
ആദ്യമായി പിന്നണി പാടിയ സിനിമ പുറത്തുവരാതിരിക്കുക. രണ്ടാമതു പാടിയ സിനിമയിലെ ഗാനം ചിത്രത്തില് ഉള്പ്പെടാതെപോവുക. വര്ഷങ്ങള്ക്കുശേഷം പിന്നണി പാടിയ ചിത്രവും ഗാനവും ഒരേപോലെ ശ്രദ്ധിക്കപ്പെടുക. ലീലാ ജോസഫാണ് ആ ഗായിക. അം അഃ എന്ന ചിത്രത്തിനുവേണ്ടി ലീലാ ജോസഫ് പാടിയ ഇതളേ പൊന്നിതളേ എന്ന ഗാനം ഇതിനോടകം ഹിറ്റ് ചാര്ട്ടുകളില് ഇടംപിടിച്ചുകഴിഞ്ഞു. ആകാശവാണി കൊച്ചി നിലയത്തിന്റെ പ്രോഗ്രാം ഹെഡായിരുന്ന ലീലാ ജോസഫ് തന്റെ സംഗീതയാത്രയേക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് മനസുതുറക്കുന്നു. ആകാശവാണിക്കാലമാണ് തന്നിലെ സംഗീതജ്ഞയ്ക്ക് ഊര്ജമായതെന്ന് പറയുകയാണ് ആകാശവാണിയുടെ ടോപ്പ് ഗ്രേഡ് ആര്ട്ടിസ്റ്റുകൂടിയായ ഇവര്.
പ്രത്യേകതയുള്ള ശബ്ദമായിരുന്നു അവര്ക്ക് വേണ്ടിയിരുന്നത്
സിനിമയുടെ അണിയറപ്രവര്ത്തകരാണ് എന്നെ തിരഞ്ഞെടുത്തതും ഗോപി സുന്ദറിന് പരിചയപ്പെടുത്തുന്നതും. എനിക്കൊരു യൂട്യൂബ് ചാനലുണ്ട്. അതില് ജാനകിയമ്മയുടേയും സുശീലാമ്മയുടേയും ലീലച്ചേച്ചിയുടേയും പഴയ പാട്ടുകള് പാടി അപ്ലോഡ് ചെയ്യാറുണ്ട്. ചില പാട്ടുകളൊക്കെ വൈറലായി. അങ്ങനെയായിരിക്കണം ഈ സിനിമയില് പാടാന് അവസരം കിട്ടിയത്. ഒരു പ്രത്യേക ശബ്ദം വേണ്ടിയിരുന്നു അവര്ക്ക്. കുറച്ച് പ്രായം തോന്നിക്കണം, അതേസമയം നല്ലതുമായിരിക്കണം. അങ്ങനെയുള്ള ശബ്ദമായിരുന്നു അണിയറപ്രവര്ത്തകര് തേടിയിരുന്നത്.
ഗോപി സുന്ദറിന്റെ മാര്ഗനിര്ദേശങ്ങള്
പാട്ട് നേരത്തേ തന്നിരുന്നു. റെക്കോര്ഡിങ്ങിനുമുന്പ് ഗോപി സുന്ദറുമൊത്ത് അല്പനേരം ഇരുന്നു. അദ്ദേഹം കാര്യങ്ങളെല്ലാം വിശദീകരിച്ചുതന്നു. ഒരുപാട് സോഫ്റ്റ് ആക്കാനും പാടില്ല, ഒരുപാട് കൊഞ്ചിപ്പാടാനും പാടില്ല. പാടുന്ന സമയത്ത് വേണ്ട മാര്ഗനിര്ദേശങ്ങളെല്ലാം അദ്ദേഹം തന്നു. രണ്ടുമണിക്കൂര് കൊണ്ടാണ് റെക്കോര്ഡ് തീര്ത്തത്. ആദ്യം കുറച്ച് ഭയമൊക്കെയുണ്ടായിരുന്നെങ്കിലും അതൊക്കെ തീര്ത്തിട്ടാണ് റെക്കോര്ഡിങ്ങിലേക്ക് കടന്നത്.
ആദ്യസിനിമ ചക്രവാളത്തിനുമപ്പുറം, എന്റെയും ഗിരീഷ് പുത്തഞ്ചേരിയുടേയും
തിയേറ്ററുകളിലിറങ്ങിയ ചിത്രത്തിലെ പാട്ടെന്ന നിലയില് നോക്കുകയാണെങ്കില് അത്തരത്തിലുള്ള ആദ്യത്തേതാണ്. യഥാര്ത്ഥത്തില് വര്ഷങ്ങള്ക്കുമുന്പ് ചക്രവാളത്തിനുമപ്പുറം എന്നൊരു ചിത്രത്തില് ഞാന് പാടിയിട്ടുണ്ട്. സിനിമ പക്ഷേ ഇറങ്ങിയില്ല. തരംഗിണിയായിരുന്നു പാട്ടുകളെടുത്തത്. ദാസേട്ടനൊപ്പം ചെറിയൊരു പാട്ട് പാടിയിട്ടുണ്ട്. പിന്നെ ഒരു ഡ്യൂയറ്റും സോളോയും. അനഘ പോലുള്ള ചിത്രങ്ങള് ചെയ്ത കോഴിക്കോട് യേശുദാസായിരുന്നു സംഗീത സംവിധാനം.അന്നത്തെ കാലത്ത് ശ്രദ്ധിക്കപ്പെട്ട പാട്ടുകളായിരുന്നു അതെല്ലാം. ഗിരീഷ് പുത്തഞ്ചേരി ആദ്യമായി ഗാനരചന നിര്വഹിച്ച ചിത്രമായിരുന്നു ഇത്. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും ഗാനങ്ങള് ആകാശവാണിയില് പ്രക്ഷേപണം ചെയ്തിരുന്നു. എങ്കിലും പാടിയ പാട്ടുള്ള സിനിമ വരുമ്പോഴാണല്ലോ പൂര്ണത വരുന്നത്. പിന്നീട് ഒരു കൊച്ചു ഭൂമികുലുക്കം എന്ന ചിത്രത്തിലും പാടിയിരുന്നു. കാലമൊരു ദീപം എന്ന ദാസേട്ടന്റെ പാട്ടിന്റെ ഫീമെയില് പതിപ്പാണ് പാടിയത്. അത് സിനിമയിലുണ്ടായിരുന്നില്ല.
ആകാശവാണി തന്ന അവസരങ്ങള്
സിനിമയില് പാടണമെന്നൊന്നും അന്ന് തോന്നിയിരുന്നില്ല. ആകാശവാണിയിലായിരുന്നു ജോലി. ജോലിപരമായി നല്ല തിരക്കായിരുന്നു. ആകാശവാണി പോലൊരു സ്ഥാപനത്തിലായിരുന്നതുകൊണ്ട് ചാനലുകളിലൊക്കെ പാടുന്നതിന് ചില തടസ്സങ്ങളൊക്കെയുണ്ടായിരുന്നു. വീട്ടിലെ ഉത്തരവാദിത്തങ്ങള് കൂടിയുണ്ടായിരുന്നു. പക്ഷേ പാട്ട് കളഞ്ഞില്ല. ആകാശവാണിയായതുകൊണ്ട് അവസരങ്ങള് കിട്ടിയിട്ടുണ്ട്. ആകാശവാണിയില് ലളിതസംഗീതത്തിന്റെ ഓഡിഷന് ആര്ട്ടിസ്റ്റാണ് ഞാന്. ബി ഗ്രേഡില് തുടങ്ങി ടോപ് ഗ്രേഡ് വരെയായി. ആകാശവാണിയില് ഇടയ്ക്കിടെ പാടുന്നതുകൊണ്ട് ടച്ച് വിട്ടിട്ടില്ല. ഓള്ഡ് ഈസ് ഗോള്ഡ് എന്ന പരിപാടി ഹിറ്റായി നില്ക്കുന്ന സമയം. അന്നുവന്ന പുതിയ തലമുറയില്പ്പെട്ടയാളായിരുന്നു ഞാനും ജി.ശ്രീറാമുമെല്ലാം. ഈ പ്രോഗ്രാമിന്റെ ചുവടുപിടിച്ച് അമേരിക്കയില് പത്ത് ഷോകള് ചെയ്യാന് സാധിച്ചു. ഉദയഭാനു ചേട്ടന്, പി. ലീല ചേച്ചി, കല്ലറ ഗോപന് എന്നിവരായിരുന്നു ഒപ്പമുണ്ടായിരുന്നത്.
മറക്കാനാവാത്ത ആകാശവാണിക്കാലം
പ്രോഗ്രാം എക്സിക്യൂട്ടീവ് ആയിട്ടാണ് ആകാശവാണിയില് ജോലിയില് പ്രവേശിച്ചത്. ഗസ്റ്റഡ് പോസ്റ്റാണ്. അത്രയേറെ ഉത്തരവാദിത്തമുണ്ട്. എങ്കിലും പ്രോഗ്രാമുകള് ചെയ്തിരുന്നു. പാട്ടിന്റെ ലൈവ് ഫോണ് ഇന് പ്രോഗ്രാം, പൂന്തേനരുവി, സല്ലാപം പോലുള്ള പരിപാടികള് അതിലുള്പ്പെടുന്നു. അവതാരകയായിരിക്കുമ്പോള് ആളുകളുമായി സംസാരിക്കുകയും അവര്ക്ക് പാട്ടുപാടിക്കൊടുക്കുകയുമെല്ലാം ചെയ്തിരുന്നു. ധാരാളം ലളിതഗാനങ്ങള് പാടിയിട്ടുണ്ട്. ആകാശവാണി ഇന്ത്യയിലെമ്പാടും ഒരു സമയം പ്രക്ഷേപണം ചെയ്യുന്ന നാഷണല് പ്രോഗ്രാമിലും ലളിതഗാനങ്ങള് അവതരിപ്പിച്ചിട്ടുണ്ട്. 2013-ലും ഇക്കഴിഞ്ഞ വര്ഷവുമാണത് ചെയ്തത്. ആകാശവാണി ഒരിക്കലും എന്റെ പാട്ടിനെ തളര്ത്തിയിട്ടില്ല, വളര്ത്തിയിട്ടേയുള്ളൂ. ആകാശവാണി സംഘടിപ്പിക്കുന്ന ഗ്രാമോത്സവങ്ങളുടെ ഭാഗമായിട്ടും ഒരുപാട് പാട്ടുപാടിയിട്ടുണ്ട്. പിന്നെ നാലുവര്ഷം മുന്പ് ആകാശവാണിയിലെ മ്യൂസിക് കംപോസര്ഷിപ്പ് പാസായിരുന്നു. പ്രീഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോള് പാട്ടില് ബി ഗ്രേഡ് ആര്ട്ടിസ്റ്റായി. റേഡിയോ സ്റ്റാറെന്ന് പലരും വിശേഷിപ്പിച്ചിരുന്നു. പിന്നെ ബി ഹൈയും എ ഗ്രേഡും ടോപ്പ് ഗ്രേഡും ആവാന് സാധിച്ചു. ആകാശവാണി കാരണമാണ് പാട്ട് എനിക്ക് നിലനിര്ത്താന് പറ്റിയത്.
മറ്റുഗായകരുടെ ശബ്ദവുമായി താരതമ്യപ്പെടുത്തലുകള് ഉണ്ടായിട്ടുണ്ട്
പഴയകാല ഗായികമാരുടെ ശബ്ദം വളരെ ഇഷ്ടമാണ്. എന്റെ ശബ്ദത്തിന് ജാനകിയമ്മയുടേതുമായി സാമ്യമുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. സുശീലാമ്മയുടേയും മാധുരിയമ്മയുടേയും പി. ലീല ചേച്ചയുടേയും ശബ്ദവുമായി താരതമ്യങ്ങള് വന്നിട്ടുണ്ട്. അം അഃയിലെ പാട്ട് പാടിക്കഴിഞ്ഞപ്പോള് എന്റെ ശബ്ദത്തിന് വാണിയമ്മയുടെ ശബ്ദവുമായി സാദൃശ്യമുണ്ടെന്ന് സിനിമയുടെ സംവിധായകനോട് ഗോപി സുന്ദര് പറഞ്ഞിരുന്നു. ശബ്ദം അഡ്ജസ്റ്റ് ചെയ്തുപാടാന് അറിയില്ല. ചിലപ്പോള് ആ പാട്ടുകളുടെ ഭാവം ഉള്ക്കൊണ്ട് പാടുമ്പോള് സംഭവിക്കുന്നതായിരിക്കാം.
'അം അഃ' മൂന്നുതവണ കണ്ടു
ഞങ്ങള് അണിയറപ്രവര്ത്തകര്ക്ക് മാത്രമായി ആദ്യം ഒരു പ്രദര്ശനം സംഘടിപ്പിച്ചിരുന്നു. പിന്നെ രണ്ട് പ്രീമിയര് പ്രദര്ശനങ്ങളുമുണ്ടായിരുന്നു. മൂന്ന് പ്രാവശ്യം കണ്ടിട്ടും യാതൊരു ബോറടിയും തോന്നിയില്ല. എല്ലാവര്ക്കും കിട്ടാത്ത ഭാഗ്യമാണ് സിനിമയില് പാടുക എന്നത്. തീയേറ്ററിലിരുന്ന് നമ്മള് പാടുന്നത് കേള്ക്കുന്നത് വല്ലാത്ത അനുഭവമാണ്. പാട്ട് എവിടെയാണ് വരുന്നത് എന്നതിനെക്കുറിച്ച് ധാരണയില്ലായിരുന്നു. ആദ്യ ഷോയ്ക്ക് പോയപ്പോഴാണ് അതിതീവ്രമായ രണ്ട് സ്ഥലത്താണ് ഈ പാട്ടുവരുന്നതെന്ന് മനസിലായത്. അത്രയും പ്രാധാന്യമുള്ള ഒരു പാട്ടാണ് ഇതെന്ന് അപ്പോഴാണ് വ്യക്തമായത്. ഈ സിനിമയിലൂടെ ഗോപി സുന്ദര് വളരെ ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്.
വീട്ടില്നിന്നുള്ള പിന്തുണ
വീട്ടില്നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. അല്ലെങ്കില് എനിക്കിങ്ങനെ പാടാന് പറ്റില്ലല്ലോ. വളരെ ആത്മാര്ത്ഥമായിത്തന്നെ ജോലി ചെയ്തിട്ടുണ്ട്. പൊതുവേ എല്ലാവര്ക്കും പാട്ട് ഇഷ്ടമുള്ള കുടുംബംകൂടിയാണ്. അമേരിക്കയില് പ്രോഗ്രാം ചെയ്യാന് ഞങ്ങള് ഒരുമിച്ചാണ് പോയത്.
ഇപ്പോഴും റേഡിയോ കേള്ക്കും
ഇപ്പോഴും റേഡിയോ കേള്ക്കാറുണ്ട്. റേഡിയോ ആണ് എന്റെ മുന്നോട്ടുപോക്കിന് ഒരുപാട് സഹായിച്ചത്. മാത്രമല്ല, റേഡിയോയും ശ്രോതാക്കളുമെല്ലാം വല്ലാത്ത നൊസ്റ്റാള്ജിയയാണ്. യൂട്യൂബ് ചാനല് തുടങ്ങാനുള്ള കാരണം തന്നെ അതാണ്. ലൈവ് ഫോണ്-ഇന് പരിപാടിക്കിടെ ആളുകള് ആവശ്യപ്പെടുമ്പോള് പാട്ടുപാടിക്കൊടുക്കും. ഒരുപാട് കത്തുകള് വന്നിട്ടുണ്ട്. മാഡത്തിന്റെ ശബ്ദം കേള്ക്കുമ്പോള് വല്ലാത്ത സമാധാനം കിട്ടുന്നെന്നൊക്കെയാണ് കത്തില് പറയാറുള്ളത്.
എല്ലാറ്റിലും പെര്ഫെക്ഷന് വേണമെന്ന് കരുതുന്നയാളാണ്
എല്ലാത്തിലും പെര്ഫെക്ഷന് വേണമെന്ന് വിചാരിക്കുന്നയാളാണ് ഞാന്. യൂട്യൂബ് ചാനലിനുവേണ്ടി പാട്ടുകള് പാടുമ്പോള് പശ്ചാത്തലസംഗീതം ചെയ്യാനായി ഏല്പിച്ചിരിക്കുന്നത് കേരളത്തിലെ ഒന്നാംനിരയില്പ്പെട്ട ആളുകളെയാണ്. പഴയ പാട്ട് എങ്ങനെയാണോ അതുപോലെ വരണമെന്ന് മാത്രമേ ഞാനാവശ്യപ്പെടാറുള്ളൂ. മഹാരഥന്മാര് ചെയ്തുവെച്ചിരിക്കുന്ന പാട്ടില് മാറ്റം വരുത്താന് നമ്മള്ക്ക് അവകാശമില്ലല്ലോ. നമ്മുടെ ജീവിതത്തില് പല കാര്യങ്ങള്ക്കും കുറച്ച് സമ്പാദ്യം മാറ്റിവെയ്ക്കുന്നതുപോലെ പാട്ടിനും ഞാന് കുറച്ച് മാറ്റിവെയ്ക്കുന്നു. നിലവില് 55 പാട്ടുകള് അപ്ലോഡ് ചെയ്തിട്ടുണ്ട്. പറ്റാവുന്നിടത്തോളം കാലം ചെയ്യണമെന്നാണ് കരുതുന്നത്. അതുവരെ എല്ലാം വൃത്തിയായിത്തന്നെ ചെയ്യും.
Content Highlights: Leela Joseph, a top Akashvani artist, shares her musical journey
Published: 30 Jan 2025, 01:15 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented