താൻ മാൻനൃത്തം ചെയ്യാറുണ്ട് എന്ന് ലാൽ പറഞ്ഞു. ഉയരും ഞാൻ നാടാകെ എന്ന ചിത്രത്തിൽ മോഹൻലാൽ ആടിയ മാൻനൃത്തം കണ്ട് നരൂസെ അദ്‌ഭുതത്തോടെ ആർത്തുവിളിച്ചു.

ലോകത്തെത്തന്നെ അപൂർവമായ നൃത്തരൂപമാണ് ജപ്പാനിലെ ആങ്കോകു-ഭൂതോ. ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രശസ്തനായ ആങ്കോകു-ഭൂതോ നർത്തകരിലൊരാളും ഷാമൻ മാസ്റ്ററുമാണ് നോബുഹികോ നരൂസെ. അദ്ദേഹം കഴിഞ്ഞദിവസം അധികമാരുമറിയാതെ തൊടുപുഴയിൽ പരിസ്ഥിതി-ആത്മീയ കൂട്ടായ്മയായ ഋതംഭരയുടെ കേന്ദ്രത്തിൽ വന്നു. അവിടെവെച്ച് അദ്ദേഹം നടൻ മോഹൻലാലിനെക്കണ്ടു. ലാലിനുവേണ്ടി നരൂസെ നൃത്തമാടി. അപ്പോൾ നടനവും നൃത്തവും മുഖാമുഖംനിന്നു...
ജപ്പാനിൽനിന്ന് ഭാരതത്തിലെത്തിയ ഷാമൻ മാസ്റ്ററും ആങ്കോകു-ഭൂതോ നർത്തകനുമായ നോബുഹികോ നരൂസെ ഇന്ത്യയെ സൈക്കോ എന്നാണ് വിളിച്ചത്. സൈക്കോ എന്നാൽ, മഹത്തരം എന്നാണ് ജാപ്പനീസ് ഭാഷയിൽ അർഥം. സ്വർഗത്തിന്റെ നട്ടെല്ലായ ‘തെൻജിക്കു’ ആണ് ഭാരതം. ഇനി ഒരു ലോകയുദ്ധം തടയാൻകഴിയുന്ന ഒരേയൊരു രാഷ്ട്രമാണിത് എന്നുമദ്ദേഹം വിശ്വസിക്കുന്നു. ഒരു മാസം മുൻപാണ് നരൂസെയും അദ്ദേഹത്തിന്റെ ശിഷ്യനായ തത്സൂയ ഫുറകാവയും സുഹൃത്തായ ഡോ. പ്രഭാത് ഭാസ്‌കരന്റെ കൂടെ ഇന്ത്യയിലെത്തിയത്. നെയ്‌ചർ ട്രാൻസ് പെർഫോമൻസ് (NTP) എന്ന ആങ്കോകു-ഭൂതോ നടനവും ഷാമനിസവും കേരളത്തിന്റെ കളരിപ്പയറ്റും ചേർത്ത നാട്യപരിശീലന ശില്പശാല ഇന്ത്യയിൽ വിവിധയിടങ്ങളിൽ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇവർ വന്നത്. ഈ മൂവർസംഘം പുതുച്ചേരി കളരിഗ്രാമത്തിൽനിന്ന് ലക്ഷ്മണൻ ഗുരുക്കൾക്കും അദ്ദേഹത്തിന്റെ ഭാര്യ ഷിമി രമേശനുമൊപ്പം വാഗമൺ ആസ്ഥാനമായ ഋതംഭരയിൽ എത്തിച്ചേർന്നു.
ബുദ്ധനെപ്പോലെ പറന്നുനടക്കുന്നയാളാണ് നരൂസെ. ഉറക്കമുണർന്നാൽ രാത്രി വൈകുന്നതുവരെ നൃത്തംചെയ്തുകൊണ്ടിരിക്കുകയാണ് അയാൾ. ഈ ഭൂമിയിലെ ഏതൊരു സ്ഥലവും നൃത്തമാടാനുള്ള വേദിയാണ് എന്നാണ് നരൂസെ പറയുന്നത്. ഓരോ നിമിഷവും നൃത്തമാടിക്കൊണ്ടിരിക്കുന്ന നരൂസെയോട് നൃത്തം കാണികൾ വേണ്ടേ കാണാൻ എന്നു ഞാൻ ചോദിച്ചു.
‘‘കാണികൾ ഇല്ല എന്നാര് പറഞ്ഞു? ഈ പ്രകൃതിയും ജീവജാലങ്ങളും നാം കാണാത്ത സൂക്ഷ്മരൂപികളുമാണ് എന്റെ കാണികൾ’’ -ഷാമനിസത്തിന്റെ ഉൾക്കാഴ്ചയിൽനിന്നുകൊണ്ട് അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ വിസ്മയിച്ചുപോയി.
കേരളത്തിൽവന്ന് നരൂസെ മൂന്നുവാക്കുകളാണ് പഠിച്ചത്: ആദ്യത്തേത് ശരി; അതു കേട്ട് പഠിച്ചതാണ്. രണ്ടാമത്തേത് മതി; അത് ഇങ്ങോട്ടു വരുന്നതിന്റെമുൻപേ പ്രഭാതിന്റെ ഭാര്യ കാന പഠിപ്പിച്ചുവിട്ടതാണ്. ജപ്പാൻകാരിയായ കാന ഒരുപാടുനാൾ കേരളത്തിലുണ്ടായിട്ടുണ്ട്. നന്നായി മലയാളം സംസാരിക്കും. മലയാളികളുടെ സത്‌കാരപ്രിയം അറിയാവുന്ന കാന, ധാരാളം ഭക്ഷണം നരൂസെക്ക് മലയാളികൾ വിളമ്പിക്കൊടുക്കുമ്പോൾ മതി എന്ന് പറയാനാണ് ഈ വാക്ക് പഠിപ്പിച്ചത്. എന്നാൽ, ഇവിടെവന്നിട്ട് ഇതിനെന്താണ് പറയുക എന്ന് ചോദിച്ച് നരൂസെ പഠിച്ച ഒരേയൊരു വാക്കേയുള്ളൂ -സന്തോഷം. നരൂസെ അത് സദാ പറഞ്ഞുകൊണ്ടിരിക്കും. അദ്ദേഹമത് പറയുമ്പോഴും അദ്ദേഹത്തിന്റെകൂടെ ഇരിക്കുമ്പോഴും ചുറ്റുമുള്ളവർക്ക് ബുദ്ധസവിധത്തിലെന്നപോലുള്ള നിറവനുഭവപ്പെടും. സദാ ആനന്ദവാനായ ഒരു കുട്ടിയാണ് നരൂസെ. പരാതികളില്ലാതെ സദാസമയവും നന്ദിപറഞ്ഞ് ജീവിക്കുന്ന മനുഷ്യൻ. ഈ നിമിഷം എന്ന് ഇക്കാർട്ട് ടോളി പറയുമ്പോൾ നമ്മുക്കതൊരു തത്ത്വചിന്തയാണ്, എന്നാൽ, നരൂസെക്ക് അത് ഈ നിമിഷംതന്നെയാണ്.
തത്സൂമി ഹിജികാത്ത എന്ന ഭൂതോ ഗുരു ഒരിക്കൽ നരൂസെയോട് പറഞ്ഞു: ‘‘ഞാൻ ജീവിച്ചിരിക്കുമ്പോൾ ഞാനാണ് വലിയ നർത്തകൻ. അതിനുശേഷം നീയാണ്.’’ നരൂസെ ആ ഗുരുശാസന അക്ഷരംപ്രതി അനുസരിച്ചു. ഗുരു ജീവിച്ചിരിക്കുന്ന കാലം നരൂസെ നൃത്തംചെയ്തില്ല. ഗുരുവിന്റെ മരണശേഷം പതിമ്മൂന്ന് വർഷം അദ്ദേഹം അത് പാലിച്ചു. ഒരുനാൾ ഗുരുവിന്റെ സമാധിമണ്ഡപത്തിൽപ്പോയി പ്രാർഥിക്കുമ്പോൾ ആ ഗുരുവിന്റെ തേജസ്സ് തന്റെ വയറിലേക്ക് പ്രവേശിച്ചു എന്നാണ് നരൂസെ പറയുന്നത്. ഇതിൽപ്പിന്നെ അദ്ദേഹം നൃത്തമാടൽ നിർത്തിയിട്ടില്ല. ജപ്പാൻകാർക്ക് ഉദരമൊരു പവിത്രസ്ഥാനമാണ്. സാമുറായികൾ ഹരാകിരി ചെയ്യുന്നത് വയറിൽ വാളിറക്കിക്കൊണ്ടാണല്ലോ. താന്തിയൻ എന്നാണ് ജാപ്പനീസ് യോഗവിദ്യയിൽ ഈ സ്ഥാനത്തിന് പേര്. ‘‘എന്റെ താന്തിയനിൽ പ്രവേശിച്ചിരിക്കുന്ന ഗുരു ആണ് നൃത്തംചെയ്യുന്നത്. ഞാനത് ആഘോഷിക്കുകമാത്രമേ ചെയ്യുന്നുള്ളൂ’’ -നരൂസെ പറയുന്നു
കാസോ ഓനോ എന്ന സ്വന്തം ഗുരുവിന്റെ നൂറാം പിറന്നാളിനാണ് ജപ്പാനിൽവെച്ച് പ്രഭാത് ഭാസ്‌കരൻ ആദ്യമായി നരൂസെയെ കാണുന്നത്. ‘‘ഒറ്റ നോട്ടം. ഞങ്ങളിരുവർക്കും പരസ്പരം മനസ്സിലായി’’ എന്നാണ് പ്രഭാത് പറയുന്നത്. പിന്നീട് ഇരുവരും വർഷങ്ങൾ കണ്ടില്ല. പരസ്പരം ബന്ധപ്പെടാനും മാർഗമില്ലായിരുന്നു. കേരളത്തിലെ പ്രസിദ്ധനായ നാടകപ്രവർത്തകനായ പ്രഭാത് നൃത്തം പഠിക്കാനാണ് ജപ്പാനിൽ എത്തുന്നത്. ഒരുദിവസം ആകസ്മികമായി ഒരാൾ ഭൂതോയെക്കുറിച്ച് പലതും പറയുന്ന കൂട്ടത്തിൽ ഒരു ലെജൻഡിനെ പരിചയമുണ്ട്, എന്നുപറഞ്ഞ് നരൂസെയുടെ ചിത്രം കാണിച്ചുകൊടുത്തു. അങ്ങനെയാണ് വീണ്ടും ആ ബന്ധം പുനരാരംഭിക്കുന്നത്. പ്രഭാത് രണ്ടാമത് നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: ‘‘ഒരു ദിവസം നരൂസെ എന്നെ വീട്ടിലേക്ക് വിളിച്ചു, വനമധ്യത്തിൽ ജനപ്പാർപ്പില്ലാത്ത ഇടത്താണ് അദ്ദേഹം താമസിക്കുന്നത്. ഞാനവിടെ എത്തിച്ചേർന്നു. പക്ഷേ, അദ്ദേഹത്തെ അവിടെ കാണാൻ സാധിച്ചില്ല. അദ്ദേഹത്തിന്റെ ഭാര്യയാണ് എന്നെ സ്വീകരിച്ചത്, എന്നോട് വരാൻപറഞ്ഞ് ഇയാൾ എങ്ങോട്ടോ മുങ്ങിക്കളഞ്ഞു എന്നാണ് ഞാൻ കരുതിയത്. പെട്ടെന്ന് ഭാര്യ ഞാനിരിക്കുന്ന സ്വീകരണമുറിയിലെ കർട്ടൻ നീക്കി. നരൂസെ നൃത്തംചെയ്യാൻ എല്ലാ വേഷഭൂഷകളും അണിഞ്ഞ് ഒരുങ്ങിനിൽക്കുകയാണ്. ഒരൊറ്റ കാണിക്കായിമാത്രം ഒരു പെർഫോമൻസ്! ഒറ്റയ്ക്ക് അത് കാണുക എന്നു പറഞ്ഞാൽ അസാമാന്യമായ ധൈര്യംതന്നെ വേണം. അത്ര തീവ്രമായിരുന്നു ആ നൃത്തം.’’
വാഗമണിൽ നരൂസെ വരുന്നുണ്ട് എന്നു പറഞ്ഞപ്പോൾ നാലുമാസം മുൻപുതന്നെ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ അദ്ദേഹത്തെ കാണണം എന്ന് താത്‌പര്യം പ്രകടിപ്പിച്ചു. പക്ഷേ, അങ്ങനെ ഒരു കൂടിക്കാഴ്ച സംഭവിക്കുക എന്നത് യാതൊരു തീർച്ചയുമില്ലാത്ത കാര്യമാണ്. ഷൂട്ടിങ്ങുണ്ടാവാം, യാത്രകളുണ്ടാവാം. പക്ഷേ, അദ്ദേഹത്തിന്റെ തീവ്രമായ ആ ആഗ്രഹം കാരണം ഷൂട്ടിങ് ലൊക്കേഷൻ വാഗമണിനടുത്തുള്ള തൊടുപുഴയിൽ സംഭവിച്ചു. നരൂസെയെയും കൂട്ടരെയും കൂട്ടി തൊടുപുഴയിലെ ലൊക്കേഷനിൽ ചെല്ലാമെന്ന് മോഹൻലാലിനോട് ഞാൻ അറിയിച്ചു. ലോകത്തിന്റെ രണ്ടുഭാഗങ്ങളിലുള്ള മഹാന്മാരായ രണ്ടു പ്രതിഭകൾ കണ്ടുമുട്ടുന്നത് കാണാനുള്ള ആഗ്രഹമായിരുന്നു അതിനുപിന്നിൽ. പക്ഷേ, അദ്ദേഹം പറഞ്ഞു: ‘‘ഞാൻ അദ്ദേഹത്തെ കാണാൻ അങ്ങോട്ടുവരാം.’’
അങ്ങനെ പ്രകൃതി നിശ്ചയിച്ച ആ കൂടിക്കാഴ്ച ഋതംഭരയിൽവെച്ച് ലോകത്തിന്റെ ക്യാമറക്കണ്ണിനു പിടികൊടുക്കാതെ നടന്നു. മോഹൻലാലും ഭാര്യ സുചിത്രയും നരൂസെയെ കണ്ടു. അവർക്കുമുന്നിൽ അദ്ദേഹം ആടി, കരുണാവതിയായ അമ്മയെക്കുറിച്ച് മനംനിറഞ്ഞ് പാടി. മോഹൻലാൽ ഭൂതോയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും അറിവുകളും അവരുമായി പങ്കുവെച്ചു. നരൂസെ അദ്ദേഹത്തെ അദ്‌ഭുതത്തോടെ കേട്ടുനിന്നു. മാൻ നൃത്തം (deer dance) എന്ന നൃത്തസങ്കേതത്തെക്കുറിച്ച് അവരോട് സംസാരിച്ചു. ഷാമനുകൾ മൃഗത്തിൽനിന്നാണ് മനുഷ്യൻ എന്ന് പറയുന്ന തത്ത്വചിന്ത നരൂസെ അവർക്കുമുന്നിൽ ആടിക്കാണിച്ചു. താൻ മാൻനൃത്തം ചെയ്യാറുണ്ട് എന്ന് ലാൽ പറഞ്ഞു. ഉയരും ഞാൻ നാടാകെ എന്ന ചിത്രത്തിൽ മോഹൻലാൽ ആടിയ മാൻനൃത്തം കണ്ട് നരൂസെ അദ്‌ഭുതത്തോടെ ആർത്തുവിളിച്ചു. ജാപ്പനീസ് യോഗവിദ്യയിലെ താന്തിയൻ മോഹൻലാലിനെ പഠിപ്പിക്കാം എന്നുപറഞ്ഞു പരിശീലിപ്പിക്കാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ വയറിൽ തൊട്ടുകൊണ്ട് നരൂസെ ആർത്തുവിളിച്ചു: സൈക്കോ സൈക്കോ... സന്തോഷം, സന്തോഷം. മോഹൻലാലിന്റെ ഉള്ളിൽ വലിയ പ്രാണശക്തി കുടികൊള്ളുന്നു എന്ന് അദ്ദേഹം ഉറക്കെ പറഞ്ഞു. തന്റെ പ്രകടനത്തിൽ ഉടനീളം നരൂസെ ആവർത്തിച്ചു പറഞ്ഞു: ‘‘ഇന്ത്യ ഈസ് ഹിജികാത്ത.’’ ഇന്ത്യ എന്റെ ഗുരുവാണ്. എന്താണ് പരമയാഥാർഥ്യം എന്നു ചോദിച്ചാൽ നരൂസെ പറയും: ‘നാദബ്രഹ്മം!’
ഒരുമിച്ചൊരു ഫോട്ടോയെടുക്കാം എന്നു പറഞ്ഞപ്പോൾ, നരൂസെ ചെന്നു ലാലിനെ കെട്ടിപ്പിടിച്ചുനിന്നു. കെട്ടിപ്പിടിച്ചുനിൽക്കവേ ഒരു വന്മരത്തിനുമേൽ ഒരു കൊച്ചുകുട്ടി കയറുന്നപോലെ നരൂസെ ലാലിന്റെ മേലേക്ക് ഒറ്റച്ചാട്ടം. ഒരു വന്മരവും കൊച്ചുകുട്ടിയുംപോലെ അവരിരുവരും ഒരുമിച്ച് ആടി... അപ്പോൾ ജപ്പാനെ ഇന്ത്യ ആശ്ലേഷിച്ചു.
Content Highlights: A rare meeting between Indian actor Mohanlal and world-renowned Japanese Ankoku-Butoh dancer Nobuhiko Naruse. Naruse perceived a 'great life force' within Mohanlal during their interaction., An introduction to the philosophies of Ankoku-Butoh dance and Shamanism. Highlights Naruse's deep spiritual connection to India, which he calls 'the spine of heaven'. The meeting took place at the Rithambara eco-spiritual center in Kerala.
Published: 01 Mar 2026, 02:53 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented