത്യാവശ്യമായിരുന്നു ഈ കഥയ്ക്ക്. ലണ്ടനിൽ എന്ന് പറഞ്ഞപ്പോൾ ചില കഥാപാത്രങ്ങളിൽ മാറ്റങ്ങൾ വരുത്തി.  പ്രധാന കഥാപാത്രങ്ങളെയൊക്കെ വർഷങ്ങൾക്ക് മുമ്പേ തീരുമാനിച്ചതായിരുന്നു. ഛായാ​ഗ്രാഹകൻ ദിവാകറിനെയും ​ഗാനരചയിതാവ് രാജേഷ് മുരുകേശനെയും കുറിച്ച് പ്രത്യേകം പറയണം. ഒന്നിച്ച് ജോലി ചെയ്യാൻ അത്രയും മികച്ച ആൾക്കാർ ആണിവർ. 

തീനിയിലെ രുചിയേറിയ, മനോഹരമായ ഭക്ഷണം

റാറ്റട്യൂലി എന്ന ഹോളിവുഡ് ചിത്രമാണ് തീനിയ്ക്ക് പ്രചോദനമായത്. അതുപോലെ ഭക്ഷണം എങ്ങനെ മനോഹരമായി കാണിക്കാം എന്ന് ചിന്തിച്ചിരുന്നു. അങ്ങനെ എഴുതി വന്നപ്പോൾ ഭക്ഷണവും ഒരു പ്രധാന കഥാപാത്രമായി മാറുകയായിരുന്നു. ഭക്ഷണത്തിന് വലിയ പവർ ഉണ്ട്. അതിന് നമ്മുടെ മൂഡ് മാറ്റാന്‌ പറ്റും, സൗഹൃദം കൂട്ടാൻ പറ്റും. ഭക്ഷണവും ബന്ധങ്ങളും എന്നും ഇഴചേർന്ന് തന്നെ കിടക്കുന്നതല്ലേ.

Theeni
തീനി എന്ന ചിത്രത്തിൽ നിന്ന്

അശോകും നിത്യയും ഋതുവും 

അശോക് ശെൽവൻ എന്റെ സുഹൃത്താണ്. ഞങ്ങൾ ഒന്നിച്ച് പഠിച്ചതാണ്. അന്ന് തൊട്ടേ ഞാനെന്ത് സ്ക്രിപ്റ്റ് എഴുതിയാലും ആദ്യം മനസിൽ വരുന്ന മുഖം അശോകിന്റേതാണ്. അതുകൊണ്ടാണ് അശോക് തന്നെ ആദ്യ ചിത്രത്തിൽ നായകനായത്. നിത്യയും ഞാനും പരിചയപ്പെടുന്നതും സുഹൃത്തുക്കളാവുന്നതും 2009 ലാണ്. അച്ഛൻ സംവിധാനം ചെയ്ത വെള്ളത്തൂവലിൽ അഭിനയിക്കുകയായിരുന്നു നിത്യ. പിന്നീട് ഞങ്ങൾ കാണുമ്പോഴൊക്കെ തിരക്കഥകളൊക്കെ ചർച്ച ചെയ്യുമായിരുന്നു. അന്ന് പറഞ്ഞ കഥയാണ് ഇത്. അന്നേ മായ എന്ന കഥാപാത്രത്തെ താൻ ചെയ്തോളാമെന്ന് നിത്യ പറഞ്ഞിരുന്നു. 2017 ൽ ഞാൻ മായ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിരുന്നു. അതിലെ നായികയായി തീരുമാനിച്ചത് ഋതുവിനെയാണ്. എന്നാൽ ആ സമയത്ത് ജല്ലിക്കെട്ട് പ്രശ്നം രൂക്ഷമായതോടെ ഋതുവിന് യാത്ര ചെയ്യാനായില്ല. പ്രിയ ആനന്ദാണ് ആ ചിത്രത്തിൽ നായികയായത്. പിന്നീട് ഋതുവിനെ കണ്ട സമയത്ത് ഈ കഥ പറയുകയും അവർക്ക് ഇഷ്ടമാവുകയുമായിരുന്നു,.  

ആ വേഷത്തിൽ പ്രിയൻ സർ വേണമെന്നായിരുന്നു ആ​ഗ്രഹം

നാസർ സർ ചെയ്ത ഹെഡ് ഷെഫിന്റെ വേഷത്തിൽ പ്രിയൻ സാറിനെ അഭിനയിപ്പിക്കണമെന്നായിരുന്നു എനിക്കാ​ഗ്രഹം. ആ കഥാപാത്രം കുറച്ചൊക്കെ പ്രിയൻ സാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയതാണ്. മലയാളത്തിലാണെങ്കിൽ സർ ചെയ്യാമെന്നെല്ലാം പറഞ്ഞതാണ്. വേറെ ഭാഷകളിലാണെങ്കിൽ പറ്റില്ലെന്നും പറഞ്ഞു. പിന്നെ എന്റെ മുന്നിലുണ്ടായിരുന്ന ഓപ്ഷൻ‍ നാസർ സർ മാത്രമായിരുന്നു. അങ്ങനെ സാറിനെ കണ്ട് കഥ പറയാമെന്ന് പറഞ്ഞപ്പോൾ കഥയൊന്നും പറയണ്ട നീ കഥാപാത്രത്തെക്കുറിച്ച് മാത്രം പറഞ്ഞാൽ മതിയെന്ന് പറഞ്ഞു. അങ്ങനെ സാറും  ഈ സിനിമയുടെ ഭാ​ഗമായി.

സിനിമയാണ് സമാധാനം തരുന്നത്, ആ സന്തോഷം മാത്രം മതി

സിനിമാ  കുടുംബത്തിൽ നിന്ന് വരുന്നതിന്റെ ടെൻഷനൊന്നും എനിക്കുണ്ടായിരുന്നില്ല. അച്ഛൻ എനിക്ക് പരിചയപ്പെടുത്തി തന്നത് സിനിമയാണ്. സിനിമ മാത്രമേ എനിക്ക് അറിയുകയുമുള്ളൂ. സമാധാനം കിട്ടുന്നത് സിനിമ ചെയ്യുമ്പോഴാണ്. അത് ക്ലാപ്പടിക്കുന്നതായാൽ പോലും. അങ്ങനെയൊരു സാഹചര്യത്തിൽ അച്ഛനെക്കുറിച്ച് ആലോചിച്ച് ടെൻഷനടിച്ചാലൊന്നും ശരിയാകില്ല. എന്റെ സന്തോഷത്തിനാണ് സിനിമ എടുക്കുന്നത്. ആ സന്തോഷത്തിലൂടെ എങ്ങനെ കാശുണ്ടാക്കാം എന്ന് ചിന്തിക്കുന്നു എന്നല്ലാതെ ഒരു പേരോ മറ്റോ നോക്കുന്നില്ല. ആ വഴിയിലൂടെ പോയാൽ എനിക്ക് മിക്കവാറും സങ്കടങ്ങളേ ഉണ്ടാകൂ. അച്ഛൻ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. അതിനോടൊപ്പമെത്താൻ എനിക്കാവില്ല. എനിക്ക് സിനിമകൾ ചെയ്താൽ മാത്രം മതി. അതല്ലാതെ ഇന്നയാളെ പോലെ ആകണം അതാകണം ഇതാകണം എന്നൊന്നുമില്ല. ഇങ്ങനെ സമാധാനത്തിൽ പോയാൽ മതി

Ani
കുടുംബത്തോടൊപ്പം അനി

അച്ഛനും പ്രിയൻ സാറും പഠിപ്പിച്ചത്

അച്ഛന്റെ ആൾക്കൂട്ടത്തിൽ തനിയെ ആണ് എനിക്കേറെയിഷ്ടമുള്ള ചിത്രം. അതുപോലൊരു സിനിമ ചെയ്യണമെന്നെല്ലാം ഇടയ്ക്ക് ആലോചിക്കാറുണ്ട്. മിക്കവാറും ആ സിനിമ കണ്ട് കരയാറുണ്ട്. ഞാനും അച്ഛനും സംസാരിച്ചിട്ടുള്ളത് സിനിമയെക്കുറിച്ച് മാത്രമാണ്. ഞാൻ സംവിധായകനാകുമെന്ന് എനിക്ക് പത്ത് വയസ്സുള്ളപ്പോഴേ അച്ഛൻ പറഞ്ഞതാണ്. അപ്പോ തൊട്ടേ ഞാൻ സംവിധായകനാണ്. സിനിമയിലേക്ക് വരുന്നതിനെക്കുറിച്ച് ഉപദേശമൊന്നും അച്ഛൻ തന്നിട്ടില്ല. ഏത് ലെൻസ്, ഫ്രെയിം എവിടെ വെക്കാം എങ്ങനെ വെക്കാം എന്നിങ്ങനെയുള്ള  പാഠങ്ങളേ പറഞ്ഞു തന്നിട്ടുള്ളൂ. അതല്ലാതെ സിനിമയിലെ ആളുകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നെല്ലാം ഞാൻ പഠിച്ചത് പ്രിയൻ സാറിൽ നിന്നാണ്. സ്ക്രിപ്റ്റിങ്, ആൾക്കൂട്ടം വച്ച് എങ്ങനെ ഭം​ഗിയായി ഫ്രെയിം ഒരുക്കാമെന്നുള്ള കാര്യമെല്ലാം അദ്ദേഹത്തിൽ നിന്നാണ് പഠിച്ചത്. ഒന്നും പറഞ്ഞു തരില്ല. എല്ലാം നമ്മൾ കണ്ട് പഠിച്ചെടുക്കേണ്ടതാണ്. 

​ഗുരുവിന്റെ അഭിനന്ദനം

അമ്മ രണ്ട് തവണ സിനിമ കണ്ടു. കുറേ കരഞ്ഞു, കുറേ ചിരിച്ചു. സിനിമയുടെ ആദ്യം മുതലേ അമ്മ അതിലുണ്ട്. കഥയെല്ലാം ആദ്യമേ പറഞ്ഞിരുന്നു. പ്രിയൻ സാറും സിനിമ കണ്ടതാണ്. കണ്ണു നിറഞ്ഞാണ് അദ്ദേഹം തീയേറ്ററിൽ നിന്നിറങ്ങി വന്നത്. ബ്രില്ല്യന്റ് ഫിലിം എന്ന് മാത്രം പറഞ്ഞു. ബാക്കി പിന്നെ സംസാരിക്കാമെന്ന് പറഞ്ഞ് അദ്ദേഹം വീട്ടിൽ പോയി. വീട്ടിലെത്തിയ ശേഷം എനിക്കൊരു സന്ദേശം അയച്ചു. അതിങ്ങനെയായിരുന്നു- "ഒരു സംവിധായകനെന്ന നിലയിൽ എനിക്ക് നിന്റെ ചിത്രം ഒരുപാട് ഇഷ്ടമായി. എന്റെ വിദ്യാർത്ഥി എന്ന നിലയിൽ നിന്നെയോർത്ത് ഒരുപാട് അഭിമാനിക്കുന്നു ഇതെന്റെ ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകളാണ്".

മരക്കാർ എന്ന അത്ഭുതം

മരക്കാർ പ്രേക്ഷകരിലേക്കെത്താൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പേയുള്ളൂ. ഗംഭീരമായ സിനിമ എന്നല്ലാതെ മറ്റൊന്നും പറയാനില്ല. വാ തുറന്ന് പിടിച്ചിരുന്നു പ്രേക്ഷകർ കാണുന്ന സിനിമ. കഥയിൽ ഞാനും കൈവച്ചിട്ടുണ്ടെങ്കിലും പ്രിയൻ സർ തന്നയാണ് മിക്കവാറും പണി ചെയ്തത്. ഒരുപാട് പ്രതീക്ഷകളുണ്ട്. എല്ലാവർക്കും സിനിമ ഇഷ്ടമാകുമെന്ന് തന്നെയാണ് വിശ്വാസം

Content Highlights : Ani IV Sasi Interview on Debut Movie Ninnila Ninnila Theeni Marakkar Priyadarshan