മണിയറിലെ അശോകന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതായി നില്‍ക്കുമ്പോള്‍ അതില്‍ ഏറ്റവുമധികം സന്തോഷിക്കുന്ന വ്യക്തികളിലൊരാള്‍ ചിത്രത്തിന്റെ സംഗീത സംവിധായകനായ ശ്രീഹരി കെ നായരാണ്. തന്റെ ആദ്യ ചിത്രം തന്നെ ഹിറ്റാകുകയും പാട്ടുകള്‍  സൂപ്പര്‍ഹിറ്റാകുകയും ചെയ്തതിന്റെ ആഹ്ലാദത്തിലാണ് ഈ കാസര്‍കോട്ടുകാരന്‍. ദുല്‍ഖറും ഗ്രിഗറിയും ഒരുമിച്ച് പാടിയ ഉണ്ണിമായ എന്ന ഗാനത്തിലൂടെ തന്നെ ശ്രീഹരിയുടെ പേര് മലയാള സിനിമയില്‍ ചര്‍ച്ചയായിരുന്നു. അതിനുപിന്നാലെ ഹരിശങ്കറിന്റെ മധുരമായ ശബ്ദത്തില്‍ പുറത്തിറങ്ങിയ പെയ്യും നിലാവുള്ള എന്ന പാട്ടും സൗത്ത് ഇന്ത്യന്‍ സിനിമയുടെ സെന്‍സേഷന്‍ ഗായകന്‍ സിദ് ശ്രീറാം പാടിയ ഓള് എന്ന ഗാനവും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയതോടെ മലയാള സിനിമാലോകത്ത് തന്റേതായ സ്ഥാനം ശ്രീഹരി കണ്ടെത്തിക്കഴിഞ്ഞു. 

To advertise here,

എം.ബി.എ കഴിഞ്ഞ് അതുമായി ബന്ധപ്പെട്ട ജോലി തേടുന്നതിനുപകരം ശ്രീഹരി തെരെഞ്ഞെടുത്തത് പാട്ടിന്റെ ലോകമായിരുന്നു. കടമ്പകള്‍ ഒരുപാട് പിന്നിട്ട് ആഗ്രഹിച്ച ജോലി ചെയ്യുന്നതിന്റെ സന്തോഷം ശ്രീഹരി സംസാരിക്കുമ്പോള്‍ പ്രകടമാണ്. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ചും പുതിയ പ്രതീക്ഷകളെക്കുറിച്ചും ശ്രീഹരി സംസാരിക്കുന്നു...

അശോകനും ഹാപ്പി ഞാനും ഹാപ്പി

ഒരു നവാഗത സംഗീത സംവിധായകന്‍ എന്ന നിലയില്‍ ചിത്രത്തിലെ പാട്ടുകള്‍ സ്വീകരിക്കപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ പാട്ടുകള്‍ ഹിറ്റായതോടെ ആശങ്കകളെല്ലാം വലിയ സന്തോഷമായി മാറി. പാട്ടുകള്‍ ഇത്ര ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചില്ല. സംഗീതസംവിധായകനാകുക എന്നത് ചെറുപ്പം തൊട്ടുള്ള ആഗ്രഹമായിരുന്നു. അത് സഫലീകരിച്ചതിലും ഒരുപാട് സന്തോഷം. പാട്ടുകള്‍ റിലീസ് ചെയ്തപ്പോള്‍ തൊട്ട് പലരും വിളിച്ചിരുന്നു. സംഗീത സംവിധായകരായ കൈലാസ് മേനോനും അരുണ്‍ മുരളീധരനും ജസ്റ്റിന്‍ വര്‍ഗീസും വിളിച്ച് അഭിനന്ദിച്ചു. ഇനിയും നല്ല പാട്ടുകള്‍ മലയാളികള്‍ക്ക് സമ്മാനിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

ഷംസു കൊണ്ടുവന്ന ഭാഗ്യം

ഈ ചിത്രത്തിന്റെ സംവിധായകന്‍ ഷംസു സൈബയുമായി ഏറെ നാളത്തെ ബന്ധമുണ്ട്. അദ്ദേഹത്തിന്റെ ചില ഹ്രസ്വ ചിത്രങ്ങള്‍ക്ക് ഞാന്‍ സംഗീതം നല്‍കിയിട്ടുണ്ട്. ആ പരിചയത്തിന്റെ കരുത്തിലാണ് മണിയറയിലെ അശോകനിലേക്കെത്തുന്നത്. ചിത്രത്തിനായി തിരക്കഥ ഒരുക്കുന്ന സമയം തൊട്ട്  എവിടെയെല്ലാം പാട്ടുകള്‍ വേണമെന്ന് എന്നോട് പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് ഞാന്‍ പാട്ടുകളുടെ ട്യൂണ്‍ കംപോസ് ചെയ്തിരുന്നു. തിരക്കഥ അവതരിപ്പിക്കാനായി ദുല്‍ഖര്‍ സല്‍മാനെ സമീപിക്കുമ്പോള്‍ പാട്ടുകളും കേള്‍പ്പിച്ചു. അദ്ദേഹത്തിന് അന്നുതന്നെ പാട്ടുകള്‍ ഏറെ ഇഷ്ടപ്പെട്ടു. പിന്നീട് ദുല്‍ഖറിനെയും ജേക്കബ് ഗ്രിഗറിയെയും വെച്ച് ഒരു പാട്ട് പാടിക്കാനും അവസരം ലഭിച്ചു

ദുല്‍ഖറും ഗ്രിഗറിയും മത്സരിച്ച പാട്ട്

ഉണ്ണിമായ എന്ന പാട്ട് പാടാന്‍ ദുല്‍ഖറിനെയും ജേക്കബ് ഗ്രിഗറിയെയും തീരുമാനിച്ചത് പെട്ടെന്നായിരുന്നു. ആ പാട്ട് ആരു പാടണമെന്ന് ഞാന്‍ തീരുമാനിച്ചിട്ടൊന്നുമില്ലായിരുന്നു. പിന്നീട് ഒരു ചര്‍ച്ചയ്ക്കിടയില്‍ ദുല്‍ഖറിന്റെയും ഗ്രിഗറിയുടെയും പേര് ഉയര്‍ന്നുവരികയായിരുന്നു. അതോടെ ഞാന്‍ ഡബിള്‍ ഹാപ്പി. വളരെ രസകരമായിരുന്നു റെക്കോര്‍ഡിങ്. ഒരു പുതുമുഖ സംഗീതസംവിധായകന്‍ എന്ന നിലയിലല്ല അവര്‍ എന്നെ പരിഗണിച്ചത്. ഞങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദം ഉടലെടുത്തു. ദുല്‍ഖറും ഗ്രിഗറിയും നന്നായി മത്സരിച്ചു തന്നെ പാട്ടുകള്‍ പാടുകയും ചെയ്തു. ആദ്യം റിലീസ് ചെയ്ത പാട്ടും ഉണ്ണിമായ ആയിരുന്നു. റെക്കോഡിങ് ഓര്‍മകള്‍ എന്നും മനസ്സില്‍ മായാതെ നിലകൊള്ളും. 

അതില്‍ സങ്കടമുണ്ട്

സത്യം പറഞ്ഞാല്‍ സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ ഇറങ്ങിയതില്‍ സങ്കടമുണ്ട്. കോവിഡിന് മുന്‍പ് ഷൂട്ടിങ്ങും റെക്കോര്‍ഡിങ്ങും കഴിഞ്ഞ സിനിമയാണ് മണിയറയിലെ അശോകന്‍. ആദ്യ സിനിമയായതിനാല്‍ ചിത്രത്തിലെ പാട്ടുകള്‍ തീയേറ്ററില്‍ നിന്നും കേള്‍ക്കണമെന്നത് വലിയൊരു ആഗ്രഹമായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല. പക്ഷേ ഈയൊരു കാലത്ത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണെങ്കിലും ചിത്രം ഇറങ്ങിയല്ലോ എന്നോര്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. കാലത്തിനൊപ്പം നമ്മളും മാറണം. 

പഠിച്ചത് എം.ബി.എ പക്ഷേ മനസ്സില്‍ എന്നും സംഗീതം

ചെറുപ്പത്തില്‍ കുറച്ചുകാലം ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുണ്ട്. പിന്നീട് മ്യൂസിക്ക് പ്രൊഡക്ഷന്‍ കോഴ്‌സ് ചെയ്തു. ഇതെല്ലാം എന്റെ താത്പര്യത്തിന് ചെയ്തതാണ്. സംഗീതത്തോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോയി. ഞാനൊരു എം.ബി.എ ബിരുദധാരിയാണ്. പക്ഷേ അതുമായി ബന്ധപ്പെട്ട് ജോലിയൊന്നും ചെയ്യാന്‍ താത്പര്യമില്ല. ചെറുപ്പംതൊട്ട് സംഗീതമാണ് എന്റെ ലോകം. അവിടെത്തന്നെ കഴിയാനാണ് എനിക്കിഷ്ടം. വീട്ടുകാരുടെ നിര്‍ബന്ധത്തിനാണ് എം.ബി.എ എടുത്തത്. എം.ബി.എ ചെയ്യുമ്പോള്‍ തന്നെ കീബോര്‍ഡ് പ്രോഗ്രാമിങ് ചെയ്തുതുടങ്ങി. കുറച്ചുകാലം സംഗീതസംവിധായകന്‍ പ്രശാന്ത് പിള്ളയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. ചില പരസ്യങ്ങളില്‍ ജിംഗിളുകള്‍ കംപോസ് ചെയ്യാനും അവസരം ലഭിച്ചു.

പുത്തന്‍ പ്രതീക്ഷകള്‍

ചില ചിത്രങ്ങളില്‍ നിന്നും ഓഫറുകള്‍ വന്നിട്ടുണ്ട്. പക്ഷേ കോവിഡ് കാരണം അവയുടെ ചിത്രീകരണം തുടങ്ങിയിട്ടില്ല. അതുകൊണ്ട് പുതിയ ചിത്രങ്ങളെക്കുറിച്ച് പറയാറായിട്ടില്ല. ചില പരസ്യങ്ങള്‍ക്ക് വേണ്ടി ജിംഗിളുകള്‍ ചെയ്യുന്നുണ്ട്. 

Content Highlights: Interview with Sreehari K Nair Music Director of the film Maniyarayile Ashokan