കോഴിക്കോട്ടെ കല്യാണ വീടുകളിലും പ്രാദേശിക ക്ലബ്ബുകളിലും വെറും 50 രൂപയ്ക്ക് മിമിക്രി അവതരിപ്പിച്ചാണ് നിർമ്മൽ പാലാഴി തന്റെ കലാജീവിതം ആരംഭിച്ചത്. അതിജീവനത്തിനായുള്ള ത്വരയാണ് തന്നെ ഇവിടം വരെ എത്തിച്ചതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. കലയോടുള്ള ഉള്ളിലെ അടങ്ങാത്ത ആഗ്രഹം കൊണ്ട് അവസരങ്ങൾക്കായി നിരന്തരം അലഞ്ഞു. ഒടുവിൽ 'കോമഡി ഫെസ്റ്റിവൽ' എന്ന റിയാലിറ്റി ഷോയാണ് കരിയറിൽ വലിയ വഴിത്തിരിവായതും സിനിമയിലേക്കുള്ള വാതിലുകൾ തുറന്നതും. തന്റെ കലാജീവിതത്തെക്കുറിച്ചും സിനിമാ അനുഭവങ്ങളെക്കുറിച്ചും പങ്കുവെച്ചുകൊണ്ട് നടൻ നിർമ്മൽ പാലാഴി മാതൃഭൂമി ഡോട്ട്കോമിന് നൽകിയ അഭിമുഖം ചുവടെ.
കോഴിക്കോട്ടെ കല്യാണ വീടുകളിലും ക്ലബ്ബുകളിലും 50 രൂപയ്ക്ക് മിമിക്രി പെർഫോം ചെയ്താണ് നിർമ്മൽ കലാജീവിതം തുടങ്ങിയതെന്ന്. അത്തരം സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് ഒരു പ്രൊഫഷണൽ ആർട്ടിസ്റ്റ് എന്ന നിലയിലേക്കുള്ള വളർച്ചയിൽ വലിയൊരു 'സർവൈവൽ ഇൻസ്റ്റിങ്റ്റ്' (അതിജീവനത്തിനായുള്ള ത്വര) ആവശ്യമാണല്ലോ. ആ ഒരു കാലഘട്ടത്തെയും കരിയറിനെയും എങ്ങനെയാണ് നോക്കിക്കാണുന്നത്?
ആ സ്ട്രഗിൾ ഇപ്പോഴും അവസാനിച്ചിട്ടില്ല, നമ്മൾ ഇപ്പോഴും അതിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. മിമിക്രി കളിച്ച് നടക്കുമ്പോൾ ഇതുവഴി സെറ്റിൽ ആകുമെന്ന് വീട്ടുകാരോ നാട്ടുകാരോ ഒന്നും വിചാരിക്കില്ലല്ലോ. മിമിക്രിയിലൂടെ ഒരു ജീവിതം പടുത്തുയർത്താൻ പറ്റുമെന്ന് അന്ന് ആരും വിചാരിച്ചില്ല. അതുകൊണ്ട് തന്നെ തുടക്കത്തിൽ വീട്ടിൽ നിന്നോ നാട്ടിൽ നിന്നോ വലിയ സപ്പോർട്ട് ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ഉള്ളിലെ ആഗ്രഹം കൊണ്ട് ചാൻസ് ചോദിച്ച് ഒരുപാട് നടന്നു.
ആദ്യം അഞ്ച് മിനിറ്റും പത്ത് മിനിറ്റും ചാൻസ് ചോദിച്ചു നടന്ന സമയത്ത് പൈസയൊന്നും കിട്ടില്ലായിരുന്നു. പിന്നീട് നൂറും ഇരുനൂറും ഒക്കെ കിട്ടിത്തുടങ്ങി. അതിനുശേഷമാണ് ഒരു ടീമായതും റിയാലിറ്റി ഷോകളിലേക്ക് എത്തിയതും. കോമഡി ഫെസ്റ്റിവൽ എന്ന റിയാലിറ്റി ഷോയാണ് എന്റെ കരിയറിലും ജീവിതത്തിലും വലിയ മാറ്റമുണ്ടാക്കിയത്. കോഴിക്കോട്ടുകാരുടെ തമാശകൾ ആളുകൾ ഇഷ്ടപ്പെട്ടു തുടങ്ങി. ആ പ്രോഗ്രാം കണ്ടിട്ടാണ് സിനിമയിൽ നിന്ന് അവസരങ്ങൾ വരുന്നത്. അപ്പോഴാണ് ഇതിലൂടെ ജീവിക്കാൻ പറ്റുമെന്ന് എനിക്ക് മനസ്സിലായത്. എങ്കിലും ഞാൻ ഇപ്പോഴും പൂർണമായി സെറ്റിൽഡ് ആയി എന്ന് വിശ്വസിക്കുന്നില്ല, ഇന്നും ആ അധ്വാനം തുടരുന്നു.
ഭൂരിഭാഗം നടന്മാരും സിനിമയിൽ ഒന്ന് രണ്ട് അവസരങ്ങൾ കിട്ടുമ്പോൾ തന്നെ കൊച്ചിയിലേക്ക് താമസം മാറാറാണ് പതിവ്. എന്നാൽ, നിർമ്മൽ ഇപ്പോഴും കോഴിക്കോട്ട് തന്നെ വേരുകളാഴ്ത്തി നിൽക്കുകയാണ്. ഈ ഒരു നാടിനോടുള്ള അടുപ്പം എത്രത്തോളമുണ്ട്?
നമ്മൾ ഇരിക്കുന്നിടത്തു നിന്ന് വാല്യൂ ഉണ്ടാക്കിയെടുക്കുന്നതിലാണ് കാര്യം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കൊച്ചിയിലാണെങ്കിൽ പെട്ടെന്ന് വിളിച്ചാൽ പെട്ടെന്ന് ചെല്ലാം, പുതിയ ആളുകളെ കാണാം എന്നൊക്കെ പലരും പറയാറുണ്ട്. എന്നാൽ ഒരു യഥാർഥ ആർട്ടിസ്റ്റിനെ ആരും പെട്ടെന്ന് വിളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. സിനിമയിലേക്ക് ഒരാളെ വിളിക്കുമ്പോൾ അയാളുടെ ഡേറ്റ് ഉണ്ടോ എന്ന് നോക്കി, അയാളുടെ റേറ്റ് ചോദിച്ച് ഉറപ്പിച്ച് കാര്യങ്ങൾ തീരുമാനിച്ച ശേഷമേ വിളിക്കൂ.
അഞ്ചു മണിക്കൂർ യാത്ര ചെയ്യേണ്ടിവരും എന്ന കാരണത്താൽ ഒരു സിനിമയും നമുക്ക് നഷ്ടപ്പെടില്ല. നമ്മൾ ഒരു നല്ല ആർട്ടിസ്റ്റാണെന്ന് തെളിയിച്ചു കഴിഞ്ഞാൽ അവർ നമുക്കായി കാത്തിരിക്കും. ‘പെട്ടെന്ന് വരുമോ’ എന്ന് ചോദിക്കുന്നത് ആർട്ടിസ്റ്റിനോടല്ല എന്നാണ് എന്റെ അഭിപ്രായം. 25 വർഷം ഞാൻ കഷ്ടപ്പെട്ട് 'നിർമ്മൽ' എന്നൊരു പേരുണ്ടാക്കി. അതുകൊണ്ട് എന്നെ ആവശ്യമുള്ളവർ വിളിച്ച് വരും. ഞാൻ അത് വിശ്വസിക്കുന്നു.
മിമിക്രിയിൽ നിന്നുവന്ന കലാകാരന്മാർ പലപ്പോഴും മികച്ച ക്യാരക്ടർ റോളുകളിലൂടെ നമ്മളെ വിസ്മയിപ്പിച്ചിട്ടുണ്ട്. ചേട്ടന്റെ സ്റ്റേജ് അനുഭവങ്ങളും ജീവിത നിരീക്ഷണങ്ങളും സിനിമയിലെ ഈ ഒരു 'നാച്ചുറലിസം' കൊണ്ടുവരാൻ എത്രത്തോളം സഹായിച്ചിട്ടുണ്ട്?
സ്റ്റേജ് സ്കിറ്റുകൾ ചെയ്യുമ്പോൾ തന്നെ ഒരു കഥാപാത്രത്തിന്റെ ജീവിതം അവതരിപ്പിക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. ഞങ്ങളുടെ ടീമിലെ എല്ലാവരും അങ്ങനെയായിരുന്നു. വെറുതെ ഒരു കൗണ്ടർ അടിച്ചു ചിരിപ്പിക്കുക എന്നതിലുപരി, ആ കഥാപാത്രത്തിന്റെ യാത്രയിൽ ഉണ്ടാകുന്ന സ്വാഭാവികമായ തമാശകൾക്കാണ് ഞങ്ങൾ പ്രാധാന്യം നൽകിയത്.
ചിലപ്പോൾ ഒരു പ്രത്യേക ഡയലോഗ് പറയുമ്പോൾ "എന്ത് വെറുപ്പിക്കലാണ്, ഭയങ്കര വെറുപ്പിക്കലാണ്" എന്നൊക്കെ തോന്നും വിധം വളരെ സ്വാഭാവികമായാണ് ഞങ്ങൾ കാര്യങ്ങൾ അവതരിപ്പിക്കുക. അത് പ്രേക്ഷകർ ചോദിക്കാൻ ആഗ്രഹിക്കുന്ന സമയത്ത് കൃത്യമായി അവതരിപ്പിക്കുമ്പോൾ അതിനൊരു വലിയ ഇംപാക്ട് കിട്ടും. ഇതൊരു 'മിമിക് പരിപാടി' അല്ല, മറിച്ച് ജീവിതത്തിൽ അറിയാതെ വന്നുപോകുന്ന കാര്യങ്ങളാണ്. കോഴിക്കോട്ടെ നാടകങ്ങൾ പോലെ തന്നെ ലൈഫ് ഉള്ള പരിപാടിയാണ് ഞങ്ങൾ ചെയ്തത്. ഡബിൾ മീനിങ് തമാശകളോ, മറ്റൊരാളുടെ ഗ്യാപ്പിൽ കയറി സ്പീഡിൽ ഡയലോഗ് പറയുന്ന മത്സര ബുദ്ധിയോ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. ആ സമയത്ത് പറയേണ്ട കാര്യങ്ങൾ മാത്രം പറയുക എന്നതായിരുന്നു രീതി. ഉദാഹരണത്തിന് ഞങ്ങളുടെ 'പ്രതിഷേധ പ്രകടനം' എന്ന സ്കിറ്റ് നോക്കിയാൽ അറിയാം, അത് വളരെ സൈലന്റായി പോകുന്ന ഒന്നാണ്. മത്സരബുദ്ധി ഒഴിവാക്കി കൃത്യസമയത്ത് ഒരു ഡയലോഗ് പറഞ്ഞാൽ അതിന് ദൈവം സഹായിച്ച് ചിരി കിട്ടാറുണ്ട്.
ഉത്സവപ്പറമ്പുകളിലും മറ്റും പെർഫോം ചെയ്യുമ്പോൾ 'ഓഡിയൻസ് സൈക്കോളജി' (പ്രേക്ഷകരുടെ മനഃശാസ്ത്രം) മനസ്സിലാക്കുക എന്നത് വലിയൊരു കാര്യമാണ്. സിനിമയിൽ അത് ഉപകാരപ്പെട്ടിട്ടുണ്ടോ?
തീർച്ചയായും. ഓഡിയൻസ് സൈക്കോളജി കിട്ടുക എന്നത് ഒരു വലിയ അനുഗ്രഹമാണ്. അമ്പലപ്പറമ്പുകളിലെ അനുഭവങ്ങൾ അതിന് ഒരുപാട് സഹായിച്ചിട്ടുണ്ട്. ഒരു സിനിമയുടെ സ്ക്രിപ്റ്റ് കാണുമ്പോൾ തന്നെ ചിലപ്പോൾ നമുക്ക് മനസ്സിലാകും-ചിലത് നന്നായി വർക്ക് ആകും, ചിലത് അത്രത്തോളം ആവില്ല എന്ന്. ആ തിരിച്ചറിവോടെ തന്നെ പെർഫോം ചെയ്യേണ്ടി വന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്.
എഴുപതോളം സിനിമകൾ ഇതിനോടകം ചെയ്തുകഴിഞ്ഞു. ഇതിൽ ഒരു പ്രേക്ഷകൻ എന്ന നിലയിൽ നിങ്ങളെ പൂർണ്ണമായി തൃപ്തിപ്പെടുത്തിയ അല്ലെങ്കിൽ 'ഗംഭീരം' എന്ന് സ്വയം തോന്നിയ കഥാപാത്രം ഏതാണ്?
സത്യം പറഞ്ഞാൽ, ഞാൻ ചെയ്ത ഒരു സിനിമയിലും ഞാൻ ഹാപ്പിയല്ല. ജനങ്ങൾ പ്രശംസിക്കുമ്പോഴും ഒരു പ്രേക്ഷകൻ എന്ന നിലയിൽ എന്റെ അഭിനയം കാണുമ്പോൾ "ഇത് ഇതിലും നന്നായി ചെയ്യാമായിരുന്നു" എന്ന് മാത്രമേ എനിക്ക് തോന്നാറുള്ളൂ. ഞാൻ ഇപ്പോഴും ഒരു നല്ല കഥാപാത്രത്തിനായി ദാഹിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ്. സ്റ്റേജ് സ്കിറ്റുകൾ ജനങ്ങൾ ഏറ്റെടുത്തതുപോലെ, എന്റെ ഒരു സിനിമാ കഥാപാത്രവും ജനങ്ങൾ നെഞ്ചിലേറ്റണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.
പല ടേക്കുകൾ എടുത്തിട്ടാണെങ്കിലും അനൂപ് മേനോന്റെ 'എന്റെ മെഴുതിരി അത്താഴങ്ങൾ' എന്ന സിനിമയിലെ ബോബി എന്ന കഥാപാത്രം ചെയ്തപ്പോൾ പടം കണ്ടപ്പോൾ കുഴപ്പമില്ല എന്ന് തോന്നി. സിദ്ദിഖ് സാറിന്റെ 'ഫുക്രി' എന്ന സിനിമയിൽ ഉടനീളം ഉണ്ടെങ്കിലും അതിലും എനിക്ക് ഇംപ്രൂവ് ചെയ്യാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. നടൻ എന്നതിലുപരി ഞാൻ ഒരു സിനിമാ പ്രേക്ഷകൻ കൂടിയാണല്ലോ, പല നടന്മാരുടെയും പ്രകടനം കണ്ട് ഞാൻ ഞെട്ടിയിട്ടുണ്ട്. അത്തരമൊരു ഞെട്ടൽ എന്റെ സ്വന്തം അഭിനയം കണ്ട് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. പക്ഷേ, ഈ അതൃപ്തിയാണ് എന്നെ കൂടുതൽ മികച്ചതാക്കാൻ സഹായിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. തൃപ്തി വന്നാൽ പിന്നെ അവിടെ അഭിനയം തീർന്നല്ലോ.
സിദ്ദിഖ്, ജോഷി തുടങ്ങി ഒരുപാട് അനുഭവസമ്പത്തുള്ള സംവിധായകരോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഒരു വലിയ അനുഭവമായിരിക്കുമല്ലോ?
എന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ് സിദ്ദിഖ് സാർ. ഒരു ആക്സിഡന്റിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന എന്നെ തിരിച്ചുകൊണ്ടുവന്നത് അദ്ദേഹമാണ്. സാർ ഇല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ 70 സിനിമകളിൽ എത്തില്ലായിരുന്നു. അത്രയും വലിയൊരു ലെജൻഡ് ആയിട്ടും സാർ വളരെ എളിമയുള്ള മനുഷ്യനായിരുന്നു. നമ്മളെ പേടിപ്പിക്കാതെ, ഒരു വലിയ സിനിമയുടെ സെറ്റിൽ ചാൻസ് ചോദിച്ചു നിൽക്കുന്ന ഒരാളെപ്പോലെ വളരെ ശാന്തനായാണ് അദ്ദേഹം നിൽക്കുക.
സ്ക്രിപ്റ്റ് തരുമ്പോൾ "നിർമ്മലിന് ഇതിൽ എന്തെങ്കിലും മാറ്റം വരുത്താൻ തോന്നുന്നുണ്ടോ?" എന്ന് അദ്ദേഹം ചോദിക്കും. നമ്മളെ അദ്ദേഹം അത്രയും വലുതാക്കും. ഞാൻ അദ്ദേഹത്തെ ഭയന്ന് നിൽക്കുമ്പോൾ അത് മനസ്സിലാക്കി എന്റെ അടുത്തേക്ക് വന്ന് അദ്ദേഹം സംസാരിക്കും. അദ്ദേഹത്തോട് നമ്മൾ എന്തെങ്കിലും ഒരു തമാശ പറഞ്ഞാൽ അത് വേണ്ടെന്ന് വെക്കണമെങ്കിൽ പോലും വളരെ സ്നേഹത്തോടെയേ പറയൂ. "അത് നമുക്ക് അടുത്ത പടത്തിൽ ചെയ്യാം, ഇതിൽ ഇത്രയും കോമഡി മതി" എന്ന് പറഞ്ഞ് അദ്ദേഹം നമ്മളെ ചേർത്തുപിടിക്കും. അഹങ്കാരം തോന്നുമ്പോൾ സിദ്ദിഖ് സാറിന്റെ കൂടെ ഒരു പത്ത് മിനിറ്റ് ഇരുന്നാൽ മതി, നമ്മൾ വട്ടം പൂജ്യമാണെന്ന് ബോധ്യപ്പെടും.
ജോഷി സാറിന്റെ വീട്ടിൽ പോയി ചാൻസ് ചോദിക്കാൻ ആഗ്രഹിച്ച ഒരാളാണ് ഞാൻ. പിന്നീട് അദ്ദേഹം തന്നെ എന്റെ സ്കിറ്റുകൾ കണ്ട് എന്നെ വിളിപ്പിച്ചു എന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. ഹരീഷ് കണാരനെയൊക്കെ അദ്ദേഹത്തിന് അറിയാം. പക്ഷേ ആ സ്കിറ്റിലെ മറ്റേ ആളെ (എന്നെ) വിളിപ്പിക്കാൻ അദ്ദേഹം കൺട്രോളർമാരോട് പറയുകയായിരുന്നു. അത്തരത്തിൽ വലിയ വലിയ ലെജൻഡുകൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് എന്റെ കരിയറിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.
അപകടം പറ്റി കരിയറിൽ ഒരു വലിയ ബ്രേക്ക് വന്ന സമയത്ത് ആരെല്ലാമായിരുന്നു താങ്ങായി കൂടെയുണ്ടായിരുന്നത്? ആ പ്രതിസന്ധിഘട്ടത്തെ എങ്ങനെയാണ് മറികടന്നത്?
സാധാരണ "വീണു കഴിഞ്ഞാൽ കൂടെ ആരും ഉണ്ടാവില്ല" എന്ന് പറയാറുണ്ട്. എന്നാൽ എന്റെ കാര്യത്തിൽ അത് നേരെ തിരിച്ചായിരുന്നു. ഞാൻ വീണപ്പോൾ നാടും വീടും സുഹൃത്തുക്കളും ഒരേപോലെ കൂടെയുണ്ടായിരുന്നു. താങ്ങായി നാടുണ്ടായി വീടുണ്ടായി എന്റെ കുടുംബം അച്ഛൻ, അമ്മ, ഭാര്യ, ഏട്ടൻ, രണ്ട് പെങ്ങന്മാര് പിന്നെ എല്ലാവരും കൂടെയുണ്ടായിരുന്നു. എന്റെ നാട്ടിലെ അമ്പലങ്ങളിലും പള്ളികളിലും സ്കൂളുകളിലും എനിക്കായി കൂട്ടപ്രാർഥനകൾ നടന്നു. വലിയൊരു സപ്പോർട്ടാണ് എനിക്ക് ലഭിച്ചത്.
അതുപോലെ സിനിമയിലെ സഹപ്രവർത്തകരും വലിയ പിന്തുണ നൽകി. അനൂപ് മേനോൻ, അജു വർഗ്ഗീസ് തുടങ്ങിയവരൊക്കെ എനിക്ക് അന്ന് വലിയ പരിചയമില്ലാതിരുന്നിട്ടും എന്നെ വിളിച്ച് ധൈര്യം തന്നു. ദുൽഖർ സൽമാൻ ഞാൻ എഴുന്നേൽക്കുന്നത് വരെ കൃത്യമായി വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു. സുരാജ് ഏട്ടൻ (സുരാജ് വെഞ്ഞാറമൂട്), കലാഭവൻ ഷാജോൺ തുടങ്ങിയവർ എനിക്കായി പ്രോഗ്രാമുകൾ ചെയ്തു. എന്റെ നാട്ടിലെ സാധാരണക്കാരായ സുഹൃത്തുക്കൾ നൽകിയ പിന്തുണ ഞാൻ മരണം വരെ മറക്കില്ല. ആ സ്നേഹമാണ് എന്നെ തിരികെ വരാൻ പ്രേരിപ്പിച്ചത്.
വരാനിരിക്കുന്ന സിനിമകൾ ഏതൊക്കെയാണ്? വരും കാലത്തെ എങ്ങനെ നോക്കിക്കാണുന്നു?
'ഹാപ്പി ജോയ്', 'ഹാൽ' എന്നീ സിനിമൾ ചെയ്തു. ഇനി ഒരു വെബ് സീരീസും വരാനുണ്ട്. വിജയ് ബാബു ചേട്ടന്റെ കൂടെ 'ആട് 3' ലും ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. എങ്കിലും എനിക്ക് വിശ്വാസമുണ്ട്, വരാനിരിക്കുന്നതാണ് ഏറ്റവും മികച്ചതെന്ന്. ലാലേട്ടൻ ഒക്കെ പറയുന്നതുപോലെ വരാനിരിക്കുന്ന മികച്ച കഥാപാത്രത്തിനായി ഞാൻ കാത്തിരിക്കുന്നു.
ദൈവം എന്നെ തിരിച്ചു കൊണ്ടുവന്നത് ഇവിടെ എന്തോ ബാക്കിവെച്ചിട്ടുള്ളത് കൊണ്ടാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. മലയാള സിനിമയിൽ എന്റേതായ ഒരു അടയാളം പതിപ്പിച്ചിട്ടേ ഞാൻ മടങ്ങുകയുള്ളൂ. മറ്റൊരാളായി തെറ്റിദ്ധരിക്കപ്പെടാതെ, 'നിർമ്മൽ' എന്ന പേരിൽ തന്നെ പൂർണ്ണമായി അറിയപ്പെടണം എന്നതാണ് എന്റെ ആഗ്രഹം.
പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?
"ഇവന്റെയൊക്കെ ഇന്റർവ്യൂ എടുക്കാൻ ആയോ?" എന്ന് ചോദിക്കുന്നവർ ഉണ്ടാകുമെന്ന് എനിക്കറിയാം. അത്തരക്കാർ എന്നെ കുറ്റം പറയുന്നതിൽ എനിക്ക് ദേഷ്യമില്ല. കാരണം, ഞാനും ഇടയ്ക്ക് എന്നോട് തന്നെ അത് ചോദിക്കാറുണ്ട്. പക്ഷേ, വരുംകാലത്ത് വലിയൊരു ആത്മവിശ്വാസത്തോടെ നെഞ്ചുവിരിച്ചു നിന്ന് എനിക്ക് ഇന്റർവ്യൂ നൽകാൻ സാധിക്കണം. അത്രയും മികച്ച ഒരു നിലയിലേക്ക് എനിക്ക് എത്തണം. ആ ഒരു ലക്ഷ്യത്തിലേക്കാണ് ഞാൻ നടക്കുന്നത്.
Content Highlights: Actor Nirmal Palazhi shares his journey from humble mimicry beginnings in Kozhikode to his successful cinema career, discussing challenges, survival instincts, and his love for his roots.
Published: 07 Jan 2026, 09:33 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented