
കോഴിക്കോട്ടുകാര്‍ക്ക് സിനിമയോടും പാട്ടിനോടുമുള്ള ഭ്രാന്ത് എടുത്തുപറയേണ്ട ആവശ്യമില്ലല്ലോ. അന്ന് കോളേജില്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായിരുന്നു മലാപ്പറമ്പുകാരനായ ആ ചെറുപ്പക്കാരന്‍. സിനിമ തലയ്ക്കുപിടിച്ച സമയം. സിനിമാക്കമ്പം മൂത്ത് അച്ഛന്റെ സുഹൃത്ത് വഴി നേരെ ചെന്നൈയ്ക്ക് വണ്ടിപിടിച്ചു. സിനിമാസ്വപ്നങ്ങളുമായി യാത്ര തുടങ്ങിയ ചെറുപ്പക്കാരന്റെ പേര് സുധാസ്.
ചെന്നൈയിലെത്തിയ സുധാസിന് വൈകാതെതന്നെ ഹിറ്റ്മേക്കര്‍ എ.ആര്‍. മുരുഗദോസിനെ കാണാന്‍ സാധിച്ചു. മുരുഗദോസ് ഗജിനി ചെയ്യുന്ന സമയമായിരുന്നു അത്. അന്ന് സ്വയം തയ്യാറാക്കിയ ഒരു തിരക്കഥയുണ്ടായിരുന്നു സുധാസിന്റെ കൈയില്‍. സംവിധായകന്റെ സുഹൃത്ത് തിരക്കഥ വായിക്കുകയും ഒരുവര്‍ഷത്തേക്ക് കൂടെ നിന്നോളാനും പറഞ്ഞതോടെ സുധാസിന്റെ സമയം തെളിയാനാരംഭിച്ചു.
അങ്ങനെയിരിക്കെയാണ് 2011-ല്‍ മുരുഗദോസ് നിര്‍മിച്ച എങ്കേയും എപ്പോതും എന്ന സിനിമ ചിത്രീകരണം തുടങ്ങുന്നുണ്ടെന്നും സെറ്റിലെത്തണമെന്നും സുധാസിന് വിളി വരുന്നത്. എന്താണ് സെറ്റില്‍ നടക്കുന്നതെന്ന് കണ്ടുമനസ്സിലാക്കാനായിരുന്നു ലഭിച്ച നിര്‍ദേശം. രണ്ടുവര്‍ഷത്തിനുശേഷം മുരുഗദോസ് തന്നെ നിര്‍മിച്ച വത്തിക്കുച്ചിയിലൂടെ സുധാസ് അസിസ്റ്റന്റ് ഡയറക്ടറുമായി. പിന്നീട് മുരുഗദോസ് ചെയ്ത ചിത്രങ്ങളിലെല്ലാം സുധാസുമുണ്ടായിരുന്നു. ഇതിനിടയില്‍ 2015-ല്‍ ഗുരുതുല്യനായി ആരാധിക്കുന്ന രഞ്ജിത്തിന്റെ ലോഹം എന്ന ചിത്രത്തിലൂടെ സുധാസ് മലയാളത്തിലും സാന്നിധ്യമറിയിച്ചു. അസോസിയേറ്റ് ഡയറക്ടറായി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പതിനെട്ടാം പടിയില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു സുധാസ്.
120 ദിവസമായിരുന്നു ദര്‍ബാറിന്റെ ചിത്രീകരണം. മുംബൈയിലായിരുന്നു മുഴുവന്‍ ചിത്രീകരണവും. ''ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പ് ഒരുദിവസം രജനിസര്‍ സംവിധായകനെ കാണാന്‍ വന്നിരുന്നു. അന്നാണ് അദ്ദേഹത്തെ വളരെയടുത്ത് കാണാന്‍ കഴിഞ്ഞത്.'' ആരാധ്യപുരുഷനെ നേരില്‍ക്കണ്ട അതേ ആവേശം സുധാസിന്റെ വാക്കുകളിലും നിഴലിക്കുന്നു. അന്നത്തേത് ശരിക്ക് ഒരു ഫാന്‍ ബോയ് മൊമന്റായിരുന്നു. ഷൂട്ടിങ്ങിന്റെ സമയത്ത് മുരുഗദോസ് അല്‍പ്പം ആശങ്കയിലായിരുന്നു. രജനിസാറിനാണ് ആക്ഷന്‍ പറയാന്‍ പോകുന്നത്. ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പ് ഒരു പൊസിഷനിങ് സെഷന്‍ ഉണ്ട്. അഭിനയിച്ചുകൊണ്ട് രജനിസര്‍ വന്നുനില്‍ക്കേണ്ട സ്ഥലത്ത് നില്‍ക്കുന്നത് ഞാനാണ്. എന്നെ സംബന്ധിച്ച് നോക്കുകയാണെങ്കില്‍ ഒരുവശത്ത് രജനികാന്ത്, ഒരുവശത്ത് സന്തോഷ് ശിവന്‍, മറ്റൊരു ഭാഗത്ത് മുരുഗദോസ് സര്‍. മൂന്നുപേരുടെയും ഡൈഹാര്‍ഡ് ഫാനാണ് ഞാന്‍. അവര്‍ മൂന്നുപേരും ഒരുമിച്ചുള്ളൊരു സെറ്റില്‍ നിന്നാല്‍ എങ്ങനെയുണ്ടാകും? ആ ഒരു ഫീലിങ് ഉണ്ടായിരുന്നു.'' രജനിസാറിന് നില്‍ക്കാനായി മാര്‍ക്ക് ചെയ്ത പൊസിഷന്‍ കാട്ടിക്കൊടുത്തപ്പോള്‍ തോളില്‍ത്തട്ടി സംസാരിച്ചു. ആ അനുഭവം എത്രകാലം കഴിഞ്ഞാലും മറക്കാനാവില്ലെന്നും സുധാസ് പറയുന്നു.
നമ്മളെ കംഫര്‍ട്ടാക്കാന്‍ ശ്രമിക്കുന്നയാളാണ് രജനിസാര്‍. മുരുഗദോസ് സാറും അങ്ങനെ തന്നെ. ഷൂട്ടിങ് കഴിഞ്ഞു നില്‍ക്കുന്ന സമയത്ത് രജനിസാറിന്റെ പഴയ പാട്ടുകളൊക്കെ പ്ലേ ചെയ്ത് ഡാന്‍സൊക്കെ ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണും നിറഞ്ഞു, ഞങ്ങളുടെ കണ്ണും നിറഞ്ഞു. വളരെ കൃത്യനിഷ്ഠയുള്ളവരായിരുന്നു നയന്‍താരയും സുനില്‍ ഷെട്ടിയും. സുനില്‍ ഷെട്ടി ഏഴ് മണിക്ക് ഷൂട്ടിങ് പറഞ്ഞാല്‍ ആറേ മുക്കാലൊക്കെ ആവുമ്പോഴേക്കും സെറ്റിലെത്തുമെന്നും സുധാസ് പറഞ്ഞു.
പി.ജി. വിശ്വംഭരന്റെ അസിസ്റ്റന്റ് ഡയറക്ടറും അസോസിയേറ്റ് ഡയറക്ടറുമായെല്ലാം പ്രവര്‍ത്തിച്ചിട്ടുള്ള ജയദാസ് ആണ് സുധാസിന്റെ അച്ഛന്‍. സിനിമയിലേക്ക് വരണമെന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ ഒരിക്കലും തടസ്സം നിന്നിട്ടില്ലെന്നും അച്ഛന്‍ തന്നെയാണ് തമിഴ് സിനിമയിലേക്ക് തന്നെ വിട്ടതെന്നും സുധാസ് കൂട്ടിച്ചേര്‍ത്തു. സുധാസിന്റെ സഹോദരന്‍ ഛായാഗ്രാഹകന്‍ ആര്‍.ഡി. രാജശേഖറിന്റെ അസിസ്റ്റന്റായി ജോലി നോക്കിയിരുന്നു.
Content Highlights : Sudhas Associate director in Rajinikanth Movie Darbar directed by AR Murugadoss
Published: 18 Jan 2020, 10:23 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented