സംഗീതാധ്യാപികയാന്‍ മോഹിച്ച് വെള്ളിത്തിരയിലെത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥിനി. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം മുതല്‍ മലയാളികള്‍ക്കു പരിചിതമായ മുഖമാണ് ശ്രീലതാ നമ്പൂതിരി. എഴുപതിന്റെ നിറവിലാണ് ഗായികയും നടിയുമായ ശ്രീലത. ടെലിവിഷന്‍ പരമ്പരകളിലാണ് ഇപ്പോള്‍ ശ്രദ്ധ. കൂടെ സംഗീതക്കച്ചേരികളും.

To advertise here,

കെ.പി.എ.സി.യുടെ നാടകത്തില്‍ പാടി തുടക്കം. പിന്നീട് നാടകത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. അതോടെയാണ് പഠനവും സംഗീതവും വിട്ട് വെള്ളിത്തിരയിലേക്കുള്ള വാതില്‍ ശ്രീലതാ നമ്പൂതിരിക്കു മുന്നില്‍ തുറന്നത്.

സംഗീതത്തിലും കായികയിനങ്ങളിലും മികവുപുലര്‍ത്തിയിരുന്ന പെണ്‍കുട്ടി, അവിചാരിതമായി താനൊരിക്കലും സ്വപ്നം കാണാത്ത മേഖലയിലേക്ക് എത്തുകയായിരുന്നു.

അടൂര്‍ ഭാസിക്കൊപ്പം

ആദ്യം അടൂര്‍ ഭാസിയുടെ നായികയായി ലഭിച്ച അവസരം വേണ്ടെന്നുവച്ചു. പിന്നീട് കുറിക്കുകൊള്ളുന്ന ഹാസ്യവുമായി അദ്ദേഹത്തിനൊപ്പം വെള്ളിത്തിരയില്‍ തിളങ്ങി. അടൂര്‍ ഭാസിക്കൊപ്പം ഹാസ്യരംഗങ്ങളില്‍ പിടിച്ചുനിന്നത് വളരെ ബുദ്ധിമുട്ടിയാണ്. ചിത്രങ്ങളില്‍ അദ്ദേഹംതന്നെ ഹാസ്യഭാഗം എഴുതിച്ചേര്‍ത്തിരുന്നു. ആദ്യത്തെ സിനിമകളില്‍ ഒരുപാടു വഴക്കു കേട്ടിട്ടുണ്ട്. റിഹേഴ്‌സല്‍ സമയത്തു പറയാത്ത ഡയലോഗുകളാണ് സീനില്‍ അദ്ദേഹം പറയുക. അതിന് കൗണ്ടര്‍ പറയുന്നത് എളുപ്പമായിരുന്നില്ല. പിന്നീട് ആ ട്രാക്കിലേക്കെത്തി. പിന്നീട് നിരവധി സിനിമകള്‍ അദ്ദേഹത്തിനൊപ്പം ചെയ്തു.

ഏത് ഖദീജ?

വിക്കി പീഡിയയില്‍ 'ഖദീജ'യാണ് ആദ്യ സിനിമയെന്നു ചേര്‍ത്തിരിക്കുന്നു. അങ്ങനെയൊരു ഖദീജയെ എനിക്കറിയില്ല. ആദ്യമായി അഭിനയിച്ചത് സത്യന്റെ മകളായിട്ട് 'ആശാചക്രം' എന്ന ചിത്രത്തിലാണ്. അദ്ദേഹത്തിന്റെ മരണശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്.

ഒരു വര്‍ഷം 35 ചിത്രങ്ങള്‍

ഒരു സിനിമയില്‍ അഭിനയിച്ച ശേഷം തിരികെ പോകാനെത്തിയതാണ്. എന്നാല്‍, ഒരു വര്‍ഷം 35 സിനിമകള്‍ വരെ അഭിനയിച്ചു. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചതിനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 18 സിനിമകളില്‍ സ്വന്തമായി പാടി. ശ്രീവിദ്യക്കുവേണ്ടിയും ഒരു ചിത്രത്തില്‍ പാടി.

എഴുപതാം വയസ്സിലും ജീവിതത്തിലെ വലിയ നഷ്ടമായി കാണുന്നത് സംഗീതത്തെ ഇടയ്ക്ക് ഉപേക്ഷിച്ചതാണ്. സിനിമയില്‍ സജീവമായ സമയത്ത് സംഗീതത്തിനായി സമയം ലഭിച്ചില്ല. പിന്നീട് വീണ്ടും സംഗീതത്തിലേക്കെത്തി. ഇപ്പോഴും എന്നും രാവിലെ സാധകം ചെയ്യാറുണ്ട്.

മുപ്പതിലേറെ പരമ്പരകളില്‍ ഇതുവരെ അഭിനയിച്ചു. പണ്ടത്തെ സിനിമയുടെ രീതിയാണ് ഇന്നത്തെ ടെലിവിഷന്‍ പരമ്പരകള്‍ക്ക്.

ആദ്യത്തെ ഇടവേള

കല്യാണത്തിനു ശേഷം മദ്രാസില്‍നിന്ന് കേരളത്തിലേക്കു വരാന്‍ തീരുമാനിച്ചു. 'കോളിളക്കം' സിനിമയില്‍ അഭിനയിക്കുന്നതിനാല്‍ ചിത്രത്തിന്റെ അവസാന ദിവസമാണ് അതിനായി തിരഞ്ഞെടുത്തത്. അതേ ദിവസമായിരുന്നു നടന്‍ ജയന്റെ മരണം. ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ദിവസം. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് നിരവധി നുണകള്‍ പ്രചരിച്ചതും ഏറെ സങ്കടമുണ്ടാക്കി.

ജയനും കമല്‍ഹാസനും കൂടുതല്‍ പൂര്‍ണത ആഗ്രഹിക്കുന്ന നടന്മാരാണ്. ജയനെപ്പോലെ ശരീരസൗന്ദര്യത്തില്‍ ശ്രദ്ധിച്ചിരുന്ന നടന്മാര്‍ അക്കാലത്ത് ഇല്ലായിരുന്നു. ജയനെ കൂടുതല്‍ സ്വീകാര്യനാക്കിയതും അദ്ദേഹത്തിന്റെ ഈ പ്രത്യേകതതന്നെയാണ്.

കുടുംബം

ഹരിപ്പാട് ആഞ്ഞിലിവേലില്‍ വീട്ടില്‍ പട്ടാളക്കാരനായിരുന്ന ബാലകൃഷ്ണന്‍ നായരുടെയും കമലമ്മയുടെയും മകളായിട്ടായിരുന്നു ജനനം.

ഭര്‍ത്താവ് ഡോ. പരമേശ്വരന്‍ നമ്പൂതിരി . കുന്നംകുളം സ്വദേശിയായിരുന്നു. മെരിലാന്‍ഡ് സുബ്രഹ്മണ്യത്തിന്റെ പരിചയക്കാരനായിരുന്നു. അദ്ദേഹവും കുറച്ചു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആ പരിചയമാണ് പിന്നീട് വിവാഹത്തിലേക്കെത്തിയത്. കാലടിമനയിലെ നമ്പൂതിരി കുടുംബം മരുമകളായി സ്വീകരിക്കാന്‍ ഒരുക്കമായിരുന്നില്ല. പിന്നീട് എതിര്‍പ്പുകള്‍ വഴിമാറി. ഭര്‍ത്താവിന്റെ ആയുര്‍വേദ കമ്പനിയുടെ നടത്തിപ്പുചുമതല. കുറേക്കാലം വീടും കമ്പനിയും മാത്രമായിരുന്നു ജീവിതം. അദ്ദേഹത്തിന്റെ ആരോഗ്യം വഷളായതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തേക്കു താമസം മാറിയത്. 15 വര്‍ഷം മുന്‍പ് അദ്ദേഹം മരിച്ചു.

മകന്‍ വിശാഖ് ഫിസിയോ തെറാപ്പിസ്റ്റാണ്. മകള്‍: ഗംഗ. മരുമകള്‍: ഡോ. ഐശ്വര്യ.

Content Highlights : Sreelatha Namboothiri Interview Movies sreelatha @80