മോഹൻദാസ് എന്ന തന്റെ പുതിയ ചിത്രത്തിൽ ഇന്ദ്രജിത്തിനൊപ്പം അ‌ഭിനയിച്ച അ‌നുഭവം വിവരിച്ച് തമിഴ് താരം വിഷ്ണു വിശാൽ. ഇന്ദ്രജിത്തിന്റെ അ‌ഭിനയം കണ്ട് താൻ കഥാപാത്രമാണെന്ന് മറന്നെന്നും കരിയറിൽ ആദ്യമായാണ് ഇത്തരമൊരു അ‌നുഭവം ഉണ്ടായതെന്നും വിഷ്ണു പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിനായി നടി മഞ്ജിമ മോഹനുമായി നടത്തിയ 'ഇൻ കോൺവർസേഷനി'ലാണ് വിഷ്ണു ഇക്കാര്യം വെളിപ്പെടുത്തിയത്.

'കോമ്പിനേഷൻ സീനുകളിൽ ഇന്ദ്രജിത്ത് സാറിന്റെ അ‌ഭിനയം കണ്ട് ഞാൻ അ‌മ്പരന്നുപോയി. സീനിലാണെന്ന് മറന്ന് അ‌ദ്ദേഹത്തിന്റെ പ്രകടനം നമ്മൾ ആസ്വദിച്ചുപോകുന്ന അ‌വസ്ഥയായിരുന്നു. 12 വർഷത്തെ കരിയറിൽ ആദ്യമായാണ് ഇത്തരമൊരു അ‌നുഭവമുണ്ടാകുന്നത്. എത്ര ഉജ്ജ്വലമായാണ് അ‌ദ്ദേഹം അ‌ഭിനയിക്കുന്നത്. കഥാപാത്രത്തിൻമേൽ അ‌ദ്ദേഹത്തിനുള്ള നിയന്ത്രണം എന്നെ അ‌മ്പരപ്പിച്ചുകളഞ്ഞു' -വിഷ്ണു പറഞ്ഞു.

മലയാള സിനിമയെ കുറിച്ചും വിഷ്ണു വാചാലനായി. 'ഇന്ത്യൻ സിനിമയിലെ തന്നെ 'കിങ് ഓഫ് കണ്ടന്റ്' ആണ് മലയാള സിനിമ. ചെറിയ ചിത്രങ്ങളിൽ പോലും നമ്മൾ പ്രതീക്ഷിക്കാത്ത കണ്ടന്റുകൾ ഉണ്ടാകും. ഈയടുത്ത് ഞാൻ ഓപ്പറേഷൻ ജാവ എന്ന സിനിമ കണ്ടിരുന്നു. സിനിമ ഇങ്ങനെയാണെന്ന് നമ്മൾ വിചാരിക്കും. പക്ഷേ, തികച്ചും വ്യത്യസ്തമായൊരു വഴിയിലേക്കാകും അ‌ത് പിന്നീട് പോവുക. ആ സിനിമ കണ്ട ശേഷം ഞാൻ സംവിധായകനെ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.'



'അ‌യ്യപ്പനും കോശിയും, നായാട്ട്, ജോജി, മിന്നൽ മുരളി ഇവയൊക്കെ സമീപകാലത്ത് കണ്ടതിൽ വളരെ ഇഷ്ടപ്പെട്ട സിനിമകളാണ്,' വിഷ്ണു തുടരുന്നു. 'ഫഹദ് ഫാസിലാണ് ഇഷ്ടനടൻ. പൃഥ്വിരാജ്, നിവിൻ പോളി ഇവരുടെയൊക്കെ സിനിമകൾ കാണാറുണ്ട്. മലയാളത്തിൽ അ‌ഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. രാക്ഷസൻ ഉൾപ്പെടെയുള്ള ചിത്രങ്ങൾക്ക് മലയാളി പ്രേക്ഷകർ നൽകിയ അംഗീകാരം ഞാനേറെ വിലമതിക്കുന്നു,' തമിഴ് താരം കൂട്ടിച്ചേർത്തു.

മലയാളിയായ മനു ആനന്ദ് സംവിധാനം ചെയ്ത എഫ്.ഐ.ആർ. ആണ് വിഷ്ണുവിന്റെ പുതിയ ചിത്രം. തന്റെ അ‌ടുത്ത അ‌ഞ്ചു ചിത്രങ്ങളിൽ മൂന്നും സംവിധാനം ചെയ്യുന്നത് മലയാളി സംവിധായകരാണെന്നും വിഷ്ണു വിശാൽ പറഞ്ഞു.

Content Highlights: Vishnu Vishal about working with Indrajith Sukumaran, Mohandas Movie, FIR Film,

To advertise here,