
ഒന്നിനുപിറകേ ഒന്നായെത്തി പരാജയം രുചിക്കുന്ന ബയോപിക്കുകളും കെട്ടിലും മട്ടിലും ബ്രഹ്‌മാണ്ഡമെന്ന് വിളിച്ചോതിയെത്തി വിജയിച്ച വിരലിലെണ്ണാവുന്ന ചിത്രങ്ങളും. ഇതായിരുന്നു കുറച്ചുനാള്‍ മുമ്പുവരെ ബോളിവുഡ് ബോക്‌സോഫീസിലെ കാഴ്ച. പഠാനും ജവാനും അനിമലും പോലുള്ള ഏതാനും ചിത്രങ്ങള്‍ മാത്രമാണ് 2023-ല്‍ ബോളിവുഡിന് ആശ്വസിക്കാനുള്ള വക നല്‍കിയത്. അക്കൂട്ടത്തില്‍ ഒരു കുഞ്ഞുചിത്രം, ആര്‍ക്കും ഭീഷണിയാവില്ലെന്ന് ഏവരും വിശ്വസിച്ചിരുന്നൊരു ചിത്രം ഹിന്ദി സിനിമാലോകത്ത് പുതിയചരിത്രം സൃഷ്ടിച്ചു. വിധു വിനോദ് ചോപ്ര രചനയും നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച 12ത് ഫെയില്‍ ആയിരുന്നു ആ സൈലന്റ് ഹിറ്റ് ചിത്രം. വിക്രാന്ത് മാസിയും മേധാ ശങ്കറുമായിരുന്നു പ്രധാനവേഷങ്ങളില്‍.
ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ഒരു ബയോഗ്രഫിക്കല്‍ ഡ്രാമ എന്നു വിശേഷിപ്പിക്കാം 12ത് ഫെയിലിനെ. 2019-ല്‍ അനുരാഗ് പഥക് എഴുതിയ നോവലാണ് സിനിമയ്ക്ക് ആസ്പദം. പന്ത്രണ്ടാംതരം തോറ്റിട്ടും പഠിക്കാനുള്ള ഉത്സാഹവും അധ്വാനിക്കാനുള്ള മനസുംകൊണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥനായ മനോജ് കുമാര്‍ ശര്‍മയുടെ കഥയായിരുന്നു പഥക്കിന്റെ നോവലിന്റെ പ്രമേയം. 12ത് ഫെയില്‍ സിനിമയും ഇതേ വിഷയം തന്നെയാണ് സംസാരിക്കുന്നത്. സിനിമയിലും നോവലിലും മനോജ് കുമാര്‍ ശര്‍മയുടെ ഭാര്യയും സിവില്‍ സര്‍വീസ് ജേതാവുമായ ശ്രദ്ധാ ജോഷിയും കഥാഗതിയില്‍ ഉടനീളമുണ്ട്. ഇവരുടെ ജീവിതമാണ് സിനിമയില്‍ ദൃശ്യവത്ക്കരിച്ചിരിക്കുന്നതെങ്കിലും യഥാര്‍ഥ ജീവിതത്തിലെ മനോജ് ശര്‍മയും സിനിമയിലെ മനോജ് ശര്‍മയും കടന്നുവന്ന വഴികളും അവരുടെ പശ്ചാത്തലവും വ്യത്യസ്തം തന്നെയാണ്.

ആരാണ് യഥാര്‍ഥ മനോജ് കുമാര്‍ ശര്‍മ?
1977-ല്‍ മധ്യപ്രദേശിലെ മൊറേന ജില്ലയിലെ ബിലഗാവില്‍ വളരെ പിന്നാക്കാവസ്ഥയിലുള്ള ഒരു കുടുംബത്തിലായിരുന്നു മനോജ് കുമാര്‍ ശര്‍മയുടെ ജനനം. കൃഷിവകുപ്പിലായിരുന്നു പിതാവിന് ജോലി. പക്ഷേ സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലായിരുന്നു കുടുംബം. ഒമ്പതാംതരവും പത്താംതരവും തട്ടിമുട്ടിയായിരുന്നു മനോജ് പാസായത്. പതിനൊന്നാംതരം ഒരുവിധം കടന്നുകൂടിയെങ്കിലും പന്ത്രണ്ടാംതരം മനോജിനെ ചതിച്ചു. ഹിന്ദി ഒഴികെ ബാക്കി എല്ലാ വിഷയങ്ങള്‍ക്കും അദ്ദേഹം പരാജയപ്പെട്ടു. എങ്കിലും പിന്നീടത് എഴുതിയെടുത്തു.
പരീക്ഷയില്‍ കോപ്പിയടിക്കാതെ, സത്യസന്ധമായ മാര്‍ഗത്തിലൂടെ കുടുംബത്തിന്റെ സാമ്പത്തികാവസ്ഥയില്‍ മാറ്റം കൊണ്ടുവരണമെന്ന് വളരെ ചെറുപ്പത്തിലേ മനോജ് ആഗ്രഹിച്ചിരുന്നു. ദാരിദ്ര്യവും ഇല്ലായ്മയും അപമാനവും നേരിട്ടാണ് മനോജ് ശര്‍മ്മ വളര്‍ന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും അഴിമതിയും കണ്മുന്നില്‍ കണ്ടു. നല്ലൊരു നിലയിലെത്തി തിരിച്ചുവരണമെന്ന അടങ്ങാത്ത ആഗ്രഹം മാത്രമേ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ആ ചെറുപ്പക്കാരന്റെ മനസിലുണ്ടായിരുന്നുള്ളൂ. അങ്ങനെ തികച്ചും അപരിചിതനായി അയാള്‍ ഡല്‍ഹിയിലെത്തി. അതുകൊണ്ടുതന്നെ മനോജിന്റെ ഡല്‍ഹി ദിനങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ജീവിതം മുന്നോട്ടുനയിക്കാനും ട്യൂഷന്‍ ഫീസിനുമായി പല ജോലികളും ചെയ്തു. ടെമ്പോ ഡ്രൈവറായി, ലൈബ്രറിയിലെ തൂപ്പുകാരനായി, വലിയ വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളെ നടത്താന്‍ കൊണ്ടുപോകുന്ന ജോലി വരെ ചെയ്തു.

യു.പി.എസ്.സി കോച്ചിങ് സെന്ററില്‍ പഠനം ആരംഭിക്കുമ്പോള്‍ ചുറ്റുമുണ്ടായിരുന്ന പലരും കരുതിയിരുന്നത് മനോജ് തന്റെ നാലു കൊല്ലം ചവറ്റുകൊട്ടയിലെറിയുമെന്നായിരുന്നു. പക്ഷേ ലക്ഷ്യം നേടാനുള്ള ഒരുതരം അടങ്ങാത്ത അഭിനിവേശമായിരുന്നു അയാള്‍ക്ക്. തെരുവിലായിരുന്നു പലദിവസങ്ങളിലും കിടന്നുറങ്ങിയിരുന്നത്. ഇതിനിടയില്‍ ജോലി ചെയ്തുകിട്ടുന്ന പണത്തില്‍ ഒരുപങ്ക് വീട്ടിലേക്കും അയക്കുന്നുണ്ടായിരുന്നു. ഇതൊന്നുമല്ലാതെ മറ്റൊരു യു.പി.എസ്.സി വിദ്യാര്‍ഥിയായിരുന്ന ശ്രദ്ധയുമായുള്ള പ്രണയം, മുത്തശ്ശിയുടെ മരണം, തുടര്‍ച്ചയായുള്ള മൂന്ന് സിവില്‍ സര്‍വീസ് തോല്‍വികള്‍ എന്നിവയെല്ലാം മനോജിന്റെ ജീവിതത്തില്‍ സംഭവിച്ചു. പക്ഷേ വിജയിക്കണം എന്ന വാശി ആ പഠിതാവിന്റെ മനസിനെ തളരാതെ പരിശ്രമിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു.
ലൈബ്രറിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴായിരുന്നു പുസ്തകങ്ങളുമായി കൂടുതല്‍ അടുത്തിടപഴകാന്‍ മനോജിനെ സഹായിച്ചത്. മാക്‌സിം ഗോര്‍ക്കി, എബ്രഹാം ലിങ്കണ്‍ എന്നിവരുടെ ജീവിതം കൂടുതലറിയാന്‍ ഈ ലൈബ്രറി വാസമാണ് മനോജ് കുമാറിനെ പ്രാപ്തനാക്കിയത്. അതുവഴി ജീവിതത്തിന്റെ യഥാര്‍ഥ അര്‍ഥവും ലക്ഷ്യവുമെന്തെന്ന് ആ ചെറുപ്പക്കാരന്‍ മനസിലാക്കുകയായിരുന്നു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആവാനായിരുന്നു മനോജിന്റെ ആഗ്രഹം. പക്ഷേ അതിനേക്കാള്‍ ഉയര്‍ന്നതാണ് ജില്ലാ മജിസ്‌ട്രേറ്റ് എന്നറിഞ്ഞതോടെ അവിടെയെത്താനായി മനോജിന്റെ ശ്രമം. അതിന് യു.പി.എസ്.സി പരീക്ഷ പാസാവണമായിരുന്നു. ഇതാണ് നാടുവിട്ട് ഡല്‍ഹിയിലെത്താനും സിവില്‍ സര്‍വീസ് കോച്ചിങ്ങിന് ചേരാനും മനോജ് ശര്‍മയെ പ്രേരിപ്പിച്ച യഥാര്‍ഥ വസ്തുത.

നാലാമത്തേയും അവസാനത്തേയും ശ്രമത്തിലാണ് മനോജ് കുമാര്‍ ശര്‍മ എന്ന പരിശ്രമശാലി സിവില്‍ സര്‍വീസ് കടമ്പ കടക്കുന്നത്, 121-ാം റാങ്കോടെ. പഠനംകഴിഞ്ഞ്, വിജയിച്ച് തിരികെ പോലീസ് യൂണിഫോമിലാണ് മനോജ് കുമാര്‍ തിരികെ തന്റെ ഗ്രാമത്തിലെത്തിയത്. അതുവഴി അമ്മയ്ക്ക് നല്‍കിയ വാക്കും അദ്ദേഹം പാലിച്ചു. എല്ലാ സമരങ്ങളെയും വിമര്‍ശനങ്ങളെയും അപമാനങ്ങളെയും അതിജീവിച്ച് മനോജ് തന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയിക്കുകയായിരുന്നു. നിലവില്‍ മുംബൈ പോലീസില്‍ അസിസ്റ്റന്റ് കമ്മീഷണറാണ് മനോജ് ശര്‍മ. ഐ.ആര്‍.എസ് ഉദ്യോഗസ്ഥയാണ് ഭാര്യ ശ്രദ്ധ ഇപ്പോള്‍. സിവില്‍ സര്‍വീസ് പരീക്ഷ ആദ്യശ്രമത്തില്‍ത്തന്നെ വിജയിച്ചയാളാണ് ശ്രദ്ധാ ജോഷി.
ഇനി അല്പം സിനിമാക്കാര്യം
മനോജ് കുമാര്‍ ശര്‍മയുടേയും ശ്രദ്ധാ ജോഷിയുടേയും ജീവിതത്തിന്റെ നേര്‍സാക്ഷ്യമല്ല യഥാര്‍ഥത്തില്‍ 12ത് ഫെയില്‍. അവരുടെ ജീവിതത്തില്‍ നിന്നും പ്രചോദനംകൊണ്ട് വിധു വിനോദ് ചോപ്ര പുതിയൊരു കഥാന്തരീക്ഷം രൂപപ്പെടുത്തുകയായിരുന്നു. പക്ഷേ കഥാപാത്രങ്ങളുടെ പേരുകളെല്ലാം യഥാര്‍ഥത്തിലുള്ളവരുടേത് തന്നെ. വേണ്ടിടത്ത് ആവശ്യമായ അളവില്‍ സിനിമാറ്റിക് ആക്കിയിട്ടുമുണ്ട് സംവിധായകന്‍ ചോപ്ര. സിനിമയിലെ മനോജിന് പോലീസ് യൂണിഫോമിലേക്ക് ആഗ്രഹം തോന്നാന്‍ കാരണമായ ദുഷ്യന്ത് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ യഥാര്‍ഥ വ്യക്തിയാണോയെന്ന് ഇപ്പോഴും അറിയില്ല. പക്ഷേ എല്ലാത്തിന്റെയും തുടക്കം ദുഷ്യന്ത് ആയിരുന്നെന്നാണ് സിനിമയില്‍ പറയുന്നത്.

സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥനായ ദുഷ്യന്ത് ഒരിക്കല്‍ മനോജ് പഠിച്ചിരുന്ന സ്‌കൂളില്‍ വന്ന് വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ സഹായിച്ചതിന് പ്രധാനാധ്യാപകനെ അറസ്റ്റ് ചെയ്യുന്നത് വരെ കോപ്പിയടി മോശമായ കാര്യമാണെന്ന് ആ വിദ്യാര്‍ഥി ഒരിക്കലും കരുതിയിരുന്നില്ല. കോപ്പിയടി തടഞ്ഞതിനാല്‍ മനോജ് 12-ാം ക്ലാസ്സില്‍ പരാജയപ്പെട്ടു, പക്ഷേ ദുഷ്യന്തിന്റെ വാക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, തന്റെ അടുത്ത ശ്രമത്തിനായി കള്ളത്തരം നടത്തില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. സത്യസന്ധത ആര്‍ക്കും എളുപ്പത്തില്‍ വിജയം നല്‍കില്ലെന്ന് തിരിച്ചറിയുകയായിരുന്നു മനോജ്. ദുഷ്യന്തിനെ കണ്ടാണ് അദ്ദേഹത്തേപ്പോലെ ഡി.എസ്.പി ആകണമെന്ന് മനോജ് മനസിലുറപ്പിക്കുന്നത്. പക്ഷേ തടസങ്ങള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
മുത്തശ്ശി തന്റെ ഏക സമ്പാദ്യവും നല്‍കിയാണ് മനോജിനെ യാത്രയാക്കുന്നത്. പക്ഷേ ആ പണവും വസ്ത്രവുമടങ്ങുന്ന ബാഗും ബസില്‍വെച്ച് മോഷ്ടിക്കപ്പെടുന്നു. ഒന്നും കയ്യിലില്ലാതെയാണ് മനോജ് മറ്റൊരു വിദ്യാര്‍ഥിയായ പ്രീതം പാണ്ഡേയുടെ സഹായത്തോടെ ഡല്‍ഹിയിലെത്തുന്നതും യു.പി.എസ്.സി കോച്ചിങ്ങിന് ചേരുന്നതും. തുടര്‍ന്നങ്ങോട്ട് കഷ്ടപ്പാടിന്റെ ദിനങ്ങളായിരുന്നു. ദൈനംദിന ചെലവുകള്‍ക്കായി ഒരു ലൈബ്രറിയില്‍ ജോലിക്കുകയറി. ഇതിനിടയില്‍ മൂന്നുതവണ മെയിന്‍ പരീക്ഷയില്‍ പരാജയപ്പെട്ടു. ചോദ്യം ശരിക്ക് വായിക്കാതെ ഉത്തരമെഴുതിയതായിരുന്നു അതില്‍ ഒരുതവണത്തെ പരാജയത്തിന് കാരണം. ഇതിനിടയില്‍ മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിനാല്‍ ലൈബ്രറിയില്‍ നിന്ന് ഇറങ്ങിപ്പോരുകയും ചെയ്തു. ഇതിനിടയില്‍ പ്രണയിനിയായ ശ്രദ്ധ സിവില്‍ സര്‍വീസ് ആദ്യശ്രമത്തില്‍ത്തന്നെ പാസാവുകയും ചെയ്തു.

ഒരുതരത്തില്‍ പറഞ്ഞാല്‍ മനോജിന്റെ വാശിക്ക് ആക്കം കൂട്ടിയത് ശ്രദ്ധയാണ്. കാരണം മനോജിനെ സംബന്ധിച്ച് അതുവരെ ശ്രദ്ധാ ജോഷി ഒരു പ്രചോദനമായിരുന്നുവെങ്കില്‍ പിന്നീടത് ലക്ഷ്യത്തിലേക്കെത്താനുള്ള കഠിനാധ്വാനത്തിന് ഊര്‍ജമാവുകയായിരുന്നു. ഇതാണ് പിന്നീട് ശ്രദ്ധയോടുള്ള പ്രണയമായി മാറുന്നതും. മനോജിന്റെ സുഹൃത്തും ട്യൂഷന്‍ ടീച്ചറുമായ ഗൗരി ഭായ് ഇടയ്ക്ക് പറയുന്ന ഒരു വാക്കുണ്ട്. റീസ്റ്റാര്‍ട്ട് എന്ന്. ആ വാക്കാണ് മനോജിന്റെ സിവില്‍ സര്‍വീസ് സ്വപ്‌നം നാലാം ശ്രമത്തില്‍ പൂവണിയാന്‍ ബലമായത്. ഓരോ തവണ പരാജയപ്പെടുമ്പോഴും ഗൗരി ഭായ് പറയുന്ന 'റീസ്റ്റാര്‍ട്ടി'ലൂടെയാണ് വിജയിക്കാനുള്ള തുടര്‍ശ്രമങ്ങള്‍ മനോജ് നടത്തുന്നത്. നിന്നെക്കൊണ്ട് പറ്റില്ല എന്ന് പലരും, സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയവരുള്‍പ്പെടെ പറഞ്ഞെങ്കിലും ഗൗരിയുടെ റീസ്റ്റാര്‍ട്ട് എന്ന വാക്ക് മനോജ് എന്ന നിരന്തര പരിശ്രമശാലിക്ക് നല്‍കിയ ആത്മധൈര്യം ചില്ലറയല്ല.
താര പ്രകടനങ്ങളുടെ '12ത് ഫെയില്‍'
ബോളിവുഡിലെ യുവനടന്മാരില്‍ ശ്രദ്ധേയനായ വിക്രാന്ത് മാസിയാണ് മനോജ് കുമാര്‍ ശര്‍മയായി സിനിമയിലെത്തിയത്. തനി ഗ്രാമീണനായ, നഗരം എന്നാല്‍ എന്താണെന്നുപോലും അറിയാത്ത മനോജ് ആയി മറ്റാരേയും ഇനി സങ്കല്‍പ്പിക്കാനാവില്ലെന്ന് ഉറപ്പ്. പുസ്തകത്താളുകളില്‍നിന്ന് മാത്രം കിട്ടുന്നത് മാത്രമല്ല, അതിലുപരി ജീവിതാനുഭവങ്ങള്‍ കൂടിയാണ് ഒരുമനുഷ്യനെ അറിവുള്ളവനാക്കുന്നത് എന്നാണ് മനോജിന്റെ ജീവിതം നമ്മോടുപറയുന്നത്. അശ്രാന്ത പരിശ്രമശാലിയായ ആ യുവാവിന്റെ കണ്ണുകളില്‍ എന്തെന്നില്ലാത്ത ഒരു തിളക്കം കാണാം. ആ തിളക്കം സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും ഉള്ളിലേക്ക് പകരാന്‍ വിക്രാന്ത് മാസി എന്ന നടന് സാധിച്ചിരിക്കുന്നു. ഒരുപക്ഷേ ഈ കഥാപാത്രത്തിന് മുമ്പും ശേഷവും എന്ന് വിക്രാന്തിന്റെ സിനിമാ ജീവിതത്തെ വിശേഷിപ്പിച്ചാലും തെറ്റുപറയാനാവില്ല.
മേധ ശങ്കര്‍ അവതരിപ്പിച്ച ശ്രദ്ധാ ജോഷിയേക്കുറിച്ച് പറയാതെ 12ത് ഫെയിലിനേക്കുറിച്ച് എന്തുപറഞ്ഞാലും എഴുതിയാലും പൂര്‍ണമാവില്ല. കാരണം പ്രണയിനി എന്നതിലപ്പുറം മനോജ് കുമാറിന്റെ പ്രചോദനംകൂടിയാണ് ശ്രദ്ധ. മെഡിക്കല്‍ രംഗം ഉപേക്ഷിച്ച് സിവില്‍ സര്‍വീസ് പഠനത്തിനിറങ്ങി ആദ്യ ശ്രമത്തില്‍ത്തന്നെ വിജയിച്ച് കാട്ടിക്കൊടുത്തവളാണ് ശ്രദ്ധ. ആ അര്‍ഥത്തില്‍ തന്റെ ജീവിതംകൊണ്ടും പ്രണയംകൊണ്ടും മനോജിന് പ്രേരണയാവുകയായിരുന്നു ശ്രദ്ധാ ജോഷി. അതേസമയം വീട്ടുകാരുടെ നിര്‍ബന്ധത്തിനുവഴങ്ങി സിവില്‍ സര്‍വീസിന് ചേര്‍ന്നയാളാണ് അനന്ത് വി ജോഷി അവതരിപ്പിച്ച പ്രീതം പാണ്ഡേ. ജേണലിസ്റ്റ് എന്ന ഇഷ്ടജോലിയിലേക്ക് പ്രീതത്തിനെ പ്രേരിപ്പിക്കുന്നത് മനോജും ശ്രദ്ധയുമായിരുന്നു. തന്റെ വിദ്യാര്‍ഥികളില്‍ ഒരാളെങ്കിലും സിവില്‍ സര്‍വീസ് നേടിയാല്‍ അത് തന്റെയും നേട്ടമാണെന്ന് കരുതുന്നയാളാണ് അന്‍ഷുമാന്‍ പുഷ്‌കര്‍ അവതരിപ്പിച്ച ഗൗരി ഭയ്യാ. റീസ്റ്റാര്‍ട്ട് എന്ന വാക്കിലൂടെ മനോജിന്റെയുള്ളില്‍ തോല്‍വിയില്‍ തളരാതെ തുടര്‍ച്ചയായി പരിശ്രമിക്കാനുള്ള അഗ്നി ആളിക്കത്തിക്കുന്നതില്‍ ഗൗരി ഭയ്യയ്ക്ക് നല്ലൊരു പങ്കുണ്ട്. പ്രിയാന്‍ഷു ചാറ്റര്‍ജിയാണ് മനോജ് ശര്‍മ മാതൃകയായി കാണുന്ന ഡി.എസ്.പി ദുഷ്യന്ത് ആയെത്തിയത്.

നിശ്ചയദാര്‍ഢ്യമുള്ള, അജയ്യനായ മനോജ് ജീവിതത്തില്‍ വലിയ അഭിലാഷങ്ങളുള്ള എല്ലാ സാധാരണക്കാര്‍ക്കും പ്രചോദനമാണ്. പ്രത്യേകിച്ച് മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക്. മനോജിന്റെ യാത്ര അവരെ സ്വപ്നം കാണാനും ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യാനും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയൊരു ചിത്രം സിനിമാസ്വാദകര്‍ക്ക് മുന്നിലെത്തിച്ച സംവിധായകന്‍ വിധു വിനോദ് ചോപ്രയ്ക്കിരിക്കട്ടെ ഹൃദയത്തില്‍ നിന്നുമൊരു കയ്യടി.
Content Highlights: Manoj Kumar Sharma IPS Life Story, real life story of manoj kumar sharma ips in the film 12th fail
Published: 07 Jan 2024, 11:00 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented