മിമിക്രി കലാകാരന്‍, ചിത്രകാരന്‍, നടന്‍... കലാമേഖലയില്‍ പുതിയ ഉയരങ്ങള്‍ താണ്ടുകയാണ് കോട്ടയം നസീര്‍. ശബ്ദാനുകരണത്തിലൂടെയും ഹാസ്യവേഷങ്ങളിലൂടെയും നമ്മെ പൊട്ടിച്ചിരിപ്പിച്ച നസീര്‍ ഒരിടയ്ക്ക് താന്‍ വരച്ച ചിത്രങ്ങളിലൂടെ ഏവരേയും ഒന്നടങ്കം അമ്പരപ്പിച്ചു. ഇപ്പോഴിതാ ഗൗരവമാര്‍ന്ന വേഷങ്ങളിലൂടെ അഭിനയജീവിതത്തില്‍ പുതിയ ഗാഥകള്‍ രചിക്കുന്നു. തലവന്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിലെ രഘു എന്ന പോലീസ് വേഷത്തിലൂടെ ആസ്വാദകരുടെ കയ്യടികള്‍ സ്വന്തമാക്കുകയാണ് കോട്ടയം നസീര്‍.

To advertise here,

മിമിക്രി ട്രൂപ്പില്‍ ചേരാന്‍ വന്ന ജിസ് ജോയ്

സംവിധായകന്‍ ജിസ് ജോയ് തന്നെയാണ് രഘു എന്ന പോലീസ് വേഷത്തിലേക്ക് എന്നെ വിളിക്കുന്നത്. അദ്ദേഹവുമായി ഒരുപാടുനാളത്തെ പരിചയമുണ്ട്. ഞാന്‍ മിമിക്രി ട്രൂപ്പ് നടത്തുന്ന സമയത്ത് അതില്‍ ചേരാന്‍ വന്ന രണ്ടാളുകളായിരുന്നു നടന്‍ ജയസൂര്യയും ജിസ് ജോയിയും. ജയസൂര്യയാണ് ട്രൂപ്പില്‍ ചേര്‍ന്നത്. ജിസ് ജോയ് പിന്നീട് സംവിധായകനായപ്പോള്‍ ഒരു വിളി ഞാന്‍ പ്രതീക്ഷിച്ചിരുന്നു. നമുക്കുംകൂടി ഗുണമുണ്ടാവുന്ന രീതിയില്‍ എന്തെങ്കിലുമുണ്ടെങ്കിലേ വിളിക്കൂ എന്ന് അവര്‍ വിളിക്കുമ്പോള്‍ അറിയാമായിരുന്നു.

placeholder
തലവൻ എന്ന ചിത്രത്തിൽനിന്നൊരു രം​ഗം | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ഉള്ളില്‍ പക കൊണ്ടുനടക്കുന്ന 'രഘു'

ഇക്ക ചെയ്താല്‍ നന്നാവും എന്നാണ് ജിസ് ജോയ് പറഞ്ഞത്. നെഗറ്റീവ് ഷെയ്ഡുള്ള വേഷമാണ്. മേലുദ്യോഗസ്ഥനുമായി ഈഗോ പ്രശ്‌നമുണ്ടായി നില്‍ക്കുന്നയാളാണ്. അയാള്‍ക്ക് ഒരു പണി കൊടുക്കാന്‍ അവസരം കാത്തുനില്‍ക്കുന്ന സിവില്‍ പോലീസ് ഓഫീസറാണെന്ന് തോന്നണമെന്നാണ് ജിസ് പറഞ്ഞുതന്നത്. കണ്ടാല്‍ത്തന്നെ കുഴപ്പക്കാരനാണെന്ന് തോന്നുന്ന ഒരാളാവണമെന്നും ഉള്ളില്‍ പക കൊണ്ടുനടക്കുന്നയാളാണ് രഘുവെന്നും അദ്ദേഹം കൃത്യമായി പറഞ്ഞുതന്നിരുന്നു. മേക്കപ്പില്‍ റോണക്‌സ് സേവ്യര്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പുരികം കട്ടിയാക്കുകയും കവിളിന്റെ ഒരു ഭാഗം ഇരുണ്ടതാക്കുകയും ചെയ്തു. എല്ലാത്തിലുമുപരി രഘു എന്ന കഥാപാത്രത്തിന് അവര്‍ ഉദ്ദേശിച്ച അളവില്‍ കൊണ്ടെത്തിച്ചിരുന്നു.

ഒറ്റയടി കൊടുക്കാന്‍ തോന്നുന്ന കഥാപാത്രം

കണ്ടുകഴിഞ്ഞാല്‍ ഒറ്റയടി കൊടുക്കാന്‍ തോന്നുന്ന കഥാപാത്രമാണ് രഘുവെന്ന് ജിസ് ജോയ് പറഞ്ഞിരുന്നു. ചെയ്തപ്പോള്‍ നല്ല കഥാപാത്രമാണെന്ന് അറിയാമായിരുന്നു. ഞാന്‍പോലും പ്രതീക്ഷിക്കാത്ത രീതിയിലാണ് ആളുകളുടെ പ്രതികരണം. ഇതുപോലെ പ്രേക്ഷകര്‍ നോട്ട് ചെയ്തുവെന്നറിയുന്നതില്‍ സന്തോഷമുണ്ട്. കണ്ടാല്‍ ഒരു കുത്തുവെച്ചുതരാന്‍ തോന്നുന്നുണ്ടെന്ന് ആസിഫ് അലി പറഞ്ഞിട്ടുണ്ട്. ഞാന്‍ എന്നെത്തന്നെ കാണുന്നതുകൊണ്ട് എനിക്കത് ജഡ്ജ് ചെയ്യാന്‍ പറ്റുന്നില്ലായിരുന്നു.

placeholder
തലവൻ എന്ന ചിത്രത്തിൽ കോട്ടയം നസീർ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ആസിഫ് തന്റെ കണ്ണുകളില്‍ ഒരുതരം പവര്‍ കൊണ്ടുവന്നിരുന്നു

ബിജുവിനെയായാലും ആസിഫിനെയായാലും എത്രയോ വര്‍ഷമായി അറിയാം. രണ്ടുപേരുമായും വളരെയേറെ വ്യക്തിബന്ധമുണ്ട്. അതുകൊണ്ട് സ്‌ക്രിപ്റ്റ് ചര്‍ച്ചചെയ്യലൊന്നും ഉണ്ടായിരുന്നില്ല. രണ്ടുപേരും ഗംഭീര നടന്മാരാണ്. ഇതില്‍ ആസിഫ് തന്റെ കണ്ണുകളില്‍ ഒരുതരം പവര്‍ കൊണ്ടുവന്നിരുന്നു. അതെനിക്ക് ഭയങ്കര ഇഷ്ടമായി. ബിജുവാണെങ്കില്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് മികവുതെളിയിച്ചയാളാണ്.എന്തെങ്കിലും ചെയ്യാനുണ്ടാവുമെന്നതിനാലാണല്ലോ ജിസ് ജോയ് അവസരം തന്നത്. നമുക്ക് ചെയ്യാനുള്ള മുഴുവന്‍ സ്വാതന്ത്ര്യവും തന്നിരുന്നു.

placeholder
തലവൻ എന്ന ചിത്രത്തിൽ കോട്ടയം നസീറും ആസിഫ് അലിയും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

'അന്വേഷിപ്പിന്‍ കണ്ടെത്തും' ചെയ്യുമ്പോള്‍ നല്ല പേടിയുണ്ടായിരുന്നു

നമുക്ക് വളരെയേറെ ധൈര്യം കിട്ടുന്ന സന്ദര്‍ഭമാണിത്. ടൊവിനോയേപ്പോലുള്ള നല്ലൊരു ഹീറോയുടെ മുഖത്തുനോക്കിയാണ് അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിലെ എന്റെ കഥാപാത്രത്തിന്റെ മുഴുവന്‍ സംഭാഷണവും. അയാളെ അധിക്ഷേപിച്ച് ഇല്ലാതാക്കുകയാണ്. അത് ചെയ്യുമ്പോള്‍ ഉള്ളില്‍ നല്ല പേടിയുണ്ടായിരുന്നു. കാരണം നമ്മള്‍ ഇതുവരെ പറഞ്ഞ് ശീലിച്ചിട്ടില്ലാത്ത ഡയലോഗുകളാണ്. പിന്നെ ആ പോലീസ് കഥാപാത്രത്തിന്റേതായ പക്വതയും തോന്നണമല്ലോ. ഡാര്‍വിന്‍ കുര്യാക്കോസ് എന്ന സംവിധായകന്‍ അക്കാര്യത്തില്‍ നമ്മളെ വളരെയധികം സഹായിച്ചിട്ടുണ്ട്. ടൊവിനോയാണെങ്കിലും നമ്മുടെ കൂടെ നിന്നിരുന്നു. എന്തെങ്കിലും രീതിയില്‍ നമ്മുടെ പ്രകടനം നന്നായിട്ടുണ്ടെങ്കില്‍ അതെല്ലാം ഇതുപോലുള്ള പിന്തുണ കിട്ടിയതുകൊണ്ടാണ്.

placeholder
അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിൽനിന്നും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

'റോഷാക്ക്' ശരിക്കും വഴിത്തിരിവായി

റോഷാക്കിന് ശേഷമായിരിക്കാം ഒരു നടനെന്ന നിലയില്‍, അതായത് അനുകരണങ്ങളില്ലാത്ത നടനായി എന്നെ അടയാളപ്പെടുത്താന്‍ തുടങ്ങിയത്. മുമ്പ് ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തില്‍ നല്ലൊരു വേഷം ചെയ്തിരുന്നു. അതിലും മിമിക്രിയുടെ ഛായ ഇല്ലായിരുന്നു. കാരണം നമ്മള്‍ ഈ പ്രൊഫഷനിലൂടെയാണ് വന്നത്. മിമിക്രിയില്‍ പല നടന്മാരേയും അനുകരിച്ചിട്ടുണ്ട്. അഭിനയിക്കുമ്പോള്‍ എനിക്കങ്ങനെ തോന്നിയില്ലെങ്കിലും പ്രേക്ഷകര്‍ക്ക് ചില മാനറിസങ്ങള്‍ കാണുമ്പോള്‍ ചില നടന്മാരുടേതുമായി സാമ്യംതോന്നും. അങ്ങനെ പലരും പറയുന്നത് കേള്‍ക്കുമ്പോള്‍ മുമ്പ് മാനസികവിഷമം തോന്നിയിരുന്നു. നടനെന്ന നിലയില്‍ നമ്മുടെ പരാജയമാണത്. അത് മാറിയത് റോഷാക്കിനുശേഷമാണെന്നുതന്നെ പറയാം. ഇയാള്‍ക്ക് ഇത്തരം വേഷം കൊടുത്താല്‍ നന്നാവും എന്ന വിശ്വാസമുണ്ടാവുന്നത് റോഷാക്കിനുശേഷമാണ്.

placeholder
റോഷാക്ക് എന്ന ചിത്രത്തിൽ കോട്ടയം നസീർ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ജിസ് ജോയ് എന്ന സംവിധായകന്റെ വളര്‍ച്ച

ജിസ് ജോയ് എപ്പോഴും ഒരു നല്ല സംവിധായകനാണ്. ഇതുവരെ ചെയ്തതെല്ലാം ഫീല്‍ഗുഡ് ചിത്രങ്ങളുമായിരുന്നു. ഇപ്പോഴുള്ള ഈ മാറ്റം അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അതുതന്നെയാണ് ജിസിന്റെ ഏറ്റവും വലിയ വിജയം. സ്ഥിരം ചെയ്യുന്നതില്‍നിന്ന മാറണമെന്ന് ജിസ് ചിന്തിച്ചു, അതിനുവേണ്ടി ഒരു ശ്രമം നടത്തി, അതില്‍ വിജയിക്കുകയും ചെയ്തു. അങ്ങനെയൊരു ചിന്ത പലര്‍ക്കും ഉണ്ടാവുന്നതായി നമ്മള്‍ കാണാറില്ല എന്നതാണ് വാസ്തവം. അവരവരുടെ സേഫ് സോണില്‍ നിന്നുകളിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുപൊളിക്കുമ്പോള്‍ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും? വിജയിക്കുമോ എന്നെല്ലാമുള്ള പേടി സ്വാഭാവികമായി ഉണ്ടാകും. അതിനെ റിസ്‌കെടുത്ത് മറികടക്കുമ്പോഴാണ് നമുക്ക് എന്തെങ്കിലും പുതുമ സൃഷ്ടിക്കാന്‍പറ്റൂ. അതാണ് ഞാന്‍ ജിസില്‍ കാണുന്ന ഏറ്റവുംവലിയ ഗുണം. അഭിനയിക്കുമ്പോള്‍ നടനെന്ന രീതിയില്‍ ടെന്‍ഷനില്ലാതിരിക്കുമ്പോഴാണ് ഏറ്റവും മനോഹരമായ പ്രകടനം കാഴ്ചവെയ്ക്കാന്‍ പറ്റുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അഭിനയമെന്നത് ഏറ്റവും റിലാക്‌സ് ചെയ്ത് ചെയ്യേണ്ട കാര്യമാണ്. ടെന്‍ഷനടിച്ചാല്‍ നമ്മള്‍ ഉദ്ദേശിക്കുന്നതൊന്നും സമയത്ത് വന്നെന്ന് വരില്ല. അതിന് നമ്മളെ സഹായിക്കേണ്ടത് സംവിധായകന്റെ കടമയാണ്. അതില്‍ 100 ശതമാനവും വിജയിച്ചയാളാണ് ജിസ് ജോയ്. എല്ലാവരുടേയും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുന്നയാളാണ് അദ്ദേഹം.

placeholder
തലവന്റെ പോസ്റ്റർ, സംവിധായകൻ ജിസ് ജോയ് | ഫോട്ടോ: www.facebook.com/jismon.joy.39, വി.പി. പ്രവീൺകുമാർ \ മാതൃഭൂമി

അഭിനന്ദനങ്ങള്‍ തേടിയെത്തുന്നു

തലവന്‍ സിനിമകണ്ട് ഒരുപാടുപേര്‍ വിളിച്ച് അഭിനന്ദനമറിയിച്ചു. സായിച്ചേട്ടന്‍, പ്രജേഷ് സെന്‍ പോലെ പുതിയ തലമുറയില്‍പ്പെട്ട സംവിധായകരും എഴുത്തുകാരുമൊക്കെ വിളിച്ചു. ഗംഭീരമായിട്ടുണ്ട്. അവരുടെയൊക്കെ മനസില്‍ നമ്മളുണ്ടെന്ന് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷം.

സീരിയസ് വേഷങ്ങള്‍ ചെയ്തപ്പോളുണ്ടായ മാറ്റം

തമാശ ചെയ്യുന്ന ഫീല്‍ഡില്‍നിന്നും വന്ന ഒരാളെന്ന രീതിയില്‍ പണ്ട് പ്രേക്ഷകര്‍ എന്നെ അങ്ങനെയായിരിക്കും കണ്ടിട്ടുണ്ടാവുക. പക്ഷേ എനിക്ക് സിനിമയില്‍ കുറച്ച് സീരീയസായ, കരുത്തുള്ള വേഷങ്ങള്‍ ചെയ്യണമെന്നാണ് പണ്ടേയുള്ള ആഗ്രഹം. അഭിനയിച്ച് ഫലിപ്പിക്കാന്‍തക്കവണ്ണമുള്ള വേഷം കിട്ടണമെന്ന് എല്ലാക്കാലത്തും ആഗ്രഹിച്ചിരുന്നു. അത് തെളിയിക്കാനുള്ള വേഷങ്ങള്‍ തുടക്കകാലത്ത് കിട്ടിയിട്ടില്ലായിരുന്നു. ഇപ്പോള്‍ നമ്മളെക്കൊണ്ട് അത്തരം വേഷങ്ങള്‍ ചെയ്യിക്കാനുള്ള ആളുകള്‍ വന്നപ്പോള്‍ ധൈര്യമായി. ഈ സാഹചര്യം ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. എന്നാല്‍ അല്പം ഹ്യൂമറുള്ള വേഷങ്ങളും ഇതിനൊപ്പം ചെയ്യണമെന്നാണ് ആഗ്രഹം.

placeholder
കോട്ടയം നസീർ | ഫോട്ടോ: സിദ്ദിഖുൽ അക്ബർ \ മാതൃഭൂമി

പുതിയ പദ്ധതികള്‍

ചിത്രരചന അഭിനയത്തിനൊപ്പം കൊണ്ടുപോവുന്നുണ്ട്. പെയ്‌ന്റെമിക് എന്നപേരില്‍ ചിത്രങ്ങള്‍ ഓണ്‍ലൈനായി മാര്‍ക്കറ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. പെയിന്റിങ് പഴയപോലെ അത്ര സജീവമായി നടക്കുന്നില്ല. സംവിധാനം മുമ്പ് മനസിലുണ്ടായിരുന്നു. ഇപ്പോഴത് വേണോ വേണ്ടയോ എന്നാണ് ആലോചിക്കുന്നത്. നടന്‍ എന്ന നിലയില്‍ കഴിവുതെളിയിക്കാനായിരുന്നു എല്ലാക്കാലവും മനസിലുണ്ടായിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സംവിധാനത്തിലേക്ക് പോയാല്‍ വലിയൊരളവില്‍ സമയം മാറ്റിവെയ്‌ക്കേണ്ടിവരും. കിട്ടുന്ന സിനിമകളെ അത് ബാധിക്കുമോയെന്നൊരു പേടിയുണ്ട്. ദൈവം അനുഗ്രഹിച്ചാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ഒരു സിനിമ ചെയ്യണമെന്നുള്ള ആഗ്രഹമൊക്കെയുണ്ട്.