
തിരുവോണം. റെക്കോർഡിംഗ് സ്റ്റുഡിയോയിലെ അധികം ചിരിക്കാത്ത കർക്കശക്കാരനായ സംഗീതശില്പിയുടെ സ്ഥാനത്ത് ഹൃദയം തുറന്നു ചിരിക്കുന്ന ഒരു വീട്ടുകാരണവരായി ദേവരാജൻ മാസ്റ്റർ രൂപവും ഭാവവും മാറുന്ന അപൂർവ ദിവസങ്ങളിലൊന്ന്.
ഓരോ ഓണവും സ്നേഹനിധിയായ ആ ഗൃഹനാഥന്റെ കൂടി ഓർമ്മയാണ് ലീലാമണി ദേവരാജന്. സിനിമാലോകത്തെ സംഗീത കലാകാരന്മാർക്ക് 1972 മുതൽ ഒരു പതിറ്റാണ്ടു കാലം സ്വന്തം വീട്ടിൽ മുടങ്ങാതെ ഓണസദ്യയൊരുക്കി ദേവരാജൻ മാസ്റ്റർ. "അന്ന് വീട്ടിൽ അതിഥികളായി വന്ന ആർട്ടിസ്റ്റുകൾ പലരും വയോധികരാണിപ്പോൾ. എങ്കിലും വിഭവസമൃദ്ധമായ ആ സദ്യയുടെ ഓർമ്മകൾ പങ്കുവെക്കാൻ പലരും ഓണക്കാലത്ത് വിളിക്കാറുണ്ട്. സന്തോഷം തോന്നും. അങ്ങനെയും ഒരു കാലമുണ്ടായിരുന്നല്ലോ എന്ന് ഓർക്കും." -- മാസ്റ്ററുടെ പ്രിയപത്നിയുടെ വാക്കുകൾ.
1963 ലായിരുന്നു സംഗീത കുലപതിയായ ദേവരാജനുമായുള്ള ലീലാമണിയുടെ വിവാഹം. ഭർത്താവിനൊപ്പം ചെന്നൈയിൽ താമസമാക്കിയത് 1972 ൽ. സംഗീതരംഗത്ത് ഒപ്പം പ്രവർത്തിക്കുന്ന ഏറ്റവുമടുത്ത കലാകാരന്മാരെ വീട്ടിൽ വിളിച്ചുവരുത്തി ഓണസദ്യയൊരുക്കുന്ന പതിവ് മാസ്റ്റർ തുടങ്ങിയതും ആ വർഷം തന്നെ. "അന്ന് നുങ്കംപാക്കത്താണ് ഞങ്ങൾ താമസം." -- ലീലാമണി ഓർക്കുന്നു. "ആദ്യവർഷം നാലോ അഞ്ചോ പേരെ അതിഥികളായി ഉണ്ടായിരുന്നുള്ളൂ. അവരിൽ ആർ കെ ശേഖറെ നല്ല ഓർമ്മയുണ്ട്. അവർക്കുവേണ്ടി സദ്യയൊരുക്കിയത് ഞാൻ തന്നെ." കാംദാർ നഗറിലെ വീട്ടിലേക്ക് പിന്നീട് മാറിയപ്പോഴും ഓണവിരുന്ന് മുടക്കിയില്ല മാസ്റ്റർ.
വർഷങ്ങൾ ചെല്ലുന്തോറും അതിഥികളുടെ എണ്ണം കൂടിവന്നു. അസിസ്റ്റന്റുമാർക്ക് പുറമെ സ്ഥിരമായി മാസ്റ്ററുടെ റെക്കോർഡിംഗുകളിൽ സഹകരിച്ചിരുന്ന വാദ്യോപകരണക്കാരും സുഹൃത്തുക്കളും ഉൾപ്പെടെ മുപ്പതോളം പേർ വരെ സദ്യക്ക് എത്തിയ വർഷങ്ങളുണ്ട് എന്നോർക്കുന്നു ലീലാമണി. സദ്യയുടെ പൂർണ്ണ ചുമതല അതോടെ ഒരു പാചകവിദഗ്ദനെ തന്നെ ഏൽപ്പിച്ചു മാസ്റ്റർ. "നേരിട്ടാണ് മാസ്റ്റർ എല്ലാവരേയും ക്ഷണിക്കുക. അക്കാര്യത്തിൽ വലിപ്പച്ചെറുപ്പമൊന്നും ഉണ്ടായിരുന്നില്ല. നാളെ ഊണ് വീട്ടിലാകാം എന്നേ പറയൂ. വേറെ ഭംഗിവാക്കുകളൊന്നുമില്ല. ക്ഷണിതാക്കളെല്ലാം കൃത്യമായി ഓണനാൾ വീട്ടിലെത്തിയിരിക്കും."
സ്നേഹസമ്പന്നനായ ആതിഥേയനായി മാസ്റ്റർ മാറുന്ന കാഴ്ച്ച അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട് ലീലാമണി. "ആസ്വദിച്ചാണ് മാസ്റ്റർ സദ്യയുടെ ഒരുക്കങ്ങൾക്കെല്ലാം നേതൃത്വം നൽകുക. തലേന്ന് രാത്രി തന്നെ പാചകക്കാർ ജോലി തുടങ്ങും. എല്ലാം നോക്കിനടത്താൻ ഉറക്കമിളച്ചു മാസ്റ്ററും ഉണ്ടാവും കൂടെ. പിറ്റേന്ന് ഉച്ചയോടെ സ്വീകരണമുറിയിലെ സാധനങ്ങളെല്ലാം പുറത്തേക്ക് മാറ്റി അവിടം ഭോജനശാലയാക്കി മാറ്റും. നിലത്ത് പായ വിരിച്ച് ഇലയിട്ടാണ് ഊണ്. വിളമ്പലിന് മേൽനോട്ടം വഹിച്ചുകൊണ്ട് മാസ്റ്റർ സ്ഥലത്തു തന്നെയുണ്ടാകും. എല്ലാവരും കഴിച്ചുകഴിഞ്ഞിട്ടേ മാസ്റ്ററും ഞാനും കഴിക്കാനിരിക്കുള്ളൂ. അതൊക്കെ ഒരു ചിട്ടയുടെ ഭാഗമാണ്. ആ ചിട്ടയാണല്ലോ ജീവിതത്തിലെന്നപോലെ സംഗീതത്തിലും മാസ്റ്ററെ നയിച്ചിരുന്നത്..." ഓർമ്മകളിൽ മുഴുകി ഒരു മാത്ര മൗനിയാകുന്നു ദേവരാജപത്നി.
1983 ൽ മാസ്റ്ററുടെ അമ്മ ഓർമ്മയായി. ആ വർഷം വീട്ടിൽ ഓണാഘോഷം ഉണ്ടായിരുന്നില്ല; സദ്യയും. "കാസറ്റ് റെക്കോർഡിംഗുകളും മറ്റുമായി മാസ്റ്റർക്ക് അധികസമയവും തിരുവനന്തപുരത്ത് ചെലവഴിക്കേണ്ടി വന്നതോടെ ചെന്നൈയിലെ ഓണാഘോഷങ്ങൾ നിലച്ചു. 1982 ലാണ് ചെന്നൈയിലെ വീട്ടിൽ അവസാനമായി സഹപ്രവർത്തകർക്ക് മാസ്റ്റർ സദ്യയൊരുക്കിയത്."
അന്നത്തെ അതിഥികളിൽ പലരും ഓർമ്മയായി. ചിലരൊക്കെ ജീവിതസായാഹ്നത്തിൽ എത്തിനിൽക്കുന്നു. വയലിനിസ്റ്റ് സെബാസ്റ്റ്യൻ, ആന്റണി, ഔസേപ്പച്ചൻ, പ്രഭാകർ, ഹിമം, ചിത്തി, സുരേഷ്, ജീവ, രാജൻ, ജെറി ഫെർണാണ്ടസ്, സിറിൽ ഫെർണാണാണ്ടസ് തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ വിരുന്നുകാരായെത്തിയ ആ കൂട്ടായ്മകൾക്ക് ഒരു കോസ്മോപോളിറ്റൻ സ്വഭാവമുണ്ടായിരുന്നു. "ഇയ്യിടെ സെബാസ്റ്റ്യൻ വീട്ടിൽ വന്നപ്പോൾ ഗൃഹാതുരത്വത്തോടെ ആ നാളുകൾ ഓർത്തെടുത്തു."-- ലീലാമണി ഓർക്കുന്നു. "പൊതുവെ കർക്കശക്കാരനായ മാസ്റ്റർ സദാസമയവും ചിരിച്ചുകാണുന്ന അപൂർവം സന്ദർഭങ്ങളിൽ ഒന്ന് അതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി. കാഴ്ച്ചയിൽ പരുക്കനായ മാസ്റ്ററുടെ ഉള്ളിലെ സ്നേഹസമ്പന്നനായ മനുഷ്യസ്നേഹിയെ അടുത്തറിഞ്ഞവരാണല്ലോ അവരൊക്കെ. അതൊരു കാലം."
Content Highlights: ravi meonon about devarajan master
Published: 15 Sept 2024, 05:13 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented