എന്താണ് എപ്പോഴാണ് വൈറലാവുക എന്ന് ആർക്കും പറയാനാവില്ല. സോഷ്യൽ മീഡിയയുടെ സ്വഭാവമാണത്. 'ആവേശ'ത്തിലെ രം​ഗണ്ണന്റെ എട മോനേ... ഡയലോ​ഗ് കത്തി നിൽക്കുമ്പോഴാണ് അതിനെ നിഷ്പ്രഭമാക്കിക്കൊണ്ട് മറ്റൊരെണ്ണം കത്തിക്കയറി വന്നത്. അതും 20 വർഷം മുൻപിറങ്ങിയ ഒരു ചിത്രത്തിലേത്. ജലോത്സവം എന്ന ചിത്രത്തിൽ റിയാസ് ഖാൻ അവതരിപ്പിച്ച ദുബായ് ജോസ് എന്ന കഥാപാത്രത്തിന്റെ അടിച്ചുകയറിവാ എന്ന ഡയലോ​ഗ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഓളം അത്ര ചെറുതല്ല. ഇതിന് തൊട്ടുപിന്നാലെ വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി എന്ന ചിത്രത്തിലെ റിയാസ് ഖാൻ അവതരിപ്പിച്ച ഷാർപ്പ് ഷൂട്ടർ ഡിക്രൂസ് എന്ന കഥാപാത്രവും കയ്യടി നേടുകയാണ്. ഡിക്രൂസിന് ദുബായ് ജോസും അടിച്ചുകയറിവാ ഡയലോ​ഗും നൽകിയ മൈലേജ് ചെറുതല്ല. ഒരു ചെറിയ ഇടവേളയ്ക്കുശേഷം മലയാളത്തിലെത്തിയ റിയാസ് ഖാൻ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

To advertise here,

ഡിക്രൂസ് ആകാൻ നാദിർഷയുടെ ക്ഷണം

നാദിർഷയും ഞാനുമായി ഒരു ബഹറിൻ ട്രിപ്പുണ്ടായിരുന്നു. പിന്നെ അദ്ദേഹവും ഞാനും അടുത്ത സുഹൃത്തുക്കളായതുകൊണ്ട് കാര്യങ്ങളെല്ലാം പരസ്പരം പങ്കുവെയ്ക്കും. 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'യുടെ തിരക്കഥയിൽ അന്നൊന്നും ഞാനുണ്ടായിരുന്നില്ല. സിനിമയുടെ ക്ലൈമാക്സിലാണ് ഇങ്ങനെയൊരു കഥാപാത്രം വരേണ്ടത്. അത് എല്ലാവർക്കും അറിയുന്ന എന്നാൽ ആരും അതുവരെ പ്രതീക്ഷിക്കാത്ത ഒരാളാകുകയുംവേണം. അങ്ങനെ നാദിർഷ എന്നോട് ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ സമ്മതിച്ചു.

placeholder
'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'യിൽ റിയാസ് ഖാൻ | ഫോട്ടോ: www.facebook.com/riyazkhanactorofficial

കണ്ണിന് പ്രശ്നമുള്ള ഷാർപ്പ് ഷൂട്ടറാവാനുള്ള തയ്യാറെടുപ്പുകൾ

സൗഹൃദമാണ് ഇതിനെല്ലാം കാരണം. 'ടു കൺട്രീസി'ലെ ​ഗേ വേഷം ചെയ്തതുപോലും അങ്ങനെയാണ്. 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'യിലെ ഡിക്രൂസ് ഷാർപ്പ് ഷൂട്ടറാണ്. കോമഡിയാണ് ചെയ്യുന്നത്. ലുക്ക് ഒന്ന് മാറ്റാമെന്ന് നാദിർഷ പറഞ്ഞു. കണ്ണിന് പ്രശ്നമുള്ളയാളായതിനാൽ സോഡാക്കുപ്പി കണ്ണട ധരിക്കണമെന്ന് പറഞ്ഞു. അത്തരം കണ്ണട വെച്ചാൽ ശരിക്ക് കാണാൻ പറ്റില്ല എന്നതിനാൽ കണ്ണിൽ വേറൊരു ലെൻസ് വെയ്ക്കണം. ഈ ലെൻസും ആ ലെൻസും മാച്ചാവണം. ലെൻസ് ഓർഡർ ചെയ്ത് വരണം എന്നതിനാൽ ഞാൻ ഷൂട്ടിന് രണ്ടുദിവസം മുൻപേ വന്ന് കണ്ണ് പരിശോധിച്ചു. അങ്ങനെയാണ് ആ കഥാപാത്രത്തിനായി ഒരുങ്ങിയത്.

നടന്മാരെ ക്രിയേറ്റേഴ്സ് മനസിലാക്കുകയാണ് വേണ്ടത്

ഡിക്രൂസ് എന്ന കഥാപാത്രത്തിന്റെ നേരേ വിപരീതമാണ് 'മുംബൈ പോലീസി'ലെ ഷാർപ്പ് ഷൂട്ടർ. നടന്മാരെ ക്രിയേറ്റേഴ്സ് മനസിലാക്കുകയാണ് വേണ്ടത്. ക്യാമറയുടെ മുന്നിലെത്തിയാൽ എല്ലാവരും അഭിനേതാക്കളാണ്. ഏത് വേഷവും ചെയ്യാൻ കഴിയുന്നയാളാവണം അഭിനേതാവ്. വില്ലൻ ആക്ടർ, കൊമേഡിയൻ, മദർ ക്യാരക്റ്റർ ആക്ടർ, ഫാദർ ആക്ടർ, ജൂനിയർ ആക്ടർ എന്നിങ്ങനെ വേർതിരിക്കുകയല്ല വേണ്ടത്. നാദിർഷയ്ക്കൊക്കെ ഞാനെന്ത് ചെയ്യുമെന്ന് നന്നായി അറിയാം. 'ടു കൺട്രീസി'ൽ അഭിനയിക്കാൻ വരുമ്പോൾ റിയാസ് ഖാനെപ്പോലെ വില്ലൻ വേഷം ചെയ്യുന്നൊരാൾ എങ്ങനെയാണ് അതുപോലൊരു വേഷം ചെയ്യുക എന്ന് പലർക്കും സംശയമായിരുന്നു. പക്ഷേ ചെയ്തുകഴിഞ്ഞപ്പോൾ എല്ലാവരും ഹാപ്പിയായി.

placeholder
റിയാസ് ഖാൻ |ഫോട്ടോ: www.facebook.com/riyazkhanactorofficial

ദുബായ് ജോസ് ക്ലിക്കായ കൃത്യസമയത്ത് സിനിമ റിലീസായത് ഭാ​ഗ്യം

പലതവണ റിലീസ് മാറ്റിവെച്ച ചിത്രമാണ് 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'. ദുബായ് ജോസ് സോഷ്യൽ മീഡിയയിൽ വൈറലായി നിൽക്കുന്ന സമയത്ത് തന്നെ ഈ സിനിമ റിലീസായത് ഒരു ഭാ​ഗ്യമായാണ് കരുതുന്നത്. ഞാൻ മാത്രമല്ല, എല്ലാവരും. മറ്റുള്ള ഭാഷകളെ അപേക്ഷിച്ച് വളരെ ഹെൽത്തിയാണ് മലയാളം സിനിമാമേഖല. മമ്മൂട്ടി സാറിന്റെ 'ടർബോ'യുടെ പോസ്റ്ററിലും അടിച്ചു കയറി എന്ന വാചകമാണുള്ളത്. എല്ലാവർക്കും മനസിൽ സ്നേ​ഹവും പരസ്പര ബഹുമാനവും മാത്രമേയുള്ളൂ എന്നതിന്റെ ഉദാഹരണമാണത്. എനിക്ക് സന്തോഷം മാത്രമേയുള്ളൂ. രണ്ടുദിവസം മുമ്പ് കൊച്ചിയിൽ സിനിമ കണ്ടശേഷം ഇഷ്ടപ്പെട്ടോ എന്ന് ഓഡിയൻസിനോട് ചോദിച്ചപ്പോൾ അടിച്ചുകയറിവാ എന്നാണ് അവർ ഉത്തരം പറഞ്ഞത്.

സിനിമ ജനങ്ങൾ സ്വീകരിച്ച അതേ സന്തോഷം

എന്റെ കഥാപാത്രത്തിന്റെ സംഭാഷണം വൈറലായി എന്നുപറയുമ്പോൾ സിനിമ ഹിറ്റായ, ജനങ്ങൾ സ്വീകരിച്ച അതേ സന്തോഷംതന്നെയാണ്. അന്ന് ഹിറ്റാവാത്തതിന് പകരം ഇന്ന് ഇങ്ങനെയായി. ആ സിനിമയേക്കുറിച്ചും കഥാപാത്രത്തേക്കുറിച്ചും അറിയാത്ത ഒരു തലമുറ അതിനേക്കുറിച്ചെല്ലാം സംസാരിക്കുന്നു എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. ചെറിയ കുട്ടികൾപോലും ആ സിനിമയേക്കുറിച്ച് അറിയുകയാണ്. അവരുടെ ഉള്ളിലേക്കാണ് 'ജലോത്സവ'വും റിയാസ് ഖാനും പോകുന്നത്. സത്യത്തിൽ രണ്ടുമാസം മുൻപേതന്നെ ഈ സംഭാഷണത്തിന്റെ കത്തൽ ചെറുതായി തുടങ്ങിയിരുന്നു. 'ആവേശ'ത്തിലെ ഡയലോ​ഗും മമ്മൂട്ടി സാറിന്റെ സിനിമയും വന്നതോടെ ഇതെല്ലാം കണക്റ്റ് ചെയ്ത് അങ്ങ് ആളിപ്പടരുകയായിരുന്നു. 

നമ്മളില്ലെങ്കിലും സിനിമ നമ്മളെ ഓർമിപ്പിച്ചുകൊണ്ടിരിക്കും. നമ്മൾ മരിച്ചുപോയാലും നമ്മളെ സിനിമയിലൂടെ ആളുകൾ കാണും. 20 വർഷം മുമ്പുള്ളത് എനിക്കിപ്പോൾ കാണാം. അതാണ് യാഥാർത്ഥ്യം.

placeholder
ജലോത്സവം എന്ന ചിത്രത്തിൽ റിയാസ് ഖാൻ |ഫോട്ടോ: വി.പി.പ്രവീൺകുമാർ \ മാതൃഭൂമി

ബാലേട്ടൻ മാത്രമേ ഞാൻ ഡബ്ബ് ചെയ്യാത്ത സിനിമയുള്ളൂ

'ജലോത്സവ'ത്തിന്റെ കഥ നടക്കുന്നത് കുട്ടനാട്ടിലാണ്. അവിടത്തെ സംസാരശൈലി അല്പം വ്യത്യാസമുണ്ട്. 'വേഷ'ത്തിലേയോ 'മയിലാട്ട'ത്തിലെയോ പോലെ കട്ടിയിൽ സംസാരിച്ചാൽ ശരിയാവില്ല, പാളിപ്പോവും. 'ജലോത്സവ'ത്തിലെ ദുബായ് ജോസ് കുറേ ഒഴുക്കുള്ള കഥാപാത്രമാണ്. അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിക്കുന്ന പോലെ ഒരാളാണ് ജോസ്. അടിച്ചുകയറിവാ എന്ന ഡയലോ​ഗ് സിബി സാർ പല ഭാവത്തിലെടുത്തിട്ടുണ്ട്. ദേഷ്യത്തിലുണ്ട്, സങ്കടത്തിലുണ്ട്, കോമഡിയിലുണ്ട്, പ്രതികാരത്തിലുണ്ട്. പിന്നെ നവ്യാ നായരുടെ കഥാപാത്രത്തോട് റൊമാന്റിക് രീതിയിലും പറയുന്നുണ്ട്.

'ജലോത്സവം' ഡബ്ബിങ് അനുഭവങ്ങൾ

സാധാരണ ഡബ്ബിങ് സമയത്ത് അസിസ്റ്റന്റ് ഡയറക്ടറാണ് ഒപ്പം വരാറ്. സംവിധായകർ വരുമെങ്കിലും വന്ന് കണ്ടിട്ട് പോകും. ഫൈനൽ സം​ഗതി കണ്ടിട്ടേ തിരുത്തലുകൾ പറയൂ. പക്ഷേ സിബി സാർ എനിക്കുവേണ്ടി ഡബ്ബിങ് തിയേറ്റർ ബുക്ക് ചെയ്ത് രണ്ടുദിവസം കൂടെത്തന്നെ നിന്നു. ആ രണ്ട് ദിവസവും  തിയേറ്റർ കൺസോളിൽനിന്ന് അദ്ദേഹം അനങ്ങിയിട്ടില്ല. ഇടയ്ക്ക് ചായ കുടിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ഒരുമിച്ച് പോകും. എല്ലാം കഴിഞ്ഞാണ് എന്നെ വിട്ടത്. അതിന്റെയൊക്കെ ​ഗുണമാണ് ഇന്ന് കാണുന്നത്. അത്രയ്ക്കിഷ്ടമാണ് പുള്ളിക്കെന്നെ. ഞാൻ ഷൂട്ടിങ് തിരക്കിലായതിനാൽ സാറിനെ വിളിക്കാൻ പറ്റിയില്ല. പക്ഷേ 'ജലോത്സവ'ത്തിന്റെ തിരക്കഥാകൃത്ത് സിന്ധുരാജിനെ വിളിച്ചിരുന്നു. റിയാസേ ഇപ്പോഴെങ്കിലും ​അതിനൊരു ​ഗുണം കിട്ടിയല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്.

പുതിയ ചിത്രങ്ങൾ

'ഡി.എൻ.എ'യാണ് മലയാളത്തിലെ പുതിയ ചിത്രം. അതുകഴിഞ്ഞ് ഹാപ്പി ന്യൂയർ എന്നൊരു ചിത്രമുണ്ട്. ഹോട്ട്സ്റ്റാറിനുവേണ്ടി ഒരു ചിത്രം നടക്കുന്നുണ്ട്. പ്രഭുദേവയ്ക്കൊപ്പം പേട്ട റാപ്പ്,  സുന്ദർ സി, അനുരാ​ഗ് കശ്യപ് എന്നിവർക്കൊപ്പം വൺ ടു വൺ എന്നീ ചിത്രങ്ങളും വരുന്നുണ്ട്.