ഒരു കഥ വായിച്ച് മറ്റൊരാളെ കേള്‍പ്പിക്കുന്നു, അത് വെറും കേള്‍വിക്കപ്പുറം ആസ്വാദ്യകരമാകുന്നതിന് എന്തൊക്കെ ചെയ്യാം? സിനിമയില്‍ ഒരു എഡിറ്ററുടെ ജോലി അതാണ്. ഇന്ത്യയിലെ മുന്‍നിര ചിത്രസംയോജനകായ ശ്രീകര്‍പ്രസാദ് പറയുന്നു. രജനികാന്ത് പ്രധാനവേഷത്തിലെത്തുന്ന ദര്‍ബാറാണ് ശ്രീകര്‍ പ്രസാദിന്റെ ഏറ്റവും പുതിയ റിലീസ്. അതോടൊപ്പം 2020-ലും 21-ലും വരാനിരിക്കുന്ന ബിഗ് ബജറ്റ് സിനിമകളിലും അദ്ദേഹത്തിന്റെ പേര് കാണാം. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ മുതല്‍ ബ്ലെസിയുടെ ആടുജീവിതം വരെ എത്തി നില്‍ക്കുന്നു അദ്ദേഹത്തിന്റെ പുതുവര്‍ഷം. 1989 തുടങ്ങി ഹിന്ദി, മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷകളിലായി മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട ചലച്ചിത്ര സപര്യയെക്കുറിച്ച് മാതൃഭൂമി ഡോട്ട്‌ കോമുമായി പങ്കുവയ്ക്കുന്നു.

To advertise here,

.ഭാഷ ഏതൂമാകട്ടെ, ബിഗ് ബജറ്റ് സിനിമകളില്‍ ശ്രീകര്‍ പ്രസാദ് ഒരു അനിവാര്യ ഘടകമാണല്ലോ?

എല്ലാ തരത്തിലുള്ള സിനിമകളിലും ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. സിനിമയെ കച്ചവടം, കല എന്നിങ്ങനെ വേര്‍തിരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഈ വര്‍ഷം എന്നെ തേടിയെത്തിയത് ഒരു ബിഗ് ബജറ്റ് സിനിമകളായിരുന്നു. അതുകൊണ്ടു തന്നെ വലിയ ഉത്തരവാദിത്തമാണ് എനിക്ക് ഏറ്റെടുക്കേണ്ടി വന്നത്. സിനിമയുടെ വലുപ്പം എഡിറ്റര്‍ക്ക് വലിയ ബാധ്യതയാണ്. എന്നില്‍ വിശ്വാസമര്‍പ്പിക്കുന്ന എല്ലാവര്‍ക്കും നന്ദി പറയുന്നു.

ഒരു എഡിറ്റര്‍ എന്നതിലപ്പുറം ഞാന്‍ ഒരു സിനിമാപ്രേമിയാണ്, സാധാരണ പ്രേക്ഷകനാണ്. എഡിറ്റ് ചെയ്യുമ്പോള്‍ ഞാന്‍ ഒരു കാര്യം മാത്രമേ മനസ്സില്‍ സൂക്ഷിക്കൂ. സാധാരണക്കാരന് മനസ്സിലാകണം. എങ്കില്‍ മാത്രമേ സിനിമയുടെ ലക്ഷ്യം പൂര്‍ത്തിയാകുകയുള്ളൂ. സംവിധായകനും ക്യാമറാമാനും എഡിറ്റിങ് ടേബിളില്‍ എത്തിക്കുന്ന ദൃശ്യങ്ങള്‍ കഥ പോലെ ക്രമീകരിക്കുന്ന എന്നതാണ് ഒരു എഡിറ്ററുടെ അടിസ്ഥാനപരമായ ജോലി. അത് വെല്ലുവിളി നിറഞ്ഞ ഒന്നു തന്നെയാണെങ്കിലും, ഞാനത് നന്നായി ആസ്വദിക്കുന്നു. എഡിറ്റിങ് മോശമായാല്‍ അത് സിനിമയുടെ ആസ്വാദനത്തെയും താളത്തെയും പ്രതികൂലമായി ബാധിക്കും. ഒരു പുസ്തകം വായിക്കുന്ന പോലെയാണ് ഞാന്‍ എഡിറ്റ് ചെയ്യുന്നത്.

രജനികാന്തിനൊപ്പമുള്ള അനുഭവങ്ങള്‍?

വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ സൂപ്പര്‍താരങ്ങളുടെ സിനിമകളെ കാത്തിരിക്കുന്നത്. അവരുടെ പ്രതീക്ഷകള്‍ വളരെ വലുതായിരിക്കും. തിരക്കഥയുടെയും എഡിറ്റിങ്ങിന്റെയും സാധ്യതകള്‍ പരമാവധി ഉപയോഗിച്ചാണ്  അത്തരം ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുക. കൃത്യമായി പറയുകയാണെങ്കില്‍ ഒരു തരത്തില്‍ എഡിറ്റിങ് ആഘോഷിക്കുകയാണ് എന്ന് തന്നെ പറയാം. സ്ലോമോഷന്‍, സ്‌റ്റൈല്‍ ഇതെല്ലാം ഹൈലറ്റ് ചെയ്യണം. ഞാനും ആ സമയത്ത് ഒരു സാധാരണ  ആരാധകനായി മാറും. എന്നിട്ട് എനിക്കെന്താണ് ഇഷ്ടപ്പെടുക എന്ന് ചിന്തിച്ചു നോക്കും, എന്നിട്ട് എഡിറ്റ് ചെയ്യും. ദര്‍ബാര്‍ എഡിറ്റ് ചെയ്യുമ്പോള്‍ എനിക്ക് അത്തരത്തിലുള്ള അനുഭവമായിരുന്നു. സത്യത്തില്‍ ഞാന്‍ രജനികാന്ത് സാറിനൊപ്പം അധികം സിനിമകള്‍ ചെയ്തിട്ടില്ല. ദര്‍ബാറിന് മുന്‍പ് കാലയാണ് ചെയ്തത്, അതിന് മുന്‍പ് രണ്ട് സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ രജനി  ആരാധകന്‍ എന്ന നിലയില്‍ സാധാരണക്കാരുടെ പള്‍സ് എനിക്കറിയാം.

ഒരു വര്‍ഷം തന്നെ വിവിധ ഭാഷകളില്‍ സിനിമ ചെയ്യുന്ന വ്യക്തിയാണ് താങ്കള്‍, മലയാള സിനിമയെ എങ്ങനെ നോക്കി കാണുന്നു?

1990 മുതല്‍ മലയാള സിനിമയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ഒരു വ്യക്തിയാണ് ഞാന്‍. മലയാള സിനിമയിലെ മാറ്റങ്ങള്‍ സസൂക്ഷ്മം നോക്കി കാണാറുമുണ്ട് വിലയിരുത്താറുമുണ്ട്. അന്നും ഇന്നും എന്നും എന്നെ അത്ഭുതപ്പെടുത്തിയത് മലയാള സിനിമയുടെ വൈവിധ്യമാണ്. പ്രത്യേകിച്ച് തിരക്കഥയില്‍. മലയാള സിനിമയ്ക്ക് എന്നും സ്വന്തമായി ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നു. അവര്‍ മറ്റുള്ള സിനിമകളെ അന്ധമായി അനുകരിക്കാറില്ല. എന്നാല്‍ 2000-ത്തിന് ശേഷം അന്യഭാഷ സിനിമകളുടെ സ്വാധീനം മലയാളത്തില്‍ കണ്ടു തുടങ്ങി, അത് നിരാശാജനകമായിരുന്നു. മാസ് മസാല സിനിമകള്‍ക്ക് പിറകെ പോയപ്പോള്‍ മലയാള സിനിമയുടെ നിലവാരം താഴ്ന്നു.  ആ ട്രെന്‍ഡിന് ഒരു വലിയ മാറ്റം വന്നത് 2010-ന് ശേഷമാണ്. മികച്ച സംവിധായകനും തിരക്കഥാകൃത്തുക്കളും പ്രത്യേകിച്ച് പുതിയ തലമുറയിലുള്ളവര്‍ സജീവമായതോടെ മലയാള സിനിമ വീണ്ടും മാറ്റത്തിന്റെ പാതയിലെത്തി. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഇന്‍ഡസ്ട്രിയാണ് മലയാള സിനിമയിപ്പോള്‍.

അതുപോലെ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രേക്ഷകര്‍ മലയാളികളാണ്. അത് അംഗീകരിക്കാതെ വയ്യ. ചെറിയ സിനിമകള്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന പ്രോത്സാഹനം വലിയ പ്രചോദനമാണ്. ഈയിടെ മലയാളത്തില്‍ പുറത്തിറങ്ങിയ കൊച്ചുസിനിമകളുടെ വിജയം തന്നെ അതിനുദാഹരണം. മലയാളി പ്രേക്ഷകരെ അങ്ങനെയൊന്നും പറ്റിക്കാന്‍ സാധിക്കുകയില്ല.

മലയാള സിനിമയിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കാമോ?

ഒരു എഡിറ്റര്‍ എന്ന നിലയില്‍ ഞാന്‍ വലിയ ഭാഗ്യവാനായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ഞാന്‍ മലയാള സിനിമയില്‍ തുടക്കം കുറിച്ചത്. സംഗീത് ശിവന്റെ യോദ്ധയും നിര്‍ണയവും വിജി തമ്പിയുടെ പിടക്കോഴി കൂവുന്ന നൂറ്റാണ്ടുമൊക്കെയായിരുന്നു തുടക്കത്തിലെ ചിത്രങ്ങള്‍. എനിക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിച്ച സംവിധായകന്‍ ഭരതനാണ്. അദ്ദേഹത്തോടൊപ്പം ചുരം എന്ന സിനിമയാണ് ഞാന്‍ ചെയ്തത്. ഭരതന്‍ സാര്‍ മികച്ച ഒരു ചിത്രകാരനും കൂടിയാണ്. ഒരോ ഫ്രെയിമും എങ്ങനെ വേണമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. അതുപോലെ തന്നെയായിരുന്ന ഷാജി എന്‍ കരുണിനൊപ്പമുള്ള അനുഭവവും. അദ്ദേഹത്തിന്റെ ഓരോ ഫ്രെയിമിനും വലിയ അര്‍ഥങ്ങളുണ്ട്. ലോഹിതദാസ്, സന്തോഷ് ശിവന്‍, ജയരാജ് ഇവരെല്ലാം എനിക്ക് പ്രിയപ്പെട്ടവര്‍ തന്നെ. ഇപ്പോള്‍ ഞാന്‍ ജോലി ചെയ്യുന്ന മലയാള സിനിമ ബ്ലെസിയുടെ ആടുജീവിതമാണ്.

പുരസ്‌കാര നേട്ടത്തില്‍ ഇന്ത്യയിലെ സിനിമാക്കാരില്‍ മുന്‍നിരയിലാണ് താങ്കള്‍, ഇതെങ്ങനെ നോക്കി കാണുന്നു?

placeholder
-
എഡിറ്റിങ് ചെയ്യുന്ന അവസരത്തില്‍ പുരസ്‌കാരങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല. ഒട്ടുമിക്ക സിനിമാ പ്രവര്‍ത്തകരും അങ്ങനെ തന്നെയാണ്, ജോലി ചെയ്യുമ്പോള്‍ പുരസ്‌കാരമൊന്നും അവരുടെ മനസ്സിലുണ്ടാകില്ല. അങ്ങനെയുണ്ടാകാനും പാടില്ല. നമ്മുടെ ജോലിയ്ക്ക് സിനിമയില്‍ തക്കതായ പ്രതിഫലം ലഭിക്കും. അതിന് ശേഷമുള്ള ബോണസ് എന്ന് അവാര്‍ഡിനെ നമുക്ക് വിശേഷിപ്പിക്കാം. പുരസ്‌കാരങ്ങള്‍ അംഗീകാരമാണ്, അതോടൊപ്പം വലിയ ഉത്തരവാദിത്തവും. എനിക്ക് ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത് കേരളത്തില്‍ നിന്നാണ്. വലിയ സന്തോഷമായിരുന്നു അത്.

Content Highlights: Film Editor Sreekar Prasad Interview Darbar aadujeevitham Movie Malayalam Cinema National awards