
പ്രിയ കെ.കെ... എന്താണ് ഇത്രയും തിടുക്കം സുഹൃത്തേ... നിങ്ങളെപ്പോലെ കഴിവുള്ള ഗായകരാൽ ജീവിതം മധുരതരമാണ്.- എ.ആർ. റഹ്‌മാൻ
ബോളിവുഡ് ഹിറ്റുകൾ ഉൾപ്പെടെ എഴുന്നൂറിലധികം ഗാനങ്ങൾക്കും ആയിരക്കണക്കിന് പരസ്യജിംഗിളുകൾക്കും ശബ്ദം നൽകിയിട്ടുണ്ടെങ്കിലും തന്റെ മാതൃഭാഷയിൽ കുറച്ചു നല്ലഗാനങ്ങൾ ആലപിക്കുക എന്നത് ബോളിവുഡിന്റെ മാസ്മരിക സ്വരത്തിനുടമ കെ.കെ. എന്ന കൃഷ്ണകുമാർ കുന്നത്തിന്റെ സ്വപ്നമായിരുന്നു. കെ.കെ. പാടിയ ഓരോ ഗാനവും യുവതലമുറ ഏറ്റെടുത്ത് കൊണ്ടാടിയപ്പോഴും തന്റെ ഭാഷയിൽ, തന്റെ അച്ഛന്റെയും അമ്മയുടെയും ഭാഷയിൽ തനിക്ക് പാടാൻ ഒരവസരം ലഭിക്കുന്നില്ലല്ലോ എന്ന വേദന അദ്ദേഹത്തിൽ എപ്പോഴുമുണ്ടായിരുന്നു.
ഏതാനും വർഷംമുമ്പ് ബോറിവിലിയിലെ വീട്ടിൽവെച്ച് നേരിൽക്കണ്ടപ്പോൾ മലയാളം തന്നെ അവഗണിക്കുന്നെന്ന വേദന പറയുകയുണ്ടായി. വ്യത്യസ്തഭാഷകളിൽ കെ.കെ. എന്ന ഗായകൻ തന്നെ രേഖപ്പെടുത്തിയപ്പോഴും ദീപക്‌ദേവിന്റെ സംഗീതത്തിൽ ഒരു ഗാനംമാത്രമാണ് മലയാളത്തിൽ പാടാനായത്.
തമിഴിലും ഹിന്ദിയിലും തിളങ്ങി
നല്ലമനുഷ്യൻ, മാസ്മരികശബ്ദത്തിനുടമ, ഏതു ഭാഷാസംഗീതവും വഴങ്ങുന്ന ശാരീരം -ഇതെല്ലാമായിരുന്നു കെ.കെ. എങ്കിലും മലയാളസിനിമാലോകം അത്ര അടുപ്പിച്ചുനിർത്തിയില്ല. എന്നാൽ, ഇന്ന് മലയാളി മൂളുന്ന ‘രഹസ്യമായ് രഹസ്യമായ്’ എന്ന ഗാനം മാത്രംമതി മലയാളം അദ്ദേഹത്തെ എക്കാലവും ഓർക്കാൻ. ബോളിവുഡിന് ഇമ്രാൻ ഹാഷ്മിയുടെ ഗാനങ്ങൾ അധികവും പാടിയത് കെ.കെ.യായിരുന്നു. 1990-കളുടെ അവസാനത്തിൽ ഏറെ ഹിറ്റായ ‘പൽ’ എന്ന ആൽബത്തിലൂടെയാണ് ഗായകനായി ചുവടുറപ്പിച്ചത്. ഈ ആൽബത്തിന് മികച്ച സോളോ ആൽബത്തിനുള്ള സ്റ്റാർ സ്‌ക്രീൻ അവാർഡ് ലഭിച്ചിട്ടുണ്ട്.
തമിഴ് സിനിമ കാതൽദേശത്തിലൂടെ എ.ആർ. റഹ്മാനാണ് സിനിമാ പിന്നണിഗാനരംഗത്തേക്ക് കൊണ്ടുവന്നത്. ഹം ദിൽ ദേ ചുകേ സനം എന്ന ചിത്രത്തിലെ ‘തടപ്പ് തടപ്പ്’, ദേവദാസിലെ ‘ഡോലാ രേ ഡോല’, വോ ലംഹേയിലെ ‘ക്യാ മുജെ പ്യാർ ഹേ’ എന്നിവ കെ.കെ.യുടെ ജനപ്രിയഗാനങ്ങളാണ്. ഓം ശാന്തി ഓമിലെ ‘ആങ്കോമേ തേരി’, ബച്ച്‌ന ഏ ഹസീനോയിലെ ‘ഖുദാ ജാനേ’, ആഷിഖി 2-ലെ ‘പിയാ ആയേ നാ’ എന്നീ ഗാനങ്ങളും ആസ്വാദകർ ഏറ്റെടുത്തവയാണ്.
3500-ലധികം ജിംഗിളുകൾ
ഗായകൻ കിഷോർകുമാർ, സംഗീതസംവിധായകൻ ആർ.ഡി. ബർമൻ എന്നിവർ കെ.കെ.യെ സ്വാധീനിച്ചിട്ടുണ്ട്. മൈക്കൽ ജാക്സൺ, ബില്ലി ജോൾ, ബ്രയാൻ ആഡംസ് എന്നിവരാണ് കെ.കെ.യുടെ ഇഷ്ടഗായകർ. 1999 ക്രിക്കറ്റ് വേൾഡ് കപ്പിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിന്തുണച്ചുകൊണ്ട് ഇറങ്ങിയ ‘ജോഷ് ഓഫ് ഇന്ത്യ’ എന്ന ഗാനം പാടിയതും കെ.കെ.യാണ്. തമിഴിൽ മിൻസാര കനവിലെ ‘സ്‌ട്രോബറി കണ്ണേ’, ഗില്ലിയിലെ ‘അപ്പടി പോട്’, കാക്ക കാക്കയിലെ ‘ഉയിരിൻ ഉയിരേ’ എന്നിവയും അദ്ദേഹത്തിന്റെ ഹിറ്റ് ലിസ്റ്റിൽ പെടുന്നവയാണ്. ചലച്ചിത്രഗാനരംഗത്തേക്ക് എത്തുന്നതിനുമുമ്പ് 3500-ലധികം ജിംഗിളുകൾക്ക് അദ്ദേഹം ശബ്ദംനൽകിയിട്ടുണ്ട്.
മലയാളത്തിൽ പാടുന്നത് എനിക്ക് കഠിനമാണ് എന്നാണ് കെ.കെ. മലയാളത്തെപ്പറ്റി പറഞ്ഞത്. മലയാളത്തിൽ പാട്ടുകൾ പാടാൻ അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ, അതിനുള്ള അവസരങ്ങൾ സ്വീകരിക്കാൻ തനിക്ക് താത്‌പര്യമില്ലെന്ന ഒരു ധാരണ മലയാളം സംഗീതസംവിധായകർക്ക് ഉണ്ടായിരുന്നുവോയെന്ന സംശയവും അദ്ദേഹം പങ്കുവെച്ചിരുന്നു.
തനി കേരളീയനാകുന്ന അവസരങ്ങൾ പലപ്പോഴും കെ.കെ. പങ്കുവെച്ചിട്ടുണ്ട്. വാഴയിലയിൽ ഭക്ഷണം കഴിക്കുക, തൃശ്ശൂരിലെയും എറണാകുളത്തെയും ചില റെസ്റ്റോറന്റുകളിലെ വിഭവങ്ങൾ കണ്ടുപിടിക്കുക, പഴയ മലയാളം പാട്ടുകളും യേശുദാസിന്റെ കൃഷ്ണഭജനകളും കേട്ട് നഗരത്തിനുപുറത്ത് വാഹനമോടിക്കുക, പൊറോട്ടയും ചിക്കൻ ഫ്രൈയും മസാലദോശയും കഴിക്കുക ഇവയെല്ലാം പ്രിയപ്പെട്ടതായിരുന്നു.
ഡൽഹിയിൽ പഠനം പൂർത്തിയാക്കിയശേഷം മാർക്കറ്റിങ് എക്സിക്യുട്ടീവായി ജോലിനോക്കിയിരുന്നു. സ്വന്തമായി റോക്ക് സംഗീതസംഘമുണ്ടാക്കി പാടിയിരുന്ന കെ.കെ. പരസ്യട്യൂണുകൾ മൂളി സംഗീതരംഗത്ത് ചുവടുവെച്ചു. മുംബൈയിൽ എത്തിയത് ജീവിതത്തിൽ വഴിത്തിരിവായി. മകൻ നകുൽ കെ.കെ.യുടെ ആൽബമായ ഹംസഫറിൽ പാടിയിട്ടുണ്ട്. 53 വയസ്സ് ജീവിതത്തിലെ വലിയ കാലയളവല്ല. ആ പ്രായം കെ.കെ.യെ അപഹരിച്ചെന്നത് വലിയ ഗായകനോട് കാലം കാണിച്ച നീതികേടാണ്.
കെ.കെ.യുടെ സൂപ്പർഹിറ്റുകൾ
- അപ്പടി പോട് (ഗില്ലി)
- കല്യാണം താൻ കെട്ടികിട്ട് ഓടി പോലാമ(സാമി)
- ഉയിരിൻ ഉയിരേ (കാക്ക കാക്ക)
- അണ്ടങ്കാക കൊണ്ടക്കാരി (അന്യൻ)
- ഒരു വാർത്ത കേക്ക ഒരു വരുഷം(അയ്യ)
- തഡപ് തഡപ് കെ ഇസ് ദിൻ സെ (ഹെ ദിൽ ദേ ചുകെ സനം)
- കോയി കഹേ കെഹതാ രഹേ (ദിൻ ചാഹതാ ഹേ)
- ഡോലാ രേ, മാർഡാലാ (ദേവദാസ്)
- ശിക്ദും ശിക്ദും (ധൂം)
- തുഹീ മേരി ശബ് ഹേ (ഗ്യാങ്സ്റ്റർ)
- ജൂം ബരാബർ (ജൂം ബരാബർ)
- ആഖോം മേ തേരീ (ഓം ശാന്തി ഓം)
Content Highlights: remembering singer kk, demise of kk, kk famous songs
Published: 02 Jun 2022, 08:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented