
ക്ഷണിക്കാതെ തന്നെ സ്പീക്കറിലൂടെ ഒഴുകിവന്ന് അന്തരീക്ഷത്തിൽ നിറയുകയായിരുന്നു "വടക്കൻ വീരഗാഥ"യിലെ ആ ഗാനം: "ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ...."
സംസാരം തൽക്ഷണം നിർത്തി നിശബ്ദനായി പി വി ജി. എന്തൊരു സുന്ദരമായ ആകസ്മികത എന്നോർത്തിരിക്കണം അദ്ദേഹം. ക്ലബ് എഫ് എം. സ്റ്റുഡിയോയിലെ മുറിയിലിരുന്ന് ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നത് ഗൃഹലക്ഷ്മി ഫിലിംസിന്റെ ബാനറിൽ അദ്ദേഹം നിർമ്മിച്ച പടങ്ങളിലെ പാട്ടുകളെക്കുറിച്ചായിരുന്നല്ലോ.
"വീരഗാഥയിലെ പാട്ടുകളെക്കുറിച്ച് ആവേശപൂർവമാണ് ഇന്നും ആളുകൾ സംസാരിക്കുക. അവയൊക്കെ പിറന്നു വീഴുന്നതിന് സാക്ഷിയായിരുന്നല്ലോ ഞാൻ. അന്നൊന്നും ചിന്തിച്ചിട്ടില്ല ആ പാട്ടുകൾ എത്രയോ കാലത്തിന് ശേഷവും ആളുകൾ മനസ്സിൽ സൂക്ഷിക്കുമെന്നും മൂളിനടക്കുമെന്നും.." -- റേഡിയോയിലെ ചന്ദനലേപ സുഗന്ധം അവസാനഘട്ടത്തിലെത്തിയപ്പോൾ പി.വി. ഗംഗാധരൻ പറഞ്ഞു. "സംവിധായകൻ ഹരിഹരനോടാണ് അതിനുള്ള കടപ്പാട്. അദ്ദേഹം നിർബന്ധം പിടിച്ചിരുന്നില്ലെങ്കിൽ ആ പാട്ടുകളൊന്നും സിനിമയിൽ ഉണ്ടാകുമായിരുന്നില്ല.."
ചന്ദനലേപ സുഗന്ധം ഉൾപ്പെടെ ബോംബെ രവി സ്വരപ്പെടുത്തിയ സൂപ്പർ ഹിറ്റ് ഗാനങ്ങളുമായി മൂന്നരപ്പതിറ്റാണ്ട് മുൻപ് മലയാളികളെ തേടിയെത്തിയ "ഒരു വടക്കൻ വീരഗാഥ" പുതിയ കാലത്തിന്റെ ദൃശ്യ-ശബ്ദ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ഡിജിറ്റൽ പതിപ്പായി വീണ്ടും വെള്ളിത്തിരയിൽ നിറയുകയാണ്. പി.വി.ജി. സ്വപ്നം കണ്ട "തിരിച്ചുവരവ്". ഡിജിറ്റൽ തികവോടെ പടം പുതിയ തലമുറയ്ക്ക് മുന്നിലെത്തിക്കണമെന്ന ആഗ്രഹം പലതവണ പങ്കുവെച്ചിട്ടുണ്ട് അദ്ദേഹം. 4 കെ അറ്റ് മോസിൽ സ്വന്തം പടം റീ--റിലീസ് ചെയ്യുന്നത് കാണാൻ പി.വി.ജി. നമുക്കൊപ്പമില്ല എന്നത് നൊമ്പരമുണർത്തുന്ന സത്യം. 2023 ഒക്ടോബർ 13-നായിരുന്നു പി.വി.ജിയുടെ വിയോഗം.
വടക്കൻ വീരഗാഥയുടെ തിരക്കഥയും സംഭാഷണവും എഴുതിക്കൊടുക്കുമ്പോൾ ഒരു നിബന്ധനയുണ്ടായിരുന്നു എം.ടി. വാസുദേവൻ നായർക്ക്: പടത്തിൽ പാട്ട് വേണ്ട. ഇടക്കിടെയുള്ള ഗാനരംഗങ്ങൾ കഥയുടെ ഒഴുക്കിനെ ബാധിക്കും. ഉദയാ നിർമ്മിച്ച വടക്കൻപാട്ട് ചിത്രങ്ങളുടെ ഫോർമുല പിന്തുടരുന്നതിനോട് വിയോജിപ്പായിരുന്നു നായകൻ മമ്മൂട്ടിക്കും. എന്നാൽ, പാട്ടുകളുടെ നിത്യകാമുകനായ സംവിധായകനുണ്ടോ കുലുങ്ങുന്നു? പാട്ടില്ലാത്ത "വടക്കൻ വീരഗാഥ''യെക്കുറിച്ച് സങ്കലപിക്കാനേ വയ്യ ഹരിഹരന്. പടം ഹരന്റേതാകുമ്പോൾ ജനം ഹരമുള്ള ഗാനങ്ങളും പ്രതീക്ഷിക്കും എന്ന് ഉറപ്പ്. കഥയിൽ പൂർണ്ണമായും അലിഞ്ഞുചേരുന്ന പാട്ടുകൾ. "ലേഡീസ് ഹോസ്റ്റൽ'' മുതലിങ്ങോട്ടുള്ള ഹരിഹരൻ സിനിമകളുടെ ചരിത്രം അതാണല്ലോ. പോരാത്തതിന് ഇതൊരു വടക്കൻ പാട്ട് ചിത്രവും. പാട്ടില്ലാതെ എന്ത് വടക്കൻപാട്ട്?
തിരക്കഥ പലയാവർത്തി ശ്രദ്ധയോടെ വായിച്ചപ്പോൾ സിനിമയിലെ രണ്ടോ മൂന്നോ സന്ദർഭങ്ങളിൽ ഗാനങ്ങൾ ഉണ്ടാവുന്നത് അഭംഗി ആവില്ല എന്ന് തോന്നി ഹരിഹരന്. കഥയുമായി ഇണങ്ങിച്ചേർന്നു പോകുന്നില്ലെങ്കിൽ ഒഴിവാക്കാം എന്ന ഉപാധിയോടെ ഒടുവിൽ ഗാനങ്ങൾ ചിത്രീകരിക്കാൻ എം.ടിയിൽനിന്ന് അനുമതി വാങ്ങുന്നു സംവിധായകൻ. മനസ്സില്ലാമനസ്സോടെ ആ "പരീക്ഷണ''ത്തിന് സമ്മതം മൂളൂകയായിരുന്നു എം.ടി.
ഇനിയുള്ള കഥ ഹരിഹരന്റെ വാക്കുകളിൽ: "പടം റിലീസായ ദിവസം എനിക്ക് ലഭിച്ച ആദ്യത്തെ ഫോണ്‍ കോളുകളിൽ ഒന്ന് മമ്മുട്ടിയുടെതായിരുന്നു. വികാരാവേശം മറച്ചുവെക്കാതെ മമ്മുട്ടി പറഞ്ഞു: "പാട്ടുകളാണ് സിനിമയുടെ ഹൈലൈറ്റുകളിൽ ഒന്ന് എന്ന് ആളുകൾ പറയുന്നു. എന്റെ പഴയ അഭിപ്രായം ഞാൻ പിൻവലിക്കുകയാണ്.'' എം.ടിയും അതേ അഭിപ്രായം പങ്കുവച്ചപ്പോൾ ആശ്വാസത്തോടൊപ്പം സന്തോഷവും തോന്നിയെന്ന് ഹരിഹരൻ. "മലയാളി പ്രേക്ഷകരെ കുറിച്ചുള്ള നമ്മുടെ വിലയിരുത്തൽ തെറ്റിയില്ലല്ലോ. ഇന്ന് കാണുമ്പോഴും ജയകുമാറിന്റെ ചന്ദനലേപ സുഗന്ധം, കളരിവിളക്ക് തെളിഞ്ഞതാണോ, കൈതപ്രത്തിന്റെ ഇന്ദുലേഖ കൺതുറന്നു എന്നീ പാട്ടുകൾ ഇല്ലായിരുന്നെങ്കിൽ വടക്കൻ വീരഗാഥ അപൂർണ്ണമായേനെ എന്ന് തോന്നാറുണ്ട്.'' .
നിർമ്മാതാവിനുമില്ല മറിച്ചൊരു അഭിപ്രായം. "പാട്ടുകൾ ആദ്യം കേട്ടപ്പോൾ തന്നെ ഇഷ്ടം തോന്നിയിരുന്നു. സിനിമയിൽനിന്ന് അവ ഒഴിവാക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും വയ്യ." -- പി.വി.ജിയുടെ വാക്കുകൾ. "ഭാഗ്യവശാൽ അവസാനനിമിഷം പാട്ടുകൾക്ക് മോക്ഷം കിട്ടി. ഇന്നിപ്പോൾ ആ പാട്ടുകൾ ഇല്ലാത്ത വീരഗാഥയെ കുറിച്ച് സങ്കൽപ്പിക്കാൻ പറ്റുമോ?" ചിരിയോടെ ഒരു കാര്യം കൂട്ടിച്ചേർത്തു പി.വി.ജി: "ങ്ങളെ പോലെ പാട്ടിന്റെ ആളൊന്നും അല്ല നമ്മള്. എന്നാലും ഒരു പാട്ട് കേട്ടാൽ നല്ലതോ മോശമോ എന്ന് പറയാൻ പറ്റും. മോശായി തോന്ന്യാൽ അത് തുറന്ന് പറയുകയും ചെയ്യും. ഗൃഹലക്ഷ്മിയുടെ പടങ്ങൾ ചെയ്ത സംവിധായകരൊക്കെ നല്ല സംഗീതത്തിന്റെ ആൾക്കാർ. അതുകൊണ്ട് നമുക്ക് നല്ല കൊറേ പാട്ടുകൾ കേൾക്കാൻ പറ്റി. മ്മടെ ഭാഗ്യം എന്നേ പറയാൻ പറ്റൂ..."
സിനിമാപ്രേമികളുടെയും എന്ന് കൂട്ടിച്ചേർക്കണം നാം. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഗൃഹലക്ഷ്മിയുടെ ബാനറിൽ പുറത്തുവന്ന ഇരുപത്തിമൂന്ന് ചിത്രങ്ങളിൽ മലയാളികൾ ഏറ്റുപാടിയ ഹിറ്റ് ഗാനങ്ങൾ എത്രയെത്ര. ഹരിഹരൻ സംവിധാനം ചെയ്ത സുജാത (1977)യിൽ തുടങ്ങുന്നു മെലഡിയുടെ ആ ഘോഷയാത്ര. നടപ്പു ശൈലിയിൽനിന്ന് വ്യത്യസ്തമായി ഒരു ഉത്തരേന്ത്യൻ സ്പർശം സുജാതയിലെ പാട്ടുകൾക്ക് ഉണ്ടാകുമെങ്കിൽ നന്നായിരിക്കും എന്ന അഭിപ്രായം പങ്കുവെച്ചവരായിരുന്നു ഹരിഹരനും പി.വി.ജിയും. ഇനിയുള്ള കഥ ഹരിഹരന്റെ വാക്കുകളിൽ:
"ഗൃഹലക്ഷ്മി പ്രോഡക്ഷൻസിന്റെ ആദ്യചിത്രമായതുകൊണ്ട് സ്ഥിരം ശൈലിയിൽനിന്ന് വേറിട്ട് നിൽക്കുന്ന പാട്ടുകൾ വേണമെന്ന് എനിക്കും പി.വി. ഗംഗാധരനും ആഗ്രഹമുണ്ടായിരുന്നു . അപ്പോഴാണ് രവീന്ദ്ര ജെയ്‌നിന്റെ പേര് യേശുദാസ് പറയുന്നത്. ചിത്ചോർ ഒക്കെ ചെയ്തു ബോളിവുഡിൽ അദ്ദേഹം തിളങ്ങി നില്ക്കുന്ന സമയം. ദാസിനെ വലിയ ഇഷ്ടവുമാണ് ജെയ്‌നിന്. മുംബൈയിൽ ചെന്ന് രവീന്ദ്ര ജെയ്‌നിനെ കാണാൻ ഞങ്ങൾ തീരുമാനിക്കുന്നു. പി.വി.ജിക്കും മങ്കൊമ്പ് ഗോപാലകൃഷ്ണനും ഒപ്പം അവിടെ ചെന്നപ്പോഴാണ് അമ്പരപ്പിക്കുന്ന ഒരു സത്യം അറിയുന്നത്. പൂർണ്ണമായും അന്ധനാണ് ജെയ്ൻ. എങ്കിലും അതൊന്നും ഗാനസൃഷ്ടിയിൽ അദ്ദേഹത്തിനൊരു പരിമിതിയല്ല."
രവീന്ദ്ര ജെയ്‌നിന്റെ ഈണങ്ങൾക്കൊത്ത് മങ്കൊമ്പ് എഴുതിയതാണ് സുജാതയിലെ പാട്ടുകൾ എല്ലാം. കവി കൂടി ആയതുകൊണ്ട് വരികളുടെ അർത്ഥം ചോദിച്ചു മനസ്സിലാക്കിയ ശേഷമേ ജെയ്ൻ കമ്പോസ് ചെയ്യാൻ തുടങ്ങൂ. യേശുദാസ് പാടിയ കാളിദാസന്റെ കാവ്യഭാവനയെ, താലിപ്പൂ പീലിപ്പൂ എന്നീ പാട്ടുകൾ ആണ് ആദ്യം റെക്കോർഡ് ചെയ്തത്. അത് കഴിഞ്ഞപ്പോൾ ഒരു ഗാനം ആശ ഭോസ്ലെയേ കൊണ്ട് പാടിച്ചാലോ എന്ന് പി.വി.ജിക്ക് ആഗ്രഹം. "സ്വയംവര ശുഭദിന മംഗളങ്ങൾ" ഉണ്ടാകുന്നത് അങ്ങനെയാണ്.
"സുജാത"യുടെ ബോക്സോഫീസ് വിജയത്തിൽ പാട്ടുകൾക്കും ഉണ്ടായിരുന്നു നിർണ്ണായക പങ്ക്. തുടർന്നുള്ള പടങ്ങളിലും കേട്ടു കാലാതിവർത്തിയായ ഗാനങ്ങൾ. നിമിഷങ്ങൾ പോലും വാചാലമാകും, പ്രഭാതം പൂമരക്കൊമ്പിൽ (മനസാ വാചാ കർമ്മണാ), പാവാട വേണം, കണ്ണും കണ്ണും തമ്മിൽ തമ്മിൽ (അങ്ങാടി), കാറ്റു താരാട്ടും (അഹിംസ), ഏഴു സ്വരങ്ങളും, സമയരഥങ്ങളിൽ ഞങ്ങൾ (ചിരിയോ ചിരി), ഗോപികേ നിൻ വിരൽ (കാറ്റത്തെ കിളിക്കൂട്), പൊൻപുലരൊളി, ഓമനത്തിങ്കൾ കിടാവോ (ഇത്തിരിപ്പൂവേ ചുവന്നപൂവേ), സായന്തനം നിഴൽ വീശിയില്ല (ഒഴിവുകാലം), ഇന്നലെകൾ (വാർത്ത), ചന്ദനലേപ സുഗന്ധം, ഇന്ദുലേഖ കൺതുറന്നു (ഒരു വടക്കൻ വീരഗാഥ), അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ, മഴവിൽ കൊതുമ്പിലേറി വന്ന (അദ്വൈതം), നന്ദകിശോരാ ഹരേ (ഏകലവ്യൻ), സിന്ദൂരം പെയ്തിറങ്ങി, ആദ്യമായ് കണ്ട നാൾ (തൂവൽക്കൊട്ടാരം), ചെമ്പകപ്പൂ മൊട്ടിനുള്ളിൽ, പാർവണ പാൽമഴ (എന്ന് സ്വന്തം ജാനകിക്കുട്ടി), പിൻ നിലാവിൻ പൂ വിടർന്നു, വിശ്വം കാക്കുന്ന നാഥാ (വീണ്ടും ചില വീട്ടുകാര്യങ്ങൾ), കോടമഞ്ഞിൻ താഴ്‌വരയിൽ, ഘനശ്യാമ (കൊച്ചു കൊച്ചു സന്തോഷങ്ങൾ), ആറ്റുനോറ്റുണ്ടായൊരുണ്ണി (ശാന്തം), എന്ത് പറഞ്ഞാലും, താമരക്കുരുവിക്ക് (അച്ചുവിന്റെ അമ്മ), ഹൃദയവും ഹൃദയവും (നോട്ട് ബുക്ക്)...
ഗാനസൃഷ്ടിയിൽ മാത്രമല്ല സിനിമയുടെ തനിക്ക് അപരിചിതമായ സാങ്കേതിക മേഖലകളിൽ ഒന്നും കൈകടത്താതിരിക്കാനുള്ള ഔചിത്യം കാണിച്ച നിർമ്മാതാവായിരുന്നു പി.വി.ജി. എന്ന് പറയും കെ ജയകുമാർ. മറ്റു പല നിർമ്മാതാക്കളെയും പോലെ അനവസരത്തിൽ, അനാവശ്യമായി വിദഗ്ദ്ധാഭിപ്രായം തട്ടിമൂളിക്കുന്ന ഏർപ്പാടും അദ്ദേഹത്തിന് ഇല്ലായിരുന്നു. "എന്റെ സിനിമാ പ്രവേശത്തിൽ പി.വി.ജിക്ക് നിർണ്ണായക പങ്കുണ്ട്. പാട്ടെഴുതാനുള്ള അവസരം ഞാൻ അദ്ദേഹത്തിൽനിന്ന് ചോദിച്ചു വാങ്ങുകയായിരുന്നു. അടുത്ത പടത്തിൽ ആവട്ടെ എന്നായിരുന്നു മറുപടി. ഒഴിവുകാലത്തിൽ എഴുതാൻ ക്ഷണിച്ചപ്പോൾ ഞാൻ ചോദിച്ചു: എന്ത് ധൈര്യത്തിലാണ് എന്നെക്കൊണ്ട് പാട്ടെഴുതിക്കുന്നത്. ഈ വിദ്യ എനിക്ക് വഴങ്ങും എന്ന് അങ്ങേക്ക് വിശ്വാസമുണ്ടോ?
ചിരിച്ചുകൊണ്ട് പി.വി.ജിയുടെ മറുപടി: "അറിയുമെന്ന് ആത്മവിശ്വാസം ഉള്ളതുകൊണ്ടാണല്ലോ നിങ്ങൾ ഇങ്ങോട്ട് ആവശ്യപ്പെട്ടത്. പിന്നെ എന്തിന് സംശയിക്കണം?" ജയകുമാറിന്റെ മാസ്റ്റർപീസ് ഗാനമായ "ചന്ദനലേപ സുഗന്ധം" പിറന്നതും പി.വി.ജിയുടെ സിനിമയിൽ തന്നെ: ഒരു വടക്കൻ വീരഗാഥ.
"ഇത്രയും മ്യൂസിക്കൽ ഹിറ്റുകൾ ചെയ്ത ആളല്ലേ? സ്വന്തം പടങ്ങളിലെ ഏറ്റവും പ്രിയപ്പെട്ട പാട്ട് ഏതാണെന്ന് ചോദിച്ചാൽ....? "-- ഒരിക്കൽ ആരാഞ്ഞിട്ടുണ്ട് പി.വി.ജിയോട്.
ഏതെന്ന് പറഞ്ഞില്ല അദ്ദേഹം. പകരം സ്വന്തം ഫോണിലേക്ക് വിളിക്കാനായിരുന്നു നിർദ്ദേശം. ഡയൽ ചെയ്തപ്പോൾ മറുപുറത്ത് പ്രണയാർദ്രമായ ആ ഹലോ ട്യൂൺ: പ്രിയദർശൻ സംവിധാനം ചെയ്ത "അദ്വൈത"ത്തിൽ കൈതപ്രം -- എം.ജി. രാധാകൃഷ്ണൻ ടീമിന് വേണ്ടി എം.ജി. ശ്രീകുമാറും ചിത്രയൂം പാടിയ ഗാനം. എന്നും അദ്ദേഹത്തിന്റെ ഹൃദയത്തോട് ചേർന്നുനിന്ന പാട്ട്.
"അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ എന്തു പരിഭവം മെല്ലെ ഓതിവന്നുവോ..."
Content Highlights: Ravi menon remembering PVG`s Oru Vadakkan Veeragatha:iconic songs, their creation..
Published: 28 Jan 2025, 05:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented