മരണം വരെ ഇവർ അച്ഛനെ വേട്ടയാടി, പലപ്പോഴും തേങ്ങിക്കരയുന്നത് കണ്ടിട്ടുണ്ട്...


അനുശ്രീ മാധവൻ (anusreemadhavan@mpp.co.in)

വെറും ഇരുപത് വർഷമാത്രം മലയാള സിനിമയിൽ സജീവമായിരുന്ന ഈ എഴുത്തുകാരൻ, സംവിധായകൻ മലയാള സിനിമയുടെ ഭാവി നിർണയിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചു. ലോഹിത ദാസിന്റെ തൂലികയിൽനിന്ന് പിറവിയെടുത്ത കഥകകളും അതിനേക്കാൾ തീക്ഷ്ണമായ കഥാപാത്രങ്ങളും നമ്മുടെ ഹൃദയത്തെ പലപ്പോഴും മുറിവേൽപ്പിച്ചു

-

'പലരും അംഗീകരിക്കാൻ മടിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ എനിക്ക് നല്ല ഉറപ്പുണ്ട്. ലോഹിതദാസ് വിലയിരുത്തപ്പെടാൻ പോകുന്നത് ലോഹിതദാസിന്റെ മരണശേഷമാണ്.'

മരണത്തിന് ഏതാനും മാസങ്ങൾക്കു മുമ്പ് 'മാതൃഭൂമി'യുമായുള്ള ഒരു അഭിമുഖത്തിൽ ലോഹിതദാസ് പറഞ്ഞ വാക്കുകളാണിത്. എത്ര സത്യം...! ഇരുപത് വർഷം മലയാള സിനിമയിൽ സജീവമായിരുന്ന ഈ എഴുത്തുകാരൻ, സംവിധായകൻ മലയാള സിനിമയുടെ ഭാവി നിർണയിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചു. ലോഹിതദാസിന്റെ തൂലികയിൽനിന്ന് പിറവിയെടുത്ത കഥകകളും അതിനേക്കാൾ തീക്ഷ്ണമായ കഥാപാത്രങ്ങളും നമ്മുടെ ഹൃദയത്തെ പലപ്പോഴും മുറിവേൽപ്പിച്ചു. തോറ്റു പോയ നായകകഥാപാത്രങ്ങളുടെ വേദനകൾ തിയ്യറ്ററുകൾ വിട്ടിറങ്ങിയിട്ടും നമ്മളെ വേട്ടയാടി. അതുകൊണ്ടാണ്, ലോഹി വിടപറഞ്ഞ് പതിനൊന്ന് വർഷം പിന്നിടുമ്പോഴും സേതുമാധവനും ബാലൻമാഷും വിദ്യാധരനുമെല്ലാം നമ്മുടെ ഇടയിൽ തന്നെ ജീവിക്കുന്നുത്. അവർ‌ക്ക് മരണമില്ല, ആ മഹാകലാകാരന്റെ ഓർമകൾക്കും.

അമരാവതിയിലെ ഗൃഹനാഥൻ‌ ലോഹിയെയും ഈ കഥാപാത്രങ്ങൾ മരണം വരെ വേട്ടയാടിയിരുന്നത്രേ. കുറ്റബോധം കൊണ്ട് ലോഹി പലപ്പോഴും പൊട്ടിക്കരഞ്ഞു. അവരെ ഇത്രയും വലിയ ദുരിതത്തിലേക്ക് താൻ തള്ളിവിട്ടത് എന്തിനെന്ന ചോദ്യം പല ആവർത്തി അദ്ദേഹം ചോദിച്ചു. കുട്ടികളായ ഹരികൃഷ്ണനും വിജയ് ശങ്കറും അച്ഛന്റെ ആ സങ്കടത്തിന് മുന്നിൽ പലപ്പോഴും മരവിച്ചു നിന്നിട്ടുണ്ട്.

'അതെ, അച്ഛൻ അങ്ങനെയായിരുന്നു. അച്ഛന്റെ കഥാപാത്രങ്ങളും'- സംസാരിച്ചു തുടങ്ങുകയാണ് വിജയ് ശങ്കർ.

Lohithadas son Vijayshankar Interview about Movies Life Kireedam thaniyavarthanampolopoly:contentfilepath=

അച്ഛനെ കൂട്ടിക്കാലത്തൊന്നും ഞങ്ങൾക്ക് കാണാൻ കിട്ടിയിരുന്നില്ല. അച്ഛൻ ഒരു വർഷം അഞ്ചും ആറും സിനിമകൾ വരെ ചെയ്ത സമയമുണ്ടായിരുന്നു. അത്രയും തിരക്കുള്ള സമയമായതിനാൽ അച്ഛൻ വീട്ടിലേക്ക് വരുന്നത് കുറവായിരുന്നു. വന്നു കഴിഞ്ഞാൽ ഞങ്ങൾക്കൊപ്പം സമയം ചെലവഴിക്കും. ഷൂട്ടിങ് നടക്കുന്ന സമയത്ത് അച്ഛനെ കാണണം എന്ന് തോന്നുമ്പോൾ, ഞങ്ങൾ സെറ്റിലേക്ക് പോകും. ലൊക്കേഷനിൽ പോയി അവിടെ കളിച്ചുനടക്കുമായിരുന്നു. കൂടുതൽ വീക്കെൻഡുകളിലാണ് പോവുക. ചിലപ്പോൾ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും സ്കൂളിൽനിന്ന് അവധിയെടുത്താണ് പോകുക. ക്ലാസ് നഷ്ടപ്പെടുന്നതിനെക്കുറിച്ചൊന്നും ഞങ്ങൾക്ക് ആശങ്കയുണ്ടായില്ല. അച്ഛൻ വർക്ക് ചെയ്ത ഒട്ടുമിക്ക സെറ്റുകളിലും പോകാൻ ഞങ്ങൾക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.

Lohithadas son Vijayshankar Interview about Movies Life Kireedam thaniyavarthanam

എനിക്ക് 18 വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. അതുകൊണ്ടു തന്നെ സിനിമയെക്കുറിച്ചുള്ള ഗൗരവമേറിയ കാര്യങ്ങളൊന്നും അച്ഛനോട് ചോദിക്കാനുള്ള പ്രായമോ പക്വതയോ എനിക്കന്ന് ഉണ്ടായിരുന്നില്ല. എന്നിരുന്നാലും അച്ഛനെ കാണാൻ ആരെങ്കിലും വീട്ടിൽ വരുന്ന സമയത്ത് സിനിമാചർച്ചകൾ നടക്കുമ്പോൾ ഞങ്ങൾ അവിടെ ചെന്നിരിക്കാറുണ്ടായിരുന്നു.

സങ്കടങ്ങൾ സന്തോഷത്തേക്കാൾ തീക്ഷ്ണമാണ്; അച്ഛന്റെ കഥാപാത്രങ്ങളും

അച്ഛന്റെ കഥാപാത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ആരെന്ന് ചോദിച്ചാൽ കിരീടത്തിലെ സേതുമാധവനും തനിയാവർത്തനത്തിലെ ബാലൻ മാഷുമാണെന്ന് പറയും.

Lohithadas son Vijayshankar Interview about Movies Life Kireedam thaniyavarthanam

അതുപോലെ വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായരും അമരത്തിലെ അച്ചൂട്ടിയും കമലദളത്തിലെ നന്ദ​ഗോപനും മനസ്സിനെ ആഴത്തിൽ സ്പർശിച്ച കഥാപാത്രങ്ങളായിരുന്നു. വല്ലാത്ത നൊമ്പരമാണ് ആ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചത്. മനുഷ്യർക്ക് ഒരു പ്രത്യേകതയുണ്ട്, ജീവിതത്തിൽ ഏറ്റവും പൊട്ടിച്ചിരിപ്പിച്ച ഒരു സന്ദർഭത്തെക്കുറിച്ച് ചോദിച്ചാൽ ചിലപ്പോൾ പെട്ടന്ന് ഉത്തരം നൽകാൻ സാധിക്കില്ല. എന്നാൽ, മനസ്സുരുകി പൊട്ടിക്കരഞ്ഞ സാഹചര്യം എന്തായിരുന്നുവെന്ന് ചോദിച്ചാൽ പെട്ടന്ന് ഉത്തരം പറയാൻ സാധിക്കും. സങ്കടങ്ങൾക്ക് സന്തോഷത്തേക്കാൾ ആയുസ്സു കൂടുതലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുപോലെ തന്നെയാണ് ചില കഥാപാത്രങ്ങളും. അവർ ജീവിതകാലം മുഴുവൻ നമ്മുടെ കൂടെ തന്നെയുണ്ടാകും. തിയ്യറ്ററിൽനിന്ന് ഇറങ്ങുമ്പോൾ അവർ ചിലപ്പോൾ നമുക്കൊപ്പം ഇറങ്ങിപ്പോരും.

മരണം വരെ വേട്ടയാടിയ കഥാപാത്രങ്ങൾ

അച്ഛന്റെ ചില കഥാപാത്രങ്ങൾ അച്ഛനെ മരണം വരെ വേട്ടയാടിയിട്ടുണ്ട്. കിരീടവും തനിയാവർത്തനവുമെല്ലാം, അച്ഛന് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചിരുന്നു. സേതുമാധവനോട് ചെയ്തത് വല്ലാത്ത ക്രൂരതയായിരുന്നുവെന്ന് അച്ഛന് തോന്നിയിരുന്നു. അയാളുടെ കുടുംബം തകർത്തു, സ്വപ്നങ്ങൾ തകർത്തു. ഒരു മനുഷ്യനോട് നമുക്കെന്തെല്ലാം ചെയ്യാൻ സാധിക്കും അതെല്ലാം ചെയ്തു. ആ കുറ്റബോധത്തിലായിരിക്കാം ചെങ്കോലിൽ ജയിലിൽവച്ച് സ്വപ്നത്തിൽ കീരിക്കാടൻ ജോസ് സേതുമാധവനോട് '' എന്തിന് എന്റെ കുടുംബം തകർത്തു, എന്റെ മക്കളെ അനാഥരാക്കി'' എന്ന് ചോദിക്കുന്ന രംഗം എഴുതിയത്.

Lohithadas son Vijayshankar Interview about Movies Life Kireedam thaniyavarthanam

തനിയാവർത്തത്തിലെ ബാലൻ മാഷും അതുപോലെയായിരുന്നു. എനിക്കോർമയുണ്ട്, ഒരിക്കൽ ഒരു ഓണത്തിന് ഞങ്ങൾ എല്ലാവരും ഭക്ഷണമൊക്കെ കഴിച്ച്, അച്ഛനാണെങ്കിൽ കുറച്ച് പനങ്കള്ള് സംഘടിപ്പിച്ച് അതൊക്കെ കഴിച്ച് നല്ല മൂഡിലിരിക്കുകയായിരുന്നു. പെട്ടന്ന് തനിയാവർത്തനത്തിലെ ബാലൻ മാഷെ അച്ഛന് ഓർമ വന്നു. ചിത്രത്തിൽ ഗോപി പറയുന്ന ഒരു ഡയലോഗുണ്ട്, ''സ്ഥലം വിറ്റതിന്റെ കാശ് വാങ്ങിക്കാൻ ബാലേട്ടൻ പോയത് കയ്യിൽ ഒരു വലിയ ബാഗുമായിട്ടാണ്.'' പതിനായിരം രൂപ വാങ്ങാനാണ് ബാലൻ മാഷ് പോകുന്നത്. പതിനായിരം എന്ന് പറഞ്ഞാൽ നൂറിന്റെ ചെറിയ കെട്ടായിരിക്കുമെന്ന് ഗോപിക്ക് അറിയാം. എന്നാൽ ബാലൻ മാഷിന് അറിയില്ല. അത്രയ്ക്ക് നിഷ്കളങ്കനായിരുന്നു ബാലൻ മാഷ്. ''ബാലേട്ടൻ എത്ര നിഷ്കളങ്കനാണ്'', എന്ന് പറഞ്ഞ് അച്ഛൻ കരഞ്ഞു. അച്ഛന് അവരോട് വല്ലാത്ത ആത്മബന്ധമുണ്ടായിരുന്നു.

Lohithadas son Vijayshankar Interview about Movies Life Kireedam thaniyavarthanam

അച്ഛൻ പറയാറുണ്ടായിരുന്നു; സിനിമ ധ്യാനമാണ്, കീറിമുറിക്കാനുള്ള വസ്തുവല്ല

അച്ഛന്റെ സിനിമകൾ പുനർവായന ചെയ്യപ്പെടുന്നത് ഞാനും കാണാറുണ്ട്. എന്നാൽ ഒരുകാര്യം ഞാൻ പറയട്ടെ, സിനിമ ഒരിക്കലും പോസ്റ്റ്മോർട്ടം ചെയ്യേണ്ട ഒരു സംഗതിയല്ല. അതിനെ വീണ്ടും വീണ്ടും ഇഴകീറി മുറിച്ച് വിശകലനം ചെയ്യേണ്ട ആവശ്യമെന്താണ്? അച്ഛനും അതിനെതിരായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അച്ഛൻ പറയാറുണ്ടായിരുന്നു സിനിമ ഒരു ധ്യാനമാണ്, അത് തിയ്യറ്ററിൽ ഇരുന്ന് കാണേണ്ട ഒന്നാണ്. വീട്ടിൽ ടിവിയിൽ പോലും സിനിമ കാണുന്നതിനോട് അച്ഛന് യോജിപ്പില്ലായിരുന്നു.

വീട്ടിലിരുന്ന് കാണുന്ന സമയത്ത് നമ്മൾ മറ്റുള്ള ജോലികളിലേക്ക് വ്യാപൃതരാകാൻ നിർബന്ധിതരാകാൻ സാധ്യതയുണ്ട്. എന്നാൽ തിയ്യറ്ററിൽ വച്ച് അങ്ങനെ ഒരു സാധ്യതയില്ല. ആ ഇരുട്ട് നിറഞ്ഞ പശ്ചാത്തലത്തിൽ അടുത്ത് ആരാണെന്ന് പോലും നമ്മൾ ശ്രദ്ധിക്കില്ല. കഥാപാത്രങ്ങളുടെ ലോകത്തേക്ക് നമ്മൾ പൂർണമായും ഇറങ്ങിച്ചെല്ലുമ്പോൾ, ഉള്ളു തുറന്ന് ചിരിക്കും, കരയും. അതുകൊണ്ടു തന്നെയാണ് തിയ്യറ്റർ എക്സ്പീരിയൻസ് വേറെയാണെന്ന് നമ്മൾ പറയുന്നത്. ഇന്നോളം ഈ ലോകത്ത് ഇറങ്ങിയിട്ടുള്ള എല്ലാ സിനിമകളും ഇതുപോലെ ആവർത്തിച്ചു കാണുകയാണെങ്കിൽ ഒരു തെറ്റെങ്കിലും നമുക്ക് കണ്ടുപിടിക്കാനാകും. അങ്ങനെ ഒരു പിഴവുമില്ലാതെ ഒരു സിനിയെടുക്കാൻ സാധിക്കുമോ?

ഫെയ്സ്ബുക്കിലെ ചർച്ചകൾ ഞാനും കാണാറുണ്ട്. പലപ്പോഴും ഇത്തരം ചർച്ചകളിൽ സിനിമയിലെ വലിയ തെറ്റുകളൊക്കെയായി ചൂണ്ടിക്കാട്ടുന്നത് വസ്ത്രത്തിന്റെ അല്ലെങ്കിൽ മറ്റു വസ്തുക്കളുടെ സ്ഥാനചലനം, ആക്ഷൻ കണ്ടിന്യൂവിറ്റിയിൽ സംഭവിക്കുന്ന പിഴവുകളൊക്കെയാണ്. എന്നാൽ‌, അതൊക്കെ മനസ്സിലാകണമെങ്കിൽ ആ സിനിമ അഞ്ചോ പത്തോ വട്ടം കാണേണ്ടി വരും. ആദ്യ കാഴ്ചയിൽ അത് നമ്മുടെ കണ്ണിൽ പെടാൻ സാധ്യതകൾ വളരെ കുറവാണ്. ആദ്യ കാഴ്ചയാണ് യഥാർഥമായ കാഴ്ച. വീണ്ടും കാണുമ്പോൾ പിന്നീട് എന്താണ് സംഭവിക്കുന്നത് എന്ന് നമുക്കറിയാം, അതുകൊണ്ട് തന്നെ കഥയിൽനിന്ന് നമ്മുടെ ശ്രദ്ധമാറി മറ്റു കാര്യങ്ങളിലേക്ക് പോകും. അത്തരം കീറിമുറിക്കലുകൾ സിനിമയ്ക്ക് ആവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം.

Lohithadas son Vijayshankar Interview about Movies Life Kireedam thaniyavarthanam

വിജയ് ശങ്കർ ലോഹിതദാസ്

അതുപോലെ സംവിധായകരുടെ ബ്രില്ല്യൻസായി ചർച്ചകളിൽ എടുത്ത് പറയുന്നത് കണ്ടിന്യൂവിറ്റിയിൽ നമുക്ക് കാണാൻ സാധിക്കുന്ന കാര്യങ്ങൾ മാത്രമാണ്. കഥയിലെയും കഥാപാത്രങ്ങളിലെയും ബ്രില്ല്യൻസിനെക്കുറിച്ചുള്ള ചർച്ചകൾ വളരെ കുറവാണ്. ഇന്ന് മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ദിലീഷ് പോത്തൻ. അദ്ദേഹത്തിന്റെ ബ്രില്ല്യൻസിനെക്കുറിച്ചുള്ള ചർച്ചകളിൽ കണ്ടിന്യൂവിറ്റി ബ്രില്ല്യൻസിനെക്കുറിച്ചാണ് എടുത്തു പറയുന്നത്. സംവിധാനത്തിലെ ബ്രില്ല്യൻസിനെക്കുറിച്ചുള്ള ചർച്ചകൾ കുറവാണ്. അതുപോലെ തന്നെ വളരെ ആഴവും പരപ്പുമുള്ള കഥാപാത്ര നിർമിതിയാണ് ദീലീഷ് പോത്തന്റെ സിനിമകളിലേത്. സത്യത്തിൽ ബ്രില്ല്യൻസ് ഒളിഞ്ഞുകിടക്കുന്നത് തിരക്കഥയിലാണ്.

അച്ഛന്റെ സിനിമയെ തന്നെ ഉദാഹരണമാക്കി ഞാൻ പറയാം, ചെങ്കോലിൽ ഹെെദ്രോസ് പറയുന്നുണ്ട്, ''കൊല്ലത്തെ ചിന്നക്കടയിൽ ഇപ്പോഴുമുണ്ടെന്റെ ഉമ്മ. ലോറിക്കാർക്കെല്ലാം അറിയാം. ലോറി ബീവാത്തു എന്നാണ് പേര്.'' അയാളുടെ ഉമ്മ ഒരു വേശ്യയാണെന്നും. കുട്ടിക്കാലം മുതൽ അതിന്റെ അപമാനം പേറിയാണ് അയാൾ ജീവിക്കുന്നതെന്നും നമുക്ക് കാണിച്ചു തരുന്നു. ഹ്രെെദോസ് ഒരു പരിഹാസ കഥാപാത്രമാണെങ്കിലും അയാളുടെ മനസ്സിൽ വേദനയുടെ ഒരു തീയുണ്ടെന്ന് നമുക്ക് മനസ്സിലാക്കിത്തരികയാണ് ഒരൊറ്റ ഡയലോഗിലൂടെ. അതൊക്കെ എഴുത്തിലെ ബ്രില്ല്യൻസാണ്.

കന്മദത്തിലെ ആ ചുംബനരംഗവും വിവാദങ്ങളും

കന്മദത്തിലെ ഭാനുമതിയെപ്പോലെ ശക്തരായ സ്ത്രീകഥാപാത്രങ്ങൾ മലയാള സിനിമയിൽ കുറവാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന വിശ്വനാഥൻ മഞ്ജു വാര്യരുടെ ഭാനുവിനെ ചുംബിക്കുന്ന രംഗം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ രംഗമാണ്. പ്രത്യേകിച്ച് ഈ കാലഘട്ടത്തിലെ സിനിമാചർച്ചകളിൽ. ആ രംഗം സ്ത്രീശരീരത്തിലേക്ക് ആർക്കും കടന്നുകയറാമെന്ന സന്ദേശമാണ് നൽകുന്നത് എന്നതാണ് പ്രധാന വിമർശനം. ഒരു മകനെന്ന നിലയിൽ ഇതേക്കുറിച്ച് എനിക്ക് അഭിപ്രായം പറയാൻ സാധിക്കില്ല. ഒരു പ്രേക്ഷകനെന്ന നിലയിൽ ഞാൻ പറയാം.

Lohithadas son Vijayshankar Interview about Movies Life Kireedam thaniyavarthanam

വിശ്വനാഥൻ ഒരു ലെെംഗികമായ കടന്നുകയറ്റമാണ് ഉദ്ദേശിച്ചത് എന്ന് ആ രംഗം മുഴുവൻ കണ്ടപ്പോൾ എനിക്ക് തോന്നിയിട്ടില്ല. തന്റെ ജീവിതം മറ്റുള്ളവർക്ക് വേണ്ടി ഉഴിഞ്ഞുവച്ച് ദേഷ്യത്തിന്റെ പരുക്കൻ മുഖംമൂടി എടുത്തണിഞ്ഞ ഒരു സ്ത്രീയാണ് ഭാനുമതി. അവളെ അവളിലേക്ക് കൊണ്ടുവരാൻ, ആ മുഖം മൂടി അഴിച്ചുടക്കാൻ അവളെ സ്നേഹിക്കുന്ന വിശ്വനാഥൻ ഉപയോഗിച്ച ഒരു മാർഗമായിരുന്നു ആ ചുംബനം. ഭാനുമതിയുടെ ജീവിതത്തിൽ തനിക്ക് എന്തോ ഒരു സ്ഥാനമുണ്ടെന്ന് വിശ്വനാഥൻ ഇത്രയും നാളത്തെ പരിചയത്തിൽ മനസ്സിലാക്കിയിരിക്കാം. ചുംബനത്തിന് ശേഷം അവൾ പറയുന്നത്, എന്നെ മോഹിപ്പിക്കരുത് എന്നാണ്. അതിന്റെ അർഥം എന്താണ്? അവളും അയാളെ സ്നേഹിക്കുന്നു എന്നായിരിക്കില്ലേ... സന്ദർഭവും സാഹചര്യവും കൂടി വിലയിരുത്തിയാൽ മാത്രമേ ശരിയും ശരികേടും എന്താണെന്ന് പറയാനാകൂ. എല്ലാവർക്കും അഭിപ്രായ സ്വതന്ത്ര്യമുണ്ട്. ഞാൻ ഒരു പ്രേക്ഷകനെന്ന നിലയിൽ എന്റെ അഭിപ്രായം പറഞ്ഞുവെന്ന് മാത്രം...

Lohithadas son Vijayshankar Interview about Movies Life Kireedam thaniyavarthanam

സിനിമയിലെ നായകനോ നായികയോ സർവഗുണ സമ്പന്നൻ ആയിരിക്കണമെന്നില്ല. നമ്മൾ ആരുടെ കാഴ്ചപ്പാടിൽനിന്നാണ് കഥ പറയുന്നത് അയാളാണ് നായകൻ അല്ലെങ്കിൽ നായിക. ഇപ്പോൾ രാമായണം‌‍ രാവണന്റെ കാഴ്ചപ്പാടിലാണ് പറയുന്നത് എങ്കിൽ രാമനായിരിക്കും വില്ലൻ. രാമനോട് പ്രണയാഭ്യർഥന നടത്തിയതിന്റെ പേരിൽ, സ്വന്തം സഹോദരിയുടെ മൂക്കും മാറും അരിഞ്ഞുകളഞ്ഞു രാമന്റെ സഹോദരൻ ലക്ഷമണൻ. അവിടെ തന്നെ ശ്രീരാമന്റെ നായക പരിവേഷത്തിന് കളങ്കമേറ്റു.

അധികം വെെകാതെ തന്നെ രാവണൻ സീതയെ ലങ്കയിലേക്ക് കടത്തിക്കൊണ്ടു പോരുന്നു. തടവിൽ പാർപ്പിക്കാതെ അശോകവനത്തിൽ അതിഥിയെപ്പോലെയാണ് രാവണൻ സീതയെ താമസിപ്പിക്കുന്നത്. അയാൾ‌ സീതയെ ശാരീരികമായി കീഴ്പ്പെടുത്താൻ ശ്രമിച്ചില്ല. എന്നാൽ രാമനാകട്ടെ ലങ്കായുദ്ധം വിജയിച്ച് സീതയെ കൊണ്ടുപോയതിന് ശേഷം അപവാദ പ്രചരണങ്ങളെ ഭയന്ന് സീതയെ കാട്ടിൽ ഉപേക്ഷിച്ചു. അങ്ങനെയാണെങ്കിൽ രാമായണത്തിലെ ഏറ്റവും സ്ത്രീവിരുദ്ധനായ കഥാപാത്രം രാമനല്ലേ? സിനിമയേക്കാൾ സ്ത്രീവിരുദ്ധത നിറഞ്ഞതാണ് പുരാണങ്ങളും ഇതിഹാസങ്ങളും. അവയെ തിരുത്തണമെന്ന് ആരും പറയുന്നത് കേട്ടിട്ടില്ല. മനുഷ്യവിരുദ്ധമായ കാര്യങ്ങളെ ഗ്ലോറിഫെെ ചെയ്യുമ്പോഴാണ് തെറ്റുകൾ സംഭവിക്കുന്നത്. സിനിമ കണ്ട് നന്നാകുന്നവരും നശിക്കുന്നവരുമുണ്ടോ?... എനിക്ക് തോന്നുന്നില്ല.

അച്ഛന്റെ സിനിമകളിൽ ചിലത് കെെവിട്ടു പോയിട്ടുണ്ട്... അദ്ദേഹം തിരിച്ചു വന്നിട്ടുമുണ്ട്

അച്ഛന്റെ അവസാനകാല ചിത്രങ്ങളായ നിവേദ്യം, ചക്കരമുത്ത് എന്ന സിനിമകളിൽ അദ്ദേഹത്തിന്റെ സിഗ്നേച്ചർ സ്റ്റെെൽ ഇല്ലായിരുന്നുവെന്ന് പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ അതൊരിക്കലും അച്ഛന്റെ അവസാനകാല ചിത്രങ്ങളായിരുന്നില്ല. അദ്ദേഹം അപ്പോൾ മരിക്കേണ്ട ഒരു വ്യക്തിയുമായിരുന്നില്ല. അച്ഛൻ തന്നെ പറഞ്ഞിട്ടുണ്ട്, തിരക്കഥ എഴുതുമ്പോൾ നല്ല സംതൃപ്തി തോന്നും. എന്നാൽ, പിന്നീടത് ചിത്രീകരിക്കുമ്പോൾ എന്തോ പ്രേക്ഷകർക്ക് ഇഷ്ടമാകുമോ എന്ന ആശങ്ക ഉണ്ടാകുമെന്ന്. ഈ പറഞ്ഞ കിരീടം, അമരം, ഭൂതക്കണ്ണാടി തുടങ്ങി എല്ലാ സിനിമകൾ ചെയ്യുമ്പോഴും അച്ഛന് ഇതേ പ്രശ്നങ്ങളുണ്ടായിരുന്നു. 1989-ൽ അച്ഛൻ ചെയ്ത ആറ് സിനിമകളിൽ നാലും മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ആ സമയത്ത് പോലും ചില സിനിമകൾ കെെവിട്ടുപോയ പോലെ അച്ഛന് തോന്നിയിട്ടുണ്ട്. അദ്ദേഹം തിരിച്ചു വന്നിട്ടുമുണ്ട്.

Lohithadas son Vijayshankar Interview about Movies Life Kireedam thaniyavarthanam

ഒരു സിനിമയുടെ കഥയും നമുക്ക് മോശമാണെന്ന് പറയാൻ സാധിക്കില്ല. അത് നടന്നതോ നടന്നു കൊണ്ടിരിക്കുന്നതോ അല്ലെങ്കിൽ നടക്കാവുന്നതോ ആയ ഒരു സംഭവത്തെക്കുറിച്ചായിരിക്കും സംസാരിക്കുന്നത്. എന്നാൽ, അത് ആവിഷ്കരിക്കുമ്പോൾ പിഴവുകൾ സംഭവിക്കാം. അതിനെ പ്രേക്ഷകരുമായുള്ള കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് എന്ന് പറയാം. അതെല്ലാവർക്കും സംഭവിക്കാറുണ്ട്. നിവേദ്യത്തിലും ചക്കരമുത്തിലും അതായിരിക്കും സംഭവിച്ചിരിക്കുക.

Lohithadas son Vijayshankar Interview about Movies Life Kireedam thaniyavarthanam

ആ കാഘഘട്ടത്തിലെ മറ്റു സിനിമകളെവച്ചു നോക്കുമ്പോൾ അവ മോശമായിരുന്നില്ല. ലോഹിതദാസിന്റെ മറ്റു സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ മോശമാണെന്ന് തോന്നിയിരിക്കാം. അച്ഛൻ തന്നെ പറഞ്ഞിട്ടുണ്ട്, പല അവസരങ്ങളിലും വിഷയദാരിദ്ര്യം അനുഭവിച്ചിട്ടുണ്ടെന്ന്. അത്തരം പ്രതിസന്ധികളെ തരണം ചെയ്തതിന് ശേഷമാണ് ഈ കണ്ട സിനിമകളെല്ലാം ചെയ്തതും. ഞാൻ നേരത്തേ പറഞ്ഞതുപോലെ അച്ഛൻ അപ്പോൾ മരിക്കേണ്ട ഒരു വ്യക്തിയുമായിരുന്നില്ല.

മോഹൻലാൽ നായകനായ ഭീഷ്മർ; നടക്കാതെ പോയ ആ സ്വപ്നം

അച്ഛൻ‌ മരിക്കുന്ന സമയത്ത് മോഹൻലാലിനെ നായകനാക്കി ഭീഷ്മർ‌ എന്ന ചിത്രം ഒരുക്കാനുള്ള ജോലിയിലായിരുന്നു. കീരീടത്തിന്റെ തിരക്കഥ അഞ്ച് ദിവസം കൊണ്ടാണ് അച്ഛൻ എഴുതിയത്, ഇത് എട്ടോളം മാസമെടുത്തിട്ടും അച്ഛന് എഴുതിത്തീർക്കാൻ സാധിച്ചില്ല. ആ തിരക്കഥ അച്ഛന് പോലും കെെകാര്യം പറ്റാത്തത്ര ഹെവിയായിരുന്നു. ആ സമയത്ത് അച്ഛൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു ലോഹിതദാസിന്റെ മികച്ച കഥാപാത്രങ്ങൾ ഇനി വരാൻ ഇരിക്കുന്നതേയുള്ളൂ എന്ന്. ഇന്നും അദ്ദേഹം ജീവിച്ചിരിക്കുന്നുവെങ്കിൽ മനോഹരമായ ഒരുപാട് കഥാപാത്രങ്ങൾ ജന്മം നൽകിയേനേ... കലാകാരന് പ്രായമില്ല, അയാളുടെ സർഗ്ഗാത്മകത വീഞ്ഞ് പോലെയാണ്. പഴകുംതോറും വിര്യം കൂടിയേക്കാം...

Lohithadas son Vijayshankar Interview about Movies Life Kireedam thaniyavarthanampolopoly:contentfilepath=

അച്ഛന്റെ കാര്യം മാറ്റി നിർത്തൂ; ഉദാഹരണത്തിന് മറ്റൊരാളുടെ പേര് പറയാം, സാക്ഷാൽ മണിരത്നം, പ്രണയത്തെ അത്ര തീവ്രമായും മനോഹരമായും ആവിഷ്കരിച്ച മറ്റൊരു സംവിധായകൻ ഇന്ത്യയിലുണ്ടോ? അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നായ മൗനരാഗം മുതൽ പുതിയകാലഘട്ടത്തിലെ ഓ കെ കൺമണി വരെ എടുത്തു നോക്കൂ. പ്രണയം ചിത്രീകരിക്കുന്നതിൽ അദ്ദേഹം അപ്റ്റു ഡേറ്റ് ആണ്. അതുകൊണ്ടു തന്നെയാണ് ഇപ്പോഴും ആഘോഷിക്കപ്പെടുന്നത്.

അമ്മ പ്രധാന്യം നൽകിയത് അച്ഛനിലെ എഴുത്തുകാരനായിരുന്നു

Lohithadas son Vijayshankar Interview about Movies Life Kireedam thaniyavarthanam

അമ്മയും അച്ഛനും തമ്മിലുള്ള പ്രണയം അത്രയും തീവ്രമായിരുന്നു. എന്നിട്ട് കൂടി അമ്മ ലോഹിതദാസ് എന്ന കാമുകനേക്കാളേറെ, ഭർത്താവിനേക്കാളേറെ പ്രധാന്യം നൽകിയത് അച്ഛനിലെ എഴുത്തുകാരനായിരുന്നു. അച്ഛന് മുന്നിൽ അമ്മ യാതൊരു നിബന്ധയും വച്ചിരുന്നില്ല. അച്ഛനെ അദ്ദേഹത്തിന്റെ സ്വാതന്ത്യത്തിന് വിട്ടു. അങ്ങനെ ചെയ്താൽ മാത്രമേ നല്ല സൃഷ്ടികൾ ഉണ്ടാകുമായിരുന്നൂള്ളൂ എന്ന് അമ്മയ്ക്കറിയാമായിരുന്നു. അമ്മയായിരുന്നു കുടംബത്തിന്റെ നട്ടെല്ല്, എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അമ്മയായിരുന്നു. അച്ഛന്റെ മരണത്തിന് ശേഷം ആ കരുതൽ ഞങ്ങളോടായി. അമ്മ അച്ഛനും ഞങ്ങൾക്കും വളരാനുള്ള മണ്ണായി ഉറച്ചു നിന്നു. ഇത് മഹത്വവൽക്കരണമൊന്നുമല്ല. പക്ഷേ അമ്മ അങ്ങനെയായിരുന്നു.

വ്യക്തിബന്ധങ്ങളുടെ ആഴങ്ങളിലേക്ക് സഞ്ചരിച്ച അച്ഛൻ

പലപ്പോഴും ആളുകൾ എന്നെ കാണുമ്പോൾ പറയാറുണ്ട്. അച്ഛൻ ചെയ്തത് പോലെ മനസ്സിനെ ആഴത്തിൽ സ്പർശിക്കാൻ കെൽപ്പുള്ള കഥാപാത്രങ്ങൾ ഇന്നത്തെ സിനിമയിൽ ഇല്ല എന്ന്. അത് പ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് മുന്നോട്ട് പോകുന്നത് കൊണ്ടായിരിക്കാം. ഈയിടെ പുറത്തിറങ്ങിയ ഏറ്റവും നല്ല സിനിമകളിലൊന്നാണ് കുമ്പളങ്ങി നെെറ്റ്സ്, അതിനുശേഷം ഫീൽ ഗുഡ് ചിത്രങ്ങളായി ട്രെൻഡ്. എനിക്ക് പരിചയമുള്ള ഒരുപാട് ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്, ശ്യം പുഷ്കരന്റെ പോലെ എഴുതണമെന്ന്. എന്തിനാണ് ശ്യം പുഷ്കരനെ പോലെ എഴുതുന്നത്. അദ്ദേഹത്തെ പോലെ എഴുതാൻ അദ്ദേഹം തന്നെയില്ലേ.... എല്ലാവരും അവരുടേതായ ശെെലിയിൽ എഴുതണം, എങ്കിൽ മാത്രമേ വ്യത്യസ്തമായ സിനിമകൾ വരൂ.

Lohithadas son Vijayshankar Interview about Movies Life Kireedam thaniyavarthanam

വ്യക്തിബന്ധങ്ങളിലെ തീവ്രതയും സംഘർഷങ്ങളും അച്ഛന്റെ കഥകളിലും കഥാപാത്രങ്ങളിലും എല്ലായ്പ്പോഴും ഉണ്ടായിരുന്നു... മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള, സുഹൃത്തുക്കൾ തമ്മിലുള്ള, പ്രണയിതാക്കൾ തമ്മിലുള്ള.. അങ്ങനെയങ്ങനെ. ഇന്ന് കുടുംബ ജീവിതത്തിന്റെ സ്വഭാവം മാറിയിട്ടുണ്ടാകാം... കുട്ടികൾ മാതാപിതാക്കളെ വിട്ട് ദൂരേക്ക് പഠിക്കാനും ജോലി ചെയ്യാനും പോയിട്ടുണ്ടാകാം. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിൽ ഏറ്റക്കുറച്ചിൽ വന്നിട്ടുണ്ടെങ്കിലും പ്രണയ ബന്ധങ്ങളും സൗഹൃദവും തീവ്രമാണ്. എന്നിരുന്നാലും ബന്ധങ്ങളിലെ ആഴം കുറ‍ഞ്ഞുവെന്ന് പറയാനാകൂമോ... ഇല്ല.. അതെല്ലാം വിഷയമാക്കിയാൽ തീക്ഷ്ണതയുള്ള കഥാപാത്ര സൃഷ്ടികൾ സിനിമയിൽ ഇനിയും ഉണ്ടാകും..

Lohithadas son Vijayshankar Interview about Movies Life Kireedam thaniyavarthanam

Content Highlights: Lohithadas death anniversary, Vijay Shankar Lohithadas, Talks about his favorite characters, best works, Thaniyavarthanam, Kireedam movie, Sethumadhavan, Balan Master.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented