
ബോളിവുഡിലെ വിജയചിത്രങ്ങളുടെ പട്ടികയിൽ പുതിയ ചരിത്രമെഴുതിയ ട്വൽത് ഫെയിൽ എന്ന ചിത്രത്തിന് പ്രചോദനമായ ഐപിഎസ് ഓഫീസർ മനോജ് കുമാർ ശർമ്മയെ മുംബൈ പോലീസിന്റെ പുതിയ ജോയിന്റ് പോലീസ് കമ്മീഷണറായി നിയമിച്ചു. മഹാരാഷ്ട്ര സംസ്ഥാന ക്രമസമാധാന വിഭാഗത്തിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ ക്രമസമാധാന ചുമതല ഇനി അദ്ദേഹത്തിനാണ്.
പട്ടിണിയോടും കഷ്ടപ്പാടുകളോടും പോരാടി ഐപിഎസ് ഓഫീസറായ മനോജ് കുമാർ ശർമ്മയുടെ ജീവിതകഥ, വലിയ വിജയമായി മാറിയ ട്വൽത് ഫെയിൽ എന്ന സിനിമയിലൂടെയാണ് രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെട്ടത്. 2005 ബാച്ച് ഐപിഎസ് ഓഫീസറായ അദ്ദേഹം മുമ്പ് മുംബൈയിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണറായും , വെസ്റ്റേൺ റീജിയണൽ അഡീഷണൽ പോലീസ് കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ സി.ഐ.എസ്.എഫിലും പ്രവർത്തിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് സംസ്ഥാനത്തുടനീളം നടത്തിയ വൻ അഴിച്ചുപണിയുടെ ഭാഗമായാണ് മനോജ് ശർമ്മയുടെ പുതിയ നിയമനം. 1951-ലെ മഹാരാഷ്ട്ര പോലീസ് ആക്ട് പ്രകാരം അമ്പതിലധികം ഐപിഎസ് ഓഫീസർമാരെയാണ് സ്ഥലം മാറ്റുകയോ പ്രമോഷൻ നൽകുകയോ ചെയ്തിരിക്കുന്നത്.
2019-ൽ അനുരാഗ് പഥക് എഴുതിയ നോവലാണ് സിനിമയ്ക്ക് ആസ്പദം. പന്ത്രണ്ടാംതരം തോറ്റിട്ടും പഠിക്കാനുള്ള ഉത്സാഹവും അധ്വാനിക്കാനുള്ള മനസുംകൊണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥനായ മനോജ് കുമാർ ശർമയുടെ കഥയായിരുന്നു പഥക്കിന്റെ നോവലിന്റെ പ്രമേയം. 12ത് ഫെയിൽ സിനിമയും ഇതേ വിഷയം തന്നെയാണ് സംസാരിക്കുന്നത്. സിനിമയിലും നോവലിലും മനോജ് കുമാർ ശർമയുടെ ഭാര്യയും സിവിൽ സർവീസ് ജേതാവുമായ ശ്രദ്ധാ ജോഷിയും കഥാഗതിയിൽ ഉടനീളമുണ്ട്. ഇവരുടെ ജീവിതമാണ് സിനിമയിൽ ദൃശ്യവത്ക്കരിച്ചിരിക്കുന്നതെങ്കിലും യഥാർഥ ജീവിതത്തിലെ മനോജ് ശർമയും സിനിമയിലെ മനോജ് ശർമയും കടന്നുവന്ന വഴികളും അവരുടെ പശ്ചാത്തലവും വ്യത്യസ്തം തന്നെയാണ്.
ആരാണ് യഥാർഥ മനോജ് കുമാർ ശർമ?
1977-ൽ മധ്യപ്രദേശിലെ മൊറേന ജില്ലയിലെ ബിലഗാവിൽ വളരെ പിന്നാക്കാവസ്ഥയിലുള്ള ഒരു കുടുംബത്തിലായിരുന്നു മനോജ് കുമാർ ശർമയുടെ ജനനം. കൃഷിവകുപ്പിലായിരുന്നു പിതാവിന് ജോലി. പക്ഷേ സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലായിരുന്നു കുടുംബം. ഒമ്പതാംതരവും പത്താംതരവും തട്ടിമുട്ടിയായിരുന്നു മനോജ് പാസായത്. പതിനൊന്നാംതരം ഒരുവിധം കടന്നുകൂടിയെങ്കിലും പന്ത്രണ്ടാംതരം മനോജിനെ ചതിച്ചു. ഹിന്ദി ഒഴികെ ബാക്കി എല്ലാ വിഷയങ്ങൾക്കും അദ്ദേഹം പരാജയപ്പെട്ടു. എങ്കിലും പിന്നീടത് എഴുതിയെടുത്തു.
പരീക്ഷയിൽ കോപ്പിയടിക്കാതെ, സത്യസന്ധമായ മാർഗത്തിലൂടെ കുടുംബത്തിന്റെ സാമ്പത്തികാവസ്ഥയിൽ മാറ്റം കൊണ്ടുവരണമെന്ന് വളരെ ചെറുപ്പത്തിലേ മനോജ് ആഗ്രഹിച്ചിരുന്നു. ദാരിദ്ര്യവും ഇല്ലായ്മയും അപമാനവും നേരിട്ടാണ് മനോജ് ശർമ്മ വളർന്നത്. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും അഴിമതിയും കണ്മുന്നിൽ കണ്ടു. നല്ലൊരു നിലയിലെത്തി തിരിച്ചുവരണമെന്ന അടങ്ങാത്ത ആഗ്രഹം മാത്രമേ വീട്ടിൽ നിന്നിറങ്ങുമ്പോൾ ആ ചെറുപ്പക്കാരന്റെ മനസിലുണ്ടായിരുന്നുള്ളൂ. അങ്ങനെ തികച്ചും അപരിചിതനായി അയാൾ ഡൽഹിയിലെത്തി. അതുകൊണ്ടുതന്നെ മനോജിന്റെ ഡൽഹി ദിനങ്ങൾ വെല്ലുവിളികൾ നിറഞ്ഞതായിരുന്നെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ജീവിതം മുന്നോട്ടുനയിക്കാനും ട്യൂഷൻ ഫീസിനുമായി പല ജോലികളും ചെയ്തു. ടെമ്പോ ഡ്രൈവറായി, ലൈബ്രറിയിലെ തൂപ്പുകാരനായി, വലിയ വീടുകളിൽ വളർത്തുന്ന നായ്ക്കളെ നടത്താൻ കൊണ്ടുപോകുന്ന ജോലി വരെ അദ്ദേഹം ചെയ്തിട്ടുണ്ട്.
Content Highlights: IPS officer Manoj Kumar Sharma, whose inspiring life story was depicted in the Bollywood blockbuster movie '12th Fail', has been appointed as the new Joint Police Commissioner of Mumbai following a major reshuffle by the Maharashtra Home Department.
Published: 16 May 2026, 07:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented