
ഓ മെെ കടവുളെ എന്ന തമിഴ് ചിത്രത്തിലെ കേരളത്തിന്റെ ഭംഗി ഒപ്പിയെടുത്ത 'കഥെെപ്പോമ' എന്ന ഗാനം വലിയൊരോളം മലയാളികൾക്കിടയിൽ ഉണ്ടാക്കിയിട്ടുണ്ട്. സ്റ്റാറ്റസുകളിലൂടെയും മൂളി നടന്നും മലയാളികൾ ആ പാട്ടിനേയും സിനിമയേയും നെഞ്ചിലേറ്റിയപ്പോൾ ഒരു സുപരിചിതനായ നടൻ കൂടി നമുക്ക് പ്രിയപ്പെട്ടയാളായി മാറി, അശോക് സെൽവൻ. കോവിഡിന്റെ പിരിമുറുക്കത്തിനിടെ മനസ് തുറന്ന് ചിരിപ്പിച്ച ചിത്രം കൂടിയായിരുന്നു 'ഓ മെെ കടവുളെ'. നടനെന്ന നിലയിൽ നേരത്തെ തന്നെ കഴിവ് തെളിയിച്ചയാളാണ് അശോക്. സൂതു കവ്വും, തെഗിടി, വേഴം, മായ, ബില്ല 2, റിച്ചി, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളെല്ലാം അവയിൽ ചിലത് മാത്രം.

ഈയടുത്തായി വന്ന നിതം ഒരു വാനം, നിന്നില നിന്നില, മന്മദ ലീല, അടി കപ്യാരേ കൂട്ടമണിയുടെ റീമേയ്ക്ക് ഹോസ്റ്റൽ എന്നീ അശോക് സെൽവൻ ചിത്രങ്ങളെല്ലാം മലയാളികളും സ്വീകരിച്ചു, ധാരാളം ക്രഷുകളുമുണ്ടായി. കുറച്ചുനാളുകളായി റൊമാന്റിക് ഫീൽ ഗുഡ് ചിത്രങ്ങളിലൂടെ ആളുകളെ രസിപ്പിക്കുകയായിരുന്നു നടൻ. കോവിഡ് പിരിമുറുക്കങ്ങളിൽനിന്ന് കരകയറാൻ പ്രേക്ഷകനായി ഫീൽ ഗുഡ് പടങ്ങൾ ചെയ്യാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നാണ് നടൻ പറയുന്നത്. ഇപ്പോൾ ചെറുതായൊന്ന് ട്രാക്ക് മാറ്റിയ നടൻ സമ്മാനിച്ചിരിക്കുന്നത് ഒരു ഉഗ്രൻ ത്രില്ലറാണ്, വിഗ്നേഷ് രാജ സംവിധാനം ചെയ്ത 'പോർ തൊഴിൽ'. ആദ്യദിനം മെല്ലെത്തുടങ്ങി ഇപ്പോൾ കേരളത്തിലും തമിഴ് നാട്ടിലും മികച്ച പ്രതികരണവുമായി കൂടുതൽ തിയേറ്ററുകളിലേയ്ക്ക് എത്തുകയാണ് 'പോർ തൊഴിൽ'. തന്റെ സിനിമ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുകയാണ് നടൻ അശോക് സെൽവൻ.
ഒരു ത്രില്ലർ മാത്രമല്ല 'പോർ തൊഴിൽ', അതിലുമേറെ
കഥയിൽ പ്രതീക്ഷയെക്കുറിച്ച് സംസാരിക്കുന്നത് എനിക്കിഷ്ടമാണ്. സിനിമ കണ്ട് കഴിയുന്ന പ്രേക്ഷകന് ജീവിതത്തിൽ എന്തെങ്കിലും പ്രതീക്ഷ തോന്നുന്ന തരം സബ്ജെക്ടുകളാണ് എനിക്ക് ഇഷ്ടം. 'പോർ തൊഴിൽ' ഒരു ഡാർക്ക് ത്രില്ലർ ആണെങ്കിലും അതിൽ ഇമോഷണന്റെ ഒരു ലെയർ ഉണ്ട്. പാരന്റിങ്ങിനെപ്പറ്റി ചിത്രം സംസാരിക്കുന്നുണ്ട്.

സൈക്കോ ത്രില്ലറുകളിൽ കുറ്റവാളിയെ എങ്ങനെ പിടിക്കും എന്നതാണ് സാധാരണ കാണിക്കുന്നത്. പക്ഷേ, എങ്ങനെ അവരെ തടയും എന്ന് കാണിക്കാറില്ല. ഈ ചിത്രത്തിൽ അതിനൊരു പരിഹാരം ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കുട്ടികളെ ശരിയായി മാതാപിതാക്കൾ വളർത്തിയാൽ തന്നെ കുറ്റകൃത്യങ്ങൾ ഒരുവിധം കുറയുമെന്ന് ചിത്രം പറഞ്ഞുവെക്കുന്നുണ്ട്. അത് എനിക്ക് വളരെ ഇഷ്ടമായി. വെറും ഒരു ത്രില്ലർ ആയിരുന്നെങ്കിൽ ഞാൻ ഈ ചിത്രം ചെയ്യുമായിരുന്നോ എന്നെനിക്ക് അറിയില്ല. ഇതിലെ ഇമോഷണൽ ലെയർ ആണ് എന്നെ ആകർഷിച്ചത്. കഥ കേട്ട ഉടനെ എനിക്ക് ഇഷ്ടമായി.
2023 ചരിത്രത്തിന്റെ ഭാഗമാകും, 10 വർഷം കഴിഞ്ഞ് ഈ സൂപ്പർസ്റ്റാറുകളെക്കുറിച്ച് സംസാരിക്കും
ഏതൊരു ഇൻഡസ്ട്രിയിലും പുതിയ ആളുകൾ കടന്നുവരുന്നത് നല്ലൊരു സംഭവമാണ്. ഈ വർഷം തമിഴിൽ നന്നായി ഓടിയ പടങ്ങൾ എടുത്തിരിക്കുന്നത് പുതിയ സംവിധായകരാണ്. ഗണേഷ് കെ. ബാബു ഒരുക്കിയ 'ദാദ', വിനായക് ചന്ദ്രശേഖരന്റെ 'ഗുഡ് നെെറ്റ്', മന്ദിര മൂർത്തിയുടെ 'അയോധി' ഇപ്പോൾ വിഗ്നേഷ് രാജയുടെ 'പോർ തൊഴിൽ'.

പ്രേക്ഷകർക്ക് അവരെ എന്റർടെയിൻ ചെയ്യിക്കുന്ന ചിത്രങ്ങളാണ് വേണ്ടത്. ആര് സംവിധാനം ചെയ്യുന്നു എന്നോ ആര് അഭിനയിക്കുന്നു എന്നോ അവർ നോക്കാറില്ല. 2023 എന്ന വർഷം ചരിത്രത്തിൽ ഇടം നേടുമെന്നാണ് എനിക്ക് തോന്നുന്നത്. 10 വർഷം കഴിഞ്ഞ് നോക്കുമ്പോൾ ഈ വർഷത്തിലാണ് നാല് സൂപ്പർ സംവിധായകർ തമിഴ് ഇൻഡസ്ട്രിയിലേയ്ക്ക് വന്നതെന്ന് ആളുകൾ പറയും.
എല്ലാം സാമ്പത്തിക വിജയം മാത്രമല്ല, നല്ല ചിത്രങ്ങൾ കൂടിയായിരുന്നു. ഈ നാല് ചിത്രങ്ങളിൽ ഒന്നിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. പണ്ടത്തെ പോലെയല്ല ഇന്ന് കാര്യങ്ങൾ. പണ്ട് മുഖം നോക്കിയാണ് ആളുകൾ തിയേറ്ററുകളിൽ പോയിരുന്നത്. ഇന്നതിന്റെ ആവശ്യം ഇല്ല. മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷകർ സിനിമയ്ക്ക് എത്തുന്നു.
രാക്ഷസനും പോർ തൊഴിലും
സിനിമകളെ താരതമ്യം ചെയ്യാനുള്ള ഒരു പ്രവണത ഇന്ത്യക്കാർക്കുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. എന്ത് കിട്ടിയാലും താരതമ്യം ചെയ്യും. പരീക്ഷയ്ക്ക് 90 മാർക്ക് വാങ്ങിയാലും അടുത്ത വീട്ടിലെ പയ്യൻ 95 വാങ്ങിയല്ലോ എന്ന് പറയും. ഇതിൽ തമിഴൻ, മലയാളി എന്നൊന്നും ഇല്ല. എല്ലാ നാട്ടിലുള്ള ഇന്ത്യക്കാരനിലും ഈ പ്രവണത കാണാം.

'പോർ തൊഴിൽ' 'രാക്ഷസൻ' പോലെയുണ്ടെന്ന് ചിലർ പറഞ്ഞു. 'രാക്ഷസനെ'ക്കാളും നല്ലതാണെന്ന് പറഞ്ഞവരുണ്ട്. 'രക്ഷസന്റെ' അത്രയൊന്നും ഇല്ലെന്നും ചിലർ പറഞ്ഞു. ഓരോരുത്തരും ഓരോന്ന് പറയും. പക്ഷേ തിയേറ്ററുകളിൽ ആളുകൾ എത്തുന്നുണ്ട് എന്നതാണ് പ്രധാനം. ഹൗസ്ഫുൾ ഷോ കളിക്കുന്നു. പടം നല്ലതെന്ന് പറയുന്നു, ആളുകൾ ആസ്വദിക്കുന്നു. വേറെ ചിത്രവുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല.
ഞാൻ ചിന്തിക്കുന്നത് ഒരു പ്രേക്ഷകനെപ്പോലെ
പണ്ട് എങ്ങനെയാണോ തിരക്കഥ തിരഞ്ഞെടുത്തത് അതുപോലെ തന്നെയാണ് ഇപ്പോഴും. ഞാൻ ഒരു പ്രേക്ഷകനെപ്പോലെയാണ് തിരക്കഥയെ സമീപിക്കുന്നത്. എനിക്ക് കാണാൻ ഇഷ്ടം തോന്നുന്ന കഥകളാണ് ഞാൻ തിരഞ്ഞെടുക്കാറുള്ളത്. എനിക്ക് ഈ പടം ഇഷ്ടപ്പെടുമോ, എങ്കിൽ പ്രേക്ഷകർക്കും ഇഷ്ടപ്പെടും എന്ന് കരുതും.
രണ്ട് മൂന്ന് ചിത്രങ്ങൾ മറ്റുള്ളവരുടെ അഭിപ്രായം നോക്കി ചെയ്തു. ഇപ്പോൾ അങ്ങനെ ചെയ്യാറില്ല. എനിക്ക് ഇഷ്ടപെട്ടാൽ മാത്രമേ ഞാൻ ചെയ്യാറുള്ളു. അതാണ് ഇത്രയും കാലം വന്ന ആകെ ഒരു മാറ്റം. ചില ചിത്രങ്ങൾ ശരിയാകും, ചിലത് ശരിയാകില്ല. ഈയൊരു പ്രോസസ്സ് ആസ്വദിക്കണം എന്നെ എനിക്കുള്ളൂ. പിന്നെ സിനിമ വരുന്ന സമയത്ത് തിരക്കഥയേയും സംവിധായകനേയും നോക്കാറുണ്ട്. രണ്ടും ഒരുപോലെ പ്രാധാന്യം അർഹിക്കുന്നു. നല്ല സംവിധായകൻ ആയാൽ മാത്രം പോരാ, തിരക്കഥയും നന്നാകണം. തിരക്കഥ നന്നായിട്ട് സംവിധായകൻ ശരിയായില്ലെങ്കിലും കാര്യമില്ല. രണ്ടും 50-50 ആണ്.
സിനിമയിൽ 10 വർഷങ്ങൾ കഴിഞ്ഞു, പക്ഷേ ഞാൻ തുടങ്ങിയിട്ടേയുള്ളൂ
ഈ 10 വർഷത്തെ സിനിമ യാത്ര വളരെ മികച്ചതായിരുന്നു. ഒരുപാട് ദൂരം വന്നത് പോലെ തോന്നും. ഒരിക്കൽ കൂടി ചിന്തിച്ചാൽ ഇപ്പോൾ തുടങ്ങി എന്നാകും തോന്നൽ. നിറയെ പഠിച്ചു. ഒരുപാട് കയറ്റവും ഇറക്കവും ഒക്കെ ഉണ്ടായി. ഇപ്പോൾ വിജയവും തോൽവിയും ഒരുപോലെ ആസ്വദിക്കുന്നു. സത്യസന്ധമായി പറഞ്ഞാൽ ഞാൻ ഇപ്പോൾ തുടങ്ങിയിട്ടേ ഉള്ളൂ.

10 വർഷം കഴിയുമ്പോൾ എന്തായി തീരുമെന്ന് ഒരു നിശ്ചയവും ഇല്ല. ഒരു കാര്യം ഉറപ്പാണ്, ഞാൻ എന്റെ ജോലി ആസ്വദിക്കും. എത്രത്തോളം ആത്മാർഥമായി സിനിമ എന്ന ക്രാഫ്റ്റിനെ സമീപിക്കാൻ സാധിക്കുമോ അത് ചെയ്യും. എന്ത് വേണോ സംഭവിച്ചോട്ടെ, അത് പ്രേക്ഷകരുടെ കൈയിലാണ്. സൂപ്പർസ്റ്റാർ ആകണമോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്.
പരാജയങ്ങളിൽനിന്ന് പുറത്ത് വരുന്നത് ഒരു പ്രോസസ്സാണ്. പരാജയം ആസ്വദിച്ചാൽ മാത്രമേ വിജയവും ആസ്വദിക്കാനാകൂ. ഇത് ജീവിതത്തിന്റെ ഒരു ഭാഗമാണ്. അതുകൊണ്ട് ജീവിതത്തിൽ എന്ത് ഇഷ്ടപ്പെടുന്നുവോ അത് ചെയ്യണം.
ശ്യാം പുഷ്കരനും ആഷിഖ് അബുവും വിനീതും ഫഹദും; കലയ്ക്ക് ഭാഷ ഒരു പ്രശ്നമല്ല
താരങ്ങൾ മറ്റ് ഇൻഡസ്ട്രികളിൽ അഭിനയിക്കുന്നതും പാൻ ഇന്ത്യൻ ചിത്രങ്ങൾ വരുന്നതും നല്ലൊരു ട്രെൻഡ് ആയാണ് തോന്നുന്നത്. 'പോർ തൊഴിൽ' നോക്കിയാൽ പകുതിയോളം പേർ മലയാളികളാണ്. രണ്ട് ഇൻഡസ്ട്രികളിലെ താരങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ഒരു പ്രോജക്ട് കുറച്ചുകൂടി നന്നാകുമെന്ന് കരുതുന്നു. 'പോർ തൊഴിൽ' അങ്ങനെ സംഭവിച്ചതാണ്. ഞാൻ മലയാളത്തിൽ 'മരക്കാറി'ൽ അഭിനയിച്ചു. തെലുങ്കിൽ 'നിന്നില നിന്നില' എന്ന ചിത്രത്തിൽ അഭിനയിച്ചു. അത് നല്ലൊരു അനുഭവം ആയിരുന്നു. പുതിയൊരു ഇൻഡസ്ട്രിയിലേയ്ക്ക് കടന്നത് പോലെയുണ്ടായിരുന്നു.

കലയ്ക്ക് ഒരു കാലത്തും ഭാഷ ഒരു പ്രശ്നം അല്ല. ഡയലോഗ് മനസിലാക്കാൻ അഭിനേതാക്കൾക്ക് കുറച്ച് ബുദ്ധിമുട്ടുണ്ടാകും. അതും ഈ പ്രോസസിന്റെ ഭാഗമാണ്. എനിക്ക് എല്ലാ ഭാഷയിലും സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. ഒരുപാട് പേർക്കൊപ്പം വർക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ശ്യാം പുഷ്കരന്റെ തിരക്കഥയിൽ വർക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്, ആഷിഖ് അബുവിന്റെയും വിനീതിന്റേയും ചിത്രത്തിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ഫഹദിനൊപ്പം അഭിനയിക്കണമെന്നും മോഹമുണ്ട്. ഇങ്ങനെ മലയാളത്തിൽ ഒരുപാട് പേർക്കൊപ്പം അഭിനയിക്കണമെന്നുണ്ട്. ഇതൊരു നല്ല കാര്യമായാണ് ഞാൻ കരുതുന്നത്. മലയാള ചിത്രങ്ങൾ ഞാൻ കാണാറുണ്ട്.
പറയേണ്ടിടത്ത് 'നോ' പറയണം
'നോ' പറഞ്ഞ് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ചില സമയത്ത് തിരക്കഥകൾക്ക് 'നോ' പറയുമ്പോൾ അവരോട് 'നോ' പറയുന്നതുപോലെയാണ് ആളുകൾ അതിനെയെടുക്കുന്നത്. ചിലർ അതിനെ പേഴ്സണലായിട്ട് എടുക്കാറുണ്ട്. അതൊന്നും നോക്കിയിട്ട് കാര്യമില്ല. എവിടെ 'നോ' പറയണമെന്ന് തോന്നുന്നുവോ അവിടെ നമ്മൾ പറഞ്ഞിരിക്കണം.
സംസാരിക്കുന്ന കണ്ണുകളുള്ള നിഖില, ശരത് കുമാർ എന്ന പ്രചോദനം
ശരത്കുമാർ സാറിനൊപ്പമുള്ള അനുഭവം വളരെ മികച്ചതായിരുന്നു. 150-ൽ അധികം ചിത്രങ്ങൾ ചെയ്തിട്ടുള്ള സീനിയർ നടനാണ് അദ്ദേഹം. സാർ എങ്ങനെയാകും പെരുമാറുകയെന്ന് ഞാൻ ആലോചിച്ചു കൊണ്ടേയിരുന്നു. പക്ഷേ, അദ്ദേഹം നല്ലൊരു അന്തരീക്ഷം ഒരുക്കി. ഞങ്ങൾ വളരെപ്പെട്ടെന്ന് സൗഹൃദത്തിലായി. അദ്ദേഹവുമായി നല്ലൊരു കെമിസ്ട്രി ഉണ്ടായിരുന്നു. അത് സിനിമയിലും പ്രതിഫലിച്ചു. ഞങ്ങൾക്കിടയിൽ നല്ലൊരു കെമിസ്ട്രിയുണ്ടായിരുന്നു എന്ന് ഒരുപാട് പേർ പറഞ്ഞു. അദ്ദേഹം എല്ലാവർക്കും ഒരു പ്രചോദനമാണ്.

നിഖില ഒരു നല്ല നടിയാണ്. അവർക്കൊപ്പം വർക്ക് ചെയ്തത് നല്ലൊരു അനുഭവമായിരുന്നു. അവരുടെ കണ്ണുകൾ വരെ സംസാരിക്കും. നിഖിലയ്ക്കൊപ്പം ഇനിയും ചിത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്.
വിഗ്നേഷ് രാജിനൊപ്പം ഹ്രസ്വചിത്രങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. എന്റെ അടുത്ത സുഹൃത്താണ്. വളരെ ഇന്റലിജന്റായ സംവിധായകനാണ് അദ്ദേഹം. ഡീറ്റെയിലിങ്ങിലൊക്കെ ശ്രദ്ധിച്ച് ജോലിചെയ്യുന്നയാളാണ് വിഗ്നേഷ്. ഇതൊരു തുടക്കം മാത്രമാണ്. ഇനിയും ഒരുപാട് നല്ല ചിത്രങ്ങൾ അദ്ദേഹം ചെയ്യും. സമർഥനായ ഫിലിം മേക്കറാണ് അദ്ദേഹം.
മാസാണ് മോഹൻലാൽ, ഞാൻ കണ്ടതുപോലുള്ള ചിത്രത്തിനായി കാത്തിരിക്കുകയാണ്
'മരയ്ക്കാർ അറബിക്കടലിന്റെ സിംഹ'ത്തിൽ അഭിനയിച്ചത് നല്ലൊരു അനുഭവമായിരുന്നു. മോഹൻലാൽ സാർ മാസാണ്. അദ്ദേഹത്തിന്റെ അഭിനയം ഗോഡ് ലെവലാണ്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാൻ സാധിച്ചത് വലിയൊരു അനുഭവമായിരുന്നു.

'മരയ്ക്കാറി'ന് ശേഷം ഒരുപാട് മലയാള ചിത്രങ്ങളുടെ ഓഫറുകൾ എനിക്ക് വന്നിരുന്നു. പക്ഷേ, ശരിയായ ഒരെണ്ണത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ഞാൻ കണ്ടിട്ടുള്ള മലയാളം ചിത്രങ്ങളെല്ലാം മികച്ചതാണ്. അതുപോലെ ഒരെണ്ണം ചെയ്യണമെന്നാണ് ആഗ്രഹം. വ്യത്യസ്തമായ രസകരമായ ഒരു ചിത്രം ചെയ്യണം. അതിനായി കാത്തിരിക്കുകയാണ്.
കമൽ ഹാസന്റെ രാഷ്ട്രീയം, എന്റെ സിനിമയിൽ എന്ത് സംസാരിക്കരുതെന്ന് എനിക്ക് നിശ്ചയമുണ്ട്
ഞാൻ ഒരു കമൽ ഹാസൻ ആരാധകനാണ്. അദ്ദേഹത്തിന്റെ ഒരു ചിത്രത്തിലെ ഒരു വേഷവും നല്ലൊരു തിരക്കഥയുള്ള ഒരു ചിത്രവും വന്നാൽ ഞാൻ കമൽ സാറിനൊപ്പമുള്ള ചിത്രം തിരഞ്ഞെടുക്കും. കാരണം കമൽ സാർ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഉറപ്പായും മികച്ചതായിരിക്കും.

കമൽ സാറിന്റെ ചിത്രത്തിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയം സംസാരിക്കാറുണ്ട്. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് സിനിമകളിൽ പ്രതിഫലിക്കാറുണ്ട്. അതുപോലെ ഞാനും ചെയ്യുന്നുണ്ട്. ഇതുവരെ ചെയ്തുകൊണ്ടിരിക്കുന്നതും അത് തന്നെയാണ്. സിനിമയിൽ എന്ത് ചെയ്തുകൂടാ എന്നെനിക്ക് അറിയാം. എന്റെ സിനിമയിൽ എന്ത് പാടില്ല എന്നെനിക്ക് അറിയാം, അതെന്റെ സിനിമകളിൽ ഉണ്ടാകില്ല.
എന്റെ രാഷ്ട്രീയത്തിനും കാഴ്ചപ്പാടുകൾക്കും ഊന്നൽ കൊടുക്കുന്ന തലത്തിലേയ്ക്ക് ഞാൻ എത്തിച്ചേർന്നുവെന്ന് കരുതുന്നില്ല. എന്തിനെപ്പറ്റി സംസാരിക്കാൻ പാടില്ല എന്നെനിക്ക് അറിയാം.
കഥാപാത്രത്തെ മനസിലാക്കണം, പഠിക്കണം
കഥാപാത്രങ്ങൾക്ക് വേണ്ടി തയ്യാറെടുപ്പകൾ നടത്താറുണ്ട്. സ്പോർട്സ് ഡ്രാമയായ 'ബ്ലൂസ്റ്റാറി'ന് വേണ്ടി ഒരുപാട് തയ്യാറെടുപ്പുകൾ എടുത്തിട്ടുണ്ട്. വർക്‌ഷോപ്പുകൾ ഒക്കെ നടത്തിയിരുന്നു. 90-കളിലെ കഥയാണ് ചിത്രം സംസാരിക്കുന്നത്. ഒരാളുടെ യഥാർഥ ജീവിതകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കാലഘട്ടവും അയാളുടെ ശരീരഭാഷയും ക്രിക്കറ്റിങ്ങ് സ്റ്റെെലും മാനറിസവുമൊക്കെ പഠിക്കേണ്ടി വന്നു. ആ പടത്തിന്റെ മൂഡിൽ ഇരുന്നാലേ നന്നായി പെർഫോം ചെയ്യാൻ സാധിക്കൂ.
ഓരോ കഥാപാത്രങ്ങൾക്കും ഓരോരോ തയാറെടുപ്പുകൾ ആവശ്യമാണ്. ഒരു കഥാപാത്രത്തിനെ എത്രത്തോളം മനസ്സിലാക്കാൻ സാധിക്കുമോ അത്രത്തോളം മനസ്സിലാക്കാൻ ഞാൻ ശ്രമിക്കും. സംവിധാകനോട് കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടേ ഇരിക്കും. തിരക്കഥാകൃത്തിനോടോ സംവിധായകനോടോ ഇതിനെക്കുറിച്ച് സംസാരിക്കും. കഥാപാത്രത്തെ മനസില്ലാക്കിക്കഴിഞ്ഞാൽ പിന്നെ എല്ലാം സ്വാഭാവികമായി സംഭവിക്കും.
അനി ഐ.വി ശശി എനിക്ക് സഹോദരൻ, ജീവൻ പോലും കൊടുക്കും
'നിന്നില നിന്നില' ഒരുക്കിയ അനി ഐ.വി. ശശി കോളേജ് കാലം തൊട്ടേ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. എന്റെ ജീവൻ പോലും കൊടുക്കുന്നതുപോലെയുള്ള സുഹൃത്ത്. ഞാൻ നടനാകുന്നത് പോലും അവൻ പറഞ്ഞിട്ടാണ്. അവനെനിക്കൊരു സഹോദരനാണ്. അനിക്കൊപ്പമുള്ള അടുത്ത പ്രോജക്ടിനായി ഞാൻ കാത്തിരിക്കുകയാണ്. തമിഴ്, മലയാളം എന്നൊന്നും നോക്കില്ല, അനിയുടെ പടം എന്ന ചിന്തയേ ഉള്ളൂ. ഏത് ഭാഷയിലായാലും ചെയ്യും.
വർഷങ്ങൾക്ക് മുൻപ് എടുത്ത ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം
എന്റെ ഹൃദയം പറയുന്നത് പോലെയാണ് ഞാൻ എപ്പോഴും ചെയ്യുന്നത്. ജീവിതത്തിൽ എടുത്ത നല്ല തീരുമാനമാണിത്. ഒരു സിനിമയുടെ വിജയവും പരാജയവും എന്റെ കെെകളിലല്ല. പടം ചെയ്യുക എന്ന പ്രോസസാണ് ഞാൻ ആസ്വദിക്കുന്നത്. എനിക്ക് ഇഷ്ടപ്പെട്ട ടീമിനോടൊപ്പം വർക്ക് ചെയ്യുക എന്നത് എന്റെ ചോയ്സ് ആണ്. വർക്ക് ആസ്വദിക്കാനായാൽ പിന്നെ പരാജയമില്ല. പടം പരാജയപ്പെട്ടാൽ കൂടി പ്രശ്നമില്ല.

ഒരിക്കൽ ഞാൻ തെരുക്കൂത്ത് ചെയ്തു. അതെനിക്ക് വളരെ ഇഷ്ടമായി. അഭിനയം എന്ന കല എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഇത് ചെയ്തുനോക്കാം എന്നെനിക്ക് തോന്നി. ഞാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു. ഇപ്പോഴാണ് ശരിയായത്. അഭിനയം കരിയറാക്കാം എന്ന് കരുതിയതാണ് ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനം.
തിയേറ്ററിൽ മാത്രമേ ചെയ്യൂ എന്ന് കരുതിയിരുന്നെങ്കിൽ ആ അവസരം നഷ്ടമായേനെ
ഒ.ടി.ടി. എന്നത് ഇന്ന് വലിയൊരു സംഭവമാണ്. എല്ലാവരും വീട്ടിലിരുന്ന് കുടുംബത്തോടൊപ്പം ചുരുങ്ങിയ ചെലവിൽ സിനിമകൾ കാണുന്നു. പക്ഷേ, തടസ്സങ്ങളും ബഹളവും ഒന്നുമില്ലാതെ പടം കാണുന്ന ഫീൽ തിയേറ്ററുകളിൽ നിന്നാണ് കിട്ടുന്നത്. കൂട്ടത്തോടെ ഇരുന്ന് കാണുന്നത് വല്ലാത്തൊരു അനുഭവമാണ്.

ഒ.ടി.ടിയും തിയേറ്ററും രണ്ട് കണ്ണുകൾ പോലെയാണ്. ഒന്ന് മറ്റൊന്നിനെക്കാളും വലുതോ ചെറുതോ അല്ല. കഥയ്ക്ക് എന്താണ് വേണ്ടതെന്നാണ് ഞാൻ നോക്കാറുള്ളത്. 'മോഡേൺ ലൗ ചെന്നെെ' പോലുള്ള സീരീസ് തിയേറ്ററുകൾക്ക് വേണ്ടി ചെയ്യുന്നത് ബുദ്ധിമുട്ടാണ്. അത് ഒ.ടി.ടിക്കാണ് യോജിച്ചത്. ബാലാജി ശക്തിവേൽ, ത്യാഗരാജൻ കുമാരരാജൻ തുടങ്ങിയവർക്കൊപ്പം വർക്ക് ചെയ്യാനായി, നല്ല തിരക്കഥയുടെ ഭാഗമായി. തിയേറ്ററിൽ മാത്രമേ ചെയ്യൂ എന്ന് കരുതിയിരുന്നെങ്കിൽ എനിക്ക് ആ അവസരം നഷ്ടമായേനെ. ഒ.ടി.ടിയും തിയേറ്ററും നമുക്ക് പ്രധാനപ്പെട്ടതാണ്. രണ്ടും എനിക്ക് ഇഷ്ടമാണ്.
പ്രണയനായകൻ, സിനിമയിലെ പാട്ടുകൾ
ഒരുപാട് റൊമാന്റിക് ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. പ്രണയമാണ് എല്ലാം. പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിക്കൊണ്ടിരിക്കും. അഞ്ച് വർഷം മുൻപ് പ്രണയത്തെക്കുറിച്ച് ചോദിച്ചാൽ പറയുന്നതല്ല ഇന്ന് പറയുന്നത്. ഇന്നെനിക്ക് പ്രണയം എന്നാൽ അംഗീകരിക്കലാണ്. എതിരെ നിൽക്കുന്നയാൾ എങ്ങനെയുള്ള ആളാണെങ്കിലും അത് അംഗീകരിക്കുന്നതും ഒരു പ്രണയമാണ്. എതിരെ നിൽക്കുന്നയാളിന്റെ പ്രായമോ ജാതിയോ മതമോ ഒന്നും നോക്കാതെ അവരെ അവരായിത്തന്നെ അംഗീകരിക്കാൻ നമുക്ക് സാധിക്കണം.

സംവിധായകനുമായും സംഗീത സംവിധായകനുമായും പാട്ടുകളെക്കുറിച്ച ഞാൻ സംസാരിക്കാറുണ്ട്. എന്റെ അഭിപ്രായം അറിയിക്കാറുണ്ട്.
തിരക്കഥയാണ് പ്രധാനം. സിനിമയിൽ പാട്ടുകൾ വേണമെന്ന് നിർബന്ധമില്ല. തിരക്കഥയിൽ പാട്ടുകൾ അനിവാര്യമാണെങ്കിൽ ഉൾപ്പെടുത്തണം, അല്ലെങ്കിൽ പാട്ടുകൾ വേണ്ട.
ഹൊറർ ഇഷ്ടമല്ല, പെല്ലിശ്ശേരിക്കൊപ്പം സിനിമ ചെയ്യണം
ചരിത്ര സിനിമകൾ ചെയ്യാൻ ഒരുപാട് ആഗ്രഹമുണ്ട്. ഒരു യോദ്ധാവിന്റെ വേഷം ചെയ്യണം, '300' ഒക്കെ പോലെയുള്ള ചിത്രം. മുഴുനീള ആക്ഷൻ ഒക്കെയുള്ള ചിത്രത്തിന്റെ ഭാഗമാകണം. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം സിനിമ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. വിനീത്, വെട്രിമാരൻ, ലോകേഷ്, അനുരാഗ് കശ്യപ് എന്നിവർക്കൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

എന്റെ മൂത്ത സഹോദരി അഭിനയയാണ് എന്റെ ഏറ്റവും വലിയ പിന്തുണ. പുതിയ ആളുകൾക്ക് സിനിമയ്ക്കായി എന്റെയടുത്ത് എത്താൻ വളരെ എളുപ്പമാണ്. പുതിയ ആൾക്കാർക്കൊപ്പമാണ് ഞാൻ ഇപ്പോൾ ചിത്രങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്.
എല്ലാത്തരം സിനിമകളും ഞാൻ സ്വീകരിക്കാറുണ്ട്, ഹൊറർ ഒഴികെ. ഹൊറർ ചിത്രങ്ങൾ എനിക്ക് ഇഷ്ടമല്ല. ഒരേസമയം രണ്ടിൽ കൂടുതൽ പടത്തിൽ അഭിനയിച്ചിട്ടുണ്ട്. അതിനാണല്ലോ പെെസ വാങ്ങുന്നത്. ഇത് മാനേജ് ചെയ്യാൻ ഞാൻ പഠിച്ചു. ബ്ലൂസ്റ്റാർ, സഭാ നായകൻ എന്നീ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.
Content Highlights: por thozhil oh my kadavule actor ashok selvan tamil actor interview
Published: 17 Jun 2023, 02:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented