മലയാളത്തിന്റെ കഥാഗന്ധര്‍വന്‍ പദ്മരാജന്റെ 79-ാം ജന്മവാര്‍ഷികം.
രാധാലക്ഷ്മി പദ്മരാജന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പദ്മരാജന്‍ എന്റെ ഗന്ധര്‍വന്‍ എന്ന പുസ്തകത്തില്‍ നിന്നും...
ഇതിനിടയില്‍ വീണ്ടും എനിക്കുള്ള കത്തുകള്‍ കണ്ടുപിടിക്കപ്പെട്ടു. അച്ഛന്‍ വീണ്ടും പത്മരാജന് എഴുതി- 'ഈ ബന്ധം അവസാനിപ്പിക്കണം.'
വിവരമറിഞ്ഞപ്പോള്‍ ഞാന്‍ പൊട്ടിത്തെറിച്ചു. ഭ്രാന്തിന്റെ വക്കിലെത്തി, സമനിലതെറ്റി നില്ക്കുന്ന സമയമായിരുന്നു അത്. അന്നത്തെ അവസ്ഥയില്‍, വീട്ടില്‍നിന്നിറങ്ങിപ്പോകും എന്നുവരെ ഞാന്‍ അച്ഛനമ്മമാരെ ഭീഷണിപ്പെടുത്തി.
പിന്നീട് എനിക്കുള്ള പത്മരാജന്റെ കത്തുകള്‍ മോഹന്‍ മേനോന്റെ (മോനു) വിലാസത്തില്‍ വന്നുതുടങ്ങി. എന്റെ അന്നത്തെ മനോഭാവം അച്ഛനമ്മമാരെ എന്തുമാത്രം വേദനിപ്പിച്ചിരിക്കും എന്ന്, ഇന്ന് ഒരമ്മയായ എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ഏതായാലും അമ്മയ്ക്ക് എന്റെ മാനസികാവസ്ഥ നല്ലതുപോലെ ബോധ്യപ്പെട്ടിട്ടാവണം ഒരു ദിവസം എന്നോടു പറഞ്ഞു: 'ഇനിയും ഒരു വര്‍ഷത്തിനും ആറുമാസത്തിനും തങ്കത്തിന്റെ ജാതകത്തില്‍ വലിയ ഗ്രഹപ്പിഴയാണ്. അത് കഴിഞ്ഞിട്ട് നമുക്ക് എല്ലാം ശരിപ്പെടുത്താം.'
ഉണ്ണിയേട്ടന്റെ വിവാഹക്കാര്യം ഏകദേശം ശരിപ്പെട്ടുവന്ന സമയം, ഉണ്ണിയേട്ടന്‍ അച്ഛന് അയച്ച ഒരു കത്തില്‍ എഴുതി-'അച്ഛന്‍ തങ്കിയുടെ കാര്യമോര്‍ത്ത് വിഷമിക്കേണ്ട. അവള്‍ക്ക് അതാണ് ഇഷ്ടമെങ്കില്‍ പിന്നെ നമ്മള്‍ എതിര്‍ക്കാന്‍ നില്‍ക്കേണ്ട. നാം പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞു. അവളുടെ തലയിലെഴുത്ത് അതാണെങ്കില്‍ അതു നമുക്കു തടുക്കാന്‍ പറ്റില്ലല്ലോ.'
ക്രമേണ വീട്ടിലെ അന്തരീക്ഷം തണുക്കാന്‍ തുടങ്ങി. അമ്മാവനൊഴിച്ചുള്ളവരെല്ലാം ഈ ബന്ധത്തില്‍ വലിയ എതിര്‍പ്പ് പ്രകടിപ്പിക്കാതെയായി. അമ്മയ്ക്ക് ഒരു ഡിമാന്‍ഡേ ഉണ്ടായിരുന്നുള്ളൂ- 'പത്മരാജന്‍ വന്ന് ചോദിക്കണം.'
അറുപത്തിയേഴ് ജൂണ്‍ പതിനഞ്ചിന് പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് പത്മരാജന്റെ 'ചൂണ്ടല്‍' എന്ന കഥ വരുന്നത്. അദ്ദേഹത്തിന്റെ അച്ചടിച്ചുവരുന്ന രണ്ടാമത്തെ കഥയായിരുന്നു അത്. ആ കഥയോടെ സാഹിത്യരംഗത്ത് പത്മരാജന്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി.
ആകാശവാണിയിലും വല്ലപ്പോഴുമൊക്കെ കഥ പ്രക്ഷേപണം ചെയ്തുതുടങ്ങി. 'സാഹിത്യരംഗം' പരിപാടി അന്ന് കൈകാര്യം ചെയ്തിരുന്നത് നാഗവള്ളി ആര്‍.എസ്. കുറുപ്പാണ്.
നാഗവള്ളി, പ്രക്ഷേപണത്തിനായി പത്മരാജനോട് ഒരു കഥ ആവശ്യപ്പെട്ടു. എന്തെങ്കിലുമൊക്കെ എഴുതിയാല്‍ റേഡിയോവില്‍ അവതരിപ്പിക്കാന്‍ കുറച്ചു പരിചയം കിട്ടുമല്ലോ എന്നു കരുതി പത്മരാജന്‍ അന്നൊരു കഥ എഴുതിക്കൊടുത്തു-'പാര്‍വതിക്കുട്ടി'. നേരത്തേ തൃശ്ശൂര്‍വെച്ച് ഞാനദ്ദേഹത്തോടു പറഞ്ഞുകൊടുത്ത ഒരു സംഭവമായിരുന്നു കഥാതന്തു. വരുംവരായ്കയെക്കുറിച്ച് കൂടുതലൊന്നും ചിന്തിക്കാതെയാണ് അദ്ദേഹം അങ്ങനെ ചെയ്തത്.
ആ കഥയിലെ ജീവിക്കുന്ന കഥാപാത്രങ്ങള്‍ എനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരായിരുന്നു. സംഭവങ്ങളെല്ലാം സാങ്കല്പികങ്ങളായിരുന്നെങ്കിലും കഥയുടെ ചുറ്റുപാടും അന്തരീക്ഷവും തികച്ചും യാഥാര്‍ഥ്യമായിരുന്നു. ഒന്നാംക്ലാസുമുതല്‍ ഡിഗ്രി എടുക്കുന്നതുവരെ എന്നോടൊത്ത് പഠിക്കുകയും 'ഇരുമെയ്യാണെങ്കിലും ഞങ്ങളൊറ്റക്കരളല്ലേ' എന്ന രീതിയില്‍ ജീവിച്ചുപോരുകയും ചെയ്തിരുന്ന എനിക്കും എന്റെ കൂട്ടുകാരിക്കും ഇടയില്‍ 'പാര്‍വതിക്കുട്ടി' ആഴം കൂടിയ ഒരു വിടവുണ്ടാക്കി.
റേഡിയോവില്‍ വന്നപ്പോള്‍ ആ കഥ നാട്ടില്‍ അധികമാരും ശ്രദ്ധിക്കുകയുണ്ടായില്ല. പക്ഷേ, അത് കൗമുദിയില്‍ വന്നതോടെ ആകെ കുഴപ്പമായി. 'തങ്കക്കുട്ടി ഒരു കഥയെഴുതിയിരിക്കുന്നു' എന്നായിരുന്നു നാട്ടില്‍ ആദ്യം പരന്നത്. താമസിയാതെ പത്മരാജനും 'പാര്‍വതിക്കുട്ടിയും' നാട്ടിലാകെ പാട്ടായി. വായനാശീലമില്ലാത്തവര്‍പോലും, എന്താണെഴുതിയിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷകൊണ്ട്, ലൈബ്രറിയില്‍ച്ചെന്ന് കൗമുദി വായിച്ചു. കഥ വായിച്ച് എന്റെ അമ്മാവന്‍ തുള്ളിയുറഞ്ഞു. അമ്മാവനുമായി ഏറ്റവും അടുത്ത ബന്ധമുണ്ടായിരുന്ന കഥാപാത്രങ്ങളായിരുന്നു കഥയില്‍. പലരുടെയും പേരുകള്‍പോലും മാറ്റാതെയാണ് പത്മരാജന്‍ ആ കഥ എഴുതിയിരിക്കുന്നത്. നാട്ടുകാരെ മുഴുവന്‍ എന്റെ ശത്രുക്കളാക്കിമാറ്റാന്‍ ആ കഥയ്ക്കു കഴിഞ്ഞു.
എന്റെ മറ്റു കൂട്ടുകാരും ഞാന്‍ ചെയ്തത് വലിയ തെറ്റായിപ്പോയി എന്നു പറഞ്ഞ് ശാസിച്ചു. റേഡിയോവിലും കൗമുദിയിലും വന്നതുകൂടാതെ മലയാളരാജ്യത്തിലും ആ കഥ അച്ചടിച്ചുവന്നു. ആരെയും അപമാനിക്കാനോ കൊച്ചാക്കാനോ ആയി മനഃപൂര്‍വം ചെയ്തതായിരുന്നില്ല അത്.
ആ കഥ നാട്ടിലും വീട്ടിലും ഉണ്ടാക്കിയ കോളിളക്കത്തെക്കുറിച്ച് ഞാന്‍ പത്മരാജന് എഴുതിയപ്പോള്‍ അദ്ദേഹം എന്നെ അറിയിച്ചു, 'ആകാശവാണിയില്‍ കഥ പ്രക്ഷേപണം ചെയ്തു കേട്ടവരില്‍ മലയാളരാജ്യത്തിന്റെ പത്രാധിപരായ കടവൂര്‍ ചന്ദ്രന്‍പിള്ളയും ഉണ്ടായിരുന്നു. അദ്ദേഹത്തിനാക്കഥ വളരെ ഇഷ്ടപ്പെട്ടത് നമ്മുടെ നിര്‍ഭാഗ്യം. ആ കഥ കൗമുദിയില്‍ പ്രസിദ്ധീകരിച്ച വിവരം അറിയാതെ, ഇവിടെ വന്ന സമയത്ത് നാഗവള്ളിയുടെ ഫയലില്‍നിന്ന് എടുത്തുകൊണ്ടുപോയി. കഴിഞ്ഞ പ്രാവശ്യം ഞാന്‍ വീട്ടില്‍ പോയിരുന്ന അവസരത്തിലായിരുന്നു അത്. അതുകൊണ്ട് എന്നോടു പറയാനും കഴിഞ്ഞില്ല. ഒടുവില്‍ 'അടുത്ത ലക്കത്തില്‍ പാര്‍വതിക്കുട്ടി ഉണ്ട്' എന്നു പറഞ്ഞുകൊണ്ടുള്ള കത്തു കിട്ടുമ്പോഴാണ്, ഞാന്‍ വിവരം അറിയുന്നതുതന്നെ. ചോദിക്കാതെ കഥ കൊണ്ടുപോയതിലും പ്രസിദ്ധപ്പെടുത്താന്‍ തീരുമാനിച്ചതിലും പരാതി പറഞ്ഞുകൊണ്ട് ഞാന്‍ കത്തയച്ചു. കൂട്ടത്തില്‍, ഒരു കാരണവശാലും ആ കഥ പ്രസിദ്ധീകരിക്കരുത്, ചില വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇങ്ങനെ എഴുതുന്നത് എന്നും പറഞ്ഞ് കത്തയച്ചെങ്കിലും: 'സുഹൃത്തേ, കത്ത് അല്പം വൈകിപ്പോയി. നാളെ പ്രസിദ്ധീകരിക്കുന്ന വാരികയില്‍ കഥ ചേര്‍ത്തുപോയി. കത്തു കിട്ടിയപ്പോഴേക്കും അച്ചടിച്ചു കഴിഞ്ഞിരുന്നു' എന്ന് പത്രാധിപരുടെ കത്തും വന്നു.'
മലയാളരാജ്യം, ചിറ്റൂര് പരക്കേ വായിക്കപ്പെട്ടിരുന്ന ഒരു വാരികയായിരുന്നു. ഈ സംഭവത്തോടെ, വളരെ അടുപ്പത്തില്‍ കഴിഞ്ഞിരുന്ന ആ കുടുംബക്കാര്‍ എന്റെ വീട്ടില്‍ വരാതെയായി. എന്റെ മനസ്സ് കുറ്റബോധംകൊണ്ടു നിറഞ്ഞു. ഒരു കഥയുടെ പേരില്‍ എനിക്കു നഷ്ടപ്പെട്ടത് പത്തിരുപതു കൊല്ലമായി ഉണ്ടായിരുന്ന എന്റെ ആത്മസഖിയെയായിരുന്നു. പിന്നീട് ഇരുപത്തിനാലു വര്‍ഷങ്ങള്‍ ഞങ്ങള്‍ തമ്മില്‍ കാണുകപോലും ഉണ്ടായില്ല. കഥ വന്നതിന്റെ അടുത്ത ദിവസങ്ങളിലെന്നോ എന്റെ കൂട്ടുകാരിയുടെ അച്ഛന്‍ എന്റെ അച്ഛനെ ബസ്സില്‍വെച്ചു കാണാനിടയായി. അവര്‍ രണ്ടുപേരും കൊച്ചുനാള്‍മുതലേ വളരെ അടുത്ത കൂട്ടുകാരായിരുന്നു. 'തന്റെ മോള് എന്റെ മോളേക്കുറിച്ച് എന്തോ ലേഖനമോ മറ്റോ എഴുതി എന്നു കേട്ടല്ലോ'- കൂട്ടുകാരിയുടെ അച്ഛന്‍ എന്റെ അച്ഛനോടു ചോദിച്ചു. അച്ഛന്‍ കഥയുടെ കാര്യം ഒന്നും അറിഞ്ഞിരുന്നില്ല. അതുകൊണ്ട്, ഞാനൊന്നും അറിഞ്ഞില്ലല്ലോ എന്ന് മറുപടിയും പറഞ്ഞു.
വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അച്ഛന്‍ എന്നോട് ഇക്കാര്യം ചോദിച്ചു, 'ഞാനൊന്നും എഴുതിയിട്ടില്ല,' സത്യസന്ധമായി ഞാന്‍ മറുപടിയും പറഞ്ഞു. ഞാന്‍ കള്ളപ്പേരില്‍ എഴുതിയ കഥയായിരുന്നു അത് എന്നാണ് നാട്ടില്‍ പലരും ധരിച്ചുവെച്ചിരുന്നത്.
അടുത്ത കത്തില്‍ പത്മരാജന്‍ എഴുതി:
'ആ പെണ്‍കുട്ടിയെ ഉപദ്രവിച്ചതില്‍, സത്യം പറഞ്ഞാല്‍, ഏറ്റവുമധികം മനസ്താപം അനുഭവിക്കുന്ന വ്യക്തി ഞാനാണ്. ഒന്നും വേണ്ടിയിരുന്നില്ല. പക്ഷേ, ഇനിയിപ്പോള്‍ എന്തു ചെയ്യാന്‍? ആരെയും ഉപദ്രവിക്കാതെ കഴിയുക എന്നത് എന്റെ ജീവിതത്തിന്റെതന്നെ ഒരു പ്രിന്‍സിപ്പല്‍ ആണ്. പക്ഷേ, പാര്‍വതിക്കുട്ടിയെ, അറിയാതെയാണെങ്കിലും, വേദനിപ്പിച്ചുകളഞ്ഞു. ഞാന്‍ മാപ്പു ചോദിച്ചതായി ആ കുട്ടിയോട് തങ്കം പറയുമോ?'
എന്തുകൊണ്ടോ അപ്പോള്‍ അങ്ങനെയൊരു സാഹസത്തിനു മുതിരുവാന്‍ എന്റെ ഈഗോ എന്നെ അനുവദിച്ചില്ല. പക്ഷേ, അദ്ദേഹം ഞങ്ങളെ വിട്ടുപിരിയുന്നതിനു തൊട്ടുമുന്‍പുള്ള ഡിസംബര്‍ മാസത്തില്‍ നാട്ടില്‍ പോയപ്പോള്‍ ആരോടും പറയാതെ ഞാന്‍ എന്റെ കൂട്ടുകാരിയുടെ വീട്ടില്‍ പോയി. അവള്‍ ഭര്‍ത്താവും കുട്ടികളും ഒക്കെയായി ദൂരെയുള്ള നഗരത്തിലാണ് സ്ഥിരതാമസം. അവളുടെ ചേച്ചിയെക്കണ്ട് മാപ്പ് പറയാനാണ് ഞാന്‍ പോയത്. നടക്കാന്‍ വയ്യാതെ കട്ടിലില്‍ ഇരിക്കുകയായിരുന്ന ചേച്ചിയോടു മാപ്പു പറഞ്ഞപ്പോള്‍, ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. 'അതൊക്കെ അവള്‍ എന്നേ മറന്നുകഴിഞ്ഞു,' എന്നെ സമാധാനിപ്പിക്കാനായി അവര്‍ പറഞ്ഞു.
പിന്നെ, ഓര്‍ക്കാപ്പുറത്ത് എന്റെ മേല്‍ വന്നുപതിച്ച ശാപത്തിന്റെ കുരുക്കില്‍ കിടന്നു ഞാന്‍ പിടയുമ്പോള്‍, ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്നിന്റെ അവസാനമാസങ്ങളിലെന്നോ ഒരു പ്രഭാതത്തില്‍, വളരെ നീണ്ട ഇടവേളയ്ക്കു ശേഷം എന്റെ സഖി എന്നെത്തേടി വന്നു. തനിച്ചല്ല, അവളുടെ ഭര്‍ത്താവിന്റെയും മോളുടെയും ഒപ്പം.
കെട്ടിപ്പിടിച്ചു തേങ്ങിക്കരയുമ്പോള്‍, എന്റെ പുറത്ത് മൃദുലമായി തട്ടി സമാധാനിപ്പിച്ചുകൊണ്ടിരുന്ന അവളുടെ സ്നേഹത്തിന്റെ തീവ്രത ഞാനറിഞ്ഞു.
ഒരു ദിവസം മുഴുവന്‍ ഞങ്ങളൊരുമിച്ചുണ്ടായിരുന്നു. പക്ഷേ, പാവം എന്റെ പഴയ പാര്‍വതിക്കുട്ടി അല്ലായിരുന്നു അവള്‍. ആത്മീയത്തില്‍ വേരുറച്ച മനസ്സുമായി, എന്റെ കൂട്ടുകാരി അതീന്ദ്രിയധ്യാനത്തെക്കുറിച്ചും കുണ്ഡലിനിയെക്കുറിച്ചും മറ്റും മറ്റും ഇംഗ്ലീഷില്‍ പ്രസംഗിച്ചുകൊണ്ടേയിരുന്നു. എന്റെ പത്മരാജന്‍ ഈ മുഹൂര്‍ത്തത്തിനു സാക്ഷ്യംവഹിക്കാനുണ്ടായിരുന്നെങ്കില്‍- എന്ന് ഞാനാശിച്ചുപോയ നിമിഷം.
(പുന:പ്രസിദ്ധീകരണം)
Content Highlights: padmarajan birth anniversary, wife radhalakshmi padmarajan, love story
Published: 23 May 2024, 11:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented