
2023 ഡിസംബറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പുനഃപ്രസിദ്ധീകരണം
ജീവിതത്തിൽ ഏറ്റവുമധികം ശൂന്യത അനുഭവിച്ച ഘട്ടം. സഹോദരന്റെ അകാലവിയോഗം സൃഷ്ടിച്ച ആഘാതം എങ്ങനെ മറികടക്കുമെന്നറിയാതെ സംഗീതവേദിയിൽ തളർന്നിരുന്ന ആ നിമിഷങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ഇന്നും കണ്ണുനിറയും ജയൻമാസ്റ്റർക്ക്.
വിജയൻ ഓർമയായതിനുപിന്നാലെ നാഗമ്പടം ശിവക്ഷേത്രത്തിലെ ആറാട്ടിന്റെ ഭാഗമായി ഇരുസഹോദരരും ചേർന്ന് നേരത്തേ ഏറ്റ കച്ചേരി ഒറ്റയ്ക്ക് നടത്താൻ ക്ഷണം ലഭിച്ചപ്പോൾ ഒഴിഞ്ഞുമാറാനാണ് ജയൻ ശ്രമിച്ചത്. പക്ഷേ, എളുപ്പം പിൻവാങ്ങുന്നവരായിരുന്നില്ല സംഘാടകർ. ‘‘വല്ലാത്തൊരു പരീക്ഷണഘട്ടമായിരുന്നു. ആ ദിവസങ്ങളിൽ ഞാൻ പലതവണ സ്വയം ചോദിച്ചിട്ടുണ്ട്, പാടാതിരുന്നാൽ മരിച്ചുപോയ അനിയന്റെ ആത്മാവ് എന്നോട് പൊറുക്കുമോ എന്ന്. ആരോ ഉള്ളിലിരുന്നു പറയുന്നപോലെ തോന്നി: ‘പോകണം. നീ പോയി പാടണം.’ സംഗീതത്തിന് ഉണക്കാൻ കഴിയാത്ത മുറിവുകളില്ല.’’
നീറുന്ന ഹൃദയവുമായി ജയൻ വേദിയിൽ തിരിച്ചെത്തുന്നു. അന്നനുഭവിച്ച ഏകാന്തത പോലൊന്ന് ജീവിതത്തിൽ അതിനുമുമ്പോ പിൻപോ അനുഭവിച്ചിട്ടില്ല. വിജയനോടൊപ്പം താൻ പാടി അനശ്വരമാക്കിയ ഭക്തിഗാനങ്ങൾ പാടിത്തുടങ്ങിയപ്പോൾ, കണ്ണുകൾ താനേ നിറഞ്ഞു; ശബ്ദം ഇടറി. പാട്ട് മുഴുമിക്കാനാവാതെ വേദിയിൽ തളർന്നിരുന്നു ജയൻ.
പിന്നെയുമുണ്ടായി അത്തരം അനുഭവങ്ങൾ. എങ്കിലും ഈശ്വരചിന്തയിലും സംഗീതത്തിലും മുഴുകി, പതുക്കെ യാഥാർഥ്യവുമായി പൊരുത്തപ്പെടുകയായിരുന്നു ജയൻ. പിൽക്കാലത്ത് യേശുദാസിന്റെ സ്നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങി ‘മയിൽപ്പീലി’ (1988) എന്ന ആൽബത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുമ്പോൾ ഒരുകാര്യം ജയൻ മനസ്സിൽ ഉറച്ചിരുന്നു. ഈ പാട്ടുകളുടെ പിതൃത്വം ജയന് മാത്രമായിരിക്കില്ല. ജയവിജയക്കായിരിക്കും. മലയാളത്തിലെ ഭക്തിഗാന സമാഹാരങ്ങളുടെ ചരിത്രത്തിൽ ത്തന്നെ ഏറ്റവും വിറ്റഴിഞ്ഞ ആൽബങ്ങളിൽ ഒന്നായി മാറി രമേശൻ നായരും ജയനും (ജയവിജയ) ചേർന്നൊരുക്കിയ മയിൽപ്പീലി. ചെമ്പൈക്ക് നാദംനിലച്ചപ്പോൾ, നീയെന്നെ ഗായകനാക്കി, രാധ തൻ പ്രേമത്തോടാണോ, ഒരു പിടി അവിലുമായ്... നിറഞ്ഞമനസ്സോടെ ആസ്വാദകർ ഏറ്റെടുത്ത ഗാനങ്ങൾ.
സിനിമയിൽ ഏറെ പാട്ടുകളൊന്നും ചെയ്തിട്ടില്ല ജയവിജയ. പക്ഷേ, അവയിൽ ചിലതെങ്കിലും മലയാളികൾ ഇന്നും സ്നേഹപൂർവം മൂളിനടക്കുന്നു: നിറകുടത്തിലെ നക്ഷത്രദീപങ്ങൾ തിളങ്ങി (യേശുദാസ്), കുരുതിക്കളത്തിലെ കഴിഞ്ഞ സംഭവങ്ങൾ ഉയിർത്തെഴുന്നേറ്റാൽ (യേശുദാസ്), ‘സ്നേഹ’ത്തിലെ ഈണംപാടി തളർന്നല്ലോ ഞങ്ങളും കാറ്റും (ജോളി എബ്രഹാം), ബാലചന്ദ്രമേനോന്റെ അരങ്ങേറ്റ ചിത്രമായ 'ഉത്രാടരാത്രി'യിലെ ഭ്രമണപഥം വഴി ദ്രുതചലനങ്ങളാൽ (യേശുദാസ്), മഞ്ഞു പൊഴിയുന്നു മാമരം കോച്ചുന്നു (വാണി ജയറാം), 'മാറ്റൊലി'യിലെ പല്ലനയാറ്റിൽനിന്ന് (യേശുദാസ്)... എല്ലാം ആർഭാടരഹിതമായ, ഭാവപ്രധാനമായ ഗാനങ്ങൾ.
പല ഗാനങ്ങളും ഉൾപ്പെട്ട സിനിമകൾ വെളിച്ചംകണ്ടില്ല എന്നതായിരുന്നു ജയവിജയന്മാരുടെ ദുര്യോഗം. എങ്കിലും പാട്ടുകൾ സൂപ്പർഹിറ്റായി. ‘തെരുവുഗീത’ത്തിലെ ഹൃദയം ദേവാലയം, ഭജഗോവിന്ദത്തിലെ ബ്രാഹ്മമുഹൂർത്തത്തിൽ, പ്രാണസഖി എന്നീ ഗാനങ്ങൾ ഉദാഹരണം. ജയവിജയന്മാർ വ്യാപരിച്ച അനേകം മണ്ഡലങ്ങളിൽ ഒന്നു മാത്രമായിരുന്നു സിനിമ.
മൃദംഗവിദ്വാൻ ടി.വി. ഗോപാലകൃഷ്ണനാണ് ജയവിജയന്മാരെ ചെമ്പൈ സ്വാമിയുടെ അടുത്ത് കൊണ്ടുപോകുന്നത്. സുദീർഘമായ ഒരു ഗുരുശിഷ്യ ബന്ധത്തിന്റെ തുടക്കം. ‘നിർവചിക്കാനാവാത്ത സ്നേഹവും വാത്സല്യവും ആയിരുന്നു സ്വാമിക്ക് ഞങ്ങളോട്. ഒരുമിച്ചു പാടിയ ആദ്യ കച്ചേരി ഓർമയുണ്ട്. മാമ്പലത്തെ കൃഷ്ണഗാനസഭയിൽ ആയിരുന്നു അത്. ഒന്നുരണ്ടു കൃതി പാടിക്കഴിഞ്ഞപ്പോൾ സ്വാമി മൈക്ക് ഓപ്പറേറ്ററെ വിളിച്ചുപറഞ്ഞു: ‘‘ഈ രണ്ടുകുട്ടികൾക്കും ഓരോ മൈക്ക് കൊടുക്കൂ.’’ ഓപ്പറേറ്റർക്ക് സംശയമായിരുന്നു. അകമ്പടി പാടുന്നവർക്ക് മൈക്ക് കൊടുക്കുന്ന പതിവില്ല അന്ന്. പക്ഷേ സ്വാമി പറഞ്ഞു: ‘‘കണ്ടിപ്പാ വേണം. അവരുടെ പാട്ടും ആളുകൾ കേൾക്കട്ടെ.’’ പിന്നീടെത്രയോ വേദികളിൽ ചെമ്പൈക്ക് അകമ്പടി സേവിച്ചു.

1950-കളിൽ ‘പ്രിയപുത്രൻ’ എന്ന നാടകത്തിന്റെ ഗാനസൃഷ്ടിക്കിടെ ഇരട്ടസഹോദരന്മാരുടെ പേരുകൾ വിളക്കിച്ചേർത്ത് ജയവിജയ എന്നാക്കിയത് നടൻ ജോസ് പ്രകാശ്. അന്നദ്ദേഹം പറഞ്ഞ വാക്കുകൾ ഇന്നുമുണ്ട് ഓർമയിൽ: ‘‘നോക്കിക്കോളൂ, ഈ പുതിയ പേര് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരും.’’
പുന:പ്രസിദ്ധീകരണം
Content Highlights: remembering late music director kg jayan
Published: 16 Apr 2024, 06:51 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented