
ലോഹിതദാസ് വിടവാങ്ങിയിട്ട് 15 വർഷങ്ങൾ
ഷൂട്ടിങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് അറിയുന്നത്, ഈ കഥയ്ക്ക് മറ്റൊരു സിനിമയുമായി സാമ്യമുണ്ട്. പരിമിതമായ സമയത്തിനുളളിൽ മറ്റൊരു കഥ എഴുത്തുകാരൻ ഉണ്ടാക്കിയെടുക്കുന്നു.. പിന്നെ നടന്നത് ചരിത്രം. മോഹൻലാലിന് മികച്ച നടനുള്ള ആദ്യത്തെ ദേശീയ പുരസ്കരം നേടിക്കൊടുത്തത് തിരക്കുപിടിച്ചെഴുതിയ ഈ ചിത്രമാണ്. സിനിമയുടെ പേര് ഭരതം, തിരക്കഥ ലോഹിതദാസ്.
'എഴുതാനിരിക്കുമ്പോൾ കഥാപാത്രങ്ങൾക്ക് അടുത്തതായി എന്ത് സംഭവിക്കുമെന്നോ ക്ലൈമാക്സ് എങ്ങനെയായിരിക്കുമെന്നോ എനിക്കറിയില്ല. തുടക്കം മുതൽ അവസാനം വരെ ഞാൻ സ്വയമേവ എഴുതിപ്പോവുന്നു' തൻ്റെ തിരക്കഥകളെ കുറിച്ച് ലോഹിതദാസ് പറയുന്നത് ഇങ്ങനെയാണ്.
എം ടിയും പത്മരാജനും ജോൺപോളുമെല്ലാം അരങ്ങ് വാണിരുന്ന കാലത്താണ് ചുണ്ടിൽ എരിയുന്ന സിഗരറ്റും തലയിൽ ഒരു തൂവാലയും കെട്ടി അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ് എന്ന എ കെ ലോഹിതദാസ് മലയാള സിനിമയിൽ രംഗ പ്രവേശം ചെയ്യുന്നത്.
മരണം വരെ ഇവർ അച്ഛനെ വേട്ടയാടി, പലപ്പോഴും തേങ്ങിക്കരയുന്നത് കണ്ടിട്ടുണ്ട്...
1987-ൽ സിബി മലയിലിന്റെ ‘തനിയാവർത്തനം’ എന്ന ചിത്രത്തിന് തിരക്കഥയെഴുതികൊണ്ടാണ് ലോഹിതദാസ് സിനിമയിലേക്കുള്ള ചവിട്ടുപടി കയറുന്നത്. ജോഷി, ഭരതൻ, ഐ. വി ശശി, സത്യൻ അന്തിക്കാട് എന്നീ സംവിധായകർക്കൊപ്പം പ്രവർത്തിച്ചുവെങ്കിലും ലോഹിതദാസിന്റെ മികച്ച സിനിമകൾ പിറന്നത് സിബി മലയിലിന്റെ സംവിധാനത്തിലാണ്. കിരീടം, ചെങ്കോൽ, ഭരതം, കമലദളം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങി ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്നതത്രയും ക്ലാസിക്കുകളാണ്. എഴുതാപ്പുറങ്ങൾ, വിചാരണ, മുദ്ര, ധനം എന്നിങ്ങനെ തൊട്ടതെല്ലാം അവർ പൊന്നാക്കി.
1997-ൽ ഭൂതക്കണ്ണാടിയിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്ക്കാരം അദ്ദേഹം നേടി. നാല്പതോളം തിരക്കഥകളും 12 സംവിധാന സംരംഭങ്ങളുമായി, ഇരുപത് വർഷംകൊണ്ട് മലയാള സിനിമയിൽ ലോഹിതദാസ് തന്റെ പേര് അടയാളപ്പെടുത്തി. ആറ് സംസ്ഥാന അവാർഡുകളും പത്തിലേറെ ഫിലിം ക്രിട്ടിക്ക് അവാർഡുകളും അദ്ദേഹം നേടി.
നമുക്ക് ചുറ്റും ജീവിക്കുന്ന സാധാരണ മനുഷ്യരുടെ പകർപ്പുകളായിരുന്നു ലോഹിതദാസിൻ്റെ കഥാപാത്രങ്ങളെല്ലാം. ഞാനെഴുതിയതിൽ ഏറ്റവും എളുപ്പത്തിൽ പൂർത്തിയാക്കിയത് കിരീടമാണ്. ആ തിരക്കഥ മികച്ച സിനിമയായി മാറുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. എഴുതുമ്പോൾ എന്റെ കണ്ണ് എവിടെ നിറയുന്നോ അവിടെ പ്രേക്ഷകരുടെ കണ്ണും നിറയുമെന്ന് ആത്മവിശ്വാസത്തോടെ ലോഹിക്ക് പറയാൻ കഴിയുന്നുണ്ട്. മധ്യവർഗ മലയാളി കുടുംബങ്ങളെ അദ്ദേഹം അത്രയേറെ മനസിലാക്കിയിരുന്നു. അവരനുഭവിക്കുന്ന ദുഃഖങ്ങളും ദുരിതങ്ങളും സംഘർഷങ്ങളുമായിരുന്നു ലോഹിതദാസ് സിനിമകൾ. ആദ്യ തിരക്കഥയായ തനിയാവർത്തനം മുതൽ നമുക്കത് കാണാം.
ജീവിതത്തിന് മുന്നിൽ തോറ്റുപോകുന്ന, പ്രതീക്ഷകളും പ്രണയവും സ്വപ്നങ്ങളും നഷ്ടപ്പെട്ട, നിസ്സഹായരായ നായകന്മാരെ ലോഹി സൃഷ്ടിച്ചെടുത്തു. തനിയാവർത്തനത്തിലെ ബാലൻ മാഷ്, കൗരവരിലെ ആൻ്റണി, കിരീടത്തിലെ സേതുമാധവൻ, ഭരതത്തിലെ ഗോപിനാഥൻ തുടങ്ങി എണ്ണം പറഞ്ഞ പുരുഷ കഥാപാത്രങ്ങൾക്കൊപ്പം അമരത്തിലെ ചന്ദ്രിക, കസ്തൂരിമാനിലെ പ്രിയംവദ, അരയന്നങ്ങളുടെ വീടിലെ രാഗിണി, കന്മദത്തിലെ ഭാനു, ഭരതത്തിലെ ദേവി തുടങ്ങി ആഴമുള്ള സ്ത്രീ കഥാപാത്രങ്ങളേയും ലോഹിതദാസ് ഒരുക്കി.
ലോഹമുരുക്കുന്ന മൂശാരിക്ക് 'വെങ്കല'ത്തിലൂടെയും മത്സ്യത്തൊഴിലാളിക്ക് 'അമര'ത്തിലും 'സൂത്രധാരനി'ലൂടെ വേശ്യത്തെരുവിനും സർക്കസ് കൂടാരത്തിന് 'ജോക്കറി'ലൂടെയും മലയാള സിനിമയിൽ ഇടമുണ്ടെന്ന് കാണിച്ചു തന്നത് ലോഹിതദാസാണ്. ജയപരാജയങ്ങൾക്കപ്പുറത്ത് കാലങ്ങൾക്കിപ്പുറവും ആ സിനിമകൾ ഓർമ്മിക്കപ്പെടുന്നു.
മലയാളത്തിലെ മുൻനിര നടന്മാർക്കെല്ലാം മികച്ച കഥാത്രങ്ങളെ നൽകിയ കഥാകൃത്താണ് ലോഹിതദാസ്. മോഹൻലാലും മമ്മൂട്ടിയും മുതൽ ബാലചന്ദ്ര മേനോൻ, മുരളി, ജയറാം, ദിലീപ്, പൃഥ്വിരാജ്, എന്നിവരുടെയെല്ലാം വേറിട്ട വേഷങ്ങൾ പിറന്നത് ലോഹിയുടെ തൂലികയിൽനിന്നുമാണ്.
ബാലചന്ദ്ര മേനോൻ നായകനായ 'കുടുംബപുരാണ'വും 'സസ്നേഹ'വും ലോഹിതദാസിന്റെ തിരക്കഥയിലാണ് സത്യൻ അന്തിക്കാട് ഒരുക്കിയത്.
ധനം,ഭരതം, അമരം, ആധാരം, ചകോരം തുടങ്ങിയ ചിത്രങ്ങളിൽ നായകനായും നായകനോളം പ്രാധാന്യമുള്ള സഹനടനായും മുരളി വെള്ളിത്തിരയിൽൽ തിളങ്ങി. അതിനും നന്ദി പറയേണ്ടത് ലോഹിതദാസ് എന്ന എഴുത്തുകാരനോടു തന്നെ.
മാലയോഗത്തിലും തൂവൽക്കൊട്ടാരത്തിലും വീണ്ടും ചില വീട്ടുകാര്യങ്ങളിലും നമ്മൾ കണ്ടത് ലോഹിയുടെ തൂലികയിൽ പിറന്ന കഥാപാത്രങ്ങളെയാണ്. അദേഹം സംവിധായകനായപ്പോഴാകട്ടെ ജയറാമിന് ലഭിച്ചത് സിനിമാ ജീവിതത്തിലെ തന്നെ മികച്ച വേഷങ്ങളിലൊന്നും, കാരുണ്യത്തിലെ സതീശൻ.
തോക്കും ബഹളവുമായി ഒരേ വഴിയിൽ സഞ്ചരിച്ചിരുന്ന സുരേഷ് ഗോപി ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്നു ജോസ് തോമസ് സംവിധാനം ചെയ്ത് ലോഹിതദാസ് തിരക്കഥയെഴുതിയ 'സാദരം'.
സുന്ദർദാസിന്റെ ആദ്യചിത്രമായ സല്ലാപത്തിലെ യുവ ഗായകനായ ആശാരിപ്പയ്യനെ നമുക്കോർമ്മയുണ്ട്. 'ജോക്കറി'ലെ ബാബുവും ഓർമ്മച്ചെപ്പിലെ രാധാകൃഷ്ണനും സൂത്രധാരനിലെ രമേശനും ചക്കരമുത്തിലെ അരവിന്ദനും ഉൾപ്പെടെ അഭിനയ സാധ്യതയുള്ള ഒരുപിടി വേഷങ്ങൾ ദിലീപിന് ലോഹിതദാസ് നൽകി.
കരിയറിന്റെ തുടക്കകാലത്തുതന്നെ ലോഹിതദാസിന്റെ കഥാപാത്രത്തിന് ജീവൻ നല്കാൻ പൃഥ്വിരാജിനും അവസരം ലഭിച്ചു. ചക്രത്തിലെ 'ചന്ദ്രഹാസനെ' അവതരിപ്പിക്കാൻ അദ്ദേഹം തിരഞ്ഞെടുത്തത് പൃഥ്വിരാജിനെയായിരുന്നു.
ലോഹിതദാസ് ചിത്രങ്ങളെ കുറിച്ചു പറയുമ്പോൾ പലരും വിട്ടുപോകുന്ന ഒരു സിനിമയുണ്ട്. മമ്മൂട്ടിയിൽ നിന്ന് ഒരിക്കലും രൂപപ്പെടില്ലെന്ന് കരുതിയ, ലോഹിതദാസിൽ നിന്നോ ജോഷിയിൽ നിന്നോ ആരും പ്രതീക്ഷിക്കാത്ത ഒരു സിനിമ, കുട്ടേട്ടൻ. സാമ്രാജ്യവും കോട്ടയം കുഞ്ഞച്ചനും അയ്യർ ദി ഗ്രേറ്റും റിലീസായ വർഷം തന്നെ മമ്മൂട്ടിയെക്കൊണ്ട് അങ്ങനെയൊരു വേഷം ചെയ്യിക്കാൻ ലോഹിതദാസും ജോഷിയും ധൈര്യം കാണിച്ചു.
''ഉടലിന്റെ ആടിക്കുഴയലല്ല, കഥാപാത്രമായി മാറാനുള്ള നടന്റെ കഴിവാണ് ഫ്ളെക്സിബിളിറ്റി!'
ഫ്ളെക്സിബിളിറ്റിയുടെ പേരിൽ മമ്മൂട്ടി വിമർശിക്കപ്പെടുമ്പോൾ ലോഹിതദാസ് പറഞ്ഞത് ഇങ്ങനെയാണ്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും സ്റ്റാർഡമല്ല, അവരിലെ നടന്മാരെയാണ് എനിക്കുവേണ്ടതെന്ന് പറയാൻ ലോഹിതദാസ് അന്നേ ധൈര്യപ്പെട്ടു.
അരയന്നങ്ങളുടെ വീടിലൂടെ ലക്ഷ്‍മി ഗോപാലസ്വാമിയും സൂത്രധാരനിലൂടെ മീരാ ജാസ്മിനും നിവേദ്യത്തിലൂടെ ഭാമയും വിനുമോഹനുമൊക്കെ ലോഹിയുടെ കയ്യുംപിടിച്ചാണ് അഭ്രപാളികളിൽ ചേക്കേറിയത്.
തിരക്കഥാകൃത്തായി നേടിയ വിജയം പക്ഷേ സംവിധായകനായി നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അവസാന ചിത്രങ്ങളിൽ പലതും സാമ്പത്തികമായി പരാജയപ്പെട്ടതും 'കസ്തൂരിമാൻ' തമിഴിൽ നിർമ്മിച്ചതും ലോഹിതദാസിന് ബാധ്യതയായി. 2007ലെ നിവേദ്യമായിരുന്നു അദ്ദേഹത്തിൻറെ അവസാന ചിത്രം മികച്ച തിരിച്ചുവരവിനായി സ്വപ്‍ന പദ്ധതിയായ 'ഭീഷ്മർ' ഒരുക്കുന്നതിനിടയിൽ., ഒരു മഴക്കാലത്ത്.. കാലം ലോഹിയെ മടക്കിവിളിച്ചു. 2009 ജൂൺ 28ന് തനിയായവർത്തനങ്ങളില്ലാതെ ആ കലാകാരൻ വിടപഞ്ഞു
പ്രിയപ്പെട്ട ലോഹി.. നിങ്ങളുടെ തെളിച്ചമുള്ള ചിത്രങ്ങൾ മലയാളത്തിന്റെ ഓർമ്മകളിൽ നിന്നൊരിക്കലും മായില്ല.., കാലമെത്ര കഴിഞ്ഞാലും
Content Highlights: lohithadas death anniversary, legendary malayalam film maker, cinema, Mammootty, Mohanlal
Published: 28 Jun 2024, 10:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented