അദാനി കടം വാങ്ങി വ്യവസായ സാമ്രാജ്യങ്ങള് പിടിച്ചടക്കുമ്പോൾ, റിലയൻസ് സ്വന്തം പണമൊഴുക്കിലൂടെ വിപണി കൈയടക്കുന്ന രീതി പിന്തുടരുന്നു. അദാനി ഗ്രൂപ്പ് ഇന്ത്യയുടെ അടിസ്ഥാനസൗകര്യ മേഖല കീഴടക്കുമ്പോൾ, റിലയൻസ് സാധാരണക്കാരന്റെ 'ഡിജിറ്റൽ-റീട്ടെയിൽ ജീവിതത്തെ' നിയന്ത്രിക്കുന്നു

ഇടവേളയ്ക്കുശേഷം മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി. രാജ്യത്തെ വ്യവസായരംഗത്ത് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ടാറ്റ-ബിർള യുഗത്തിൽനിന്ന് അദാനിയെന്ന വ്യവസായ ഭീമനിലേക്ക് ഇന്ത്യ ചുരുങ്ങിയിരിക്കുകയാണ്. ടാറ്റയെയും ബിർളയെയും പോലുള്ള പരമ്പരാഗത ഗ്രൂപ്പുകൾ ജനവിശ്വാസത്തിലൂടെയും ഉപഭോക്തൃ ഉത്പന്നങ്ങളിലൂടെയും ഏറെ സമയമെടുത്താണ് വളർന്നതെങ്കിൽ, അദാനിയുടെ വളർച്ച രാജ്യത്തിന്റെ നട്ടെല്ലായ അടിസ്ഥാനസൗകര്യ വികസനങ്ങളുടെ സമ്പൂർണ നിയന്ത്രണത്തിലൂടെ കണ്ണടച്ചുതുറക്കുന്ന വേഗത്തിലായിരുന്നു.
2013-ൽ ലോകസമ്പന്നരുടെ പട്ടികയിൽ 69-ാം സ്ഥാനത്തായിരുന്ന അദാനി 2022-ൽ ലോകത്തെ രണ്ടാമത്തെ വലിയ ധനികനായി മാറിയത് അങ്ങനെയാണ്. ഉപ്പുമുതൽ സോപ്പുവരെയുള്ള ചില്ലറ വിപണിയിലല്ല, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഊർജകേന്ദ്രങ്ങൾ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെ ആധിപത്യത്തിലൂടെയാണ് അദാനി ഇത് സാധ്യമാക്കിയത്.
ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2026 പ്രകാരം 9.23 ലക്ഷം കോടി രൂപയുടെ ആസ്തിയുമായാണ് അദാനി മുകേഷ് അംബാനിയെ മറികടന്ന് വീണ്ടും ഒന്നാമതെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വർധനയാണ് അദാനിയുടെ ആസ്തിയിലുണ്ടായത്.
വ്യത്യസ്ത ബിസിനസ് തന്ത്രങ്ങൾ
രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) ഗതിനിർണയിക്കുന്ന വൻശക്തികളാണ് ഗൗതം അദാനിയുടെയും മുകേഷ് അംബാനിയുടെയും ബിസിനസ് സാമ്രാജ്യങ്ങൾ. 2026-ലെ ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ്, ബ്ലൂംബർഗ് ബില്യനയർ ഇൻഡക്സ് എന്നിവ പ്രകാരം വ്യക്തിഗത ആസ്തിയിൽ അദാനി മുന്നിലാണെങ്കിലും കോർപ്പറേറ്റ് വരുമാനത്തിലും ലാഭക്ഷമതയിലും ഇപ്പോഴും റിലയൻസ് ഇൻഡസ്ട്രീസ് തന്നെയാണ് ബഹുദൂരം മുന്നിൽ. വരുമാനവർധന, പദ്ധതി നിർവഹണശൈലി, സാമ്പത്തിക വിന്യാസം എന്നിവയിൽ തികച്ചും വിഭിന്നമായ തന്ത്രപരമായ പാതകളിലൂടെയാണ് ഇരുഗ്രൂപ്പുകളും സഞ്ചരിക്കുന്നത്.
റിസ്കുകളിലെ നേട്ടം
അദാനി ഗ്രൂപ്പിന്റേത് 'ഹൈ-റിസ്ക്, ഹൈ-റിവാർഡ്' മാതൃകയാണ്. ഭൗതികമായ അടിസ്ഥാനസൗകര്യങ്ങൾ അതിവേഗം പടുത്തുയർത്താൻ വൻതോതിൽ കടമെടുക്കുന്നു. ഇന്ത്യയുടെ ദീർഘകാല വളർച്ചയിലുള്ള വലിയ പന്തയമായി ഇതിനെ കാണാം. രാജ്യം വളരുന്നതിനനുസരിച്ച് കടം തിരിച്ചടയ്ക്കാനുള്ള ശേഷി ആസ്തികളിൽനിന്ന് ഉണ്ടാകുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
മറുവശത്ത്, റിലയൻസ് ഒരു സാമ്പത്തികകോട്ട പോലെയാണ് പ്രവർത്തിക്കുന്നത്. പരമ്പരാഗതമായി തുടർന്നുപോരുന്ന പെട്രോകെമിക്കൽ ബിസിനസ്സിൽനിന്നുള്ള പണത്തിന്റെ പിൻബലം ഉപയോഗിച്ച് പുതിയ വിപണികൾ പിടിച്ചെടുക്കുന്നതാണ് അംബാനിയുടെ ശൈലി. ഈ വ്യത്യസ്ത സാമ്പത്തിക ഘടനകളാണ് ഇരുഗ്രൂപ്പുകളുടെയും ബിസിനസ് മോഡലുകളെ നിർണയിക്കുന്നത്.
അദാനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രാജ്യത്തിന്റെ വികസനത്തിന്റെ ചുക്കാൻ കൈവശപ്പെടുത്തിക്കൊണ്ടാണ്. സർക്കാർ കരാറുകളുമായി ബന്ധപ്പെട്ട ഇത്തരം ആസ്തികൾ പൂർണമായ ലാഭത്തിലേക്ക് എത്താൻ പതിറ്റാണ്ടുകൾ വേണ്ടിവരുമെങ്കിലും അവയുടെ കുത്തകസ്വഭാവം കാരണം വിപണിയിൽ ഉയർന്ന 'പ്രൈസ് ടു എർണിങ് മൾട്ടിപ്പിൾസ്' (High P/E multiples) ഇവർക്ക് ലഭിക്കുന്നു.
മുംബൈ, അഹമ്മദാബാദ്, ലക്നൗ, മംഗളൂരു, ജയ്പൂർ, ഗുവാഹട്ടി, തിരുവനന്തപുരം, നവി മുംബൈ എന്നിങ്ങനെ എട്ടു വിമാനത്താവളങ്ങൾ 50 വർഷത്തെ ദീർഘകാല ലീസിനാണ് അദാനി സ്വന്തമാക്കിയിരിക്കുന്നത്. മുന്ദ്ര, ധാംറ, വിഴിഞ്ഞം ഉൾപ്പെടെ 13-ലധികം പ്രധാന തുറമുഖങ്ങൾ അദാനിയുടെ കീഴിലാണ്. ഊർജം, സിമന്റ് എന്നിവയ്ക്ക് പുറമേ ആണവോർജം, പ്രതിരോധ മേഖല, ആർമി സ്കൂളുകൾ, ഐ.എസ്.ആർ.ഒ. എന്നിവയിലേക്കും അദാനി സാമ്രാജ്യം പടർന്നുപന്തലിക്കുകയാണ്.
റിലയൻസ് ഇൻഡസ്ട്രീസ്: അംബാനിയുടെ തന്ത്രം ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാവുക എന്നതാണ്. 'ജിയോ' എന്ന ഡിജിറ്റൽ ഇക്കോസിസ്റ്റത്തിലൂടെയും രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയിലൂടെയും ഉപഭോക്താക്കളുടെ കീശയിലാണ് അദ്ദേഹം നോട്ടമിട്ടിരിക്കുന്നത്. ജാംനഗറിലെ ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി സമുച്ചയമാണ് ഈ ഉപഭോക്തൃ വിപ്ലവത്തിനാവശ്യമായ മൂലധനം നൽകുന്ന യന്ത്രം.
അദാനി രാജ്യത്തിന്റെ വ്യാവസായിക മേഖലകളും വ്യാപാരപാതകളും നിയന്ത്രിക്കുമ്പോൾ അംബാനി ഡിജിറ്റൽ ഡാറ്റയും ഉപഭോഗശീലങ്ങളും കൈപ്പിടിയിലൊതുക്കുന്നു. ബി2ബി (B2B) മേഖലയിലെ കുത്തകയും ബി2സി (B2C) മേഖലയിലെ ആധിപത്യവും തമ്മിലുള്ള പോരാട്ടമാണിത്.
തുടക്കത്തിൽ തനതായി വഴി, പിന്നീട് മത്സരം
പരമ്പരാഗതമായി പരസ്പരം മത്സരിക്കുന്ന മേഖലകൾ ഒഴിവാക്കുക എന്നൊരു 'അലിഖിത ധാരണ' അദാനിയും അംബാനിയും പുലർത്തിയിരുന്നു. എന്നാൽ പുനരുപയോഗ ഊർജ മേഖലയിൽ ഈ ധാരണകൾ ഇല്ലാതാവുകയും ഇരുവരും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുകയും ചെയ്തു.
അദാനി ഗ്രീൻ എനർജി: പുനരുപയോഗ ഊർജ മേഖല പിടിച്ചടക്കാനുള്ള ശ്രമമാണ് അദാനി നടത്തുന്നത്. ഖാവ്ഡയിലെ (Khavda) ബൃഹത്തായ പുനരുപയോഗ ഊർജ പാർക്ക് ഇതിന്റെ തെളിവാണ്. ഊർജ ഉത്പാദനത്തിലും വിതരണത്തിലുമാണ് ഇവരുടെ ശ്രദ്ധ.
റിലയൻസ് ന്യൂ എനർജി: അംബാനി ലക്ഷ്യമിടുന്നത് ഊർജ ഉത്പാദന ഉപകരണങ്ങളുടെ നിർമാണ ശൃംഖലയിലാണ്. ഗിഗാഫാക്ടറികളിലൂടെ സോളാർ പാനലുകൾ, ഗ്രീൻ ഹൈഡ്രജൻ ഇലക്ട്രോലൈസറുകൾ എന്നിവ ഇന്ത്യയിൽത്തന്നെ നിർമിച്ച് വിപണി പിടിക്കാനാണ് റിലയൻസ് ശ്രമിക്കുന്നത്. ഇവിടെ മത്സരം 'നിർമാതാവും' 'സേവനദാതാവും' തമ്മിലാണ്.
പുതുനേതൃത്വം: നീക്കത്തിലെ വ്യത്യാസം
മുകേഷ് അംബാനി ബിസിനസിനെ മൂന്നു വ്യക്തമായ തൂണുകളായി വിഭജിച്ച് ഓരോന്നും ഓരോ പിൻഗാമിയെ ഏൽപ്പിച്ചുകഴിഞ്ഞു: ആകാശ് അംബാനി (ടെലികോം/ജിയോ), ഇഷ അംബാനി (റീട്ടെയിൽ), അനന്ത് അംബാനി (ന്യൂ എനർജി). ഇത് അധികാരത്തർക്കങ്ങൾ ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കമാണ്.
ഗൗതം അദാനി മകൻ കരൺ അദാനിയെയും അനന്തരവൻ സാഗർ അദാനിയെയും പ്രവർത്തനങ്ങളിൽ സജീവമായി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും തീരുമാനങ്ങൾ ഇപ്പോഴും സ്ഥാപകന്റെ കാഴ്ചപ്പാടിനു കീഴിൽ കൂടുതൽ കേന്ദ്രീകൃതമായി തുടരുന്നു.
റിലയൻസ് ചിട്ടയായ വികേന്ദ്രീകൃത കോർപറേറ്റ് ഘടനയിലേക്ക് മാറുമ്പോൾ അദാനി ഗ്രൂപ്പ് ഇപ്പോഴും സ്ഥാപകകേന്ദ്രീകൃതമായ വളർച്ചയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് പ്രവർത്തനക്ഷമത വർധിപ്പിക്കുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ സ്ഥാപനവത്കരണം വെല്ലുവിളിയായേക്കാം.
രാജ്യത്തെ കോർപറേറ്റ് ലോകത്തെ രണ്ട് അതികായന്മാരും വ്യത്യസ്ത ദിശകളിലൂടെയാണ് രാജ്യത്തിന്റെ സാമ്പത്തിക ഭാവി കൈകാര്യം ചെയ്യുന്നത്. അദാനി കടം വാങ്ങി വ്യവസായ സാമ്രാജ്യങ്ങൾ പിടിച്ചടക്കുമ്പോൾ, റിലയൻസ് സ്വന്തം പണമൊഴുക്കിലൂടെ വിപണി കൈയടക്കുന്ന രീതി പിന്തുടരുന്നു. അദാനി ഗ്രൂപ്പ് ഇന്ത്യയുടെ അടിസ്ഥാനസൗകര്യ മേഖല കീഴടക്കുമ്പോൾ, റിലയൻസ് സാധാരണക്കാരന്റെ 'ഡിജിറ്റൽ-റീട്ടെയിൽ ജീവിതത്തെ' നിയന്ത്രിക്കുന്നു
Content Highlights: Gautam Adani surpassed Mukesh Ambani to become India's richest person in 2026 according to the Hurun India Rich List., Adani's net worth reached ₹9.23 lakh crore, marking a 13% increase from the previous year., Adani focuses on high-risk infrastructure development, while Reliance relies on petrochemical cash flows and consumer markets., Both billionaires are now directly competing in the renewable energy sector through Adani Green Energy and Reliance New Energy.
Published: 24 Sept 2026, 05:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented