'കളങ്കാവല്‍' എന്ന സിനിമ കഴിഞ്ഞാല്‍ എഴുന്നേല്‍ക്കരുത്. ക്രെഡിറ്റ് കാര്‍ഡുകള്‍ റണ്‍ചെയ്തു തുടങ്ങിയാല്‍ നാലോ അഞ്ചോ സെക്കന്‍ഡുനേരം അതീവശ്രദ്ധയോടെ നോക്കുക. സ്‌ക്രീനില്‍ മമ്മൂട്ടിയെന്ന പേരുതെളിയും. മൂന്നു പതിറ്റാണ്ടോളം മമ്മൂട്ടിയെന്ന നടന്‍ നേടിയ ചങ്കുറപ്പിന്റെ രേഖയാണിത്. സിനിമയില്‍ അപൂര്‍വമായി മാത്രം നടക്കുന്നത്.

To advertise here,

മമ്മൂട്ടിയുടെ പേരു തെളിയുന്നതു നടന്മാരുടെ പട്ടികയില്‍ രണ്ടാമതാണ്. ആദ്യം വരുന്നതു വിനായകന്റെ പേരാണ്. കാരണം, നായകന്‍ വിനായകനാണ്. മൂന്നര പതിറ്റാണ്ടോളമായി ഒന്നാമതുതന്നെയാണു ഈ പേരു വരുന്നതെന്നു വ്യക്തം. എത്രയോ തവണ ഈ പേര് തിയേറ്ററിനെ പ്രകമ്പനം കൊള്ളിച്ചിരിക്കുന്നു. ഇതിനെല്ലാം ശേഷം മമ്മൂട്ടിയുടെ പേരു വിനായകന്റെ പേരിനു പുറകെ വരുന്നതു രണ്ടാമനായതുകൊണ്ടല്ല. മറിച്ച് രണ്ടടി പുറകിലായാലും മുന്നിലാണെന്ന നെഞ്ചുറപ്പിലാണ്.

'കളങ്കാവല്‍' മമ്മൂട്ടിയുടെ സിനിമയാണ്. സിനിമ വളരുന്നതും വലുതാകുന്നതും കാണുന്നവരുടെ മനസ്സിലേക്ക് ഇരച്ചു കയറുന്നതും മമ്മൂട്ടിയിലൂടെയാണ്. അതിനര്‍ഥം വിനായകന്‍ മോശമായി എന്നല്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് നാലുപേരെ കൊന്ന ഒരു ക്രിമിനലിനോടു കോടതി വരാന്തയില്‍വച്ചു സംസാരിച്ചിട്ടുണ്ട്. അന്നു ആശങ്കയുടെ പേരില്‍ ചോദിച്ചു, നാലുപേരെ കൊന്നതുകൊണ്ട് എന്തുനേടി എന്ന്. അയാള്‍ പറഞ്ഞു, ആരോടും പകയില്ല. പകകൊണ്ടു ചെയ്തതുമല്ല. എന്നെത്തന്നെ സന്തോഷിപ്പിക്കാന്‍ ചെയ്തതാണെന്ന്. അന്ന് ആ മുഖത്തുണ്ടായിരുന്നതു വല്ലാത്തൊരു ചിരിയായിരുന്നു. അതേ ചിരിയാണു മമ്മൂട്ടിയുടെ മുഖത്തും പല തവണ കണ്ടത്.

തന്റെ അഭിനയംതന്നെയാണു പേര് എവിടെ വരുന്നു എന്നതിനേക്കാള്‍ വലുതെന്നു മനസ്സിലാക്കുമ്പോള്‍ അതൊരു നടന്റെ വിജയവും ലഹരിയുമാണ്. മമ്മൂട്ടിയുടെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ പേര് രണ്ടാമതു കൊടുക്കില്ല. സിനിമയ്ക്കു പണം മുടക്കിയത് അദ്ദേഹത്തിന്റെ കമ്പനിയാണല്ലോ. നായകന്റെ കസേര വിട്ടുകൊടുക്കുവാനുള്ള ധൈര്യമെന്നത് അയാള്‍ ആ കസേരയില്‍ ഇരിക്കുന്നതിലും വലിയ തലയെടുപ്പാണ്. അതീവ സൂക്ഷ്മമായി ഈ വേഷത്തിലൂടെ മമ്മൂട്ടി പതുക്കെ യാത്ര ചെയ്യുമ്പോള്‍ നാം ഒന്നുകൂടി മനസ്സിലാക്കുന്നു. ഈ മനുഷ്യനിലെ വെടിമരുന്നു പലപ്പോഴും കഥ എഴുതിയവരും സംവിധാനം ചെയ്തവരുമായ പലരും തിരിച്ചറിഞ്ഞിട്ടില്ല.

പത്തോ ഇരുപതോ സ്ത്രീകളെ കൊല്ലുന്ന ഒരാള്‍ കാണികളെ ഭയപ്പെടുത്താതെ സ്‌ക്രീനില്‍ വരികയും പോകുകയും ചെയ്യുന്നുവെന്നത് മമ്മൂട്ടിയെന്ന നടന്റെ മിടുക്കാണ്. നമുക്കറിയാം ഈ മനുഷ്യന്റെ കൂടെ പോകുന്ന ഒരോ സ്ത്രീക്കും എന്തെങ്കിലും പറ്റുമെന്ന്. എന്നിട്ടും നമുക്കു പേടിയാകുന്നില്ല. ശ്രുതി രാമചന്ദ്രനൊപ്പമുള്ള കുറച്ചു നിമിഷങ്ങളില്‍ മമ്മൂട്ടിയിലെ പ്രണയം ആ കുട്ടിയെ സന്തോഷിപ്പിക്കുന്നതു കണ്ണുകള്‍ കണ്ടാലറിയാം. ഒരുപക്ഷേ അടുത്ത കാലത്തു മലയാള സിനിമ കണ്ട എറ്റവും ഭാഗ്യം ചെയ്തു പെണ്‍കുട്ടി ശ്രുതിയാകും. ഇത്തരമൊരു അതീവ ആര്‍ദ്ര പ്രണയനിമിഷം ഇതുപോലൊരു നടനോടൊപ്പം പങ്കിടാനാകുക എന്നതു ചെറിയ കാര്യമല്ല. ജിതിന്‍ കെ. ജോസിന്റെ ആദ്യ സംവിധാന ചിത്രമാണിതെന്നു വിശ്വസിക്കാന്‍ എളുപ്പമല്ല. മമ്മൂട്ടിയെപ്പോലുള്ള ഒരാള്‍ ഇതുപോലെ മലവെള്ളപ്പാച്ചില്‍പോലെ വരുമ്പോള്‍ അതിനു ചാലുവെട്ടുക എന്നതു നാലു തച്ചു പണിതന്നെയാണ്. നല്ല കൈത്തഴക്കമുള്ളവനേ കഴിയൂ.

മിക്ക സിനിമയും വരുമ്പോള്‍ ആദ്യം പറയുന്നതു ഒടിടിയില്‍ കാണാം എന്നാണ്. 'കളങ്കാവല്‍' ഒടിടിയില്‍ കാണുമ്പോള്‍ നിങ്ങള്‍ക്കു നഷ്ടമാകുന്നതു മമ്മൂട്ടിയെന്ന നടന്റെ പറഞ്ഞു തരാനാകാത്ത പ്രതിഭാമയമാര്‍ന്ന നിമിഷങ്ങളാണ്. ഇരുട്ടില്‍നിന്നല്ലാതെ വെളിച്ചത്തിലിരുന്നു ചെറിയ സ്‌ക്രീനില്‍നിന്നു ഈ ഫീല്‍ പകര്‍ത്തിയെടുക്കാമെന്നു കരുതരുത്. ഒരു വരിയില്‍ പറഞ്ഞാല്‍ ഈ മനുഷ്യന്‍ നമ്മെ അമ്പരപ്പിക്കുന്നു. ഒരോ സ്ത്രീക്കും തോന്നാം താന്‍ കാണാതെ തന്നെ പിന്തുടരുന്ന ഒരു സിഗരറ്റ് പുക പുറകിലുണ്ടോ എന്ന്.