
രാജാവു മുതല് തെരുവുതെണ്ടിവരെ നായക, ഉപനായക, പ്രതിനായക വേഷങ്ങളില് അരങ്ങുവാണ തിക്കുറിശ്ശി സുകുമാരന്നായരുടെ ഓര്മകള്ക്ക് കാല്നൂറ്റാണ്ട്. കവി, ഗാനരചയിതാവ്, നടന്, സംവിധായകന്, നിര്മാതാവ് എന്നീ നിലകളില് തിളങ്ങിയ അദ്ദേഹം മലയാള സിനിമയിലെ കാരണവരായിരുന്നു. 1997 മാര്ച്ച് 11-ന് 80-ാം വയസ്സിലായിരുന്നു അന്തരിച്ചത്.
കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശിയില് അധ്യാപകനായ മങ്കാട് സി. ഗോവിന്ദപിള്ളയുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി ജനിച്ച തിക്കുറിശ്ശിക്ക് ചെറുപ്പംമുതല് കവിത്വം സിദ്ധിച്ചിരുന്നു.
അദ്ദേഹം രചിച്ച സ്ത്രീ, മായ, മാതൃക, ബ്രഹ്മചാരി, ജീവിതയാത്ര തുടങ്ങിയ നാടകങ്ങള് കേരളക്കരയാകെ സ്വീകരിച്ചു. അദ്ദേഹം തിരക്കഥ രചിച്ച സ്ത്രീ എന്ന സിനിമയിലൂടെ 1950-ല് നായകനായി മലയാള സിനിമയിലെ ആദ്യത്തെ സൂപ്പര് സ്റ്റാര് എന്ന ഖ്യാതിയും നേടി. അദ്ദേഹം അഭിനയിച്ച ജീവിതനൗക, നവലോകം, നീലക്കുയില് തുടങ്ങിയ ചിത്രങ്ങള് മലയാളസിനിമയിലെ നാഴികക്കല്ലുകളാണ്.
നാട്ടുകാരും സുഹൃത്തുക്കളുമായ തിരുനയിനാര്കുറിച്ചി മാധവന്നായര് രചിച്ച് കമുകറ പുരുഷോത്തമന് പാടി തിക്കുറിശ്ശി അഭിനയിച്ച ഹരിശ്ചന്ദ്രയിലെ 'ആത്മവിദ്യാലയമേ' എന്ന ഗാനം മലയാളം ഇന്നും മനസ്സില് സൂക്ഷിക്കുന്നു.
അഞ്ഞൂറിലേറെ ചിത്രങ്ങളില് അഭിനയിച്ച തിക്കുറിശ്ശി ആറോളം ചിത്രങ്ങള്ക്ക് ഗാനങ്ങള് രചിച്ചു. ഉര്വശി ഭാരതിയിലെ 'കാര്കൂന്തല് കെട്ടിനെന്തിന് വാസനത്തൈലം...' എന്ന ഗാനം പ്രസിദ്ധമാണ്. ഏഴു സിനിമകള്ക്ക് തിരക്കഥ രചിച്ചു. ഏഴു സിനിമകള് സംവിധാനം ചെയ്തു. തമിഴില് എം.ജി.ആര്., ശിവാജി ഗണേശന് എന്നിവര്ക്കൊപ്പം അഭിനയിച്ചു. മലയാളത്തില് അരനൂറ്റാണ്ട് കാലം വെള്ളിത്തിരയില് നിറഞ്ഞുനിന്നു.
1973-ല് പദ്മശ്രീ നല്കി രാജ്യം ആദരിച്ചു. 1972-ല് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം, 1993-ല് സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേല് പുരസ്കാരം എന്നിവയടക്കം 200-ലേറെ അംഗീകാരങ്ങള് ലഭിച്ചിട്ടുണ്ട്.
അബ്ദുള് ഖാദറിനെ പ്രേംനസീറാക്കി പേരുമാറ്റിയ അദ്ദേഹം ദേവസ്യയെ എസ്.ജെ. ദേവും (രാജന് പി. ദേവിന്റെ അച്ഛന്), മാധവന് നായരെ മധുവും കെ. ബേബി ജോസഫിനെ ജോസ് പ്രകാശും കുഞ്ഞാലിയെ ബഹദൂറും പത്മദളാക്ഷനെ കുതിരവട്ടം പപ്പുവുമാക്കി.
കേരളത്തിലെ ആദ്യത്തെ വനിതാ കളക്ടറും രാജ്യത്തെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റുമായ എല്. ഓമനകുഞ്ഞമ്മ തിക്കുറിശ്ശിയുടെ സഹോദരിയാണ്. തിക്കുറിശ്ശിയെ 1989-ല് ഇളയമകള് കനകശ്രീയുടെ അകാലമരണം ആകെത്തളര്ത്തി. പിന്നീട് കാഷായവേഷം ധരിച്ചാണ് അദ്ദേഹം ജീവിച്ചത്.
തിരുവനന്തപുരം കവടിയാര് ജവഹര്നഗറില് പദ്മശ്രീ തിക്കുറിശ്ശി എന്ന ശിലാഫലകമുള്ള കനകശ്രീവത്സം എന്ന അദ്ദേഹത്തിന്റെ വസതി ദീര്ഘകാലമായി അടഞ്ഞുകിടക്കുകയാണ്.
Content Highlights: Thikkurissi Sukumaran Nair 25th death anniversary Thikkurissi Movies Malayalam Cinema
Published: 11 Mar 2022, 08:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented