
സംഗീതജ്ഞൻ ശ്രീവത്സൻ ജെ. മേനോൻ തൃശൂരിൽ ഒരു സംഗീതക്കച്ചേരി നടത്താനെത്തിയപ്പോഴാണ് സുഹൃത്ത് ജോണി സംവിധായകൻ കെ.പി. കുമാരൻ കാണാൻ വന്നിട്ടുണ്ടെന്നു പറയുന്നത്. കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമയെ പറ്റി സംസാരിക്കാനാണ് വന്നതെന്നറിഞ്ഞപ്പോൾ സ്വാഭാവികമായും സംഗീതസംവിധാനം നിർവ്വഹിക്കാനാണെന്നാണു കരുതിയത്. കെ.പി. കുമാരന്റെ ഉദ്ദേശ്യം അതു മാത്രമായിരുന്നില്ല.
മഹാകവി കുമാരനാശാന്റെ ജീവിതം ആസ്പദമാക്കി കെ.പി. കുമാരൻ 84-ാം വയസ്സിൽ സംവിധാനം ചെയ്യുന്ന 'ഗ്രാമവൃക്ഷത്തിലെ കുയിൽ' എന്ന സിനിമയിൽ ആശാനെ അവതരിപ്പിക്കണം എന്നതായിരുന്നു ആവശ്യം. കുമാരനാശാനെ ഉള്ളോടുള്ളം അറിയാനും അത് ജനഹൃദയങ്ങളിൽ എത്തിക്കാനുമുള്ള ശ്രമമാണ് ഈ സിനിമ. അങ്ങനെ ആദ്യമായി അഭിനേതാവിന്റെ കുപ്പായമണിഞ്ഞു ശ്രീവത്സൻ ജെ. മേനോൻ.
കർണാടക സംഗീതജ്ഞനും സംഗീത സംവിധായകനും കാർഷിക സർവകലാശാലയിലെ പ്രൊഫസറുമായ ശ്രീവത്സൻ അപ്രതീക്ഷിതമായാണ് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. സംവിധായകനിൽ പൂർണ വിശ്വാസം അർപ്പിച്ചാണ് അദ്ദേഹം കുമാരനാശാനായി വേഷമിട്ടത്. 'ചെറുപ്പത്തിൽ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമയിൽ അഭിനയിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. കെ.പി. കുമാരനിൽ പൂർണ വിശ്വാസം അർപ്പിച്ചാണ് ഈ കഥാപാത്രം ചെയ്തത്'- അദ്ദേഹം പറഞ്ഞു.
സിനിമയിൽ അഭിനയിക്കുമ്പോഴാണ് ഒരു കവിയെന്നതിലുപരി, ഒരു വ്യക്തിയെന്ന നിലയിൽ ആശാന്റെ മഹത്വം അറിയാൻ സാധിച്ചതെന്ന് ശ്രീവത്സൻ പറയുന്നു. 'ആശാൻ ഒരു കവി മാത്രമായിരുന്നില്ല, സാമൂഹിക പരിഷ്‌കർത്താവ് കൂടിയായിരുന്നു. അദ്ദേഹം സമൂഹത്തിന് വേണ്ടി ചെയ്തത് ഭൂരിഭാഗം മലയാളികൾക്ക് അറിയാത്തത് പോലെ എനിക്കും അറിയില്ലായിരുന്നു. 'ഗ്രാമവൃക്ഷത്തിലെ കുയിൽ ' ആശാനെ കൂടുതൽ മനസ്സിലാക്കാൻ സഹായിച്ചു ' -ശ്രീവത്സൻ പറഞ്ഞു.
ക്യാമറയുടെ മുന്നിൽ നിന്ന് ശീലമില്ലെങ്കിലും സംവിധായകൻ പറഞ്ഞു കൊടുത്തതുപോലെ അദ്ദേഹം അഭിനയിച്ചു. കുമാരനാശാനെ കുറിച്ച് വളരെ ആഴത്തിൽ അറിയാവുന്ന ആളാണ് കെ.പി. കുമാരൻ. അതുകൊണ്ട് തന്നെ അദ്ദേഹവുമായുള്ള സംഭാഷണങ്ങളിലൂടെയും വായനയിലൂടെയും കഥാപാത്രത്തിനു വേണ്ടി മാനസികമായി ശ്രീവത്സൻ തയ്യാറെടുത്തു. കുമാരനാശാനെ പോലെ കെ.പി. കുമാരൻ എന്ന പ്രഗത്ഭനായ സംവിധായകനെ മനസ്സിലാക്കാൻ സാധിച്ചതും ജീവിതത്തോടും കലയോടുമുള്ള അദ്ദേഹത്തിന്റെ അർപ്പണ മനോഭാവം അനുഭവിച്ചറിയാൻ കഴിഞ്ഞതും വലിയ ഭാഗ്യമായി ശ്രീവത്സൻ കരുതുന്നു.
2020-ലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് 'ഗ്രാമവൃക്ഷത്തിലെ കുയിൽ' ആദ്യമായി പ്രദർശിപ്പിച്ചത്. പിന്നീട് 2022 ഏപ്രിൽ എട്ടിനാണ് ചിത്രം തീയേറ്ററുകളിൽ പ്രദർശിപ്പിച്ചത്. 'പൊതുവേ നല്ല അഭിപ്രായമാണ് സിനിമയ്ക്കു ലഭിച്ചത്. കുമാരനാശാനോ കെ.പി. കുമാരനോ ഒരു ദുഷ്പേര് വരാൻ പാടില്ല. അതിൽ ഞാൻ വിജയിച്ചു എന്ന് കരുതുന്നു ' - ശ്രീവത്സൻ പറഞ്ഞു. സിനിമയിലെ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിച്ചത് ശ്രീവത്സൻ തന്നെയാണ്.
പെരുമ്പളം തുരുത്തിലും കാലടിയിലും തിരുവനന്തപുരത്തുമായാണ് സിനിമ ചിത്രീകരിച്ചത്. കുമാരനാശാന്റെ ഭാര്യ ഭാനുമതിയായി വേഷമിട്ടിരിക്കുന്ന ഗാർഗി അനന്തനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. കുമാരനാശാൻ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചതുപോലെ ശ്രീവത്സൻ ജെ. മേനോനും വിവിധ മേഖലകളിൽ തന്റെ കയ്യൊപ്പ് പതിപ്പിച്ചുവെന്നത് ഇരുവരും തമ്മിലുള്ള സാമ്യം.
താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ അണിയറ പ്രവർത്തനത്തിലാണ് ഇപ്പോൾ ശ്രീവത്സൻ.
Content Highlights: Sreevalsan J Menon portrays Kumaranasan
Published: 30 Apr 2022, 02:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented