കൊല്ലം: ഉല്ലാസത്തേൻമഴയിലെ പ്രിൻസിയോട് റോബർട്ട് പറയുന്ന ഡയലോഗാണ് ടി.പി. മാധവൻ വിടവാങ്ങവേ ഓർമ്മവരുന്നത്. ‘നന്ദി പ്രിൻസി ഒരായിരം നന്ദി...’. അയാൾ കഥയെഴുതുകയാണ് എന്ന കമൽ ചിത്രത്തിലെ പൈങ്കിളിനോവൽ ആരാധകനായ പോലീസ് ഓഫീസർ നോവലിസ്റ്റിന്റെ കൈ രണ്ടും ചേർത്തുപിടിച്ചുപറയുമ്പോൾ തിയേറ്ററിൽ ഉയർന്ന ചിരി ഇന്നും മലയാളികളുടെ ഓർമ്മകളിൽ ആരവമായി നിറയുന്നു.

To advertise here,

നാടോടിക്കാറ്റിലെ മാനേജർ മോഹൻലാലിന്റെയും ശ്രീനിവാസന്റെയും കഥാപാത്രങ്ങളെ ഗെറ്റ് ഔട്ട് അടിക്കുന്നത്, നരസിംഹത്തിലെ കോടതിമുറിയിൽ കള്ളം പറയേണ്ടിവന്നതിൽ പിന്നെ പശ്ചാത്തപിക്കുന്ന കാര്യസ്ഥൻ രാമൻനായർ, ആറാംതമ്പുരാനിലെ ഷാരോടി, സന്ദേശത്തിലെ പോലീസ് ഓഫീസർ, ഉദയനാണ് താരത്തിലെ ഭാസ്കരേട്ടൻ, പത്രത്തിലെ ഹരിവംശലാൽ പന്നാലാൽ അങ്ങനെ പെട്ടെന്ന് ഓർമ്മയിലോടിയെത്തുന്ന കഥാപാത്രങ്ങളുടെ നിര നീളും.

നാൽപ്പതാംവയസ്സിലാണ് ഈ സിനിമാജീവിതം തുടങ്ങുന്നത്. ബിരുദാനന്തര ബിരുദത്തിനുശേഷം പട്ടാളത്തിലേക്കാണ് പോയത്. ആറുമാസത്തിനുശേഷം കൈയൊടിഞ്ഞ് ആശുപത്രിയിലായതോടെ അതിനു ഗുഡ്ബൈ പറഞ്ഞു. പിന്നെ പത്രപ്രവർത്തകനായി മുംബൈയിൽ. കൊൽക്കത്തയിലേക്ക് കുടിയേറിയതാണ് സിനിമാലോകത്തേക്കുള്ള പ്രവേശനത്തിന് വഴിതുറന്നത്.

നടൻ മധു കൊൽക്കത്തയിൽ വന്നപ്പോൾ പരിചയപ്പെട്ടതാണ് തുടക്കം. പ്രിയ എന്ന ചിത്രത്തിനുവേണ്ടി നായികയെ അന്വേഷിച്ച് വന്നതായിരുന്നു മധു. പിന്നീട് ബെംഗളൂരുവിൽ മധു ‘കാമം ക്രോധം മോഹം’, ‘അക്കൽദാമ’ തുടങ്ങിയ ചിത്രങ്ങളുമായി വന്നപ്പോഴും കൂടെനിന്നു. ചിത്രത്തിലൊരു വേഷവും.

ബാലചന്ദ്രമേനോന്റെ കലികയിലെ ചട്ടുകാലന്റെ വേഷത്തോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ജഡ്ജി, ബ്രാഹ്മണൻ, കാര്യസ്ഥൻ, വക്കീൽ, വേലക്കാരൻ, മാനേജർ, ഡോക്ടർ, സൈക്യാട്രിസ്റ്റ് തുടങ്ങി മാധവൻ ജീവനേകിയ ചെറിയ വേഷങ്ങൾ മിക്കതും പ്രേക്ഷകമനസ്സിൽ കുടിയേറുന്നവയായിരുന്നു. അഭിനയംകൊണ്ട് വലിയ കാശുകാരനൊന്നുമായില്ലെങ്കിലും കുടുംബജീവിതം തകർന്നെങ്കിലും കലാജീവിതത്തോട് എന്നും നന്ദിയുള്ളവനാണെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു.