
കെ.ജി.എഫിനുശേഷം പ്രശാന്ത് നീലും-ഹോംബാലെ ഫിലിംസും ഒന്നിക്കുന്ന സലാർ പ്രദർശനത്തിനെത്തി. പ്രഭാസും പൃഥ്വിരാജും പ്രധാനതാരങ്ങളായെത്തിയ ചിത്രത്തിൽ, സൂര്യാംഗം ചിറക് തുന്നി എന്ന മലയാളഗാനം രചിച്ചിരിക്കുന്നത് രാജീവ് ഗോവിന്ദനും ആലപിച്ചിരിക്കുന്നത് ഇന്ദുലേഖ വാര്യരുമാണ്. രവി ബസ്രൂരാണ് സംഗീതസംവിധായകൻ. അഞ്ച് ഭാഷകളിലായിറങ്ങിയ ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇന്ദുലേഖ വാര്യർ.
‘‘2014-ലാണ് സിനിമാപിന്നണിഗാനരംഗത്തെത്തുന്നത്. എങ്കിലും എന്നെ തിരിച്ചറിഞ്ഞുതുടങ്ങിയത് 2020-ൽ ഞാൻ വരികളെഴുതി പാടിയ പെൺ-റാപ്പിലൂടെയാണ്. അതിനുശേഷമാണ് ഗായികയാണ്, റാപ്പറാണ് എന്നൊക്കെയുള്ള രീതിയിൽ ആളുകൾ അംഗീകരിച്ചുതുടങ്ങിയത്. പക്ഷേ, പിന്നണിഗാനരംഗത്ത് എനിക്ക് കിട്ടിയ വലിയ ബ്രേക്ക് സലാറിലെ ഈ പാട്ടായിരുന്നു. അതുകേട്ട് ഒരുപാട് പേര് വിളിച്ചു, അഭിനന്ദിച്ചു. ഇൻസ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലുമൊക്കെ മെസേജയച്ചു. അവരിലധികവും തെലുഗു-കന്നഡ സിനിമാപ്രേക്ഷകരാണ്.

ഗാനരചയിതാവ് രാജീവ് അങ്കിളിനെ ആദ്യമേ തന്നെ അറിയാമായിരുന്നു. അദ്ദേഹമാണ് എന്നെ ഈ പാട്ടിലേക്ക് വിളിക്കുന്നത്. നല്ല അക്ഷരസ്ഫുടതയുള്ള ആള് വേണം ഈ പാട്ട് പാടാനെന്നായിരുന്നു അങ്കിളിന്റെ ആഗ്രഹം. ട്രാക്ക് പാടാനാണെന്ന് ആദ്യമേ തന്നെ പറഞ്ഞിരുന്നു. കെ.ജി.എഫിന്റെ ടീമൊരുക്കുന്ന ചിത്രമെന്ന് കേട്ടപ്പോൾത്തന്നെ ആവേശമായി. കർണാടകയിലെ ബസ്രൂർ സ്റ്റുഡിയോയിൽ വെച്ചായിരുന്നു റെക്കോഡിങ്. മൂന്ന് പാട്ടുകളാണ് ട്രാക്ക് പാടിയത്. സംവിധായകനും സംഗീതസംവിധായകനും ഈ പാട്ട് കേട്ടപ്പോൾ ഇഷ്ടപ്പെട്ടു. അങ്ങനെ അതുതന്നെ സിനിമയിലും ഉപയോഗിക്കുകയായിരുന്നു,''- ഇന്ദുലേഖയുടെ. അതിലൊന്നാണിത്. അതിഷ്ടപ്പെട്ട സംവിധായകനും സംഗീതസംവിധായകനും അതുതന്നെ സിനിമയിലും ഉപയോഗിക്കുകയായിരുന്നു.’’ -ഇന്ദുലേഖയുടെ വാക്കുകളിൽ അഭിമാനം നിറയുന്നു. കാരിക്കേച്ചർ-ഹാസ്യരംഗത്തെ പ്രഗല്‌ഭനായ ജയരാജ് വാര്യരുടെയും ഉഷയുടെയും മകളാണ് ഇന്ദുലേഖ. ഭർത്താവ് ആനന്ദ് കൊച്ചി നേവൽ ബേസിൽ ഡെപ്യൂട്ടി ഫിനാൻഷ്യൽ അഡ്വൈസറാണ്. മകൻ രണ്ടുവയസ്സുകാരൻ സാരംഗ്.
‘‘ഞാനാദ്യം പാടിയപ്പോൾ കുറച്ച് സംഗതിയൊക്കെയുണ്ടായിരുന്നു. അത് പരമാവധി കുറച്ച്, ഏറ്റവും ലളിതമായി പാടാനാണ് രവി ബസ്രൂർ സാർ പറഞ്ഞിരുന്നത്. എല്ലാവർക്കും ഏറ്റുപാടാൻ പറ്റുന്ന പാട്ടായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. ഓരോ ഭാഷകളിലെയും പാട്ടുകൾക്കായി വ്യത്യസ്തമായ ടോൺ ഉള്ള ഗായകരെയാണ് സാർ തിരഞ്ഞെടുത്തത് . അത് ഓരോ നാടിന്റെയും സാംസ്കാരികമായ വ്യത്യാസങ്ങളനുസരിച്ചിട്ടായിരിക്കുമെന്ന് എനിക്ക് തോന്നുന്നു.’’ -പാട്ടിനെക്കുറിച്ച് ഇന്ദുലേഖ വിശദീകരിച്ചു.
സൗഹൃദത്തിന്റെ കഥപറയുന്ന ചിത്രമാണ് സലാർ. ഇടയ്‌ക്കെപ്പോഴോ ആ സുഹൃത്തുക്കൾ ശത്രുക്കളായി മാറുന്നുമുണ്ട്. സിനിമയിൽ പ്രഭാസും പൃഥ്വിരാജുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രുതിഹാസൻ, ജഗപതി ബാബു എന്നിവരാണ് മറ്റ് താരങ്ങൾ. രണ്ടുഭാഗങ്ങളായി ഇറങ്ങുന്ന സിനിമയുടെ ആദ്യഭാഗമായ സലാർ: പാർട്ട് വൺ-സീസ് ഫയറാണ് ഇപ്പോൾ റിലീസായത്. സലാർ കേരളത്തിലെ തിയേറ്ററുകളിലെത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്.
Content Highlights: playback singer indulekha warrier interview salaar movie
Published: 24 Dec 2023, 09:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented