300 കോടിയിലേറെ കളക്ഷൻ സ്വന്തമാക്കി ലോകയാണ് ഈ വർഷത്തെ ഇൻഡസ്ട്രി ഹിറ്റ് പദവിയിലെത്തിയത്. എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളിലൂടെ രണ്ട് 200 കോടി ക്ലബ് ചിത്രങ്ങൾ മോഹൻലാൽ സമ്മാനിച്ചു.

തെന്നിന്ത്യൻ സിനിമയെ ഇന്ത്യയെമ്പാടുമുള്ള ചലച്ചിത്രാസ്വാദകർ ഉറ്റുനോക്കിയ വർഷമായിരുന്നു 2025. എണ്ണിയാലൊടുങ്ങാത്ത വമ്പൻ ചിത്രങ്ങൾ പലഭാഷകളിലായി വന്നെങ്കിലും പലതും പാതിവഴിയിൽ കാലിടറിവീണു. കൂട്ടത്തിൽ തലയുയർത്തി നിന്നത് മലയാള സിനിമയായിരുന്നു. തമിഴിൽ സൂപ്പർതാര ചിത്രങ്ങൾ പ്രതീക്ഷയോടെ വന്ന് തകർന്നടിഞ്ഞപ്പോൾ കാന്താര 2, സു ഫ്രം സോ എന്നിവ മാത്രമായിരുന്നു കന്നഡയ്ക്ക് ആശ്വാസമായത്. തെലുങ്ക് ചിത്രങ്ങൾ പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങളും നടത്തി.
മലയാള സിനിമയ്ക്കിത് അസാധാരണ വർഷം
2024 മാത്രമല്ല, 2025-ഉം പൂർണ്ണമായും മലയാള സിനിമയുടേതായിരുന്നു. 'ലോക: ചാപ്റ്റർ 1', മോഹൻലാലിന്റെ 'എൽ2: എമ്പുരാൻ', 'തുടരും', 'ഹൃദയപൂർവ്വം', മമ്മൂട്ടിയുടെ 'കളംകാവൽ' പോലുള്ള ചിത്രങ്ങൾ വലിയതോതിൽ പ്രേക്ഷകരെ തിയേറ്ററുകളിലേക്കടുപ്പിച്ചു. ഇതിനൊപ്പം 'എക്കോ', 'ഡൈസ് ഈറേ', 'രേഖാചിത്രം', 'ഓഫീസർ ഓൺ ഡ്യൂട്ടി', 'അവിഹിതം', 'ആലപ്പുഴ ജിംഖാന', നരിവേട്ട, ഫെമിനിച്ചി ഫാത്തിമ, സർവം മായ തുടങ്ങി ഉള്ളടക്കത്തിന് പ്രാധാന്യമുള്ള ചിത്രങ്ങളും മലയാളസിനിമയെ തലയുയർത്തിനിൽക്കാൻ സഹായിച്ചു. 300 കോടിയിലേറെ കളക്ഷൻ സ്വന്തമാക്കി ലോകയാണ് ഈ വർഷത്തെ ഇൻഡസ്ട്രി ഹിറ്റ് പദവിയിലെത്തിയത്. എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളിലൂടെ രണ്ട് 200 കോടി ക്ലബ് ചിത്രങ്ങൾ മോഹൻലാൽ സമ്മാനിച്ചു.
കാലിടറിയ തമിഴ്
അജിത് നായകനായ ഗുഡ് ബാഡ് അഗ്ലിയാണ് തമിഴിലെ പണം വാരിച്ചിത്രങ്ങളിൽ മുന്നിൽ. രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ കൂലി സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും 500 കോടി ക്ലബിൽ ഇടംപിടിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കി. അതേസമയം അജിത്തിന്റെ തന്നെ വിടാമുയർച്ചി, കമൽ ഹാസന്റെ 'തഗ് ലൈഫ്', സൂര്യയുടെ 'റെട്രോ', വിക്രമിന്റെ 'വീര ധീര സൂരൻ' എന്നിവയുൾപ്പെടെ നിരവധി വലിയ ബഡ്ജറ്റ് ചിത്രങ്ങൾ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെച്ചില്ല. ചെറിയ പശ്ചാത്തലത്തിലെത്തിയ പ്രദീപ് രംഗനാഥന്റെ 'ഡ്രാഗൺ', 'ഡ്യൂഡ്', ശശികുമാറിന്റെ 'ടൂറിസ്റ്റ് ഫാമിലി', വിജയ് സേതുപതിയുടെ 'തലൈവൻ തലൈവി', സൂരിയുടെ 'മാമൻ', മണികണ്ഠന്റെ 'കുടുംബസ്ഥൻ' എന്നീ ചിത്രങ്ങൾ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിച്ചു.
സ്ഥിരതയില്ലാതെ തെലുങ്ക്
സൂപ്പർതാര ചിത്രങ്ങൾ വാഴുകയും വീഴുകയും ചെയ്ത ഇൻഡസ്ട്രിയാണ് തെലുങ്ക്. വലിയ ചില ചിത്രങ്ങൾ ഹിറ്റുകളായ തെലുങ്കിൽ പരാജയമടഞ്ഞ വമ്പൻ ചിത്രങ്ങൾ മറുവശത്തുണ്ട്. പവൻ കല്യാണിന്റെ 'ദേ കോൾ മി ഓജി', വെങ്കിടേഷിന്റെ 'സംക്രാന്തികി വസ്തുന്നാ എന്നീ ചിത്രങ്ങളാണ് കൂട്ടത്തിലെ ബോക്സോഫീസ് ഹിറ്റുകൾ. 'ലിറ്റിൽ ഹാർട്ട്സ്', 'കോർട്ട്', 'സിംഗിൾ', 'കിഷ്കിന്ധാപുരി' തുടങ്ങിയ ചിത്രങ്ങൾക്ക് പ്രേക്ഷക പിന്തുണ ലഭിച്ചെങ്കിലും തിയേറ്ററുകളിൽ ലോങ് റൺ നേടാനായില്ല. പവൻ കല്യാണിന്റെ 'ഹരി ഹര വീര മല്ലു', വിജയ് ദേവരകൊണ്ടയുടെ 'കിംഗ്ഡം', നന്ദമുരി ബാലകൃഷ്ണയുടെ 'അഖണ്ഡ 2' തുടങ്ങിയ വലിയ പ്രതീക്ഷിയോടെ വന്ന പല ചിത്രങ്ങളും പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെച്ചില്ല.
കന്നഡയ്ക്ക് പ്രയാസമേറിയ വർഷം
കന്നഡ സിനിമയെ സംബന്ധിച്ച് 2025 അല്പം പ്രയാസമേറിയ വർഷമായിരുന്നു. ഋഷഭ് ഷെട്ടിയുടെ 'കാന്താര: ചാപ്റ്റർ 1', 'മഹാവതാർ നരസിംഹ', രാജ് ഷെട്ടിയുടെ 'സു ഫ്രം സോ' എന്നീ ചിത്രങ്ങൾ മാത്രമാണ് സൂപ്പർഹിറ്റുകളെന്ന് പറയാവുന്നവ. സുനിശ്ചിത വിജയപ്രതീക്ഷയുമായാണ് കാന്താരയുടെ രണ്ടാം ഭാഗമെത്തിയത്. ഋഷഭ് ഷെട്ടി, ജയറാം, രുക്മിണി വസന്ത് എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ ചിത്രം 900 കോടിക്കടുത്താണ് ആഗോള കളക്ഷൻ സ്വന്തമാക്കിയത്. പാൻ ഇന്ത്യൻ ലെവൽ വിജയം നേടിയ ചിത്രമെന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹമായത് സു ഫ്രം സോ ആണ്. നവാഗതനായ ജെ.പി. തുമിനാട് ഒരുക്കി അദ്ദേഹംതന്നെ നായകനായ ചിത്രത്തിന്റെ ബജറ്റ് നാലരക്കോടിയാണ്. ചിത്രം ആകെ സ്വന്തമാക്കിയത് 120 കോടിയാണ് എന്നതിലാണ് ആ വിജയത്തിന്റെ വലിപ്പം കാണേണ്ടത്. ബിഗ് ബജറ്റ് ചിത്രങ്ങളെപ്പോലും പിന്തള്ളിയ വിജയമായിരുന്നു മഹാവതാർ നരസിംഹ എന്ന ആനിമേഷൻ ചിത്രം നേടിയത്. 15 കോടിയോളം മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രം 326 കോടിരൂപയാണ് ആഗോള തലത്തിൽ സ്വന്തമാക്കിയത്. വർഷാവസാനം തിയേറ്ററുകളിലെത്തിയ കിച്ച സുദീപ് ചിത്രം മാർക്ക്, രാജ് ബി. ഷെട്ടി-ശിവരാജ്കുമാർ-ഉപേന്ദ്ര ചിത്രം 45 എന്നിവയും ഹിറ്റടിച്ചു.
താങ്ങാനാവുന്ന ബഡ്ജറ്റിൽ, നല്ല ഉള്ളടക്കമുള്ള ചിത്രങ്ങൾ നിലനിൽക്കുമെന്നും താരങ്ങളുടെ മാത്രം പിൻബലത്തിലുള്ള വിജയത്തിന്റെ കാലം അവസാനിച്ചുവെന്നുമാണ് 2025ലെ തെന്നിന്ത്യൻ സിനിമാ ട്രെൻഡ് സൂചിപ്പിക്കുന്നത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Content Highlights: Explore the 2025 South Indian cinema landscape. Discover Malayalam films dominating box office, while Tamil & Telugu face challenges. Kannada`s big hits.
Published: 30 Dec 2025, 05:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented