
ബിജു മേനോനും കുഞ്ചാക്കോ ബോബനും പ്രധാനവേഷങ്ങളിലെത്തിയ ഓർഡിനറി എന്ന ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു പാര്വതി അഥവാ ശ്രിത ശിവദാസിന്റെ ചലച്ചിത്ര പ്രവേശം. സുഗീത് സംവിധാനം ചെയ്ത് ഈ ചിത്രം 2012 ലായിരുന്നു പുറത്തിറങ്ങിയത്. പിന്നീട് ഒരുപിടി മലയാള ചിത്രങ്ങളിൽ വേഷമിട്ട ശ്രിത പതിയെ തമിഴ് സിനിമയിലേക്ക് ചേക്കേറി. സന്താനത്തിനൊപ്പം വേഷമിട്ട ധില്ലുക്കു ദുഡു 2 എന്ന ചിത്രം തമിഴ്നാട്ടിൽ ഗംഭീരവിജയമായതോടെ ശ്രിത തമിഴിലും ശ്രദ്ധനേടി. പിന്നീട് രമ്യാ നമ്പീശൻ സംവിധാനം ചെയ്ത അൺ ഹെെഡ് എന്ന ഹ്രസ്വചിത്രത്തിലൂടെയായിരുന്നു ശ്രിത വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തിയത്. വെറും 3 മിനിറ്റ് മാത്രം ദെെർഘ്യമുള്ള ഈ ഹ്രസ്വചിത്രം സ്ത്രീശരീരത്തിനു നേർക്കുള്ള അരുതാത്ത ആൺനോട്ടങ്ങളെ ചോദ്യം ചെയ്യുന്നതായിരുന്നു. സാമൂഹത്തിന് വേണ്ടിയുള്ള ഈ ചെറിയ ഉദ്യമത്തിൽ പങ്കാളിയായതിന്റെ സന്തോഷത്തിലാണ് ശ്രിതയിപ്പോൾ. ഇനി വിശേഷങ്ങൾ ശ്രിത തന്നെ പറയട്ടെ....
അൺഹെെഡ് ഏറെ ചർച്ചയായ ഒരു ഹ്രസ്വചിത്രമാണ്? പ്രേക്ഷകരുടെ പ്രതികരണങ്ങളെ എങ്ങിനെ നോക്കിക്കാണുന്നു?
അൺഹെെഡ് ചർച്ചയായതിൽ വളരെ സന്തോഷം തോന്നുന്നു. വളരെ ശക്തമായ സന്ദേശം നാടകീയതയില്ലാതെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള ഒരു ശ്രമമാണ് രമ്യ നമ്പീശൻ നടത്തിയത്. രമ്യ എന്റെ അടുത്ത സുഹൃത്താണ്. അവർ എന്നോട് ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ തന്നെ ഞാൻ വല്ലാതെ എക്സെെറ്റഡായി. ലെെംഗികതയിലെ കൺസെന്റിനെക്കുറിച്ച് (പരസ്പര സമ്മതം) പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. അത് ഒരു വേശ്യ കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നത് അതിനേക്കാൾ വലിയ വെല്ലുവിളിയാണ്. രമ്യയിലെ സംവിധായികയ്ക്ക് അത് നന്നായി കെെകാര്യം ചെയ്യാൻ സാധിച്ചു.
രമ്യയെന്ന സംവിധായികയ്ക്കൊപ്പമുള്ള അനുഭവം?
രമ്യയെ നടിയെയും ഗായികയെയും നമുക്ക് എല്ലാവർക്കും നേരത്തേ തന്നെ അറിയാം. ഒരു അടുത്ത സുഹൃത്തെന്ന നിലയിൽ ഞാൻ അവർ സംവിധാനം ചെയ്യുന്നത് വളരെ ആവേശത്തോടെയാണ് ഉറ്റുനോക്കിയത്. എന്റെ പ്രതീക്ഷയ്ക്കപ്പുറമായിരുന്നു അൺഹെെഡ്. ഞാൻ നേരത്തേ പറഞ്ഞത് പോലെ പറയുന്ന വിഷയത്തിന്റെ പരപ്പും ആഴവും വിലയിരുന്നുമ്പോൾ വലിയ വെല്ലുവിളിയാണ് രമ്യയ്ക്ക് മുന്നിൽ ഉണ്ടായിരുന്നത്. വെറും മൂന്ന് മിനിറ്റിനുള്ളിൽ അത് പറയുക എന്നതും എളുപ്പമായിരുന്നില്ല. എന്നാൽ രമ്യ അതിവിദഗ്ധമായി അത് സാധിച്ചെടുത്തു. ചിത്രം പുറത്തിറങ്ങിയതിന് ശേഷം മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എനിക്കും രമ്യക്കും വ്യക്തിപരമായും ധാരാളം സന്ദേശങ്ങൾ ലഭിച്ചു. പലരും അവരുടെ അനുഭവങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞു. ഒരു അഭിനേത്രി എന്ന നിലയിൽ വളരെയേറെ സംതൃപ്തി ലഭിച്ച നിമിഷമായിരുന്നു അത്.
ലെെംഗിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചർച്ചകൾ ഇനിയും മുന്നോട്ട് പോകാനുണ്ട്. അത് അത്യാവശ്യവുമാണ്. സിനിമ പോലുള്ള മീഡിയം അതിനായി ഉപയോഗിക്കുന്നത് വളരെ നന്നായിരിക്കും. കാരണം സിനിമ വളരെ ജനകീയമായ ഒരു കലാരൂപം ആയതിനാൽ എന്റർടെെൻ ചെയ്യാൻ കഴിയുന്നപോലെ അതിന് എജുക്കേറ്റ് ചെയ്യാനും സാധിക്കും.
2012 ൽ തുടങ്ങിയ സിനിമാ ജീവിതം എട്ട് വർഷങ്ങളായി, തിരിഞ്ഞു നോക്കുമ്പോൾ എങ്ങിനെ വിലയിരുത്തുന്നു?
വളരെയേറെ സന്തോഷം തോന്നുന്നുണ്ട്. ഒരു സ്വപ്ന തുല്യമായ തുടക്കമായിരുന്നു എന്റേത്. ഓർഡിനറിയെ പ്രേക്ഷകർ ഇരു കെെയ്യും നീട്ടി സ്വീകരിച്ചു. അതിന് ശേഷം സിനിമകൾ വരുന്നുണ്ടായിരുന്നുവെങ്കിലും ഞാൻ അധികം ചെയ്തില്ല. സിനിമ കരിയറാക്കണം എന്ന് കരുതിയല്ല അഭിനയിച്ചു തുടങ്ങിയത്. ഡിഗ്രി കഴിഞ്ഞ സമയത്താണ് സിനിമയിലെത്തിയത്. അന്നൊന്നും അതിന്റെ ഗൗരവം എനിക്കറിയില്ലായിരുന്നു.
2014 ൽ വിവാഹം കഴിഞ്ഞു. എന്നാൽ ആ ബന്ധത്തിന് കഷ്ടിച്ച് ഒരു വർഷം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. പരസ്പരം ഒത്തുപോകാനാകാതെ വന്നപ്പോൾ ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ആ സമയത്ത് എന്റെ വ്യക്തിപരമായ ചില കാരണങ്ങളാൽ ഞാൻ അധികം സിനിമകൾ ചെയ്തില്ല. പിന്നീട് തമിഴിലാണ് ഗംഭീരമായ ഒരു തുടക്കം ലഭിക്കുന്നത്. സന്താനത്തിനോടൊപ്പം ധില്ലുക്കു ദുഡ്ഡു 2വിലൂടെ. ഒരു ഹൊറർ കോമഡി ചിത്രമായിരുന്നു അത്. തമിഴ്നാട്ടിൽ ആ വലിയ ഹിറ്റാവുകയും ചെയ്തു. അതിന് ശേഷം കാർത്തിക് രാജ് സംവിധാനം ചെയ്ത ഡൂഡി എന്ന ചിത്രത്തിലും വേഷമിട്ടു. അതിന്റെ ചിത്രീകരണം പൂർത്തിയായി. എന്നാൽ റിലീസ് ചെയ്തിട്ടില്ല. തമിഴിൽ രണ്ട് സിനിമകളുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയായിരുന്നു. മലയാളത്തിൽ മണിയറയിലെ അശോകൻ പുറത്തിറങ്ങി. വർഷങ്ങൾ കഴിഞ്ഞ് ഇപ്പോഴാണ് സിനിമയെ ഞാൻ കുറച്ചുകൂടി ഗൗരവത്തോടെ നോക്കി കാണുന്നത്. അതിനിടെയാണ് കൊറോണയുടെ വരവ്... ഇതൊന്നും നമ്മുടെ കയ്യിൽ അല്ലല്ലോ?
പിന്നെ ഒരു കാര്യം കൂടി പറയാനുണ്ട്, വളരെ പെട്ടന്ന് തന്നെ മാറ്റം സംഭവിക്കുന്ന ഇൻഡസ്ട്രിയാണ് സിനിമ. സാങ്കേതികതയുടെ കാര്യമാണെങ്കിലും സിനിമയുടെ ജോണറുകളാണെങ്കിലും അങ്ങനെ എല്ലാം പെട്ടന്ന് തന്നെ മാറ്റങ്ങൾക്ക് വിധേയമാകുന്നു. അഭിനയത്തിന് പുറമേ സംവിധാന രംഗത്തടക്കം ഒരുപാട് സ്ത്രീകൾ മുന്നോട്ട് വന്നത് നല്ലൊരു കാര്യമായി ഞാൻ കാണുന്നു. സ്ത്രീകളോടുള്ള സമീപനത്തിലും കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം സ്ത്രീകൾ സിനിമയിൽ നിന്ന് അപ്രത്യക്ഷരാകുന്ന പ്രവണത കുറഞ്ഞിട്ടുണ്ട്. വിവാഹമാണെങ്കിലും വിവാഹമോചനമാണെങ്കിലും തികച്ചും വ്യക്തിപരമാണെന്നും സിനിമയുമായി അതിനെ കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ലെന്നും ഒരു പരിധിവരെ പലരും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. അതെല്ലാം വളരെ പോസിറ്റീവായ കാര്യങ്ങളാണ്.
തമിഴ് സിനിമയിലാണ് ശ്രിത ഇപ്പോൾ കൂടുതലായും അഭിനയിക്കുന്നത്? തമിഴ് നന്നായി ഇഷ്ടപ്പെട്ടുവോ?

അങ്ങനെയൊന്നുമില്ല, അഭിനയം എല്ലാം ഭാഷയിലും ഒരു പോലെ തന്നെയാണ്. കൂടുതൽ വേഷങ്ങൾ വന്നത് തമിഴിൽ നിന്നായിരുന്നത് കൊണ്ട് ചെയ്തുവെന്ന് മാത്രം. തമിഴ് സിനിമയിൽ ചെല്ലുമ്പോൾ നമ്മൾ അവിടുത്തെ അതിഥികളാണ്. അതുകൊണ്ടു തന്നെ നല്ല പരിചരണം ലഭിക്കും. മലയാളത്തിൽ അങ്ങിനെയല്ല എന്നല്ല ഞാൻ ഉദ്ദേശിച്ചത്. മലയാളത്തിൽ നമ്മൾ വീട്ടിലെ കുട്ടികൾ തന്നെയല്ലേ. അതിന്റെ ഒരു വ്യത്യാസം ഉണ്ട്. ഭാഷ എന്തു തന്നെയാണെങ്കിലും നല്ല കഥാപാത്രങ്ങളെ ലഭിക്കുക എന്നതാണ് ഒരു അഭിനേതാവിനെ സംബന്ധിച്ച് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം. നല്ല വേഷങ്ങൾക്കായുള്ള ഒരു കാത്തിരിപ്പിലായിരുന്നു ഞാൻ. അധികം സിനിമകൾ ചെയ്യുന്നതിലല്ല, നമ്മുടെ മനസ്സിന് സംതൃപ്തി നൽകുന്ന വേഷങ്ങൾ ചെയ്യുന്നതാണ് ഏറ്റവും വലിയ കാര്യം.
കോവിഡ് മൂലം ചിത്രീകരണം സജീവമാകാത്തതിനാൽ അപ്രതീക്ഷിതമായി ലഭിച്ച ഈ അവധിദിനങ്ങളെ എങ്ങനെയാണ് ഉപയോഗിച്ചത്?
ഞാൻ ഗിത്താർ പഠിക്കാൻ തുടങ്ങി (ചിരിക്കുന്നു). വലിയ മോഹമായിരുന്നു അത്. ഇപ്പോഴാണ് അതിന് സമയം ലഭിച്ചത്. കോവിഡും ലോക്ഡൗണും നമ്മുടെ എല്ലാവരുടെയും ജീവിതത്തെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. വ്യക്തിപരമായി ഞാനും നിരാശയിലൂടെ തന്നെയാണ് കടന്നുപോയത്. ഷൂട്ടിങ് നിന്നുപോയി, എന്ന് ഇതെല്ലാം ഒന്ന് അവസാനിക്കും എന്നോർത്ത് വിഷമിച്ചിരുന്നു. സുഹൃത്തുക്കളോട് സംസാരിക്കുമ്പോഴും അവർ പറയുന്നതും ഇത് തന്നെയാണ്. യാത്രകൾ മുടങ്ങി, ഒത്തുകൂടൽ ഇല്ലാതായി. നാം നമ്മളിലേക്ക് തന്നെ ചുരുങ്ങിയ സമയം. എന്നിരുന്നാലും പ്രതീക്ഷയുടെ ഒരു വെട്ടം നമ്മൾ എല്ലാവരിലുമുണ്ട്. അതിന് ആളിക്കത്തിക്കാൻ ശ്രമിക്കുകയാണ്. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയും മറ്റും ധാരാളം സിനിമകൾ കാണാനും ഈ അവസരം ഞാൻ ഉപയോഗിച്ചു. കൊറോണ മാറി ജനജീവിതം സാധാരണ പടിയാകട്ടെ.. എന്നിട്ട് മാത്രമല്ലേ സിനിമയ്ക്ക് സ്ഥാനമുള്ളൂ. അതിനായി ഞാൻ പ്രാർഥിക്കുകയാണ്. ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാകുമെന്ന് പ്രതീക്ഷയോടെ ഒരോ നിമിഷവും ചെലവഴിക്കുന്നു.
(സ്റ്റാർ ആൻഡ് സ്റ്റൈലിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: Shritha Sivadas actor actress interview, Malayalam, Tamil Cinema
Published: 15 Sept 2020, 03:06 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented